- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
രാഹുല്‍ മാങ്കൂട്ടത്തിലിന്റൈ വീഴ്ച ആയുധമാക്കി രമേശ് ചെന്നിത്തല; 'സതീശനിസ'ത്തിനെതിരെ പോരാടാന്‍ തീരുമാനം; കര്‍ശന നടപടിയെടുക്കാന്‍ സമ്മര്‍ദ്ദം ചെലുത്തും; യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷനോട് രാജി വക്കാന്‍ ആദ്യം ആവശ്യപ്പെട്ടതും ചെന്നിത്തല; കോണ്‍ഗ്രസില്‍ വീണ്ടും ഗ്രൂപ്പു പോര്‍മുഖങ്ങള്‍ തുറക്കുന്നു
തിരുവനന്തപുരം: പാലക്കാട് എം.എല്‍.എ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ കൂടുതല്‍ കര്‍ശന നടപടിയെടുക്കാന്‍ ഹൈക്കമാന്‍ഡില്‍ സമ്മര്‍ദ്ദം ചെലുത്തിയത് രമേശ് ചെന്നിത്തല. ആരോപണം ഉയര്‍ന്നപ്പോള്‍ തന്നെ രാജി വക്കാന്‍ നിര്‍ദ്ദേശം നല്‍കണമെന്ന് സംസ്ഥാന നേതൃത്വത്തോട് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടിരുന്നു. രാഹുലിന്റെ വീഴ്ചയോടെ പ്രതിരോധത്തിലായ പ്രതിപക്ഷ നേതാവ് വി.ഡി സതീശനെതിരെയുള്ള ആയുധമായി ഈ വിഷയം ഉപയോഗിക്കാമെന്നുള്ള കണക്കുകൂട്ടലിലാണ് രമേശ് ചെന്നിത്തല.
വി.ഡി സതീശനുമായുള്ള ചെന്നിത്തലയുടെ അഭിപ്രായ വ്യത്യാസം പാര്‍ട്ടിക്കുള്ളില്‍ നിരവധി തവണ ചര്‍ച്ചയായിട്ടുണ്ട്. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ യു.ഡി.എഫ് മികച്ച വിജയം നേടിയപ്പോള്‍ ക്രെഡിറ്റ കൊണ്ടുപോയത് വി.ഡി സതീശനായിരുന്നു. 'സതീശനിസം' ആണു നടന്നതെന്ന വ്യാപക പ്രചരണമുണ്ടായപ്പോള്‍ അതിനെതിരെ രൂക്ഷവിമര്‍ശനമാണ് രമേശ് ചെന്നിത്തല നടത്തിയത്. നിലമ്പൂരില്‍ നടന്നത് സതീശനിസമല്ലെന്നും തിരഞ്ഞെടുപ്പ് വിജയമെന്നത് മുഴുവന്‍ പ്രവര്‍ത്തകരുടെയും ജനങ്ങളുടെയും പിന്തുണകൊണ്ട് ഉണ്ടാകുന്നതാണെന്നും കോണ്‍ഗ്രസ് വര്‍ക്കിങ് കമ്മിറ്റി അംഗമായ ചെന്നിത്തല തുറന്നടിച്ചിരുന്നു.
താനും ഉമ്മന്‍ചാണ്ടിയും ഒരുമിച്ച് പതിനെട്ടോളം തിരഞ്ഞെടുപ്പുകള്‍ക്ക് നേതൃത്വം കൊടുത്തവരാണെന്നും പറഞ്ഞിരുന്നു. ആ തിരഞ്ഞെടുപ്പുകളിലെല്ലാംതന്നെ പൂര്‍ണമായ ഉത്തരവാദിത്വം ഏറ്റെടുത്തുകൊണ്ട് പ്രവര്‍ത്തിച്ചതാണ്. പക്ഷേ, ഞങ്ങളാരും അതങ്ങനെ പറയാറില്ല. അതിന്റെ ആവശ്യവും ഇല്ല. കാരണം ഒരു തിരഞ്ഞെടുപ്പ് വിജയം എന്ന് പറയുന്നത് മുഴുവന്‍ പ്രവര്‍ത്തകരുടെയും ജനങ്ങളുടെയും പിന്തുണകൊണ്ട് ഉണ്ടാകുന്നതാണ്. അതുകൊണ്ട് എല്ലാവരും ആ വിജയത്തിന് അവകാശികളാണെന്നും ചെന്നിത്തല പറഞ്ഞിരുന്നു. ഷാഫി പറമ്പിലിനെയും രാഹുലിനെയും അപ്പോള്‍ ചെന്നിത്തല വിമര്‍ശിക്കുകയും ചെയ്തിരുന്നു.
