- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സ്വര്‍ണ്ണം പൂശിയ പുതിയ കൊടിമരം സ്ഥാപിക്കുന്നതിന് മുമ്പുണ്ടായിരുന്ന കൊടിമരത്തില്‍ ഉണ്ടായിരുന്നത് വെള്ളിയിലെ വാജി വാഹനം! പുതിയ കൊടിമരം വന്നപ്പോള്‍ പഴയ വാജി 'ഫീനിക്സ് പക്ഷിയെ' പോലെ ഉയര്‍ന്ന് പറന്ന് ഹൈദരാബാദില്‍ എത്തി; വിശ്വാസികള്‍ 'പൊന്നും വില'യ്ക്ക് സ്വന്തമാക്കുന്ന ആ കുതിര ഇപ്പോഴെവിടെ? ശബരിമലയിലെ മറ്റൊരു 'വിപിഐ' മോഷണം ഇങ്ങനെ
തിരുവനന്തപുരം: ശബരിമല അയ്യപ്പ സന്നിധിയില്‍ എട്ടുവര്‍ഷത്തിനു മുന്‍പ് സ്വര്‍ണ കൊടിമരവും അയ്യപ്പ വാഹനമായ കുതിരയുടെ രൂപവും സ്ഥാപിച്ചപ്പോള്‍ മുന്‍പുണ്ടായിരുന്ന കുതിര രൂപം മാറ്റിയതായി സംശയം. പത്തു കിലോയോളം തങ്കം ഉപയോഗിച്ചാണ് സ്വര്‍ണ കൊടിമരം പുതുക്കി നിര്‍മ്മിച്ചിരുന്നത്. ഹൈദരാബാദ് ആസ്ഥാനമായ സ്വകാര്യ കമ്പനിക്ക് പുതിയ സ്വര്‍ണ കൊടിമരം നിര്‍മ്മിക്കാനുള്ള സ്പോണ്‍സര്‍ഷിപ്പ് നല്‍കിയതിലും ക്രമക്കേട് നടന്നതായാണ് ഇപ്പോള്‍ ആരോപണമുയരുന്നത്. പുതിയ സ്വര്‍ണ കൊടിമരം സ്ഥാപിച്ച് രണ്ടുമാസത്തിനുള്ളില്‍ അതില്‍ മെര്‍ക്കുറി ഒഴിച്ച് നശിപ്പിച്ചതായും കണ്ടെത്തിയിരുന്നു. 'വാചി വാഹനം' എന്നാല്‍ ഒരു ദേവതയുടെ വാഹനമായി ഉപയോഗിക്കുന്ന മൃഗത്തെയാണ് കുറിക്കുന്നത്. 'വാചി' എന്ന വാക്ക് 'വാഹനം' എന്ന അര്‍ത്ഥത്തില്‍ ഉപയോഗിക്കുന്നു. ഉദാഹരണത്തിന്, ശാസ്താവിന്റെ വാഹനം കുതിരയാണ്, അതിനെ ശാസ്താവിന്റെ 'വാചി' എന്ന് പറയാം. കൊടിമരങ്ങളില്‍ കാണുന്ന ജീവിയുടെ രൂപം ദേവതയുടെ വാഹനം ഏതാണെന്ന് മനസ്സിലാക്കാന്‍ സഹായിക്കും. അതായത് ശബരിമലയിലെ പഴയ കൊടിമരത്തിലെ 'വാചി'യെ കാണാനില്ലെന്നാണ് സൂചന. വെള്ളിയിലാണ് ഇത് പണിതിരുന്നത്. കുരിതയ്ക്കും വാജിയെന്നും അര്‍ത്ഥമുണ്ട്.
