- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
വാളയാർ അതിർത്തി കടന്ന റോബിൻ ബസിനെ കാത്തിരുന്നത് വമ്പൻ പിഴ; തമിഴ്നാട്ടിലെ മധുക്കരയിൽ ഒറ്റയടിക്ക് 70,410 രൂപ പിഴയീടാക്കി എംവിഡി; പെർമിറ്റ് ലംഘനത്തിന് കേരള എംവിഡിയേക്കാൾ കടുത്ത നടപടിയുമായി തമിഴ്നാട്
പാലക്കാട്: പത്തനംതിട്ടയിൽ നിന്ന് കോയമ്പത്തൂരിലേക്ക് യാത്രതിരിച്ച 'റോബിൻ' ബസ്സിന് തമിഴ്നാട്ടിലും വമ്പൻ പിഴ ചുമത്തി. ഒറ്റയടിക്ക് 70,410 രൂപയാണ് പിഴ ചുമത്തിയത്. മധുക്കര പൊലീസ് സ്റ്റേഷൻ പരിധിയിലെ കെജി ചാവടി ചെക്ക് പോസ്റ്റിൽ വച്ച് എം വി ഡി എം ജയപ്രകാശാണ് പിഴ ചുമത്തിയത്. ഏഴു ദിവസത്തേക്കാണ് ഇത്രയും പിഴ ഈടാക്കിയത്. ഏഴുദിവസത്തിന് ശേഷം വീണ്ടും പിഴ അടയ്ക്കേണ്ടി വരും. ടൂറിസ്റ്റ് പെർമിറ്റുള്ള ബസ് സ്റ്റേജ് ക്യാരേജ് ആയി ഓടിച്ചത് പെർമിറ്റ് ലംഘനമാണെന്ന് എംവിഡിയുടെ പരിശോധനാ റിപ്പോർട്ടിൽ പറയുന്നു.
40 യാത്രക്കാർക്ക് 800 രൂപ വച്ച് 32000 രൂപയും, പിഴയായി 32000 രൂപയും, കോംപൗണ്ടിങ് ഫീസായി 5000 രൂപയും, ഗ്രീൻ ടാക്സായി 750 രൂപയും അടക്കമാണ് 70,410 രൂപ പിഴ ചുമത്തിയിരിക്കുന്നത്. വൈകിട്ട് 5.56 നാണ് വാഹനം പിടിച്ചത്. നേരത്തെ കേരളത്തിൽ, ഒറ്റദിവസം 37,500 രൂപ മാട്ടോർ വാഹനവകുപ്പ് പിഴയിട്ടിരുന്നു. ഇതോടെ, ഒറ്റദിവസത്തെ ആകെ പിഴ 1,07,910 രൂപയായി. അതേസമയം, വരും ദിവസങ്ങളിലും കോയമ്പത്തൂർ സർവീസുമായി മുന്നോട്ട് പോകാൻ തന്നെയാണ് റോബിൻ ബസുടമ ഗീരീഷിന്റെ തീരുമാനം. കോടതി പറയും വരെ സർവീസ് തുടരുമെന്ന് ഗീരീഷ് അറിയിച്ചു. ഇതോടെ എംവിഡി - റോബിൻ തർക്കം അതിരൂക്ഷമാകുമെന്ന് ഉറപ്പായി. റോഡിലെ തർക്കത്തിന് പുറമെ കോടതിയിലും പെർമിറ്റിനെ ചൊല്ലി ശക്തമായ നിയമപോരാട്ടം നടക്കും.
പത്തനംതിട്ടയ്ക്ക് പുറമേ മൂന്നിടങ്ങളിൽ കൂടി മോട്ടോർ വാഹന വകുപ്പ് ബസ് തടഞ്ഞ് പരിശോധന നടത്തിയിരുന്നു. അന്തർ സംസ്ഥാന സർവ്വീസ് നടത്തുന്ന റോബിൻ മോട്ടോഴ്സിന്റെ റോബിൻ ബസിന് വഴി നീളെ പിഴയിട്ടാണ് എംവിഡി പ്രതികരിച്ചത്. വാഹനം വാളയാർ കടക്കുമ്പോൾ കേരള എംവിഡി ഇതുവരെ ചുമത്തിയ പിഴത്തുക 37,500 രൂപ രൂപയാണ്. നാലിടങ്ങളിലായിരുന്നു നേരത്തെ എംവിഡി ബസ് തടഞ്ഞു പരിശോധിച്ചത്. പിഴയെല്ലാം ചുമത്തിയിരിക്കുന്നത് പെർമിറ്റ് ലംഘനം ചൂണ്ടിക്കാട്ടി ആണ്. അതേസമയം വാഹനം എംവിഡി കസ്റ്റഡിയിലെടുത്തില്ല.