ഷാഫി പറമ്പിലും രാഹുല്‍ മാങ്കൂട്ടത്തിലും ചെറുപ്പക്കാരാണ്. അവര്‍ കുറേക്കൂടി ഗൗരവമായി കാര്യങ്ങളെ കാണുകയും വിലയിരുത്തുകയും വേണം. തിരഞ്ഞെടുപ്പ് രംഗത്ത് നില്‍ക്കുമ്പോള്‍ ഓരോരുത്തര്‍ സൂക്ഷ്മത ആവശ്യമാണ്. നമ്മുടെ ഒരു ചെറിയ ചലനംപോലും തിരഞ്ഞെടുപ്പിനെ സ്വാധീനിക്കും എന്ന് മനസിലാക്കണമെന്നും ചെന്നിത്തല വിശദീകരിച്ചിരുന്നു. ലോക്സഭാ തെരഞ്ഞടുപ്പ് വിഷയം അവലോകനം ചെയ്യാന്‍ കൂടിയ യു.ഡി.എഫ് യോഗത്തിനുശേഷം സംസാരിക്കാന്‍ ക്ഷണിക്കാത്തതിലും ചെന്നിത്തല സതീശനോട് അതൃപ്തി പ്രകടിപ്പിച്ചിരുന്നു. ഘടകകക്ഷി നേതാക്കളെ ഉള്‍പ്പെടെ സംസാരിക്കാന്‍ വിളിച്ചിട്ടും ചെന്നിത്തലക്ക് അവസരം നല്‍കിയിരുന്നില്ല. സതീശന്‍ പ്രതിപക്ഷ നേതാവായ ശേഷം നയപരമായ കാര്യങ്ങളില്‍ ചെന്നിത്തലയോട് അഭിപ്രായം ചോദിക്കുന്നില്ലെന്ന പരാതിയും നിലനില്‍ക്കുന്നുണ്ട്.
രാഹുല്‍ മാങ്കൂട്ടത്തില്‍ രാജിവച്ചൊഴിഞ്ഞതോടെ യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തിനായി കോണ്‍ഗ്രസില്‍ ഗ്രൂപ്പ് നീക്കങ്ങള്‍ തുടങ്ങുകയും ചെയ്തിട്ടുണ്ട്. തങ്ങള്‍ക്ക് താല്‍പര്യമുള്ള സ്ഥാനാര്‍ത്ഥികളെ വിജയിപ്പിക്കാനായി മുതിര്‍ന്ന നേതാക്കള്‍ തന്നെ രംഗത്തിറങ്ങിയതോടെ മത്സരത്തിനും ചൂടേറി. ധ്യക്ഷസ്ഥാനത്തേക്ക് ദേശീയ സെക്രട്ടറി ബിനു ചുള്ളിയില്‍, കെഎസ്യു മുന്‍ സംസ്ഥാന പ്രസിഡന്റ് കെ.എം അഭിജിത്ത്, നിലവിലെ വൈസ് പ്രസിഡന്റ് അബിന്‍ വര്‍ക്കി എന്നിവര്‍ക്കായാണ് ഗ്രൂപ്പുകള്‍ ചേരിതിരിഞ്ഞ് കരുനീക്കങ്ങള്‍ നടത്തുന്നത്. മുതിര്‍ന്ന നേതാവ് കെ.സി വേണുഗോപാലിന്റെ പക്ഷം ബിനു ചുള്ളിയിലിന് വേണ്ടി ശക്തമായി തന്നെ രംഗത്തുണ്ട്. അതേസമയം, രമേശ് ചെന്നിത്തല അബിന്‍ വര്‍ക്കിക്കാണ് പിന്തുണ നല്‍കുന്നത്.
