- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
അരി കയറ്റുമതി നിരോധന വാർത്തയിൽ യുകെയിലെ മലയാളികൾ ഭയക്കേണ്ട കാര്യമേയില്ല; വിലകൂട്ടാൻ തക്കം പാർത്തിരിക്കുന്ന സ്റ്റോക്കിസ്റ്റുകൾ സൃഷ്ടിക്കുന്ന പരിഭ്രാന്തിയിൽ കുടുങ്ങേണ്ടതില്ല; നിരോധനം മട്ടയെ ബാധിക്കില്ല; ഓണം പ്രമാണിച്ചു ആവശ്യത്തിന് സ്റ്റോക്കും; ഇത് വിദേശത്തെ 'അരി പേടി'യുടെ കഥ
ലണ്ടൻ: ഇന്ത്യ അരി കയറ്റുമതി നിരോധിക്കുന്നു എന്ന വാർത്ത ലോകമെങ്ങും ഇന്ത്യൻ വംശജർക്കിടയിൽ സംഭ്രമം സൃഷ്ടിച്ചിരിക്കുന്നു. വിളവെടുപ്പ് മോശമാകുന്ന ഓരോ സമയത്തും ഇത്തരം മുൻകരുതൽ എല്ലായ്പോഴും ഇന്ത്യ സ്വീകരിക്കാറുണ്ട് എന്നത് മറന്നു ജനം അരി സംഭരിക്കാൻ കടകളിലേക്ക് ഇരച്ചു എത്തുകയാണ്. അമേരിക്കയിലും ഓസ്ട്രേലിയയിലും കാനഡയിലും ന്യുസിലാന്റിലും ഒക്കെ അരി തേടി ജനങ്ങൾ പാഞ്ഞെത്തുകയാണ് കടകളിലേക്ക്. യുകെയിൽ ഈ അരി ഭ്രമം അത്ര തീവ്രമായിട്ടില്ലെങ്കിലും ലണ്ടൻ നഗര പ്രദേശത്തു അരി തേടി ആളുകൾ കടകളിൽ എത്തുന്നുണ്ട്. എന്നാൽ ഇന്ത്യാക്കാരെ പേടിപ്പിച്ച അരി നിരോധന വാർത്ത തത്കാലം മലയാളികളെ ബാധിക്കില്ലെന്നാണ് ലഭ്യമാകുന്ന വിവരം.
കാരണം പാർ ബോയ്ൽഡ് റൈസ് എന്നറിയപ്പെടുന്ന ഇനം മട്ട ഉൾപ്പെടെയുള്ള അരികൾക്ക് നിരോധനം ബാധകമല്ലെന്നാണ് സൂചന. മലയാളികളിൽ കൂടുതലും ഉപയോഗിക്കുന്നത് ഇത്തരം അരി ആയതിനാൽ നിരോധനവും കയറ്റുമതിയും സംബന്ധിച്ച ആശങ്കകളും തർക്കങ്ങളും മാറുമ്പോൾ വീണ്ടും കേരളത്തിൽ നിന്നുള്ള അരി ലോകമെങ്ങും എത്തുന്ന സാഹചര്യം ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
മട്ട അടക്കമുള്ള അരിക്ക് നിരോധനമില്ലന്ന് വിശദീകരണം
തുടക്കത്തിൽ ബസ്മതി വിഭാഗത്തിൽ അല്ലാത്ത എല്ലാ അരിക്കും നിരോധനം എന്നാണ് പറഞ്ഞിരുന്നെതെങ്കിലും പിന്നീട് ഉണ്ടായ വിശദീകരണത്തിൽ പാർ ബോയ്ൽഡ് അരിക്ക് നിരോധനം ബാധകമല്ലെന്ന വിശദീകരണമാണ് ഉണ്ടായിരിക്കുന്നത്. എന്നാൽ ഇക്കാര്യത്തിൽ കയറ്റുമതിക്കാർ ഇപ്പോഴും സംശയത്തിലാണ്. ഉദ്യോഗസ്ഥരുടെ ഭാഗത്തു നിന്നും താഴെ തട്ടിൽ വിശദീകരണം ലഭ്യവുമല്ല. സർക്കാർ തീരുമാനം നിലവിൽ ഉള്ള സ്റ്റോക് വിൽക്കുമ്പോൾ ബാധകം അല്ലെങ്കിലും പല റീറ്റെയ്ൽ കച്ചവടക്കാരും പുര കത്തുമ്പോൾ വാഴവെട്ടണം എന്ന നയം അനുസരിച്ചു അരിവില തോന്നും പോലെ കൂടിയിരിക്കുകയാണ്. സർക്കാർ തീരുമാനം നടപ്പായത് കഴിഞ്ഞ വ്യാഴാഴ്ച ആണെങ്കിലും ഇതനുസരിച്ചു ഉള്ള അരി വിദേശ മാർക്കറ്റിൽ എത്തണമെങ്കിൽ ചുരുങ്ങിയത് ഒരു മാസം കഴിയും. അതിനാൽ ഇപ്പോൾ വിപണിയിൽ ഉള്ള അരിക്ക് ഒരു കാരണവശാലും വില കൂടേണ്ടതല്ല.
