കൊച്ചി: കേരളത്തിൽ രാഷ്ട്രീയ പാർട്ടികളുടെ മുഖം നോക്കാതെ അനീതിക്കെതിരെ പ്രതികരിക്കുന്ന വ്യക്തിയാണ് ഷാജൻ സ്‌കറിയയെന്നു ട്വന്റി 20 നേതാവ് സാബു എം ജേക്കബ്. ശബ്ദമില്ലാത്തവരുടെ ശബ്ദമായി, സമൂഹത്തിലെ അനീതികൾക്കെതിരെ പ്രതികരിക്കുന്ന ഇങ്ങനെയൊരാൾ കേരളത്തിലില്ലെന്നും സാബു പറഞ്ഞു. ഞാൻ മനസ്സിലാക്കിയ ഷാജൻ നാടിനു നിരവധി നന്മകൾ ചെയ്യുന്ന വ്യക്തിയാണ്. അദ്ദേഹത്തെ കേസെടുത്തു ജയിലിൽ അടക്കുന്നത് ജനാധിപത്യത്തിനു ചേർന്ന കാര്യമല്ല. ഞാനും ശബ്ദമില്ലാത്തവർക്കു വേണ്ടി ശബ്ദിക്കുന്ന വ്യക്തിയാണെന്നും മറുനാടൻ മലയാളിക്ക് നൽകിയ അഭിമുഖത്തിൽ സാബു എം ജേക്കബ് പറഞ്ഞു.

സാബു എം ജേക്കബിന്റെ വാക്കുകൾ ഇങ്ങനെ: മറുനാടനെതിരായ മാധ്യമ വേട്ട ഒറ്റപ്പെട്ട സംഭവമല്ല. കേരളത്തിൽ സംഭവിച്ചു കൊണ്ടിരിക്കുന്നത് മാധ്യമങ്ങൾ അഴിമതിക്കും, അക്രമങ്ങൾക്കും, ഗുണ്ടായിസത്തിനുമെതിരെ സംസാരിച്ചാൽ അവർക്കെതിരെ കള്ളക്കേസുണ്ടാക്കി ജയിലിൽ അടയക്കുന്ന പ്രവണതയാണ്. അത്തരത്തിൽ മാധ്യമങ്ങളുടെ വായടപ്പിക്കുകയാണ് ചെയ്യുന്നത്. അതിന്റെ ഭാഗമായാണ് മറുനാടൻ മലയാളി ചാനലിനെയും ഷാജൻ സ്‌കറിയയെയും വേട്ടയാടുന്നത്.

മനുഷ്യനു പ്രതികരിക്കാനും, പ്രതിഷേധിക്കാനുമുള്ള സ്വാതന്ത്ര്യമുണ്ട്. ഉത്തര കൊറിയയിൽ കിംങ് ജോങ് ഉന്നും ഉഗാണ്ടയിൽ ഈതി അമീനും ചെയ്തതു പോലെ മനുഷ്യനെ അടിച്ചമർത്തി ജയിലിലടച്ചു, ഭീഷണിപ്പെടുത്തി അത്തരത്തിലുള്ള നയമാണ് സർക്കാർ സ്വീകരിക്കുന്നത്. അവർ ചെയ്യുന്ന അഴിമതിക്കും കൊള്ളയ്ക്കും കൊലപാതകത്തിനും ഓശാന പാടുന്നവർക്കു മാത്രമേ ഇവിടെ ജീവിക്കാൻ സാധിക്കുകയുള്ളു എന്ന സാഹചര്യം സൃഷ്ടിക്കുകയാണ്. മാധ്യമങ്ങളായാലും വ്യക്തികളായാലും എന്തു വൃത്തികേടും അതിനെ അംഗീകരിച്ചു അഭിനന്ദിച്ചും മുന്നോട്ടു പോയാൽ കേരളത്തിൽ നമ്മൾ ഗുഡ് ബുക്കിലാകും. അല്ലാത്തവരെയൊക്കെ അവർ അടിച്ചമർത്തും, ജയിലിലടക്കും ഇതാണ് അവസ്ഥ. ഇത്തരത്തിൽ ഒരു സംസ്ഥാനമായി കേരളം മാറി കൊണ്ടിരിക്കുകായാണ്.

മനുഷ്യരുടെ പ്രതികരണ ശേഷി ഇല്ലാതാക്കുന്ന അവസ്ഥയാണിവിടെ. തന്നെ കുറച്ചു വർഷങ്ങളായി നിരന്തരം ആക്രമിച്ചു കൊണ്ടിരിക്കുകയാണ്. തന്നെ വ്യക്തിപരമായും തന്റെ പ്രസ്ഥാനങ്ങളെയും എല്ലാ രീതിയിലും ആക്രമിക്കുകയാണ്. അർഹത ഇല്ലാത്തവന്റെ കൈയിൽ പണവും അധികാരവും വന്നു കഴിഞ്ഞാൽ ഉണ്ടാകാവുന്ന വൻ വിപത്താണ് കേരളത്തിൽ ജനങ്ങൾ അനുഭവിക്കുന്നത്.

