തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ളക്കേസില്‍ കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല വെളിപ്പെടുത്തിയ വ്യവസായിയുടെ മൊഴി രേഖപ്പെടുത്തി എസ്ഐടി. രമേശ് ചെന്നിത്തലയുടെ മൊഴിയെടുത്തതിന് പിന്നാലെയാണ് എസ്ഐടിയുടെ വ്യവയാസിയെ വിളിച്ചു വരുത്തി മൊഴി എടുത്തത്. ഇന്നലെയാണ് അതീവ രഹസ്യമായി മൊഴി രേഖപ്പെടുത്തിയത്. കേസില്‍ അറസ്റ്റിലായ എ പത്മകുമാറിനെതിരെയാണ് ഈ വ്യവസായി മൊഴി നല്‍കിയതെന്നാണ് സൂചന. ഇതിലേക്കും അന്വേഷണം നീളും. അതിനിടെ ചില നിര്‍ണ്ണായക രേഖകള്‍ കൂടി എസ് ഐ ടിയ്ക്ക് കിട്ടിയെന്നാണ് സൂചന. ബാക്കി വന്ന സ്വര്‍ണ്ണം യുവതിയുടെ വിവാഹത്തിന് ഉപയോഗിക്കാന്‍ അനുമതി തേടി അന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റിന് അയച്ച കത്തില്‍ തുടര്‍ നടപടികള്‍ ഉണ്ടായിരുന്നു. ഈ ഫയല്‍ എസ് ഐ ടിയ്ക്ക് കിട്ടിയെന്നാണ് വിവരം.

ദ്വാരപാലക ശില്‍പ്പം 2018ല്‍ സ്വര്‍ണ്ണം പൂശാനായി ഉണ്ണികൃഷ്ണന്‍ പോറ്റിയ്ക്ക് കൊടുത്തിരുന്നു. ഇതിന് ശേഷം അധിക സ്വര്‍ണ്ണം ഉണ്ടെന്ന് അറിയിച്ചാണ് ഇമെയില്‍ അയച്ചത്. അന്ന് വാസുവായിരുന്നു പ്രസിഡന്റ്. വാസുവാകട്ടെ ഇത് തിരുവാഭരണം കമ്മീഷണര്‍ക്ക് കൈമാറി. അതിന് അപ്പുറം ഒന്നും അറിയില്ലെന്നായിരുന്നു വാസു പറഞ്ഞിരുന്നത്. എന്നാല്‍ ആ ഇമെയിലില്‍ തിരുവാഭരണം കമ്മീഷണര്‍ തീരുമാനം എടുക്കുകയും ശുപാര്‍ശ നല്‍കുകയും ചെയ്തു. ഇത് പോറ്റിയ്ക്ക് അനുകൂലമായിരുന്നു. ഈ ഫയലുകളാണ് എസ് ഐ ടിയ്ക്ക് കിട്ടിയത്. എന്നാല്‍ ഇതു സംബന്ധിച്ച് ഉണ്ണികൃഷ്ണന്‍ പോറ്റിയ്ക്ക് അറിയിപ്പ് നല്‍കിയതിന് തെളിവുമില്ല. ഈ അസ്വാഭാവികതയും എസ് ഐ ടി അന്വേഷിക്കുന്നുണ്ട്. അതിനിടെയാണ് ചെന്നിത്തലയുടെ വെളിപ്പെടുത്തലില്‍ വ്യവസായിയുടെ മൊഴി എടുത്തത്. നിര്‍ണ്ണായക അറസ്റ്റുകള്‍ ഇനിയും ഉണ്ടാകുമെന്നാണ് സൂചന.