എന്നാൽ നിരോധനം ഏതാനും മാസം നീണ്ടു നില്കും എന്ന പ്രതീക്ഷയിൽ നിലവിൽ ഉള്ള സ്റ്റോക് കൊണ്ട് അടുത്ത ഏതാനും മാസത്തെ കച്ചവടം നടത്താം എന്ന ചിന്തയാണ് ഇപ്പോൾ സജീവമാകുന്നത്. നിരോധനം എല്ലാ വിഭാഗം അരിക്കും ബാധകമായാൽ വിദേശ വിപണിയിൽ 40 ശതമാനം നിയന്ത്രിക്കുന്ന ഇന്ത്യ അരിയുടെ ലഭ്യത തീരെ കുറയുന്ന സാഹചര്യം സൃഷ്ടിക്കപ്പെടും. അത് കടുത്ത വിലകയറ്റത്തിലേക്കും എത്തിക്കും. എന്നാൽ മട്ട ഉൾപ്പെടെയുള്ള കേരളത്തിലെ അരിക്ക് ഈ നിരോധനം ബാധകമാകില്ല എന്നാണ് ചെറുകിട കയറ്റുമതിക്കാരും വിശ്വസിക്കുന്നത്. ഓണം പ്രമാണിച്ചു യുകെയിലെ കച്ചവടക്കാർക്ക് എല്ലാം ഉള്ള അരി ഇതിനകം എത്തിക്കഴിഞ്ഞതിനാൽ നിരോധനം നടപ്പിലായാലും ആവശ്യത്തിനു വിൽക്കാനുള്ള അരി നിലവിൽ ലഭ്യമാണ്.
സ്റ്റോക് പിടിച്ചു വച്ച് കൃത്രിമ ക്ഷാമം ഉണ്ടാക്കി വിലകയറ്റാനുള്ള തന്ത്രം
എന്നാൽ സ്റ്റോക് പിടിച്ചു വച്ചാൽ അടുത്ത ഏതാനും മാസം വിലകൂട്ടി വില്കാനാകും എന്ന പ്രതീക്ഷയിൽ പല കടക്കാരും ഒരു ഉപയോക്താവിന് ഒരു ചാക്ക് അരി എന്ന നിലയിൽ റേഷനിങ് തുടങ്ങിയിട്ടുണ്ട്.എന്നാൽ മൊത്ത വിതരണം ചെയ്യുന്ന വലിയ കടകളിൽ നിലവിൽ ഇത്തരം നിയന്ത്രണമില്ല. യുകെയിൽ ആവശ്യത്തിന് അരി എത്തിക്കുന്ന വലിയ കടകളിൽ ഒന്നായ വൂസ്റ്ററിലെ ഫ്രണ്ട്സ് റീറ്റെയ്ൽ ഉടമയായ ഡെന്നിസ് തങ്ങളുടെ പക്കൽ ആവശ്യത്തിന് സ്റ്റോക് ഉണ്ടെന്നും നിലവിലെ അരിയിൽ ചെറിയ തോതിൽ പോലും വില കൂട്ടി വിൽക്കാൻ ഉദ്ദേശിക്കുന്നില്ല എന്നും വ്യക്തമാക്കി. എന്നാൽ അരി വിലക്കുറവിൽ വിറ്റ് വാർത്ത സൃഷ്ടിച്ച ലെസ്റ്ററിലെ ക്യാരി ബാഗ് എന്ന അരിവിതരണകാരുടെ കയ്യിൽ ഇപ്പോൾ അരി സ്റ്റോക്കില്ല എന്നാണ് പറയുന്നത് വിലക്കുറവിൽ അരി വിൽക്കുന്ന വാർത്ത പുറത്തു വന്നതോടെ യുകെയുടെ പല ഭാഗത്തും നിന്നും അരിക്കുണ്ടായ അപ്രതീക്ഷിത ആവശ്യമാണ് ക്യാരി ബാഗിന്റെ അരി വേഗത്തിൽ വിറ്റു തീരാൻ കാരണമായത്.
