- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ചെന്നൈ അമ്പത്തൂര്‍ ഇന്‍ഡസ്ട്രിയല്‍ എസ്റ്റേറ്റില്‍ പ്രവര്‍ത്തിക്കുന്ന കമ്പനിയുടെ വെബ്സൈറ്റ് 'അണ്ടര്‍ കണ്‍സ്ട്രക്ഷന്‍'! കമ്പനി സിഇഒ പങ്കജ് ഭണ്ഡാരിയുടെ മൊഴിയെടുത്തതിനു പിന്നാലെയാണ് കമ്പനി വെബ്സൈറ്റ് ഇന്റര്‍നെറ്റില്‍ നിന്നു മാഞ്ഞു; ഓരോ ദിവസവും സ്വര്‍ണ്ണ കള്ളക്കടത്തില്‍ ദുരൂഹത കൂടുന്നു; പങ്കജ് ഭണ്ഡാരിയുടെ പിന്നില്‍ ആര്?
തിരുവനന്തപുരം: ശബരിമലയിലെ സ്വര്‍ണ്ണപ്പാളി അറ്റകുറ്റപ്പണി നടത്തിയ ചെന്നെയിലെ സ്മാര്‍ട്ട് ക്രിയേഷന്‍സ് കമ്പനിയുടെ വെബ്സൈറ്റ് അപ്രത്യക്ഷമായി. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ വിജിലന്‍സ് എസ്് പി, സ്മാര്‍ട്ട് ക്രിയേഷന്‍സ് കമ്പനി സി.ഇ.ഒ പങ്കജ് ഭണ്ഡാരിയുടെ മൊഴിയെടുത്തതിനു പിന്നാലെയാണ് കമ്പനി വെബ്സൈറ്റ് ഇന്‍്റര്‍നെറ്റില്‍ നിന്നും അപ്രത്യക്ഷമായത്. സ്വര്‍ണം പൂശാനായി എത്തിച്ചതു പഴയ ചെമ്പു പാളികളാണെന്നു സ്മാര്‍ട്ട് ക്രിയേഷന്‍സ് ഉടമ പങ്കജ് ഭണ്ഡാരി വെളിപ്പെടുത്തിയിരുന്നു. ചെന്നൈ അമ്പത്തൂര്‍ ഇന്‍ഡസ്ട്രിയല്‍ എസ്റ്റേറ്റില്‍ പ്രവര്‍ത്തിക്കുന്ന കമ്പനിയുടെ വെബ്സൈറ്റ് 'അണ്ടര്‍ കണ്‍സ്ട്രക്ഷന്‍' എന്നാണ് രേഖപ്പെടുത്തിയിട്ടുള്ളത്. പാളികളില്‍നിന്ന് സ്വര്‍ണം മാറ്റിയെന്നാണ് ചെന്നൈ സ്മാര്‍ട്ട് ക്രിയേഷന്‍സ് സിഇഒ പങ്കജ് ഭണ്ഡാരിയുടെ മൊഴി. എന്നാല്‍, ഇത് പൂര്‍ണമായി വിജിലന്‍സ് വിശ്വാസത്തിലെടുത്തിട്ടില്ല. ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് സ്വര്‍ണക്കട്ടയായി ഇവര്‍ കൈമാറിയെന്ന് പറയുന്ന, തൊണ്ടിമുതലായ സ്വര്‍ണം കണ്ടെത്തുകയാണ് പ്രധാനം. പാളികള്‍ മുറിച്ച് സമ്പന്നരായ ഭക്തര്‍ക്ക് വിറ്റതാണെന്നും ആരോപണമുണ്ട്. അങ്ങനെയെങ്കില്‍ അത് ആര്‍ക്കൊക്കെയാണ് ലഭിച്ചതെന്നും കണ്ടെത്തണം. പാളി വാങ്ങിയ പ്രമുഖരെ സംരക്ഷിക്കാന്‍ ഉണ്ടാക്കിയതാണ് സ്വര്‍ണം ഉരുക്കിയ കഥയെന്നും ആരോപണമുണ്ടെന്ന് മാതൃഭൂമി അടക്കം റിപ്പോര്‍ട്ട് ചെയ്യുന്നത്. അതായത് പങ്കജ് ഭണ്ഡാരിയ്ക്ക് പിന്നില്‍ ആരോ ഉണ്ടെന്ന സംശയം ശക്തമാണ്. ഇതിനിടെയാണ് പങ്കജ് ഭണ്ഡാരിയുടെ വെബ് സൈറ്റ് അപ്രത്യക്ഷമാകല്‍.
