കൊച്ചി: വിവാദങ്ങളിൽ നിരന്തരം ഇടം പിടിക്കുന്ന ആക്റ്റിവിസ്റ്റ് രഹ്ന ഫാത്തിമ തന്റെ അമ്മയെ മർദ്ദിച്ച് ആട്ടി പുറത്താക്കി. തന്റെ ജീവന് ഭീഷണി എന്നാരോപിച്ച് അമ്മ പ്യാരി ആലപ്പുഴ നോർത്ത് പൊലീസ് സ്റ്റേഷനിൽ അഭയം തേടി. രഹ്ന താമസിക്കുന്ന എറണാകുളത്തെ ഫ്‌ളാറ്റിന് അഡ്വാൻസ് കൊടുക്കാൻ വേണ്ടി ഒരു ലക്ഷം രൂപ വാങ്ങിയിട്ട് തിരികെ കൊടുത്തില്ലെന്നും അമ്മ ആരോപിച്ചു. ഇതുകൂടാതെ, താൻ അവർക്കൊപ്പം ഫ്‌ളാറ്റിൽ താമസിച്ചിരുന്നപ്പോൾ, തന്റെ വിധവാ പെൻഷനായ 10,000 രൂപ വാങ്ങിയെടുത്തിരുന്നു. പ്യാരിയുടെ ഭർത്താവിന് ബിഎസ്എൻഎല്ലിലായിരുന്നു ജോലി. ഈ ജോലിയാണ് പിന്നീട് രഹ്നയ്ക്ക് കിട്ടിയത്. ഈ ജോലി ശബരിമല ഭക്തരുടെ വികാരണത്തെ വ്രണപ്പെടുത്തും വിധമുള്ള വിവാദ ചിത്രത്തിന്റെ പേരിൽ രഹ്നയ്ക്ക് നഷ്ടമായിരുന്നു. ഏതായാലും, ഇപ്പോൾ, അമ്മ പ്യാരി തന്നെ ഏകമകൾക്കെതിരെ രംഗത്ത് വന്നിരിക്കുകയാണ്.

പരാതിയിൽ പറയുന്നത് ഇങ്ങനെ

രഹ്ന ഫാത്തിമ തന്റെ ഏക മകളാണെന്നും, താൻ മകളൊടൊപ്പം എറണാകുളത്തെ അവരുടെ ഫ്‌ളാറ്റിലാണ് താമസിച്ചിരുന്നതെന്നും പ്യാരി പരാതിയിൽ പറയുന്നു. രഹ്നയും മരുമകനും( രഹ്നയുടെ മുൻഭർത്താവ് മനോജ് കെ ശ്രീധർ) ചേർന്ന് തന്നെ മാനസികമായി ശാരീരികമായും നിരന്തരം പീഡിപ്പിച്ചിരുന്നതായാണ് പ്യാരിയുടെ ആരോപണം. വിവാദങ്ങൾക്ക് പിന്നാലെ രഹ്നയും മനോജും പിന്നീട് വേർപിരിഞ്ഞു.

തന്റെ ജീവന് തന്നെ ഭീഷണിയായ സാഹചര്യത്തിൽ താൻ രഹ്നയുടെ ഫ്‌ളാറ്റിൽ നിന്ന് ഇറങ്ങി പോരുകയും, ബന്ധുവീടുകളിൽ മാറി മാറി താമസം ആരംഭിക്കുകയും ചെയ്തു. രണ്ടുമാസമായി മുഹമ്മദ് ഖാൻ എന്ന ബന്ധുവിന് ഒപ്പമാണ് താമസം. ഈ സാഹചര്യത്തിൽ, രഹ്ന മുഹമ്മദ് ഖാനെയും വീട്ടുകാരെയും വിളിച്ച് ഭീഷണിപ്പെടുത്തുകയാണ്. പ്യാരിയെ ഒപ്പം താമസിപ്പിക്കരുതെന്ന് ആവശ്യപ്പെട്ടാണ് ഭീഷണി. ഇതുമൂലം ബന്ധുവീട്ടുകാർ കടുത്ത ആശങ്കയിലാണ്.

താനിനി മകളൊടൊപ്പം താമസിക്കാൻ പോകുന്നില്ലെന്നും താൻ ഇപ്പോൾ താമസിക്കുന്ന വീട്ടുകാരെ ഒരു കാരണവശാലും ശല്യപ്പെടുത്തരുതെന്നും രഹ്ന ഫാത്തിമയെ താക്കീത് ചെയ്യണമെന്നാണ് അമ്മ പ്യാരിയുടെ പരാതിയിലെ ആവശ്യം. ഇതുകൂടാതെ തന്റെ മകളുടെ ഫ്‌ളാറ്റിൽ നിന്ന് തന്റെ സാധനങ്ങൾ മാറ്റുവാൻ സൗകര്യം ചെയ്തുതരണമെന്നും പരാതിയിൽ ആവശ്യപ്പെട്ടു.