കാറ്റിനെ വെല്ലുന്ന വേഗത്തില്‍ പായുന്ന കുതിരയുടെ പുറത്ത് അമ്പും വില്ലും ധരിച്ചവനായി ഭക്തരുടെ മനസ്സാകുന്ന കാട്ടില്‍ വിഹരിക്കുന്ന രാഗദ്വേഷാദികളായ ദുഷ്ടമൃഗങ്ങളെ സംഹരിക്കാന്‍ എഴുന്നള്ളുന്ന വില്ലാളി വീരനാണ് ധര്‍മശാസ്താവ്. ദേവന്റെ അല്ലെങ്കില്‍ ദേവിയുടെ സ്വരൂപം ഏതിലൂടെ ഭക്തര്‍ക്ക് സ്പഷ്ടമാകുന്നുവോ അതിനെ പ്രതീകവത്ക്കരിക്കുന്നതാണ് വാഹനം. സാധാരണയായി തിര്യക് രൂപങ്ങളില്‍ ഒന്നായിരിക്കും വാഹനമായി പറയുക. വിഷ്ണുവിന് ഗരുഡന്‍, ശിവനു വൃഷഭം, ദുര്‍ഗയ്ക്ക് സിംഹം, സരസ്വതിക്ക് ഹംസം എന്നിങ്ങനെ. അയ്യപ്പനെ ഭക്തമനസ്സുകളില്‍ പ്രതിഷ്ഠിക്കപ്പെട്ടിരിക്കുന്നത് പുലിവാഹനനായിട്ടാണ്. എന്നാല്‍ തന്ത്രശാസ്ത്രങ്ങളില്‍ ശാസ്താവിന്റെ വാഹനമായി പറയുന്നത് കുതിരയെയാണ്. ഭഗവാന്റെ ധ്വജപ്രതിഷ്ഠകളില്‍ വാഹനമായി പ്രതിഷ്ഠിക്കപ്പെടുന്നത് അശ്വമാണ്. ശാസ്താവിന്റെ കൊടിയടയാളവും കുതിര തന്നെ. വാജിവാഹനന്‍, തുരഗവാഹനന്‍, തുരംഗവാഹനന്‍, ഹയാരൂഢന്‍, അശ്വാരൂഢന്‍ എന്നെല്ലാം ശാസ്താവ് വിളിക്കപ്പെടുന്നു. അതിവേഗം ഗമിക്കുന്നത്, ചിന്തിക്കുന്നത് എന്നെല്ലാമാണ് തുരഗം, അശം, വാജി, ഹയം എന്നീ പദങ്ങള്‍ക്കെല്ലാമുള്ള സാമാന്യാര്‍ഥം. മനുഷ്യന്റെ ചിന്തകളെയാണ് ധര്‍മമൂര്‍ത്തിയായ ശാസ്താവിന്റെ വാഹനമായി കല്‍പിച്ചിരിക്കുന്നത്.
2017 ഏപ്രിലിലാണ് പുതിയ സ്വര്‍ണ കൊടിമരം സ്ഥാപിക്കാന്‍ നടപടികള്‍ ആരംഭിച്ചത്. പത്തു കിലോയോളം തങ്കം ഉപയോഗിച്ച് മൂന്നരകോടി രൂപ ചെലവിട്ടാണ് സ്വര്‍ണ കൊടിമരം നിര്‍മ്മിച്ചത്. പുതിയത് സ്ഥാപിക്കുന്നതിന് മുന്‍പ് പഴയ കൊടിമരവും അതിനു മുകളില്‍ സ്ഥാപിച്ചിരുന്ന അയ്യപ്പ വാഹനരൂപവും അഴിച്ചുമാറ്റിയിരുന്നു. അത് എവിടേക്കു മാറ്റിയെന്നതു സംബന്ധിച്ച് യാതൊരു സ്ഥിരീകരണവും ദേവസ്വം ബോര്‍ഡ് ഇതുവരെ നല്‍കിയിട്ടില്ല. വര്‍ഷങ്ങളായി