മോട്ടോർ വാഹനവകുപ്പിന്റെ നടപടികളെ വെല്ലുവിളിച്ചായിരുന്നു കോയമ്പത്തൂരിലേക്ക് റോബിൻ ബസിന്റെ സർവീസ്. നാല് തവണയോളം എംവിഡി പരിശോധന നടത്തിയിരുന്നു. പുതുക്കാട് വച്ചും തടഞ്ഞ് പരിശോധന നടത്തിയ എംവിഡിയുടെ നടപടിയെ സംഘടിച്ചെത്തിയ നാട്ടുകാർ കൂവി വിളിച്ചാണ് എതിരേറ്റത്. തുടർച്ചയായ പരിശോധന തങ്ങളെ ബുദ്ധിമുട്ടിക്കുകയാണെന്ന് യാത്രക്കാരും പ്രതികരിച്ചു. അതേസമയം, സർവീസ് തുടരാൻ തന്നെയാണ് തീരുമാനമെന്ന് ബസ് ജീവനക്കാർ അറിയിച്ചിരുന്നു.
രാവിലെ അഞ്ച് മണിക്ക് പത്തനംതിട്ട ബസ് സ്റ്റാൻഡിൽ നിന്ന് പുറപ്പെട്ട ബസ് 200 മീറ്റർ പിന്നിട്ടപ്പോഴേക്കും മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥരെത്തി പരിശോധന നടത്തി. പെർമിറ്റ് ലംഘനത്തിന് 7500 രൂപയാണ് ആദ്യ പിഴ ചുമത്തിയത്. എന്നാൽ ബസ് മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ പിടിച്ചെടുത്തില്ല. തുടർന്ന് പാലായിലും അങ്കമാലിയും ബസ് തടഞ്ഞ് ഉദ്യോഗസ്ഥർ പരിശോധന നടത്തി. അങ്കമാലിയിലും സംഘടിച്ചെത്തിയ നാട്ടുകാർ എംവിഡി ഉദ്യോഗസ്ഥരെ കൂവി വിളിച്ചാണ് പരിഹസിച്ചത്.
പത്തനംതിട്ടയിൽ പരിശോധന നടത്തിയ എം വിഡി. പെർമിറ്റ് ലംഘനം ചൂണ്ടിക്കാട്ടി 7500 രൂപയാണ് ബസ്സിന് പിഴയിട്ടത്. കോടതിവിധിയനുസരിച്ച് മുൻകൂട്ടി ബുക്ക് ചെയ്തവരെ മാത്രമേ യാത്ര ചെയ്യാൻ അനുവദിക്കുകയുള്ളൂവെന്നും ഇടയ്ക്ക് വാഹനം നിർത്തി യാത്രക്കാരെ കയറ്റാൻ പാടില്ലെന്നുമാണ് എം വിഡി. അധികൃതർ പറയുന്നത്. ശനിയാഴ്ച സർവീസ് ആരംഭിച്ചപ്പോൾ ഇക്കാര്യം ബസ്സുകാർ ലംഘിച്ചെന്നും അധികൃതർ പറയുന്നു.
എം വിഡി. പരിശോധന കാരണം പത്തനംതിട്ടയിൽനിന്ന് അരമണിക്കൂറോളം വൈകിയാണ് ബസ് യാത്രതുടർന്നത്. പക്ഷേ, ഇതിനുശേഷവും എം വിഡി. പരിശോധനയുമായി രംഗത്തെത്തി. പാലായിലും അങ്കമാലിയിലും തൃശ്ശൂരിലെ പുതുക്കാടുമാണ് വീണ്ടും മോട്ടോർ വാഹനവകുപ്പ് ബസ് തടഞ്ഞ് പരിശോധിച്ചത്. പുതുക്കാട് പരിശോധനയ്ക്കെത്തിയ ഉദ്യോഗസ്ഥർക്ക് നേരേ നാട്ടുകാർ കൂവിവിളിച്ചു. 'നാണമില്ലേ സാറെ' എന്ന് ചോദിച്ചുകൊണ്ടാണ് നാട്ടുകാർ ഉദ്യോഗസ്ഥർക്കെതിരേ രംഗത്തെത്തിയത്.
