പത്തനംതിട്ട: ശബരിമലയില്‍ നടന്‍ മമ്മൂട്ടിയുടെ പേരില്‍ വഴിപാട് നടത്തിയ വിവരവും രസീതും അടക്കം പുറത്തു വന്നതില്‍ മോഹന്‍ലാലിന് അതൃപ്തി. തീര്‍ത്തും വ്യക്തിപരമായി ചെയ്ത കാര്യം പൊതുസമൂഹത്തില്‍ ചര്‍ച്ചയായതാണ് ഇതിന് കാരണം. മമ്മൂട്ടിയുടെ അസുഖം സ്ഥിരീകരിക്കാന്‍ വേണ്ടിയാണ് മോഹന്‍ലാല്‍ പൂജ നടത്തിയതെന്ന വാദം പോലും സോഷ്യല്‍ മീഡിയയില്‍ ഉയര്‍ന്നു. എന്നാല്‍ ആരും അറിയാതെ തന്റെ ജേഷ്ഠ സഹോദരന് വേണ്ടിയുള്ള പ്രാര്‍ത്ഥനയായിരുന്നു ലാല്‍ ആ വഴിപാടില്‍ ഉദ്ദേശിച്ചത്. എന്നാല്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡില്‍ നിന്നും രസീത് അടക്കം പുറത്തേക്ക് പോയി. അതില്‍ അതൃപ്തനാണ് മോഹന്‍ലാല്‍. മുന്‍കൂട്ടി ദേവസ്വം ബോര്‍ഡിന് സൂചനകള്‍ നല്‍കിയാണ് മോഹന്‍ലാല്‍ ശബരിമലയിലേക്ക് വന്നത്. രാത്രിയില്‍ പുഷ്പാഭിഷേകം നടത്താനും ആലോചനയുണ്ടായിരുന്നു. ഇതെല്ലാം ദേവസ്വത്തേയും ബന്ധപ്പെട്ടവര്‍ അറിയിച്ചു. എന്നാല്‍ മോഹന്‍ലാല്‍ ദര്‍ശനം കഴിഞ്ഞ് രാത്രി തന്നെ മലയിറങ്ങി. അടുത്ത ദിവസം പുലര്‍ച്ചെ ദര്‍ശനവും നടത്തി മലയിറങ്ങാനുള്ള ആഗ്രഹത്തില്‍ നിന്നും മോഹന്‍ലാലിനെ പിന്നോട്ട് വലിച്ചത് വഴിപാട് രസീത് പുറത്തുവന്നത് കൊണ്ടാണെന്നാണ് സൂചന. രസീത് പുറത്തു വന്നതില്‍ ദേവസ്വം ബോര്‍ഡിന് ജാഗ്രത കുറവുണ്ടായി എന്നാണ് വിലയിരുത്തല്‍.

ഉഷഃപൂജ വഴിപാടാണ് മോഹന്‍ലാല്‍ നടത്തിയത്. മുഹമ്മദ് കുട്ടി എന്ന പേരില്‍ വിശാഖം നക്ഷത്രത്തിലാണ് വഴിപാട് നടത്തിയത്. ഭാര്യ സുചിത്രയുടെ പേരിലും മോഹന്‍ലാല്‍ വഴിപാട് നടത്തി. ശബരിമലയിലേക്ക് പോകുംമുമ്പ് കഴിഞ്ഞദിവസം മോഹന്‍ലാല്‍ മമ്മൂട്ടിയുമായി സംസാരിക്കുകയും ശബരിമലദര്‍ശനത്തിന്റെ കാര്യം അറിയിക്കുകയും ചെയ്തിരുന്നെന്നാണ് വിവരം. ചൊവ്വാഴ്ച മോഹന്‍ലാല്‍ സുഹൃത്തുക്കള്‍ക്കൊപ്പമാണ് ദര്‍ശനത്തിനായി ശബരിമലയില്‍ എത്തിയത്. പമ്പയിലെ ഗണപതി കോവിലില്‍നിന്ന് കെട്ടുനിറച്ചാണ് മലകയറിയത്. സന്ധ്യയോടെ അയ്യപ്പദര്‍ശനം നടത്തി. രാത്രിയോടെ അദ്ദേഹം മലയിറങ്ങി. മോഹന്‍ലാല്‍ ശബരിമലയില്‍ ഉള്ളപ്പോള്‍ തന്നെ മമ്മൂട്ടിയുടെ പേരിലെ നേര്‍ച്ചാ രസീത് പുറത്തായിരുന്നു. ഇതോടെ ഈ പൂജയുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ക്ക് മാധ്യമങ്ങള്‍ക്ക് മുന്നില്‍ മറുപടി പറയേണ്ടി വരുമോ എന്ന തോന്നല്‍ മോഹന്‍ലാലിനുണ്ടായി. ഇതുകൊണ്ടാണ് രാത്രിയില്‍ തന്നെ സന്നിധാനത്ത് നിന്നും ലാല്‍ മടങ്ങിയതെന്നും സൂചനകളുണ്ട്. മുഹമ്മദ് കുട്ടി, വിശാഖം നക്ഷത്രം എന്ന പേരിലാണ് മമ്മൂട്ടിക്ക് വേണ്ടി മോഹന്‍ലാല്‍ വഴിപാട് നടത്തിയത്.

