- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
മദ്യലഹരിയിൽ കാട്ടിനുള്ളിൽ ചീട്ടുകളി; പമ്പു ചെയ്യാൻ പോയ വാട്ടർ അഥോറിട്ടിക്കാരൻ കേട്ടത് ടവർ കൺട്രോൾ റൂമിലെ ആൾ പെരുമാറ്റം; ശരംകുത്തിയിൽ അവരെത്തിയത് പമ്പ നീന്തിക്കടന്ന് കാട്ടു വഴികളിലൂടെ; വനംവകുപ്പും പൊലീസും ഒന്നുമറിഞ്ഞില്ല; ശബരിമലയിലെ കള്ളന്മാരെ കുടുക്കിയത് 'സ്വാമി കടാക്ഷം'!
പത്തനംതിട്ട: ശബരിമലയിലേത് വമ്പൻ സുരക്ഷാ വീഴ്ചയെന്ന് വ്യക്തമാക്കുന്ന കൂടുതൽ വിവരങ്ങൾ മറുനാടന്. വാട്ടർ അഥോറിറ്റി ഉദ്യോഗസ്ഥന്റെ കരുതലാണ് ശബരിമലയിലെ സുരക്ഷാ വീഴ്ച കണ്ടെത്തിയത്. പൊലീസും വനം വകുപ്പും ഒന്നും അറിഞ്ഞില്ല. ശബരിമലയിലെ കാട്ടു വഴികളിലൂടെയാണ് സംഘം നുഴഞ്ഞു കയറിയത്. മോഷണ വസ്തുക്കൾ കടത്തിയതും അതുവഴി. പമ്പയ്ക്ക് അപ്പുറം മാരുതി ഒമിനി പാർക്ക് ചെയ്ത ശേഷമാണ് സന്നിധാനത്തെ ലക്ഷ്യമാക്കിയുള്ള നുഴഞ്ഞു കയറ്റം. ഇതൊന്നും കേരളാ പൊലീസിന്റെ ക്യമാറയിൽ പതിഞ്ഞില്ലെന്നതാണ് വസ്തുത.
ശബരിമല സുരക്ഷയ്ക്ക് കേരളാ പൊലീസ് കോടികളാണ് ചെലവാക്കുന്നത്. ഇതെല്ലാം വെറുതെയാണെന്ന ചർച്ചയുയർത്തുന്നതാണ് ശബരിമലയിലെ കേബിൾ മോഷണം. ബി എസ് എൻ എല്ലിന്റെ ടവർ നിരീക്ഷണ കേന്ദ്രത്തിനുള്ളിൽ മദ്യപാനവും ചീട്ടുകളിയും വരെയുണ്ടായിരുന്നു. ഇതുവഴി വെള്ളം പമ്പു ചെയ്യാനെത്തിയ വാട്ടർ അഥോറിട്ടി ജീവനക്കാരനാണ് ഓഫീസിനുള്ളിലെ ആൾപെരുമാറ്റം കേട്ടത്. ബി എസ് എൻ എല്ലിലെ പരിചയക്കാരനെ വിളിച്ച് ഓഫീസിലെത്തിയോ എന്ന് ഇയാൾ അന്വേഷിച്ചു. അവിടെ ആരും ഇല്ലെന്നായിരുന്നു മറുപടി. എന്നാൽ ആൾപെരുമാറ്റമുണ്ടെന്ന് വാട്ടർ അഥോറിറ്റിക്കാരൻ മറുപടി നൽകി. ഇതോടെയാണ് സംശയം തുടങ്ങിയത്. ബി എസ് എൻ എൽ ജീവനക്കാർ പരിശോധനയ്ക്കായി ഉടനെത്തി. ഇതോടെ അവിടെ ഉണ്ടായിരുന്നവർ കൂട്ടത്തോടെ ഓടി. ദേവസ്വം ബോർഡിലെ ക്യാമറാ ദൃശ്യങ്ങളാണ് പ്രതികളെ കുടുക്കിയത്.
ഈ വാട്ടർ അഥോറിട്ടിക്കാരൻ സമയം തെറ്റി അവിടെ എത്തിയില്ലെങ്കിൽ ഇവർ പിടിയിലാകുമായിരുന്നില്ലെന്നതാണ് മറ്റൊരു വസ്തുത. ആചാര ലംഘന കാലത്ത് ശബരിമലിയിൽ വിശ്വാസം അട്ടിമറിക്കാൻ എത്തിയവർക്ക് വേണ്ടിയൊരുക്കിയ കരുതൽ പോലും ശബരിമലിയിലെ അതീവ സുരക്ഷാ സ്ഥലത്ത് പൊലീസ് ഇപ്പോൾ നൽകുന്നില്ല. ആർക്കും എന്തും ആകാം. ഈശ്വര കടാക്ഷം ഉള്ളതു കൊണ്ടു മാത്രമാണ് കള്ളന്മാർ പിടിക്കപ്പെട്ടതെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡും വിലയിരുത്തുന്നു.