അയ്യപ്പ സന്നിധിയില്‍ ഉണ്ടായിരുന്ന കുതിര രൂപത്തിന് ഭക്തര്‍ സമാനതകളില്ലാത്ത വിലയാണു കല്‍പ്പിക്കുന്നത്. അതുകൊണ്ടാണ് സ്വര്‍ണ്ണപ്പാളികളുടെ വിഷയം വിവാദമായ സാഹചര്യത്തില്‍ പഴയ കൊടിമരവും കുതിര രൂപവും ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. പുതിയ കൊടിമരം സ്ഥാപിക്കാന്‍ ഹൈദരാബാദ് ആസ്ഥാനമായ കമ്പനിക്ക് സ്പോണ്‍സര്‍ഷിപ്പ് നല്‍കിയതു സംബന്ധിച്ചും ദുരൂഹതയുണ്ട്്. ഒരു പുതിയ കമ്പനിക്ക് ഫീനിക്സ് പക്ഷിയെ പോലെ പറന്ന് ഉയരാന്‍ സഹായം ചെയ്തുനല്‍കിയത് ആരാണെന്ന കാര്യത്തിലാണ് ദുരൂഹത. കൊടിമരം സ്ഥാപിക്കുന്നതിനായി ദേവസ്വം ബോര്‍ഡ് പ്രത്യേകമായി തുറന്ന അക്കൗണ്ടില്‍ മുഴുവന്‍ പണവും മുന്‍കൂറായി നിക്ഷേപിച്ചാണ് കമ്പനി നിര്‍മ്മാണ ജോലികള്‍ ആരംഭിച്ചിരുന്നത്.
പഴയ കൊടിമരത്തിന് മുകളില്‍ സ്ഥാപിച്ച 'വാചി' വെള്ളിയിലുള്ളതായിരുന്നു. പുതിയ കൊടിമരത്തില്‍ സ്വര്‍ണ്ണം പൂശിയ പുതിയ 'വാചിയാണുള്ളത്'. അപ്പോള്‍ ആ പഴയ വെള്ളയിലുള്ള കുതിര എവിടെ പോയി എന്നതാണ് ഉയരുന്ന ചോദ്യം. അതും ബംഗളൂരുവിലെ വ്യവസായിയുടെ വീട്ടിലുണ്ടെന്നാണ് വിലയിരുത്തല്‍, ആരുടെ നിര്‍ദ്ദേശ പ്രകാരമാണ് ഈ വാചി മുതലാളിയ്ക്ക് കൊടുത്തതെന്നതും ദുരൂഹമായി തുടരുന്നു. ഇങ്ങനെ കൈമാറാന്‍ ആര്‍ക്കും അധികാരമില്ലെന്നതാണ് വസ്തുത. അതിനിടെ, സ്വര്‍ണപ്പാളി വിവാദത്തില്‍ ദുരൂഹത വര്‍ധിക്കുകയാണ്. ശബരിമലയില്‍ നിന്ന് 2019ല്‍ അറ്റകുറ്റപ്പണിക്കായി സ്മാര്‍ട്ട് ക്രിയേഷന്‍സ് കമ്പനിയില്‍ എത്തിച്ചത് മുന്‍പൊരിക്കലും സ്വര്‍ണം പൂശിയിട്ടില്ലാത്ത ശുദ്ധമായ ചെമ്പ് പാളികളെന്ന് അറ്റകുറ്റപ്പണി നടത്തിയ സ്മാര്‍ട്ട് ക്രിയേഷന്‍സിന്റെ അഭിഭാഷകന്‍ കെ.ബി. പ്രദീപ് പറഞ്ഞിരുന്നു. ഒരിക്കല്‍ സ്വര്‍ണം പൂശിയ ലോഹങ്ങള്‍ തങ്ങള്‍ സ്വീകരിക്കാരില്ലെന്നും അഭിഭാഷകന്‍ പറഞ്ഞു.
