- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ഫോട്ടോഗ്രാഫറിന് സോപാനത്തും തിരുമുറ്റത്തും ചിത്രീകരണ വിലക്ക്; വിശിഷ്ട ദിനങ്ങളില്‍ മാത്രമേ ദേവസ്വം ഫോട്ടോഗ്രാഫറിനും ഇനി സന്നിധാനത്ത് ചിത്രമെടുക്കാന്‍ കഴിയൂ; ഫോട്ടോഗ്രാഫറെ അടുത്ത ഘട്ടത്തില്‍ എസ് ഐ ടി ചോദ്യം ചെയ്യും; ശബരിമല കൊള്ളയില്‍ ഇനിയുള്ള അന്വേഷണം 'സുഭാഷ് കപൂര്‍ ഇഫക്ടില്‍'
ശബരിമല കൊള്ളയില്‍ ഇനിയുള്ള അന്വേഷണം 'സുഭാഷ് കപൂര്‍ ഇഫക്ടില്‍'
തിരുവനന്തപുരം: ശബരിമലയിലെ ദ്വാരപാലക ശില്‍പ്പത്തിന്റെയും വാതിലിന്റെയും കട്ടളപടിയുടേയും വീഡിയോ അന്താരാഷ്ട്ര മാഫിയാ സംഘത്തിന് കിട്ടിയെന്ന സംശയത്തില്‍ മുന്‍കരുതലുമായി ശബരിമല സ്പെഷ്യല്‍ കമ്മീഷണര്‍. ദേവസ്വം ഫോട്ടോഗ്രാഫര്‍ക്കും ഇനി സോപാനത്ത് എന്നും ചിത്രമെടുക്കാന്‍ കഴിയില്ല. സോപാനത്തും തിരുമുറ്റത്തും വീഡിയോയും ഫോട്ടോയും എടുക്കുന്നതില്‍ നിന്നും ദേവസ്വം ബോര്‍ഡിന്റെ ഫോട്ടോഗ്രാഫര്‍ക്കും വിലക്കേര്‍പ്പെടുത്തുകയാണ് സ്പെഷ്യല്‍ കമ്മീഷണര്‍. ഈ ഫോട്ടോഗ്രാഫറെ പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്യും. ഇതു സംബന്ധിച്ച റിപ്പോര്‍ട്ട് ഹൈക്കോടതിയ്ക്കും പ്രത്യേക അന്വേഷണ സംഘം നല്‍കും.
ഉണ്ണികൃഷ്ണന്‍ പോറ്റി ലക്ഷ്യവെച്ചത് രാജ്യാന്തര വിഗ്രഹക്കടത്ത് എന്ന സംശയം പ്രകടിപ്പിച്ച് കേരള ഹൈക്കോടതി നേരത്തെ ചില പരാമര്‍ശം നടത്തിയിരുന്നു. രാജ്യാന്തര വിഗ്രഹം വിഗ്രഹക്കടത്തുകാരനായ സുഭാഷ് കപൂറിന്റെ ഓപ്പറേഷനുകള്‍ക്ക് സമാനമായ നീക്കം. ശബരിമലയിലെ വിശുദ്ധ വസ്തുക്കളുടെ പകര്‍പ്പ് ഉണ്ടാക്കി അന്തരാഷ്ട്ര മാര്‍ക്കറ്റില്‍ വിറ്റ് പണം തട്ടിപ്പ് ശ്രമിച്ചതായി സംശയമെന്നും കോടതി വ്യക്തമാക്കി. ഇതില്‍ വിശദമായ അന്വേഷണം വേണമെന്ന് ഹൈക്കോടതി ആവശ്യപ്പെട്ടിരുന്നു.
വാതിലിന്റെയും, കട്ടിളപ്പടിയുടെയും, ദ്വാരപാലക ശില്‍പത്തിന്റെയും പകര്‍പ്പ് എടുത്ത് നിയമ വിരുദ്ധമെന്നും ഉദ്യോഗസ്ഥര്‍ ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് സന്നിധാനത്ത് നല്‍കിയത് അനിയന്ത്രിതമായ സ്വാതന്ത്ര്യം എന്നും ഹൈക്കോടതി വ്യക്തമാക്കിയിരുന്നു. ഈ സാഹചര്യത്തിലാണ് ഫോട്ടോഗ്രാഫര്‍ക്ക് വിലക്ക് വരുന്നതെന്നതാണ് ശ്രദ്ധേയം.
