കോഴിക്കോട്: സഹകരണ മേഖലയിലെ ഇ.ഡി ഇടപെടലിനെതിരെ യുഡിഎഫ്- എല്‍ഡിഎഫ് സഹകാരികള്‍ ഒരുമിക്കുന്നുവെന്ന വാര്‍ത്തകള്‍ വന്നത് 2023ലാണ്. കോണ്‍ഗ്രസ്, സിപിഎം തുടങ്ങി ഇരു മുന്നണികളിലെയും പാര്‍ട്ടികള്‍ നേതൃത്വം നല്‍കുന്ന സഹകരണ സംഘങ്ങളുടെ ഭാരവാഹികളെ ഉള്‍പ്പെടുത്തി കൂട്ടായ്മക്ക് രൂപം നല്‍കുകയും ചെയ്തു. സഹകരണ സംരക്ഷണ സമിതിയെന്ന പേരില്‍ കോഴിക്കോട് കേന്ദ്രമാക്കിയായിരുന്നു കൂട്ടായ്മ. ഈ കൂട്ടായ്മയെ തകര്‍ക്കുന്നതാണ് ചേവായൂരിലെ സംഭവങ്ങള്‍. ഇതോടെ കേരളത്തിലെ സഹകരണത്തില്‍ കൂടുതല്‍ ഇടപെടല്‍ സാധ്യത ഇഡിയും തേടും. കോണ്‍ഗ്രസും സിപിഎമ്മും ഒരുമിച്ച് ഇഡിക്ക് പിന്നില്‍ ബിജെപി താല്‍പ്പര്യം ആരോപിച്ചതോടെയാണ് കേരളത്തിലെ സഹകരണത്തില്‍ നിന്നും കേന്ദ്ര ഏജന്‍സി പിന്മാറിയത്. ചേവായൂരില്‍ സിപിഎമ്മും കോണ്‍ഗ്രസും അടിക്കുമ്പോള്‍ ബിജെപിയും സഹകരണത്തില്‍ കണ്ണുവയ്ക്കും. ഇടതുപിന്തുണയോടെ ചേവായൂര്‍ സര്‍വീസ് സഹകരണ ബാങ്ക് ഭരണസമിതി പിടിച്ചെടുത്ത് കോണ്‍ഗ്രസ് വിമതര്‍ ആണ്. കോണ്‍ഗ്രസിന്റെ ഔദ്യോഗിക പാനലിനെതിരേ വിമതരുടെ ജനാധിപത്യ സംരക്ഷണസമിതി മുഴുവന്‍ സീറ്റുകളിലും വിജയിച്ചു. ഇതാണ് സഹകരണത്തില്‍ സിപിഎം-കോണ്‍ഗ്രസ് കൂട്ടായ്മയെ പൊളിക്കുന്നത്. സഹകരണ സംരക്ഷണ സമിതി ഇതിനൊരു നിമിത്തമായി എന്നതാണ് വസ്തുത.

കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പില്‍ കടുത്ത നടപടികളിലേക്ക് കടന്നതിന് പിന്നാലെ മറ്റ് ബാങ്കുകളിലേക്കും അന്വേഷണം വ്യാപിപ്പിച്ചിരുന്നു ഇ.ഡി. കോണ്‍ഗ്രസ് നേതൃത്വം നല്‍കുന്ന പുല്‍പ്പള്ളി സര്‍വീസ് സഹകരണ ബാങ്ക് ക്രമക്കേടിലും അറസ്റ്റ് ഉള്‍പ്പെടെയുള്ള നടപടികളിലേക്കും ഇ.ഡി കടന്നു. ഇതിനു പിന്നാലെയാണ് സഹകരണ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന യുഡിഎഫ്- എല്‍ഡിഎഫ് ബാങ്കുകളും സംഘങ്ങളും കേന്ദ്ര ഏജന്‍സിക്കെതിരെ പ്രതിരോധം തീര്‍ക്കാന്‍ ഒരുമിച്ചത്. കോണ്‍ഗ്രസ് നേതാവ് ജി.