മെഴുകും അഴുക്കും പിടിച്ച പാളികളാണു സ്വര്‍ണം പൂശുന്നതിനായി എത്തിച്ചതെന്നും ഇതുസംബന്ധിച്ച നിര്‍ണായക രേഖകള്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ചെന്നും സ്ഥാപന ഉടമ വ്യക്തമാക്കിയിരുന്നു. പഴയ ചെമ്പ് പാളികളാണ് എത്തിച്ചിരുന്നത്. ധാരാളം മെഴുകും അഴുക്കമുള്ളവ പലതവണ വൃത്തിയാക്കിയതിനു ശേഷമാണു ഇലക്ട്രോപ്ലേറ്റിങിലൂടെ സ്വര്‍ണം പൂശിയത്. കോടതിയുടെ കൂടെ അനുമതിയോടെയാണു സ്വര്‍ണം പൂശുന്നതിനായി പാളികള്‍ സ്വീകരിച്ചതെന്നും, സ്വര്‍ണപ്പാളികള്‍ ചെന്നൈയിലെത്താന്‍ വൈകിയതിനെക്കുറിച്ചുള്ള നിര്‍ണായക വിവരങ്ങള്‍ കൂടി കോടതിയെ അറിയിച്ചിട്ടുണ്ടെന്നും പങ്കജ് ഭണ്ഡാരി വ്യക്തമാക്കിയിരുന്നു. ഉണ്ണികൃഷ്ണന്‍ പോറ്റി സ്വര്‍ണ്ണപ്പാളി മാറ്റിയെന്ന് സ്ഥിരീകരിക്കാന്‍ പങ്കജിന്‍െ്റ മൊഴി നിര്‍ണായകമാകും. സ്വര്‍ണപ്പാളി വിഷയത്തില്‍ അടിമുടി ദുരൂഹതയുണ്ടെന്ന് നിരീക്ഷിച്ച് ഹൈക്കോടതി ഇടക്കാല ഉത്തരവ് പുറത്തിറക്കിയിരുന്നു. സ്വര്‍ണപ്പാളിയെ ചെമ്പ് പാളിയെന്ന് ദേവസ്വം എക്സിക്യൂട്ടീവ് ഓഫിസര്‍ രേഖപ്പെടുത്തിയതില്‍ ദുരൂഹതയുണ്ടെന്നാണ് കോടതി നിരീക്ഷണം. 2019-ല്‍ ഉണ്ണിക്കൃഷ്ണന്‍ പോറ്റിക്ക് പാളികള്‍ കൈമാറാനുള്ള ദേവസ്വം ബോര്‍ഡിന്റെ തീരുമാനത്തിലും, വാതില്‍പ്പാളിയിലെ സ്വര്‍ണം മങ്ങിയതിലും ഗൗരവമായ സംശയങ്ങളുണ്ടെന്നും കോടതി വ്യക്തമാക്കി. ശബരിമല ശ്രീകോവിലിന്റെ കട്ടിളപ്പാളി 2019 മാര്‍ച്ച് 20ന് ഉണ്ണിക്കൃഷ്ണന്‍ പോറ്റിക്ക് കൈമാറാന്‍ ഇടപെടല്‍ നടത്തിയത് എക്സിക്യൂട്ടീവ് ഓഫിസറെന്നാണ് ദേവസ്വം വിജിലന്‍സ് റിപ്പോര്‍ട്ട്. എക്സിക്യൂട്ടീവ് ഓഫിസറുടെ ഇടപെടലോടെ ദേവസ്വം കമ്മീഷണര്‍ ബോര്‍ഡിന് ശിപാര്‍ശ നല്‍കിയെങ്കിലും സ്വര്‍ണം പൊതിഞ്ഞ കട്ടിളപ്പാളി ചെമ്പുപാളിയെന്നാണ് അദ്ദേഹം രേഖപ്പെടുത്തിയത്. സ്വര്‍ണത്തിന് പകരം ചെമ്പെന്ന് രേഖപ്പെടുത്തിയതും, അനധികൃതമായി സ്വര്‍ണപ്പാളിയില്‍ നിന്ന് സ്വര്‍ണം വേര്‍തിരിച്ചെടുത്തതും ഗുരുതര കുറ്റമെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി.