കോണ്‍ഗ്രസിലെ യുവനേതാക്കള്‍ക്കെതിരെ ഉയര്‍ന്നുവരുന്ന ആരോപണങ്ങള്‍ പാര്‍ട്ടിക്കുള്ളില്‍ കടുത്ത അതൃപ്തി പടര്‍ത്തുന്നുണ്ട്. ആരോപണങ്ങള്‍ കൂടുതലും സ്ത്രീകളുടേതാകുമ്പോള്‍ പൊതു സമൂഹത്തില്‍ പാര്‍ട്ടിയെക്കുറിച്ചുള്ള അവമതിപ്പ് കൂടുന്നതായാണ് വിലയിരുത്തല്‍. മുതിര്‍ന്ന നേതാക്കളായ സണ്ണി ജോസഫ്, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, കെ. സി. ജോസഫ്, വി.എം. സുധീരന്‍, എം.എം. ഹസ്സന്‍ തുടങ്ങിയവര്‍ യുവനേതാക്കളുടെ നടപടികളിലും ശൈലിയിലും കടുത്ത വിയോജിപ്പുള്ളവരാണ്.
മുമ്പും പല നേതാക്കളെക്കുറിച്ചും പീഡന ആരോപണങ്ങള്‍ പലസ്ത്രീകളും ഉന്നയിച്ചിട്ടുണ്ടെങ്കിലും ഇപ്പോള്‍ ഉണ്ടായതുപോലെ കടുത്ത പ്രതിസന്ധിയിലേക്ക് പാര്‍ട്ടിയെ എത്തിച്ചിട്ടില്ല. ഷാഫി പറമ്പില്‍, രാഹുല്‍ മാങ്കൂട്ടത്തില്‍, സതീശന്‍ എന്നിവര്‍ ചേര്‍ന്ന് പാര്‍ട്ടിയിലെ എല്ലാ കാര്യങ്ങളും നിയന്ത്രിക്കുന്ന ശൈലിക്കെതിരെ നേരത്തെ തന്നെ മുറുമുറുപ്പുയര്‍ന്നിട്ടുണ്ട്. സോഷ്യല്‍ മീഡീയയില്‍ റീലിട്ട് നേതാക്കളായവര്‍ക്ക് പാര്‍ട്ടിയുടെ പാരമ്പര്യവും സംസ്‌കാരവും അറിയില്ലെന്ന് പലരും തുറന്നു പറയുന്നതിലേക്കുവരെ കാര്യങ്ങളെത്തിയിരുന്നു. യുവ നേതാക്കളുടെ വസ്ത്രധാരണത്തെക്കുറിച്ചും ആരോപണങ്ങള്‍ ഉയര്‍ന്നു. ഖാദിയെ മറന്നുള്ള ജീവിതം നല്ലതല്ലെന്ന് അജയ് തറയില്‍ പറഞ്ഞത് ഈ സാഹചര്യത്തിലാണ്.
സ്ത്രീയോട് മോശമായി സംസാരിക്കുക മാത്രമല്ല, ഫൈവ് സ്റ്റാര്‍ ഹോട്ടലിലെ മുറിയിലേക്ക് ക്ഷണിക്കുകയും ഗര്‍ഭഛിദ്രത്തിന് പ്രേരിപ്പിക്കുകയും ചെയ്യുന്ന നേതാവിനെ പ്രവര്‍ത്തിക്കാന്‍ അനുവദിച്ചുകൊണ്ട് കോണ്‍ഗ്രസ്സിന് ഒരു തെരഞ്ഞെടുപ്പിലും ജയിക്കാനാകില്ലെന്നാണ് മുതിര്‍ന്ന നേതാക്കളുടെ വിലയിരുത്തല്‍.