സി പ്രശാന്ത് കുമാര്‍ ചെയര്‍മാനും കണ്‍സ്യൂമര്‍ഫെഡ് ചെയര്‍മാനും സിപിഎം നേതാവുമായ എം. മെഹബൂബ് കണ്‍വീനറുമായുള്ള സഹകരണ സംരക്ഷണ സമിതിയാണ് രൂപീകരിച്ചത്. എന്നാല്‍ ഈ സംരക്ഷണ സമിതി കോണ്‍ഗ്രസിന് നല്‍കിയത് വന്‍ നഷ്ടമാണ്. ഈ ചര്‍ച്ചകള്‍ പ്രശാന്ത് കുമാറിനെ സിപിഎമ്മുമായി അടുപ്പിച്ചു. അങ്ങനെ കോണ്‍ഗ്രസിന് ചേവായൂര്‍ നഷ്ടമായി. സിപിഐ, മുസ്ലിം ലീഗ് തുടങ്ങിയ ബിജെപി ഒഴികെയുള്ള പാര്‍ട്ടികള്‍ നേതൃത്വം നല്‍കുന്ന സഹകരണ സംഘങ്ങളാണ് കൂട്ടായ്മയിലുണ്ടായിരുന്നു. ഈ കൂട്ടായ്മയുടെ അധ്യക്ഷ സ്ഥാനം കോണ്‍ഗ്രസുകാരനായ പ്രശാന്തിന് വിട്ടുകൊടുത്ത സിപിഎം തന്ത്രമാണ് ചേവായൂരിനെ ഇടതുപക്ഷത്ത് എത്തിച്ചത്. അതുകൊണ്ടാണ് കോണ്‍ഗ്രസ് ഈ കൂട്ടായ്മയില്‍ നിന്നും പുറത്തു വരുന്നതും ചേവായൂരിനെ സാമ്പത്തികമായി തകര്‍ക്കുമെന്ന് പ്രഖ്യാപിക്കുന്നതും.

ചേവായൂരില്‍ നടന്നത് സഹകരണ ജനാധിപത്യത്തിന്റെ കൊലപാതകമാണ്. അതിന് മുഖ്യമന്ത്രിയും സഹകരണമന്ത്രിയും കൂട്ടു നിന്നു. വോട്ടു ചെയ്യാനെത്തിയ അയ്യായിരത്തോളം പേരെയാണ് ആട്ടിയോടിച്ചത്. കള്ളവോട്ട് ചെയ്യാന്‍ എത്തിയ മൂവായിരത്തോളം ക്രിമിനലുകളെ ഉപയോഗിച്ച് പൊലീസിന്റെ സഹായത്തോടെയാണ് വോട്ട് ചെയ്യാനെത്തിയവരെ ആക്രമിച്ചത്. ക്രൂരമായ മര്‍ദ്ദനമാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കും വോട്ട് ചെയ്യാന്‍ എത്തിയവര്‍ക്കും നേരെയുണ്ടായത്. കേരളത്തിലെ സഹകരണ ബാങ്കുകള്‍ ഒരുകാലത്തും ഇല്ലാത്ത പ്രതിസന്ധിയിലൂടെ കടന്നു പോകുമ്പോള്‍, എല്ലാവരും ഒന്നിച്ചു നില്‍ക്കണമെന്ന് മുഖ്യമന്ത്രിയും സഹകരണ മന്ത്രിയും പറഞ്ഞ് നാവെടുക്കുന്നതിന് മുന്‍പാണ് യു.ഡി.എഫ് നേതൃത്വത്തിലുള്ള സംഘങ്ങള്‍ ഗുണ്ടകളെയും പൊലീസിനെയും ഉപയോഗിച്ച് പിടിച്ചെടുക്കുന്നത്. സഹകരണരംഗത്ത് ഈ സര്‍ക്കാരിന് നല്‍കുന്ന എല്ലാ പിന്തുണയും ഞങ്ങള്‍ പിന്‍വലിക്കുന്നുവെന്നാണ് പ്രതിപക്ഷ നേതാവിന്റെ പ്രഖ്യാപനം. അതായത് ഇഡി പേടിയില്‍ കോണ്‍ഗ്രസും സിപിഎമ്മും ചേര്‍ന്നുണ്ടാക്കിയ കൂട്ടായ്മ പൊളിയുകയാണ്. കേന്ദ്ര സര്‍ക്കാരിനും ഇപ്പോള്‍ സഹകരണ വകുപ്പുണ്ട്. ഇത് ആ്ഭ്യന്തര മന്ത്രി അമിത് ഷായുടെ നിയന്ത്രണത്തിലാണ്. ഈ വകുപ്പ് ഇനി കേരളത്തില്‍ എടുക്കാന്‍ പോകുന്ന ഓരോ തീരുമാനവും നിര്‍ണ്ണായകമാകും.