മറുനാടൻ ഷാജൻ സികറിയയുടെ നല്ലൊരു ശതമാനം വീഡിയോയും താൻ കാണാറുണ്ട്. കേരളത്തിൽ രാഷ്ട്രീയ പാർട്ടികളുടെ മുഖം നോക്കാതെ അനീതിക്കെതിരെ പ്രതികരിക്കുന്ന വ്യക്തിയാണ് അദ്ദേഹം. ശബ്ദമില്ലാത്തവരുടെ ശബ്ദമായി, സമൂഹത്തിലെ അനീതികൾക്കെതിരെ പ്രതികരിക്കുന്ന ഇങ്ങനെ ഒരാൾ കേരളത്തിലില്ല. ഞാൻ മനസ്സിലാക്കിയ ഷാജൻ നാടിനു നിരവധി നന്മകൾ ചെയ്യുന്ന വ്യക്തിയാണ്. അദ്ദേഹത്തെ കേസെടുത്തു ജയിലിലടയ്ക്കുന്നത് ജനാധിപത്യത്തിനു ചേർന്ന കാര്യമല്ല. ഞാനും ശബ്ദമില്ലാത്തവർക്കു വേണ്ടി ശബ്ദിക്കുന്ന വ്യക്തിയാണ്- സാബു എം ജേക്കബ് പറഞ്ഞു.

നേരത്തെ കെപിസിസിയും മറുനാടൻ മലയാളിക്ക് പിന്തുണ പ്രഖ്യാപിച്ചു രംഗത്തു വന്നിരുന്നു. കെപിസിസി അധ്യക്ഷൻ കെ സുധാകരൻ നേരിട്ടാണ് മറുനാടന് പിന്തുണയുമായി രംഗത്തുവന്നത്. പ്രതിപക്ഷ നേതാവ് വി ഡി സതീശൻ, രമേശ് ചെന്നിത്തല, ശശി തരൂർ, തിരുവഞ്ചൂർ രാധാകൃഷ്ണൻ, ബിന്ദു കൃഷ്ണ, മാത്യു കുഴൽനാടൻ, ആര്യാടൻ ഷൗക്കത്ത് തുടങ്ങിയ കോൺഗ്രസ് നേതാക്കളും മറുനാടന് ഐക്യപ്പെട്ട് രംഗത്തുവരികയുണ്ടായി. ബിജെപി നേതാക്കളായ ശോഭാ സുരേന്ദ്രൻ, സന്ദീപ് വാര്യർ, ജെ ആർ പത്മകുമാർ, പ്രമീള ദേവി, അഡ്വ. നോബിൾ മാത്യു തുടങ്ങിയവരും പിന്തുണച്ചു രംഗത്തുവന്നിരുന്നു.

മറുനാടൻ മലയാളിക്കെതിരായ പ്രകോപനപരമായ നടപടികൾ ഞെട്ടടലോടുകൂടിയാണ് താൻ കേട്ടതെന്നായിരുന്നു കെ പി സി സി പ്രസിഡന്റ് കെ സുധാകരന്റെ പ്രതികരണം. ഷാജൻ സ്‌കറിയ ഒരു തുറന്ന പുസ്തകമാണ്. ആരുടെയും മുഖം നോക്കാതെ തുറന്നു പറയുന്ന വ്യക്തിത്വം. ആ ശൈലിക്കെതിരെ ഇത്തരം നടപടികളുമായി മുമ്പോട്ട് പോകുന്നതും സ്ഥാപനം പൂട്ടിക്കാനും, കൊലവിളി ഉൾപ്പെടെ നടത്തുന്നതും ലജ്ജിപ്പിക്കുന്ന സംഭവമാണെന്നും സുധാകരൻ അഭിപ്രായപ്പെട്ടിരുന്നു.

ഈ കൊച്ചു കേരളത്തിൽ വന്നിരിക്കുന്ന മാറ്റത്തെക്കുറിച്ചും പരിവർത്തനത്തെക്കുറിച്ചും ആലോചിക്കുമ്പോൾ ലജ്ജ തോന്നുന്നു. കേരളം പോലെ സാമൂഹിക സാംസ്‌കാരിക വിദ്യാഭ്യാസ രംഗത്ത് ഉന്നചതമായ നിലവാരം പുലർത്തുന്ന സംസ്ഥാനത്തു സഹനശക്തി കാണിക്കാൻ സാധിക്കാത്ത സമൂഹമായി മാറിക്കൊണ്ടിരിക്കുന്നു. അതിന്റെ പിന്നിൽ സിപിഎം എന്ന പ്രസ്ഥാനം ആയുധമേന്തി പോരാടുന്ന പോരാളികളെ പോലെ തകർക്കാൻ ശ്രമിക്കുന്ന ഹീനമായ പ്രവർത്തിക്കെതിരെ ജനങ്ങൾ ഒന്നിക്കേണ്ടതാണ്.

വർഷങ്ങളായി തനിക്ക് ഷാജൻ സ്‌കറിയയുമായി ബന്ധമുണ്ട്. അദ്ദേഹം പറയേണ്ടവരുടെ മുഖത്തു നോക്കി പറയും, എന്നെക്കുറിച്ചു പറഞ്ഞിട്ടുണ്ട്. പക്ഷെ അതെല്ലാം സഹിഷ്ണുതയോടെ ഒരു മാധ്യമ പ്രവർത്തനത്തിന്റെ സ്വാതന്ത്ര്യമായി കാണാനും, ജനാധിപത്യത്തിന്റെ ഏറ്റവും വലിയ ഒരു പരിവേഷമാണ് എന്നു മനസ്സിലാക്കാനും സാധിക്കാത്ത സമൂഹമല്ല കേരളത്തിന്റേത്. അത് മനസ്സിലാക്കാൻ സാധിക്കുന്നില്ലെങ്കിൽ ദുഃഖകരമാണ്. നിയമപരമായി ഇതിനെതിരെ പോരാടുന്ന ഷാജൻ സ്‌കറിയക്കും സഹപ്രവർത്തകർക്കും എല്ലാ പിന്തുണയും ഞാൻ പ്രഖ്യാപിക്കുന്നതായും സുധാകരൻ പറയുകയുണ്ടായി.