കേരളാ പൊലീസിന് വലിയ നാണക്കേടാണ് ഈ സംഭവം. ഈ പശ്ചാത്തലത്തിൽ എഡിജിപി അജിത് കുമാർ ശബരിമലയിൽ എത്തുന്നുണ്ട്. ശബരിമലയിൽ പൊലീസ് സ്‌റ്റേഷനുണ്ട്, ഇവിടെ സ്ഥിരം ഡ്യൂട്ടിക്ക് പൊലീസുകാരും. വനം വകുപ്പിനും ശബരിമലയിലുടനീളം നിരീക്ഷണമുണ്ട്. സന്നിധാനത്ത് സ്റ്റേഷനും. ജീപ്പടക്കം എല്ലാം സൗകര്യങ്ങളുമുണ്ട്. എന്നിട്ടും ആരും ഒന്നും അറിഞ്ഞില്ല. ഇതിൽ പിടിയിലായ പ്രതികളെല്ലാം ശബരിമലയിൽ സ്ഥിരം എത്തുന്നവരാണ്. വഴിയോരക്കച്ചവടവും മറ്റും നടത്തുന്നവർ. ശബരിമലയുടെ മുക്കും മൂലയും തിരിച്ചറിഞ്ഞായിരുന്നു മോഷണ ഓപ്പറേഷൻ. ബിഎസ്എൻഎൽ മൊബൈൽ ടവർ കേബിളുകളും അനുബന്ധ സാമഗ്രികളും മോഷ്ടിച്ചു കടത്തിയതിൽ പൊലീസിന്റെ ഭാഗത്ത് നിന്നുണ്ടായത് വൻവീഴ്ച.
വിവരമറിഞ്ഞ് ബിഎസ്എൻഎൽ ഉദ്യോഗസ്ഥർ വനംവകുപ്പിന്റെ സഹായത്തോടെ പ്രദേശത്ത് വരികയും പൊലീസിൽ പരാതി നൽകുകയും ചെയ്തിട്ടും അന്വേഷണം തുടങ്ങിയത് ഒരു ദിവസം കഴിഞ്ഞ്. ഇതിനോടകം മോഷ്ടിച്ച സാധനങ്ങളുമായി കള്ളന്മാർ മലയിറങ്ങി പട്ടാമ്പിയും മറ്റും കൊണ്ടു പോയി വിറ്റു. ഒരാഴ്ചയ്ക്കകം ഏഴു പേരെ പിടികൂടിയെങ്കിലും പൊലീസിന്റെ ഭാഗത്തെ വീഴ്ച സാധൂകരിക്കാൻ കഴിയാത്തതാണ്. കട്ടപ്പന പുളിയന്മല സ്വദേശികളായ അയ്യപ്പദാസ്, വിക്രമൻ, ഷംനാസ്, രഞ്ജിത്ത്, അഖിൽ, അമീൻ, ജലീൽ എന്നിവരാണ് അറസ്റ്റിലായത്. ഇതിൽ ജലീലാണ് സംഘതലവൻ എന്നാണ് സൂചന.
ഒന്നുമുതൽ ആറുവരെ പ്രതികളെ പുളിയന്മലയിലും ജലീലിനെ പമ്പയിലും നിന്നുമാണ് പിടികൂടിയത്. കഴിഞ്ഞ 12 ന് രാത്രി 8.30 ന് ശേഷമാണ് മോഷണം നടന്നത്. ടവറിൽ കേടുപാടുകൾ വരുത്തിയ ശേഷം 280 മീറ്റർ ആർ.എഫ് കേബിൾ, 35 മീറ്റർ എർത്ത് കേബിൾ, 55 ഡി.സി കേബിളുകൾ, 100 മീറ്റർ ലാൻഡ്‌ലൈൻ കേബിൾ, ഒന്നര കിലോമീറ്റർ ദൂരം വലിക്കാവുന്ന 5 ജോഡി ലാൻഡ്‌ലൈൻ കേബിൾ, 50 മീറ്റർ 10/20/50 ലാൻഡ് ലൈൻ കേബിളുകൾ, 5 എംസിബി കേബിൾ എന്നിവയാണ് മോഷ്ടിച്ചത്. ഇതിന് രണ്ടര ലക്ഷം രൂപ വില വരും. ബി.എസ്.എൻ.എൽ ഡിവിഷണൽ എൻജിനിയറുടെ പരാതി പ്രകാരമാണ് കേസെടുത്തത്.