ഒരു കാര്യത്തിലും സര്‍ക്കാരുമായി യോജിച്ച് സഹകരണരംഗത്ത് പ്രവര്‍ത്തിക്കില്ല. ഇത്തരത്തില്‍ പിടിച്ചെടുക്കുന്ന ബാങ്കുകളില്‍ ഞങ്ങളുടെ അനുഭാവികളായവരുടെ നിക്ഷേപങ്ങള്‍ തുടരണമോയെന്ന് പാര്‍ട്ടി ഗൗരവതരമായി ആലോചിക്കും. പത്തനംതിട്ടയില്‍ 18 മുതല്‍ 21 ബാങ്കുകള്‍ വരെയാണ് സി.പി.എം പിടിച്ചെടുത്തത്. ആ ബാങ്കുകള്‍ സാമ്പത്തിക പ്രയാസത്തിലേക്ക് കൂപ്പു കുത്തുകയാണ്. സഹകരണ ജനാധിപത്യം സംരക്ഷിക്കണമെന്ന് വലിയ വായില്‍ നിലവിളിക്കുകയും ഗുണ്ടകളെയും ക്രിമിനലുകളെയും പൊലീസിനെയും ഉപയോഗിച്ച് ജനാധിപത്യത്തെ കശാപ്പ് ചെയ്യുന്നതിനെ രാഷ്ട്രീയമായും നിയമപരമായും നേരിടും. സര്‍ക്കാരിന് വേണ്ടാത്ത സഹകരണ ബാങ്കും സഹകരണ ജനാധിപത്യവും ഞങ്ങള്‍ക്ക് എന്തിനായിരുന്നു. കേരളത്തിലെ ഏറ്റവും മികച്ച ബാങ്കുകളില്‍ ഒന്നായിരുന്ന തിരുവല്ല ഈസ്റ്റ് കോ- ഓപറേറ്റീവ് ബാങ്ക് ക്രിമിനലുകളെ ഉപയോഗിച്ചാണ് പിടിച്ചെടുത്തത്. ഇന്ന് എന്താണ് ആ ബാങ്കിന്റെ സ്ഥിതിയെന്നും പ്രതിപക്ഷ നേതാവ് ചോദിക്കുന്നു. അതായത് കോണ്‍ഗ്രസില്‍ നിന്നും കൈവിട്ടു പോകുന്ന ബാങ്കുകളിലെ നിക്ഷേപം പിന്‍വലിക്കും. ഇതോടെ വരുമാനം കുറയും. നിക്ഷേപം കൂട്ടത്തോടെ പിന്‍വലിക്കുമ്പോള്‍ അത് സഹകരണ ബാങ്കിനെ തകര്‍ക്കുകയും ചെയ്യും.