പത്തനംതിട്ട പിന്നിട്ടതിന് പിന്നാലെതന്നെ 'റോബിനെ' സ്വീകരിക്കാൻ പലയിടങ്ങളിലും നാട്ടുകാർ തടിച്ചുകൂടിയിരുന്നു. റാന്നി, എരുമേലി, ഈരാറ്റുപേട്ട, കാഞ്ഞിരപ്പള്ളി എന്നിവിടങ്ങളിലെല്ലാം വമ്പിച്ച സ്വീകരണമാണ് ലഭിച്ചത്. എറണാകുളത്തും തൃശ്ശൂരും പാലക്കാടും വിവിധയിടങ്ങളിലായി സ്വീകരണം നടന്നു. ആവേശംകൊണ്ടാണ് ജനങ്ങൾ ബസ്സിനെ സ്വീകരിക്കുന്നതെന്നായിരുന്നു ബസ്സുടമയായ ഗിരീഷിന്റെ പ്രതികരണം. എം വിഡി.യുടെ തുഗ്ലക് പരിഷ്കാരങ്ങൾക്കെതിരേയുള്ള ജനങ്ങളുടെ വെറുപ്പാണ് ഇതിലൂടെ കാണുന്നതെന്നും അദ്ദേഹം പറഞ്ഞു.
'എം വിഡി.യുടെ ചെക്ക് റിപ്പോർട്ടുകൾ പൂമാലയായി കാണുന്നു. ഇതുവരെ പെർമിറ്റില്ലെന്നാണ് പറഞ്ഞിരുന്നത്. ഇപ്പോൾ പറയുന്നത് ആ പെർമിറ്റ് കൊണ്ട് ഒരിടത്തുനിന്ന് മറ്റൊരിടത്തേക്ക് മാത്രം യാത്രക്കാരെ കൊണ്ടുപോകാൻ പാടുള്ളൂവെന്നാണ്. വാളയാർ വരെ ഈ ചെക്കിങ് ഉണ്ടാകും. ഉടയതമ്പുരാൻ എന്റെ കൂടെയുണ്ട്. ഹൈക്കോടതി നൽകിയ ആത്മവിശ്വാസമുണ്ട്. ജനങ്ങളുടെ പിന്തുണ കാണുമ്പോൾ ഇതൊന്നുമല്ല. ഇനി എത്രപിടിച്ചാലും പ്രശ്നമില്ല'', ഗിരീഷ് പറഞ്ഞു.
ഹൈക്കോടതിയുടെ സംരക്ഷണം വാങ്ങിയാണ് നിരത്തിലിറങ്ങുന്നതെന്ന് കഴിഞ്ഞ ദിവസം ബസ് ഉടമ ഗിരീഷ് വ്യക്തമാക്കിയിരുന്നു. നിയമലംഘനം ചൂണ്ടിക്കാട്ടി മുമ്പ് രണ്ട് തവണ ബസ് എംവിഡി പിടികൂടിയിരുന്നു. പിന്നീട് കോടതി കയറിയാണ് ബസ് പുറത്തിറക്കിയത്. എന്നാൽ ടൂറിസ്റ്റ് പെർമിറ്റുള്ള ബസ് സ്റ്റേജ് ക്യാരേജ് ആയി ഓടാൻ അനുവദിക്കില്ലെന്ന നിലപാടിലാണ് മോട്ടോർ വാഹന വകുപ്പ്. സാധുതയുള്ള സ്റ്റേജ് ക്യാരേജ് പെർമിറ്റില്ലാതെ യാത്രക്കാരിൽ നിന്ന് പ്രത്യേകം യാത്രക്കൂലി ഈടാക്കി സ്റ്റേജ് ക്യാരേജായി ഓടിയതിനുള്ള പിഴയായാണ് 7500 രൂപ ചുമത്തുന്നതെന്ന് എംവിഡി നൽകിയ ചെലാനിൽ രേഖപ്പെടുത്തിയിരിക്കുന്നു.
മറുനാടൻ മലയാളി കൊച്ചി റിപ്പോർട്ടർ.