അതിനിടെ കേരളത്തിന് പുറത്തുള്ള ധനികരായ അയ്യപ്പഭക്തരെ ഉണ്ണിക്യഷ്ണന്‍ പോറ്റി ചൂഷണം ചെയ്തതായും വിജിലന്‍സിന് വിവരം ലഭിച്ചിട്ടുണ്ട്. സന്നിധാനത്ത് വില കൂടിയ ഒരു സമര്‍പ്പണം നടത്താന്‍ അഞ്ചോളം പേരില്‍ നിന്ന് ഇയാള്‍ പണം വാങ്ങിയിരുന്നതായാണ് വിജിലന്‍സിന് ലഭിച്ചിരിക്കുന്ന സൂചന. പ്രദീപിന്റെ വെളിപ്പെടുത്തലിലൂടെ ശബരിമലയിലെ ദ്വാരപാലക ശില്‍പ്പങ്ങളുടെ പാളികള്‍ സംബന്ധിച്ച ദുരൂഹത ഏറുകയാണ്. 1998ല്‍ വിജയ് മല്യ ശില്‍പ്പങ്ങളില്‍ സ്വര്‍ണം പതിപ്പിച്ച രേഖകള്‍ എല്ലാം ദേവസ്വം വിജിലന്‍സ് കണ്ടെത്തി. ദേവസ്വം മരാമത്ത് ഓഫീസില്‍നിന്നാണ് രേഖകള്‍ കണ്ടെടുത്തത്. ഇതോടെ എത്ര സ്വര്‍ണം പൂശിയിട്ടുണ്ടെന്നും കണ്ടെത്താനാകും. കിളിമാനൂര്‍ കാരേറ്റ് സ്വദേശിയായ ഉണ്ണികൃഷ്ണന്റെ ഇടപാടുകളില്‍ അടിമുടി ദുരൂഹതയെന്നാണ് ദേവസ്വം വിജിലന്‍സ് കണ്ടെത്തല്‍.
ഉണ്ണിക്കൃഷ്ന്റെ ഭൂമിയിടപാടിലും പോലീസ് രഹസ്യാന്വേഷണ വിഭാഗം അന്വേഷണം തുടങ്ങി. നേരത്തേ ശബരിമലയില്‍ ദ്വാരപാലക ശില്‍പപീഠം കാണാതായെന്ന് ഉണ്ണികൃഷ്ണന്‍ പോറ്റി ആരോപണം ഉന്നയിച്ചിരുന്നു. ഇതിനു പിന്നാലെ ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ വെഞ്ഞാറമ്മൂട്ടിലെ സഹോദരിയുടെ വീട്ടില്‍നിന്നു തന്നെ ഇത് ദേവസ്വം വിജിലന്‍സ് കണ്ടെത്തുകയായിരുന്നു. 2019-ല്‍ ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ സ്പോണ്‍സര്‍ഷിപ്പില്‍ ചെന്നൈയിലാണ് ശബരിമലയിലെ ചെമ്പുപാളികള്‍ക്ക് സ്വര്‍ണം പൂശിയത്. ആ കാലത്തുതന്നെ ദ്വാരപാലക ശില്‍പങ്ങള്‍ക്ക് പീഠംകൂടി നിര്‍മിച്ചിരുന്നു. ഇവ ജീവനക്കാരനായ കോട്ടയം ആനിക്കാട് സ്വദേശി വാസുദേവന്‍ വഴി ശബരിമലയിലേക്ക് എത്തിച്ചുവെങ്കിലും അളവിലുള്ള വ്യത്യാസം കാരണം സ്ഥാപിക്കാനായില്ല. പിന്നീട് എവിടെയാണെന്നത് അറിയില്ലെന്നായിരുന്നു ഉണ്ണികൃഷ്ണന്‍ പോറ്റി പറഞ്ഞിരുന്നത്. എന്നാല്‍, വാസുദേവന്‍തന്നെ ഇത് സൂക്ഷിക്കുകയായിരുന്നു എന്നാണ് വിവരം.