ചേവായൂരില്‍ ബി.ജെ.പി.യുടെ സ്ഥാനാര്‍ഥികളടക്കം 31 പേര്‍ മത്സരിച്ചിരുന്നു. ആകെ 32,403 വോട്ടര്‍മാരില്‍ 8743 പേര്‍ വോട്ട് രേഖപ്പെടുത്തി. വോട്ടെടുപ്പിനിടെയുണ്ടായ സംഘര്‍ഷത്തിനിടയിലും കഴിഞ്ഞവര്‍ഷത്തെക്കാള്‍ വോട്ടുകള്‍ ഇത്തവണ രേഖപ്പെടുത്തിയിട്ടുണ്ട്. കോണ്‍ഗ്രസ് ഔദ്യോഗിക പാനലിലെ സ്ഥാനാര്‍ഥികള്‍ 3298-നും 3547-നും ഇടയിലുള്ള വോട്ടുകള്‍ നേടിയപ്പോള്‍ വിമതവിഭാഗത്തിലെ സ്ഥാനാര്‍ഥികള്‍ 4524-നും 4707-നും ഇടയിലുള്ള വോട്ടുനേടി. പറയഞ്ചേരി ജി.ബി.എച്ച്.എസ്.എസിലെ 23 ബൂത്തുകളിലാണ് രാവിലെ എട്ടുമുതല്‍ വൈകീട്ട് നാലുവരെ വോട്ടെടുപ്പ് നടന്നത്. നിലവിലെ ഭരണസമിതി ഉള്‍പ്പെടുത്തിയ വോട്ടര്‍മാര്‍ക്കുവേണ്ടി കോടതി നിര്‍ദേശപ്രകാരം ഇതില്‍ മൂന്ന് ബൂത്തുകള്‍ ക്രമീകരിച്ചിരുന്നു. ഏറെ കാത്തിരിപ്പിനൊടുവില്‍ രാത്രി എട്ടുമണിയോടെ വരണാധികാരി വി. വിജീഷ്‌കുമാര്‍ ഫലപ്രഖ്യാപനം നടത്തി. ശേഷം നടന്ന ഭരണസമിതി യോഗത്തില്‍വെച്ച് ജി.സി. പ്രശാന്ത് കുമാര്‍ ചെയര്‍മാനായി തിരഞ്ഞെടുക്കപ്പെട്ടു. 2004 മുതല്‍ തുടര്‍ച്ചയായി അഞ്ചാംതവണയാണ് ഇദ്ദേഹം ചെയര്‍മാനായി തിരഞ്ഞെടുക്കപ്പെടുന്നത്. വൈസ് ചെയര്‍മാനെ പിന്നീട് തിരഞ്ഞെടുക്കും.

61 വര്‍ഷം മുന്‍പ് രൂപവത്കരിച്ച ചേവായൂര്‍ സര്‍വീസ് സഹകരണബാങ്ക് ജില്ലയിലെ ആദ്യത്തെ സൂപ്പര്‍ക്ലാസ് ബാങ്കാണ്. രൂപവത്കരണകാലംമുതല്‍ കോണ്‍ഗ്രസ് ഭരണസമിതികള്‍ ഭരിച്ചിരുന്ന ബാങ്ക് നിലവിലെ ഭരണസമിതിയുമായുള്ള ഭിന്നതയെത്തുടര്‍ന്നാണ് പാര്‍ട്ടിയെ കൈവിട്ടത്. സിപിഎമ്മുമായുള്ള സഹകരണത്തിലെ പ്രശാന്തിന്റെ സഹകരണം വിനയായി എന്ന് തിരിച്ചറിയുകയാണ് കോണ്‍ഗ്രസ്. എനിക്കും ബാങ്കിനുമെതിരായി നുണപ്രചാരണങ്ങള്‍ നടത്താനാണ് കോണ്‍ഗ്രസ് നേതൃത്വം ശ്രമിച്ചത്. കെ.പി.സി.സി. പ്രസിഡന്റ് ഞങ്ങള്‍ക്കെതിരേ കൊലവിളി നടത്തുകയും പ്രവര്‍ത്തകരെ ഭീഷണിപ്പെടുത്തുകയും ചെയ്തു. ഞങ്ങളെ കേള്‍ക്കാനോ അംഗീകരിക്കാനോ നേതൃത്വം തയ്യാറാവാത്തതിനാലാണ് വേറെ വഴികള്‍ തേടേണ്ടിവന്നതെന്ന് പ്രശാന്തും പറയുന്നു.

ഭരണസമിതി അംഗങ്ങള്‍: കെ. പ്രേമരാജന്‍, എം.പി. വാസുദേവന്‍, കെ.വി. വിജയാനന്ദന്‍, വി.പി. ശിവദാസന്‍, പട്ടാടത്ത് സുരേഷ് (പൊതുവിഭാഗം), പി.കെ. ദൃശ്യ സുഭാഷ്, സ്വര്‍ണലത കോട്ടൂളി (വനിതാവിഭാഗം), പി.ടി. പവിത്രന്‍ (എസ്.സി., എസ്.ടി.), ജി.സി. പ്രശാന്ത് (നിക്ഷേപ വിഭാഗം), ടി.കെ. ജിതിന്‍ ലാല്‍ (40 വയസ്സിനുതാഴെയുള്ള പൊതുവിഭാഗം), അശ്വതി രമേശ് ( 40 വയസ്സിനുതാഴെയുള്ള പൊതുവിഭാഗം).