തൃശൂർ: വടക്കുനാഥനെ സാക്ഷിയാക്കി റിപ്പർ ജയാനന്ദൻ. മകളുടെ തലയിൽ കൈവച്ച് അനുഗ്രഹിച്ചു. അച്ഛന്റെ കാൽതൊട്ട് വന്ദിച്ച് മകൾ. പിന്നെ താലികെട്ട്. വിവാഹ ശേഷം അച്ഛനെ ചേർത്ത് നിർത്തി ക്ഷേത്രത്തിൽ നിന്ന് പുറത്തേക്ക്. അങ്ങനെ മകളുടെ വിവാഹം നടത്തിയ അച്ഛന്റെ ചാരിതാർത്ഥ്യത്തിൽ റിപ്പർ ജയാനന്ദൻ. പൊലീസ് കാവലിലായിരുന്നു മകളുടെ വിവാഹത്തിന് റിപ്പർ എത്തിയത്.

അഭിഭാഷകയാണ് റിപ്പറിന്റെ മകൾ. മകളെ താലികെട്ടിയ യുവാവും അഭിഭാഷകൻ. പ്രണയമാണ് വിവാഹത്തിലേക്ക് എത്തുന്നത്. വരന്റെ അച്ഛൻ പൊലീസുകാരനാണ്. പക്ഷേ ഇതൊന്നും ജയാനന്ദന്റെ മകളുടെ പ്രണയം വിവാഹത്തിലെത്തുന്നതിന് തടസ്സമായില്ല. മകളുടെ വിവാഹത്തിനായി രണ്ട് ദിവസത്തേക്ക് ഹൈക്കോടതി പരോൾ ജയാനന്ദന് പരോൾ നൽകുകയായിരുന്നു.

അനുവദിച്ചെങ്കിലും റിപ്പർ ജയാനന്ദന് സ്വന്തം വീട്ടിൽ കിടന്നുറങ്ങാൻ കഴിഞ്ഞിരുന്നില്ല. സുരക്ഷാ പ്രശ്‌നങ്ങൾ ഉള്ളതിനാൽ ഇന്നലെ രാവിലെ മാളയിലെ വീട്ടിലെത്തിച്ച ശേഷം വൈകുന്നേരം 5 മണിയോടെ വിയ്യൂർ ജയിലിലേക്ക് തന്നെ തിരികെ കൊണ്ടു പോയി. ഇന്ന് രാവിലെ മകളുടെ വിവാഹ വേദിയിൽ പൊലീസ് അകമ്പടിയോടെ വീണ്ടും ജയാനന്ദൻ എത്തി. അടുത്ത ബന്ധുക്കളാണ് വടക്കുനാഥ ക്ഷേത്രത്തിലെ ചടങ്ങിന് സാക്ഷിയായത്.

ഇന്നലെ രാവിലെ റിപ്പർ ജയാനന്ദനെ വിയ്യൂരിലെ അതീവ സുരക്ഷാ ജയിലിൽ നിന്നും മാള പൊലീസ് സ്റ്റേഷനിലെത്തിച്ച ശേഷമായിരുന്നു പൊയ്യയിലെ വീട്ടിലേക്ക് കൊണ്ടു പോയത്. വീട്ടിലെത്തി മകളോടും ഭാര്യയോടും സംസാരിച്ചിരുന്നു. അടുത്ത ചില ബന്ധുക്കൾ മാത്രമായിരുന്നു വീട്ടിലുണ്ടായിരുന്നത്. റിപ്പർ എത്തുന്ന വിവരം അയൽക്കാരെല്ലാവരും അറിഞ്ഞെങ്കിലും ആരും തന്നെ അവിടേക്ക് തിരിഞ്ഞു നോക്കിയില്ല.

മകളുടെ വിവാഹത്തിന് പങ്കെടുക്കാൻ പരോൾ അനുവദിക്കണമെന്നാവശ്യപ്പെട്ട ഭാര്യ ഇന്ദിരയ്ക്ക് വേണ്ടി അഭിഭാഷകയായ മകൾ കീർത്തി ജയാനന്ദനാണ് ഹൈക്കോടതിയിൽ ഹാജരായത്. 15 ദിവസത്തെ പരോൾ അനുവദിക്കണമെന്നായിരുന്നു ആവശ്യം. എന്നാൽ രണ്ട് ദിവസത്തെ ഉപാധികളോടുള്ള പരോളാണ് കോടതി അനുവദിച്ചത്. ജയാനന്ദൻ ജയിലിലേക്ക് മടങ്ങുമെന്ന് ഭാര്യയും മകളും സത്യവാങ്മൂലം നൽകിയ ശേഷമാണ് കോടതി പരോൾ അനുവദിച്ചത്.

തന്റെ വിവാഹമാണെന്നും അഭിഭാഷക എന്ന രീതിയിലല്ല ഹാജരായതെന്നും മകളെന്ന രീതിയിലാണ് അനുമതി തേടുന്നതെന്നും കീർത്തി വാദിച്ചിരുന്നു. എന്നാൽ ഈ ആവശ്യം സർക്കാർ എതിർത്തെങ്കിലും പരോൾ അനുവദിക്കുകയായിരുന്നു. മകളുടെ വിവാഹം പോലൊരു ചടങ്ങിൽ പിതാവിന്റെ സാന്നിധ്യം അനിവാര്യമാണെന്നത് കണക്കിലെടുക്കുന്നു എന്നായിരുന്നു സിംഗിൾ ബഞ്ചിന്റെ ഉത്തരവ്.

ഒപ്പമുള്ള പൊലീസുകാർ യൂണിഫോമിലായിരിക്കരുതെന്നും സിവിൽ വസ്ത്രം ധരിച്ചു വേണം ചടങ്ങിൽ പങ്കെടുക്കാനെന്നും കോടതി നിഷ്‌കർഷിച്ചു. ഇതെല്ലാം പാലിച്ചാണ് ജയാനന്ദന് ക്ഷേത്രത്തിലും പൊലീസ് സുരക്ഷ ഒരുക്കിയത്.