ശിവന്റെ ചിത്രമടങ്ങിയ സ്വര്‍ണപ്പാളികളാണ് 2019 ജൂണ്‍ മാസം ഉണ്ണിക്കൃഷ്ണന്‍ പോറ്റി സ്മാര്‍ട്ട് ക്രിയേഷന്‍സിലെത്തിച്ചത്. സ്വര്‍ണം പൊതിഞ്ഞവ വീണ്ടും സ്വര്‍ണം പൂശാന്‍ സാങ്കേതിക വിദ്യയില്ലെന്ന് കമ്പനി പറഞ്ഞെങ്കിലും ഉണ്ണിക്കൃഷ്ണന്‍ പോറ്റിയുടെ നിര്‍ബന്ധത്താല്‍ സ്വര്‍ണം വേര്‍തിരിച്ചെടുത്ത ശേഷം വീണ്ടും പൂശി നല്‍കുകയായിരുന്നു. ഓഗസ്റ്റില്‍ ദ്വാരപാലക സ്വര്‍ണപ്പാളികളുടെ 14 എണ്ണം സ്മാര്‍ട്ട് ക്രിയേഷന്‍സില്‍ എത്തിച്ചു. ദ്വാരപാലക പാളികളില്‍ നിന്ന് 989 ഗ്രാം സ്വര്‍ണം വേര്‍തിരിച്ചെടുക്കുകയും, 394.9 ഗ്രാം ഉപയോഗിച്ച് സ്വര്‍ണം പൂശുകയും ചെയ്തു. 109 ഗ്രാം പണിക്കൂലിയായി സ്മാര്‍ട്ട് ക്രിയേഷന്‍സിന് നല്‍കി. മിച്ചം വന്ന 474.9 ഗ്രാം സ്വര്‍ണം ഉണ്ണിക്കൃഷ്ണന്‍ പോറ്റിയുടെ നിര്‍ദേശാനുസരണം മറ്റൊരാള്‍ക്ക് നല്‍കി. ഇത് പിന്നീട് ഉണ്ണിക്കൃഷ്ണന്‍ പോറ്റി കൈവശം വച്ചതല്ലാതെ ദേവസ്വം ബോര്‍ഡിന് തിരികെ നല്‍കിയില്ല. ശബരിമല ശ്രീകോവിലിന്റെ കട്ടിള സ്വര്‍ണം പൊതിഞ്ഞതിലും ക്രമക്കേടുകളുണ്ടെന്ന് കോടതി കണ്ടെത്തി. ശബരിമലയിലെ സ്വര്‍ണ മോഷണ വിവാദത്തില്‍ ഹൈക്കോടതിയുടെ നിര്‍ദേശപ്രകാരം ജസ്റ്റിസ് കെ ടി ശങ്കരന്‍ സന്നിധാനത്ത് നിര്‍ണായക പരിശോധനകള്‍ക്കായി എത്തി. ദ്വാരപാലക സ്വര്‍ണപാളി വിഷയത്തില്‍ രജിസ്ട്രിയില്‍ ഗുരുതര വീഴ്ച സംഭവിച്ചതായി ദേവസ്വം വിജിലന്‍സ് കണ്ടെത്തിയതിനെ തുടര്‍ന്നാണ് ഹൈക്കോടതി ഈ ഉത്തരവിട്ടത്. സ്‌ട്രോങ് റൂമുകള്‍ തുറന്ന് ദേവസ്വം രജിസ്റ്ററിലെ കണക്കുകളും അവിടെയുള്ള വസ്തുക്കളും തമ്മില്‍ ഒത്തുനോക്കി വിശദമായ പരിശോധന നടത്താനാണ് കോടതി നിര്‍ദേശം. പരിശോധനയുടെ സുതാര്യത ഉറപ്പാക്കാന്‍, ജസ്റ്റിസ് കെ ടി ശങ്കരന് വിശ്വാസമുള്ളതും സ്വര്‍ണപ്പണിയില്‍ വൈദഗ്ധ്യമുള്ളതുമായ ഒരാളെ കൂടെ കൂട്ടാന്‍ ഹൈക്കോടതി അനുമതി നല്‍കിയിട്ടുണ്ട്.