പത്തനംതിട്ട ജില്ലാ പൊലീസ് മേധാവി വി. അജിത്തിന്റെ മേൽനോടത്തിൽ ഡിവൈ.എസ്‌പിമാർ അടങ്ങുന്ന പ്രത്യേകസംഘം രൂപീകരിച്ച് അന്വേഷണം ഊർജിതപ്പെടുത്തിയിരുന്നു. സൈബർ സെല്ലിന്റെ സഹായത്തോടെ മോഷ്ടാക്കളെ കണ്ടെത്തിയത്. മോഷ്ടിച്ച സാധനങ്ങളിൽ ഡേറ്റ കാർഡ് അടക്കം സമാന്തര ടെലിഫോൺ എക്‌സ്‌ചേഞ്ച് നിർമ്മിക്കാൻ ഉപയോഗിക്കാവുന്നവയാണ്. വിവരത്തിന്റെ ഗൗരവം മനസിലാക്കി കേന്ദ്രഇന്റലിജൻസ് അന്വേഷണം തുടങ്ങി. മോഷണം പോയ വിവരം അറിഞ്ഞതിന് പിന്നാലെ ബിഎസ്എൻഎല്ലിന്റെ ഉന്നത ഉദ്യോഗസ്ഥർ സംഭവ സ്ഥലത്ത് ചെന്നു. വനംവകുപ്പിന്റെ സഹായത്തോടെ ഇവർ ഇവിടെ എത്തുമ്പോൾ സാധനങ്ങൾ മുഴുവൻ കടത്തിയിരുന്നു. ഉപയോഗിച്ച് വലിച്ചെറിഞ്ഞ മദ്യക്കുപ്പിയും ഉപേക്ഷിച്ച ടീ ഷർട്ടും സ്ഥലത്തുണ്ടായിരുന്നു.
വനപാലകർ പ്രതികൾ പോയിരിക്കാൻ സാധ്യതയുള്ള പ്രദേശം മുഴുവൻ തെരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താൻ കഴിഞ്ഞില്ല. വിവരം പമ്പാ പൊലീസിൽ അറിയിച്ചെങ്കിലും പിറ്റേന്നാണ് പൊലീസ് എത്തിയതെന്ന് പറയുന്നു. ഇതിനോടകം വനത്തിൽ ഒളിച്ചിരുന്ന പ്രതികൾ തിരികെ എത്തി അവശേഷിപ്പിച്ച തെളിവുകൾ നശിപ്പിച്ച് കടന്നു കളഞ്ഞു. ബിഎസ്എൻഎൽ ഉദ്യോഗസ്ഥർ കാമറയിൽ പകർത്തിയ ദൃശ്യങ്ങൾ തിരുവല്ലയിലെയും കൊച്ചിയിലെയും ഉന്നത ഉദ്യോഗസ്ഥർക്ക് അയച്ചു കൊടുത്തിരുന്നു.
അതീവ സുരക്ഷാ മേഖലയാണ് ശരംകുത്തി. 24 മണിക്കൂറും പ്രവർത്തിക്കുന്ന നിരീക്ഷണ കാമറയും അതിന് കൺട്രോൾ റൂമും ഉണ്ട്. കൺട്രോൾ റൂമിൽ ദൃശ്യങ്ങൾ നിരീക്ഷിക്കാൻ ചുമതലപ്പെടുത്തിയ ആൾക്കാരുമുണ്ട്. ബിഎസ്എൻഎൽ ജീവനക്കാർ പകർത്തിയ ദൃശ്യങ്ങൾ വാങ്ങി പൊലീസ് നടത്തിയ പരിശോധനയിൽ കാണപ്പെട്ട ഉപേക്ഷിക്കപ്പെട്ട മദ്യക്കുപ്പിയുടെ ലേബൽ പരിശോധിച്ചതിൽ നിന്നും എരുമേലിയിലെ ബിവറേജസ് ഔട്ട്‌ലെറ്റിൽ നിന്നുമാണ് മദ്യം വാങ്ങിയതെന്ന് കണ്ടെത്തി.
അവിടുത്തെ സിസിടിവി ദൃശ്യങ്ങൾ നോക്കി അതിന്റെ അടിസ്ഥാനത്തിൽ ആളെ തിരിച്ചറിയുകയും പിന്നീട് ശബരിമല പാതയിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് പ്രതികളെ മുഴുവൻ ലൊക്കേറ്റ് ചെയ്യുകയും ചെയ്തു. ബിഎസ്എൻഎൽ ഉദ്യോഗസ്ഥർ ആദ്യ ദിവസം ചെന്ന് ദൃശ്യങ്ങൾ പകർത്തിയില്ലായിരുന്നുവെങ്കിൽ പൊലീസിന്റെ അന്വേഷണം കഠിനമാകുമായിരുന്നു.
മറുനാടന് മലയാളി ബ്യൂറോ