രഹ്ന ഫാത്തിമയും മനോജ് കെ ശ്രീധറും ആലപ്പുഴ നോർത്ത് സ്‌റ്റേഷനിൽ പരാതി തീർപ്പാക്കാൻ എത്തിയിരുന്നു. താൻ പ്യാരിയെ മർദ്ദിച്ചിരുന്നെന്ന ആരോപണം മനോജ് നിഷേധിച്ചു. അമ്മ പ്യാരിയെ ഒരു കാരണവശാലും ഇനി ഭീഷണിപ്പെടുത്തുകയോ മർദ്ദിക്കുകയോ, അവരുടെ ബന്ധുവീട്ടുകാരെ ഭീഷണിപ്പെടുത്തുകയോ പാടില്ലെന്ന് പൊലീസ് രഹ്നയ്ക്കും മനോജിനും താക്കീത് നൽകി. ഭീഷണി ആവർത്തിച്ചാൽ ശക്തമായ നടപടി സ്വീകരിക്കുമെന്നും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

മുൻപ് പ്രായപൂർത്തിയാകാത്ത മകനെ തന്റെ അർധ നഗ്‌ന ശരീരത്തിൽ ചിത്രം വരയ്ക്കാൻ അനുവദിക്കുകയും അതിന്റെ വിഡിയോ ദൃശ്യങ്ങൾ പകർത്തി സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിച്ചതിനും രഹ്നയ്‌ക്കെതിരെ കേസ് എടുത്തിരുന്നു. സുപ്രീം കോടതിയും മുൻകൂർ ജാമ്യാപേക്ഷ തള്ളിയതോടെ രഹ്ന ഫാത്തിമ എറണാകുളം സൗത്ത് പൊലീസ് സ്റ്റേഷനിൽ കീഴടങ്ങിയത്.

പോക്‌സോ, ഐടി നിയമങ്ങൾ പ്രകാരമാണു രഹ്ന ഫാത്തിമയ്ക്ക് എതിരെ കേസെടുത്തത്. വീഡിയോ യുട്യൂബിൽ പോസ്റ്റ് ചെയ്തതോടെ സംസ്ഥാന സൈബർ ഡോം റിപ്പോർട്ട് ചെയ്തതിന്റെ അടിസ്ഥാനത്തിൽ എറണാകുളം സൗത്ത് പൊലീസ് കേസെടുക്കുകയായിരുന്നു. വീഡിയോയ്‌ക്കെതിരെ ബിജെപി ഒബിസി മോർച്ച സംസ്ഥാന സെക്രട്ടറി എ.വി.അരുൺപ്രകാശും പത്തനംതിട്ട കോടതിയിൽ പരാതി നൽകിയിരുന്നു. തുടർന്ന് കൊച്ചി പനമ്പള്ളിനഗറിൽ രഹ്നയുടെ വീട്ടിൽ പൊലീസ് പരിശോധന നടത്തി മൊബൈൽ ഫോണും ലാപ്‌ടോപ്പും പിടിച്ചെടുത്തിരുന്നു.

പൊലീസ് ജാമ്യമില്ലാ വകുപ്പു പ്രകാരം കേസെടുത്തതോടെ രഹ്ന ഒളിവിൽ പോകുകയും ഹൈക്കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകുകയും ചെയ്തു. ഐടി ആക്ട് പ്രകാരവും ബാലനീതി നിയമപ്രകാരവും കേസ് നിലനിൽക്കുമെന്ന് കണ്ടെത്തിയതിനെ തുടർന്ന് ഹൈക്കോടതി രഹനയുടെ മുൻകൂർ ജാമ്യാപേക്ഷ തള്ളിയിരുന്നു. ഇതോടെ പ്രമുഖ അഭിഭാഷകൻ ഗോപാൽ ശങ്കരനാരായണൻ വഴി സുപ്രീം കോടതിയിൽ അപേക്ഷ നൽകിയെങ്കിലും പരമോന്നത കോടതിയും അപേക്ഷ തള്ളി. 'നിങ്ങൾ എന്തിനാണ് ഇതെല്ലാം ചെയ്തത്? നിങ്ങളൊരു ആക്ടിവിസ്റ്റായിരിക്കാം. പക്ഷേ ഇതെല്ലാം എന്ത് അസംബന്ധമാണ്? നിങ്ങൾ അശ്ലീലത പരത്തുകയാണ്. തെറ്റായ സന്ദേശമാണിത് സമൂഹത്തിനു നൽകുക. ഈ പ്രവൃത്തിയിൽ പങ്കെടുപ്പിച്ചതിലൂടെ, വളർന്നുവരുന്ന കുട്ടികൾക്ക് എന്തു സന്ദേശമാണു കിട്ടുന്നത്?' എന്നു ചോദിച്ചുകൊണ്ടായിരുന്നു ജസ്റ്റിസ് അരുൺ മിശ്ര അധ്യക്ഷനായ ബഞ്ച് കേസ് തള്ളിയത്.

അതേസമയം കേസിൽ ചൈൽഡ് പോണോഗ്രഫി ആരോപിക്കുന്നതു വിചിത്രമാണെന്നായിരുന്നു അഭിഭാഷകന്റെ വാദം. പുരുഷൻ അർധനഗ്‌നനായി നിൽക്കുമ്പോൾ കുഴപ്പമില്ല, സ്ത്രീ അങ്ങനെ ചെയ്താൽ പ്രശ്‌നമാകുന്നു. ജീവിതം, സ്വാതന്ത്ര്യം, അന്തസ്സ് എന്നിവയ്‌ക്കെതിരായ കേസാണിത്. സ്ത്രീ നഗ്‌നത എന്തുകൊണ്ടാണ് അശ്ലീലമാകുന്നത്? അമ്മയുടെ ദേഹത്തു കുട്ടികൾ ചിത്രം വരയ്ക്കുന്നതു ബാല പീഡനവും ലൈംഗികതയും ആകുന്നതെങ്ങനെയെന്നും രഹ്ന ഹർജിയിൽ ചോദ്യം ഉയർത്തി.

ശബരിമല ഭക്തരുടെ വികാരത്തെ വ്രണപ്പെടുത്തും വിധം ഫേസ്‌ബുക്കിൽ ചിത്രമിട്ട കേസ് രഹ്ന ഫാത്തിമയുടെ ബിഎസ്എൻഎല്ലിലെ ജോലി നഷ്ടമാകുന്നതിലേക്കും നയിച്ചിരുന്നു.