ഇതുമായി ബന്ധപ്പെട്ട് ദേശാഭിമാനിയില്‍ വന്ന വാര്‍ത്ത ഇങ്ങനെയാണ്- ശബരിമലയില്‍ ദര്‍ശനം നടത്തി ചലച്ചിത്ര താരം മോഹന്‍ലാല്‍. ചൊവ്വ രാത്രി ഏഴാേടെയാണ് താരം സന്നിധാനത്തെത്തിയത്. വൈകിട്ട് അഞ്ചോടെ പമ്പയില്‍ സുഹൃത്തുക്കള്‍ക്കൊപ്പം എത്തിയ മോഹന്‍ലാല്‍ പമ്പ ഗണപതി ക്ഷേത്രത്തില്‍ നിന്ന് കെട്ട് നിറച്ചാണ് ശബരിമലയിലേക്ക് തിരിച്ചത്. നടന്‍ മമ്മൂട്ടിക്കായി വഴിപാട് നടത്തുകയും ചെയ്തു. നടനും സംവിധായകനുമായ പൃഥിരാജ് സംവിധാനം ചെയ്ത് മോഹന്‍ലാല്‍ നായകനാകുന്ന എമ്പുരാന്‍ സിനിമയുടെ റിലീസ് മാര്‍ച്ച് 27ന് നടക്കാനിരിക്കെയാണ് സൂപ്പര്‍ താരം ശബരിമലയിലെത്തിയത്. ചൊവ്വാഴ്ച സന്നിധാനത്ത് തങ്ങി ബുധനാഴ്ച പുലര്‍ച്ചെയും ദര്‍ശനം നടത്തിയാവും താരം മടങ്ങുക-ഇത്രയുമാണ് ദേശാഭിമാനിയിലെ വരികള്‍. അതായത് ചൊവ്വാഴ്ച എത്തി ബുധനാഴ്ച പോകാനായിരുന്നു ആഗ്രഹിച്ചത്. എന്നാല്‍ അത് രാത്രി മടക്കമായി മാറി. ഇതിന് പിന്നില്‍ കൂടുതല്‍ വിവാദമുണ്ടാക്കാതെ മടങ്ങുകയെന്ന മോഹന്‍ലാലിന്റെ താല്‍പ്പര്യമായിരുന്നുവെന്നാണ് സൂചനകള്‍.

മോഹന്‍ലാല്‍ ശബരിമലയിലെത്തിയ ദൃശ്യങ്ങള്‍ നേരത്തെ വൈറലായിരുന്നു. സിനിമ പ്രേക്ഷകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന എമ്പുരാന്റെ റിലീസിന് ദിവസങ്ങള്‍ക്ക് മുമ്പാണ് മോഹന്‍ലാല്‍ അയ്യപ്പദര്‍ശനത്തിനായി ശബരിമലയില്‍ എത്തിയത്. മാര്‍ച്ച് 27-നാണ് മോഹന്‍ലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനംചെയ്ത എമ്പുരാന്‍ പ്രദര്‍ശനത്തിനെത്തുന്നത്. ഇതിനിടെയാണ് മമ്മൂട്ടിയുടെ പേരിലെ വഴിപാട് രസീത് പുറത്തേക്ക് വന്നതും ചര്‍ച്ചകള്‍ മറ്റൊരു തലത്തിലെത്തിയതും. ഭക്തിയുടെ ഇരുമുടിക്കെട്ടുമായി 9 വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം നടന്‍ മോഹന്‍ലാല്‍ പതിനെട്ടാംപടി കയറി അയ്യപ്പ ദര്‍ശനം നടത്തിയത്. വൈകിട്ട് ദീപാരാധനയ്ക്കുള്ള ഒരുക്കങ്ങള്‍ തുടങ്ങുന്നതിനു തൊട്ടുമുന്‍പാണു പതിനെട്ടാംപടി കയറിയത്. സോപാനത്തെത്തി ദര്‍ശനം നടത്തിയ ശേഷം ദേവസ്വം ഓഫിസിലെത്തി നെയ്‌ത്തേങ്ങ അഭിഷേകത്തിനായി കൈമാറി. ഭാര്യ സുചിത്രയുടെയും നടന്‍ മമ്മൂട്ടിയുടെയും പേരില്‍ അദ്ദേഹം ഉഷപൂജകള്‍ നടത്താനുള്ള വഴിപാട് ടിക്കറ്റ് എടുത്തു. തന്ത്രി കണ്ഠര് ബ്രഹ്‌മദത്തനെ സന്ദര്‍ശിച്ച ശേഷം മാളികപ്പുറം ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി. രാത്രി 9.15ന് അദ്ദേഹം മലയിറങ്ങുകയും ചെയ്തു.

പമ്പാ ഗണപതികോവിലില്‍നിന്നു കെട്ടുമുറുക്കിയാണ് നീലിമല പാതയിലൂടെ മല ചവിട്ടിയത്. പടിപൂജയുടെ ഒരുക്കങ്ങള്‍ തുടങ്ങുന്നതിനു മുന്‍പ് പടി കയറാനുള്ള തിരക്കിലായിരുന്നതിനാല്‍ അധികം വിശ്രമിക്കാതെയായിരുന്നു മല കയറ്റം. അപ്പാച്ചിമേട്ടിലെ കയറ്റം കഠിനമായപ്പോള്‍ ഏതാനും മിനിറ്റ് വിശ്രമിച്ചു. ദര്‍ശനത്തിനു ശേഷം ഭക്തര്‍ക്കൊപ്പം അദ്ദേഹം ഫോട്ടോയെടുത്തു. 2015 മേയ് മാസത്തിലാണ് മോഹന്‍ലാല്‍ ഇതിനു മുന്‍പ് സന്നിധാനത്തെത്തുന്നത്.