നിലവിൽ നിരോധിക്കപ്പെട്ട അരി പ്രധാനമായും ഇന്ത്യയിൽ നിന്നും കയറ്റുമതി ചെയ്യപ്പെടുന്നത് പടിഞ്ഞാറൻ ആഫ്രിക്കൻ രാജ്യമായ ബെനിൻ, നേപ്പാൾ , ബംഗ്ലാദേശ്, ചൈന, ടോഗോ, സെനഗൽ, ഗിനിയ, വിയറ്റ്നാം, മഡഗസ്സ്കർ , കാമറോൺ, സൊമാലിയ , മലേഷ്യ , ലൈബീരിയ , ദുബായ് എന്നിവിടങ്ങളിൽക്കാണ്. പടിഞ്ഞാറൻ രാജ്യങ്ങളിലും അമേരിക്കയിലും നിരോധനം ബാധകവുമായ അരി കാര്യമായി കയറ്റുമതി ചെയ്യപ്പെടുന്നില്ല എന്നാണ് വാർത്ത ഏജൻസികൾ റിപ്പോർട്ട് ചെയ്യുന്നത്. എന്നാൽ നിയന്ത്രണവും നിരോധനവും ഇല്ലാത്ത അരിയും വരും മാസങ്ങളിൽ എത്തിയേക്കില്ല എന്ന ചിന്തയിൽ കോവിഡ് കാലത്തു ഭക്ഷണ സാധനം വാങ്ങി സ്റ്റോക് ചെയ്തത് ഓർമ്മപ്പെടുത്തും വിധമാണ് കഴിഞ്ഞ ദിവസങ്ങളിൽ ജനം കടകളിൽ ഇരച്ചു കയറിയത്.
ഇത് കടകളിലെ ഷെൽഫുകൾ അതിവേഗം കാലിയാകാനും പിന്നീട കടകളിൽ വന്നവർ അരി സ്റ്റോക് പോലും ഇല്ലാത്ത വിധം തീർന്നു പോയെന്നു കരുതുകയുമായിരുന്നു. ഇതെലാം വാർത്തകൾ ആയും ചിത്രങ്ങളും ആയി പടർന്നതോടെ കൂടുതൽ പേർ അരി അന്വേഷിച്ചു എത്തുകയും റീറ്റെയ്ൽ കച്ചവടക്കാർ കുത്തനെ വിലകയറ്റി കൊള്ളവില്പനയ്ക്ക് ശ്രമിക്കുകയുമാണ്. കിട്ടിയ അവസരം എന്ന മട്ടിൽ പത്തു കിലോ ബാഗിന് 20 പൗണ്ട് വരെ വില ഉയർത്തിയ കച്ചവടക്കാരുമുണ്ട്. അമേരിക്കയിൽ ലഭ്യമാകുന്ന 9 കിലോ ബാഗിന് കഴിഞ്ഞ ദിവസങ്ങളിൽ 27 ഡോളറിനു ആണ് കച്ചവടം നടന്നത്. ഇതു ഏകദേശം 21 പൗണ്ടിന് തുല്യവുമാണ്.
ഇന്ത്യയിൽ മൺസൂൺ കാലാവസ്ഥ ചതിച്ചതോടെ അരി ലഭ്യത കുറയുകയും വിലയിൽ മൂന്നു ശതമാനം വർധന ഉണ്ടായതുമാണ് കടുത്ത നടപടിക്ക് സർക്കാരിനെ പ്രേരിപ്പിച്ചത്.
കെ ആര് ഷൈജുമോന്, ലണ്ടന്. മറുനാടന് മലയാളി പ്രത്യേക പ്രതിനിധി.