പുരാവസ്തു കള്ളക്കടത്ത് സംഘങ്ങള്‍ക്ക് ശബരിമല മോഷണവുമായുള്ള ബന്ധം അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞയാഴ്ചയാണ് രമേശ് ചെന്നിത്തല കത്ത് നല്‍കിയത്. ഒരു വ്യവസായി തന്നോട് അത് സംബന്ധിച്ച് ഇടപാടുകളെ കുറിച്ച് വ്യക്തമാക്കി എന്നായിരുന്നു രമേശ് ചെന്നിത്തല അറിയിച്ചിരുന്നത്. ഇതിന് പിന്നാലെ രമേശ് ചെന്നിത്തലയുടെ മൊഴി രേഖപ്പെടുത്താന്‍ അന്വേഷണസംഘം തീരുമാനിച്ചു. ഈഞ്ചക്കലിലുള്ള ക്രൈംബ്രാഞ്ച് ഓഫീസിലെത്തി മൊഴി നല്‍കി. തന്റെ കയ്യില്‍ തെളിവില്ലെന്നും വ്യവസായി തന്നോട് പങ്കുവെച്ച് വിവരം അന്വേഷണ സംഘത്തെ അറിയിച്ചെന്നും രമേശ് ചെന്നിത്തല പറഞ്ഞു. ചെന്നിത്തലയുടെ മൊഴി എടുത്തതിന് പിന്നാലെ വ്യവസായിയുമായി സംഘം ബന്ധപ്പെട്ടു. കഴിഞ്ഞ ദിവസം തന്നെ മൊഴി നല്‍കുകയും ചെയ്തു. ഇതോടെ അന്വേഷണം ആ വഴിക്കും നീങ്ങേണ്ടി വരും. ഞെട്ടിക്കുന്ന പലതും ഈ വ്യവസായി വെളിപ്പെടുത്തിയെന്നാണ് സൂചന.

ഒരു പൊതുപ്രവര്‍ത്തകന്‍ എന്ന നിലയിലും പൗരന്‍ എന്ന നിലയിലും കിട്ടിയ വിവരങ്ങള്‍ അടിച്ചമര്‍ത്തി വയ്ക്കുന്നത് ശരിയല്ല എന്നതുകൊണ്ടാണ് കാര്യം തുറന്നു പറഞ്ഞതെന്നും രമേശ് ചെന്നിത്തല പറഞ്ഞു. വ്യവസായിയെ കുറിച്ചുള്ള വിവരങ്ങളും രമേശ് ചെന്നിത്തല പ്രത്യേക അന്വേഷണ സംഘത്തിന് കൈമാറിയിരുന്നു. സ്വര്‍ണക്കവര്‍ച്ചയില്‍ രാജ്യാന്തര വിഗ്രഹക്കടത്ത് സംഘത്തിന് ബന്ധമുണ്ടെന്ന് രമേശ് ചെന്നിത്തലയ്ക്ക് വിവരം നല്‍കിയത് ഈ വ്യവസായി ആയിരുന്നു. ഇദ്ദേഹത്തിന്റെ മൊഴി അതീവ രഹസ്യമായാണ് അന്വേഷണസംഘം രേഖപ്പെടുത്തിയത്.

ശബരിമല സ്വര്‍ണ കവര്‍ച്ചയുമായി ബന്ധപ്പെട്ട് അന്താരാഷ്ട്ര വിപണിയില്‍ ചില ഇടപാടുകള്‍ നടന്നു എന്ന് തനിക്ക് വിവരം ലഭിച്ചത് ഈ വ്യവസായിയില്‍ നിന്നാണെന്ന് ചെന്നിത്തല നേരത്തെ പറഞ്ഞിരുന്നു. എങ്കിലും, വ്യവസായിയുടെ മൊഴിയെടുത്തതുമായി ബന്ധപ്പെട്ട് ഔദ്യോഗിക സ്ഥിരീകരണങ്ങള്‍ ഇതുവരെ അന്വേഷണസംഘത്തിന്റെ ഭാഗത്തുനിന്നോ ഉദ്യോഗസ്ഥരില്‍ നിന്നോ ഉണ്ടായിട്ടില്ല.