പത്തനംതിട്ട: മണ്ഡലപൂജയ്ക്ക് ഇന്ന് ശബരിമല നട തുറക്കുന്നതിന് മുന്നോടിയായി സന്നിധാനത്തേക്ക് തീർത്ഥാടക പ്രവാഹം. ഇന്നത്തേക്ക് മാത്രം ദർശനത്തിന് വിർച്വൽ ക്യു ബുക്ക് ചെയ്തിരിക്കുന്നത് 22,000 പേരാണ്. കേരളത്തിലും പുറത്തു നിന്നുമുള്ള തീർത്ഥാടകർ എത്തിക്കൊണ്ടിരിക്കുന്നു. നിലയ്ക്കലിൽ നിന്ന് ഒരു നിയന്ത്രണവുമില്ലാതെ തീർത്ഥാടകരെ പമ്പയിലേക്ക് അയച്ചിരിക്കുകയാണ്. ഗണപതി കോവിലും പരിസരവും പൂർണമായി സ്വാമിമാർ നിരന്നു. ഇവർ കിട്ടിയ സ്ഥലത്ത് വിരിവച്ചു വിശ്രമിക്കുകയാണ്. ഇവർക്ക് കുടിവെള്ളം പോലുമില്ല.

പമ്പയിൽ നിന്ന് തീർത്ഥാടകരെ ഇതു വരെ സന്നിധാനത്തേക്ക് വിട്ടിട്ടില്ല. ഇന്നലെയും മറ്റുമായി ചിലർ സന്നിധാനത്തേക്ക് കയറിപ്പോയിരുന്നു. അവിടം ഏറെക്കുറെ നിറഞ്ഞ മട്ടാണ്. വിർച്വൽ ക്യൂ പ്രവർത്തനം തുടങ്ങിയിട്ടില്ല.ഇതിന്റെ പണി പൂർത്തിയാകാൻ ഇനിയും വൈകും. വൈകിട്ട് അഞ്ചിനാണ് നട തുറക്കുന്നത്. മൂന്നു മണി മുതലാകും സ്വാമിമാരെ സന്നിധാനത്തേക്ക് കടത്തി വിടുക എന്നാണ് സൂചന. നിലവിൽ പമ്പയിലുള്ളവരെ അന്നേരം കടത്തി വിടാൻ ശ്രമിച്ചാൽ അഭൂതപൂർവമായ തിക്കും തിരക്കുമുണ്ടാകും.

ഇപ്പോൾ തന്നെ കടത്തി വിട്ടു തുടങ്ങിയാൽ മാത്രമേ തീർത്ഥാടക തിരക്ക് ക്രമീകരിക്കാൻ കഴിയൂ. പൊലീസ് കാര്യക്ഷമമായി നടത്തിയിരുന്ന വിർച്വൽക്യൂ ഇത്തവണ മുതൽ ദേവസ്വം ബോർഡ് നേരിട്ട് ഏറ്റെടുത്ത് നടത്തുകയാണ്. അതിന്റേതായ പ്രശ്നങ്ങൾ ഇവിടെ ഉണ്ടാകാൻ സാധ്യതയുമുണ്ട്. ഇന്നലെ രാത്രിയും ഇന്നു പുലർച്ചെയുമായി വന്ന തീർത്ഥാടകരാണ് പമ്പയിൽ തിങ്ങി നിറഞ്ഞിരിക്കുന്നത്. സന്നിധാനത്തേക്ക് ഇവർ പോകുന്നത് പൊലീസ് തടഞ്ഞിരിക്കുകയാണ്. ഇതിനെതിരേ സ്വാമിമാർ പ്രതിഷേധിച്ച് തുടങ്ങിയിട്ടുമുണ്ട്.

വിർച്വൽ ക്യു ഒന്നടങ്കം ദേവസ്വം ബോർഡ് ഏറ്റെടുത്തത് അവസാന നിമിഷം പൊലീസിന് കൈമാറിയിരിക്കുകയാണ്. ബുക്കിങ് മാത്രമാണ് ബോർഡിനുള്ളത്. വേരിഫിക്കേഷൻ പൊലീസിന് നൽകി. എന്നാൽ ഇതിനുള്ള ക്യാബിനുകളുടെ നിർമ്മാണം ഇപ്പോഴും നടക്കുകയാണ്. ഇത് പൂർത്തിയാകാതെ വിർച്വൽ ക്യൂ കാര്യക്ഷമമായി പ്രവർത്തിപ്പിക്കാൻ കഴിയില്ല.

പതിനായിരത്തിലധികം തീർത്ഥാടകർ നിലവിൽ പമ്പയിലുണ്ട്. ഇവർക്കുള്ള അടിസ്ഥാന സൗകര്യം ഒന്നും തന്നെ ഇപ്പോൾ ലഭ്യമല്ല. കുടിവെള്ളം പോലും കിട്ടാത്തതിലാണ് സ്വാമിമാരുടെ പ്രതിഷേധം.