ശബരിമലയില്‍ ക്ഷേത്ര നട അടച്ചിരുന്നപ്പോള്‍ വ്യക്തതയുള്ള ചിത്രങ്ങള്‍ ആരോ വീഡിയോയിലും ക്യാമറയിലും പകര്‍ത്തിയിരുന്നു. ഈ വീഡിയോയും ഫോട്ടോയും കാണിച്ചാണ് കട്ടളപടിയിലേയും ദ്വാരപാലക ശില്‍പ്പത്തിന്റേയും സ്വര്‍ണ്ണം പൂശാന്‍ സ്‌പോണ്‍സര്‍മാരെ അടക്കം ഉണ്ണികൃഷ്ണന്‍പോറ്റി കണ്ടെത്തിയത്.
ഈ സാഹചര്യത്തില്‍ അന്വേഷണം ദേവസ്വം ബോര്‍ഡിലെ ഫോട്ടോ ഗ്രാഫറിലേക്കും പോകുമെന്ന് മറുനാടന്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ഫോട്ടോഗ്രാഫറെ എല്ലാ ദിവസവും സോപാനത്ത് ഫോട്ടോ എടുക്കുന്നതില്‍ നിന്നും വിലക്കുന്നത്. ഇതോടെ എല്ലാ ദിവസവും ശബരിമലയില്‍ ദേവസ്വം ഫോട്ടോഗ്രാഫറുടെ ആവശ്യവും ഇല്ലാതെയാകും. പ്രത്യേക ദിനങ്ങളില്‍ മാത്രമാകും ഇനി ദേവസ്വം ഫോട്ടോഗ്രാഫര്‍ക്കും ഫോട്ടോ എടുക്കാന്‍ കഴിയുക.
ക്ഷേത്ര നട അടച്ചിരിക്കുമ്പോള്‍ ചിത്രമെടുക്കാന്‍ കഴിയുക ദേവസ്വം ഫോട്ടോഗ്രാഫര്‍ക്ക് മാത്രമാണ്. ദേവസ്വം പ്രസിഡന്റായിരിക്കെ പി എസ് പ്രശാന്ത് ഇതേ വ്യക്തിയെ സ്‌പോണ്‍സര്‍മാരുടെ കോ ഓര്‍ഡിനേഷനും ഏല്‍പ്പിച്ചു. ഇപ്പോഴത്തെ പി ആര്‍ ഒയ്ക്കും കോ ഓര്‍ഡിനേഷനില്‍ ചുമതല നല്‍കി. ഈ ഉത്തരവ് അതീവ രഹസ്യമായിരുന്നു. ഈ ഉത്തരവും ദേവസ്വം ബോര്‍ഡ് റദ്ദാക്കിയിട്ടുണ്ട്. ഫോട്ടോഗ്രാഫറെ പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്താല്‍ പി എസ് പ്രശാന്തിന്റെ ഭരണകാലത്തെ മുഴുവന്‍ വിവാദങ്ങളിലേയും ചിത്രം തെളിയും.
2018ല്‍ ശബരിമലയില്‍ ദ്വാരപാലക ശില്‍പ്പം സ്വര്‍ണ്ണം പൂശുമ്പോഴും ഈ വിവാദ ഫോട്ടോഗ്രാഫര്‍ ദേവസ്വം ബോര്‍ഡിന്റെ ഭാഗമാണ്.
ശബരിമലയില്‍ ഡ്യൂട്ടി നോക്കുന്ന ഉദ്യോഗസ്ഥര്‍ക്കെല്ലാം ഒരു വര്‍ഷമാണ് പ്രവര്‍ത്തന കാലം. അതുകഴിഞ്ഞാല്‍ മാറ്റമുണ്ട്. എന്നാല്‍ പി ആര്‍ ഒയ്ക്കും ഫോട്ടോഗ്രാഫര്‍ക്കും അങ്ങനെ അല്ല. നടതുറന്നിരിക്കുന്ന സമയത്തെല്ലാം അവര്‍ക്ക് ശബരിമലയിലാണ് ഡ്യൂട്ടി. ഇതെല്ലാം പലവിധ തട്ടിപ്പുകള്‍ക്കും ഇടനല്‍കുന്നുണ്ട്.
ഈ സാഹചര്യത്തില്‍ ഫോട്ടോഗ്രാഫറെ വിശദമായി തന്നെ പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്യും.