ഇതിന്റെ അടിസ്ഥാനത്തില്‍, ഒരു സ്വര്‍ണപ്പണിക്കാരനും ജസ്റ്റിസിനൊപ്പം പരിശോധനയില്‍ പങ്കുചേരും. ശബരിമലയിലെ 18 സ്‌ട്രോങ് റൂമുകളും പൂര്‍ണമായും തുറന്ന് പരിശോധിക്കാനാണ് നിര്‍ദേശം. പരിശോധനകള്‍ക്ക് ശേഷം, സ്വര്‍ണമുള്‍പ്പെടെയുള്ള വിലയേറിയ എല്ലാ വസ്തുക്കളുടെയും വിശദമായ റിപ്പോര്‍ട്ട് ഹൈക്കോടതി ദേവസ്വം ഡിവിഷന്‍ ബെഞ്ചിന് സമര്‍പ്പിക്കും. സ്‌ട്രോങ് റൂമുകളിലെ വസ്തുക്കള്‍ കൃത്യമായി കണക്ക് തിട്ടപ്പെടുത്തി രജിസ്ട്രി ആയി ഹൈക്കോടതിക്ക് മുന്‍പാകെ സമര്‍പ്പിക്കണമെന്നും നിര്‍ദേശമുണ്ട്. ശബരിമലയിലെ സ്വര്‍ണപ്പാളി മോഷണം സ്ഥിരീകരിച്ചതോടെ പിന്നില്‍ പ്രവര്‍ത്തിച്ചവരെ കണ്ടെത്തുകയാണ് പ്രത്യേക അന്വേഷണസംഘത്തിന്റെ ദൗത്യം. ദേവസ്വം ബോര്‍ഡ് അധികൃതരില്‍ ആര്‍ക്കൊക്കെ മോഷണത്തില്‍ പങ്കുണ്ടെന്നതാണ് കണ്ടെത്തേണ്ടത്. ആറാഴ്ച മാത്രമാണ് സംഘത്തിന്റെ മുന്നിലുള്ളത്. ദേവസ്വം വിജിലന്‍സിന്റെ കണ്ടെത്തലുകള്‍ പലയിടത്തും അപൂര്‍ണമാണ്. ഉദ്യോഗസ്ഥതലത്തിലെ ചിലരുടെ പങ്കുമാത്രമാണ് ചൂണ്ടിക്കാട്ടിയിട്ടുള്ളത്. വിജിലന്‍സ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് കമ്മിഷണര്‍ ബി. സുനില്‍കുമാര്‍ സംസ്ഥാന പോലീസ് മേധാവിക്ക് പരാതി നല്‍കി. ഇത് പ്രത്യേക അന്വേഷണ സംഘത്തലവന്‍ ക്രൈംബ്രാഞ്ച് എഡിജിപി എച്ച്. വെങ്കിടേഷിന് കൈമാറിയിട്ടുണ്ട്.
ഉണ്ണികൃഷ്ണന്‍ തലസ്ഥാനത്തെ വീട്ടിലില്ലെന്നാണ് രഹസ്യാന്വേഷണ സംഘത്തിന്റെ റിപ്പോര്‍ട്ട്. പ്രത്യേക അന്വേഷണസംഘത്തെ നിയോഗിക്കാനുള്ള തീരുമാനം വന്നപ്പോള്‍തന്നെ ഉണ്ണികൃഷ്ണന്‍ തലസ്ഥാനം വിട്ടിരുന്നു. പാലക്കാട്ടെ ബന്ധുവീട്ടിലേക്കോ, ബെംഗളൂരുവിലെ വീട്ടിലേക്കോ പോയിരിക്കാമെന്നാണ് പോലീസ് പറയുന്നത്.