ക്ഷേത്രത്തിലെ കലാസൃഷ്ടികള്‍ അന്താരാഷ്ട്ര വിപണിയില്‍ ഉയര്‍ന്ന വിലയ്ക്ക് വില്‍ക്കാന്‍ കഴിയും. ശബരിമലയിലെ സ്വര്‍ണ്ണം പൂശിയ വിലപിടിപ്പുള്ള വസ്തുക്കളുടെ ഒറിജിനല്‍ മോഷ്ടിക്കപ്പെട്ടതാണെന്നും പകര്‍പ്പുകള്‍ ഹാജരാക്കിയതാണെന്നും സംശയം ബലപ്പെട്ടിട്ടുണ്ടെന്നും ഹൈകോടതി പറഞ്ഞിരുന്നു.
ശ്രീകോവിലിന്റെ സ്വര്‍ണ്ണം പൂശിയ പ്രധാന വാതില്‍ നന്നാക്കാന്‍ ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് കൈമാറി. ഇത് അന്വേഷിക്കേണ്ടതുണ്ട്. ദുരൂഹമായ എല്ലാ ഇടപാടുകളും ദേവസ്വം ബോര്‍ഡ് അധികൃതരുടെ അറിവോടെയാണ് നടന്നതെന്ന് രേഖകളില്‍ നിന്ന് വ്യക്തമാണ്. കത്തിടപാടുകള്‍ നടന്നിട്ടുണ്ട്.
2025 ജൂലൈ 28 ന് ശേഷം പിടിച്ചെടുത്ത ദേവസ്വം മിനിറ്റുകളില്‍ ഒന്നും രേഖപ്പെടുത്തിയിട്ടില്ലെന്ന് കാണാന്‍ കഴിയും. ഇതിനുശേഷം ഇത്തവണ ദ്വാരപാലക ശില്‍പങ്ങള്‍ അറ്റകുറ്റപ്പണികള്‍ക്കായി നല്‍കിയിരുന്നുവെന്ന് ഓര്‍മ്മിക്കേണ്ടതാണ്. ഇതും ഗുരുതരമായ ക്രമക്കേടാണ്.
ചെമ്പ് പാളികള്‍ അയയ്ക്കുന്നുണ്ടെന്ന് പറഞ്ഞുകൊണ്ട് തെറ്റിദ്ധരിപ്പിക്കാനുള്ള മനഃപൂര്‍വമായ ശ്രമമായിരുന്നു അതെന്നും കോടതി നിരീക്ഷിച്ചിരുന്നു. വാജി വാഹനം ഹൈദ്രബാദിലെ ഒരു ഗ്രൂപ്പാണ് കൊണ്ടു പോയതെന്നാണ് സൂചന. ഇതിന് ചുക്കാന്‍ പിടിച്ച സ്‌പോണ്‍സറുണ്ട്. ഇവരോടെല്ലാം പടവെട്ടിയാണ് ഉണ്ണികൃഷ്ണന്‍ പോറ്റി ആധിപത്യം ഉറപ്പിച്ചത്.
ശബരിമലയിലെ ചിത്രങ്ങള്‍ കാട്ടിയാണ് സ്‌പോണ്‍സര്‍മാരെ കണ്ടെത്തിയതെന്ന് പോറ്റിയും മൊഴി നല്‍കിയിട്ടുണ്ട്. ഈ ഫോട്ടോ എങ്ങനെ കിട്ടിയെന്നതാണ് ഉയരുന്ന ചോദ്യം. മുഖ്യവാതിലുകള്‍, ദ്വാരപാലക ശില്‍പങ്ങള്‍, പീഠങ്ങള്‍, മറ്റു പുരാവസ്തുക്കള്‍ എന്നിവയുടെ അളവെടുക്കാനും പകര്‍പ്പു നിര്‍മിക്കാനും ബോര്‍ഡ് അനുവദിച്ചത് ഞെട്ടിക്കുന്ന അനാസ്ഥയാണെന്നാണ് കോടതിയുടെ നിരീക്ഷണം. ക്ഷേത്ര കലാവസ്തുക്കള്‍ മോഷ്ടിക്കുന്ന സുഭാഷ് കപൂറിനെപ്പോലെയുള്ള കുപ്രസിദ്ധരുടെ രീതിയോട് ഇതിനു സാദൃശ്യമുണ്ട്. രാജ്യാന്തര വിപണികളില്‍ വന്‍ വിലയ്ക്കു വില്‍ക്കാവുന്നതാണ് ഇത്തരം പകര്‍പ്പുകള്‍.




