മല്ലപ്പള്ളി: ഭരണഘടനാ വിരുദ്ധ പ്രസംഗം നടത്തിയതിന് കോടതി നിർദ്ദേശപ്രകാരം പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ അട്ടിമറി നടന്നുവെന്ന് വെളിവാക്കുന്നതാണ് തിരുവല്ല ഡിവൈ.എസ്‌പി ടി. രാജപ്പൻ തിരുവല്ല ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ സമർപ്പിച്ചിരിക്കുന്ന റഫറൽ റിപ്പോർട്ട്. റിപ്പോർട്ടിന്റെ പകർപ്പ് മറുനാടന് ലഭിച്ചു. ഒന്നു മുതൽ അഞ്ചു വരെ സാക്ഷികൾ സജി ചെറിയാന് പ്രതികൂലമായും സജി ചെറിയാൻ, അഡ്വ. മാത്യു ടി. തോമസ് എംഎ‍ൽഎ, അഡ്വ. പ്രമോദ് നാരായണൻ എംഎ‍ൽഎ, സിപിഎമ്മിന്റെ പ്രാദേശിക നേതാക്കൾ എന്നിവർ അടങ്ങുന്ന ആറു മുതൽ 39 വരെയുള്ള സാക്ഷികൾ അനുകൂലമായും മൊഴി നൽകിയിരുന്നുവെന്ന് റിപ്പോർട്ടിൽ നിന്ന് വ്യക്തമാണ്. എ.കെ. സജീവ്, അഭിലാഷ് വെട്ടിക്കാടൻ, ജോസഫ് എം പുതുശേരി, പി. പ്രസാദ്, ഐ.കെ. രവിന്ദ്രരാജ് എന്നിവരാണ് ഒന്നു മുതൽ അഞ്ചു വരെ സാക്ഷികൾ.

ഇവർ ആരും സജി ചെറിയാന്റെ പ്രസംഗം നേരിട്ട് കേട്ടിട്ടില്ലെന്നും സോഷ്യൽ മീഡിയ വഴിയും വാർത്താ ചാനലുകൾ മുഖേനെ കണ്ടും കേട്ടും അറിയുകയായിരുന്നുവെന്ന് റിപ്പോർട്ടിൽ പറയുന്നു. ഇതിൽ ജോസഫ് എം. പുതുശേരിയും ഐ.കെ. രവീന്ദ്രരാജും സമർപ്പിച്ച പെൻഡ്രൈവും സി.ഡികളും ഫോറൻസിക് സയൻസ് ലാബിലേക്ക് കോടതി ഉത്തരവ് പ്രകാരം അയച്ചിട്ടുണ്ട്. സാക്ഷിപ്പട്ടികയിൽ ഒന്നു മുതൽ അഞ്ചു വരെ പേരുകാർ മുന്മന്ത്രി ഭരണ ഘടനയെയും ഭരണഘടനാ ശിൽപ്പികളെയും അവഹേളിച്ചു സംസാരിച്ചുവെന്നാണ് മൊഴി നൽകിയിരിക്കുന്നത്. ആറു മുതൽ 39 വരെ പേരുകാർ പരിപാടിയിൽ ആദ്യാവസാനം പങ്കെടുത്തവരും മുന്മന്ത്രി ഉദ്ഘാന പ്രസംഗത്തിൽ ഭരണ ഘടനയെയോ ശിൽപികളെയോ അവഹേളിച്ച് സംസാരിച്ചിട്ടില്ലെന്ന് മൊഴി നൽകിയിട്ടുണ്ട്.

അട്ടിമറിയിൽ ഒന്നാമത്തേത് ഇവിടെ തുടങ്ങുന്നു. സജി ചെറിയാനെതിരേ തെളിവു നിരത്തി മൊഴി നൽകിയവരാണ് ആദ്യ അഞ്ചു പേരുകാർ. ഇവർ സമർപ്പിച്ച തെളിവിന്റെ പരിശോധന ഫോറൻസിക് സയൻസ് ലാബിൽ നടക്കുന്നതേയുള്ളൂ. ഫലം വന്നിട്ടില്ല. അത് വരാതെ അന്തിമമായി സജി ചെറിയാൻ കുറ്റം ചെയ്തിട്ടില്ലെന്ന് പറയാൻ കഴിയില്ല. എന്നാൽ, ആറു മുതൽ 39 വരെ പേരുകാർ പരിപാടിയിൽ ആദ്യാവസാനം പങ്കെടുത്തവരും സജി ചെറിയാൻ ഭരണഘടനാ വിരുദ്ധ പ്രസംഗം നടത്തിയിട്ടില്ലെന്ന് പറയുന്നവരുമാണ്. പ്രസംഗത്തിൽ ഭരണഘടനാ ലംഘനം വന്നിട്ടുണ്ടോ ഇല്ലയോ എന്ന് ഇവർക്ക് ആധികാരികമായി പറയാൻ കഴിയില്ല. ഇവരെല്ലാം സിപിഎം അനുഭാവികളാണ്.

മറ്റുള്ളവർ സ്ഥലത്ത് ഇല്ലാത്തതു കൊണ്ടും ഇവർ ഉണ്ടായിരുന്നതു കൊണ്ടും ഇവരുടെ മൊഴി പ്രകാരം സജി ചെറിയാൻ ഭരണ ഘടനയെ അവഹേളിച്ചിട്ടില്ല എന്നാണ് പൊലീസിന്റെ കണ്ടെത്തൽ. ഇത് വളരെ വിചിത്രവും കേസ് അട്ടിമറിക്കാൻ വേണ്ടിയുള്ളതുമാണ്.

ഡിവൈ.എസ്‌പിയുടെ കണ്ടെത്തൽ: പ്രസക്തഭാഗം ഇങ്ങനെ

ക്ഷണിക്കപ്പെട്ട വ്യക്തികൾ മാത്രം പങ്കെടുത്ത സ്വകാര്യ ചടങ്ങിലാണ് മന്ത്രി പ്രസംഗിച്ചത്. തിരുവല്ല എംഎ‍ൽഎ, റാന്നി എംഎ‍ൽഎ, മുൻ റാന്നി എംഎ‍ൽഎ, മുൻ കോന്നി എംഎ‍ൽഎ തുടങ്ങി പരിപാടിയിൽ ആദ്യാവസാനം പങ്കെടുത്ത വ്യക്തികളെയും കണ്ടു ചോദിച്ചതിൽ പരിപാടിയുടെ ഉദ്ഘാടകനായിരുന്ന മുൻ സാംസ്‌കാരിക ഫിഷറീസ് മന്ത്രിയും ചെങ്ങന്നൂർ എംഎ‍ൽഎയുമായ സജി ചെറിയാൻ ഇന്ത്യൻ ഭരണഘടന മഹത്തരമാണെന്നും 75 വർഷം പിന്നിട്ട ഭരണഘടനയെ അവഹേളിക്കുന്ന തരത്തിലോ അവമതിപ്പുണ്ടാക്കുന്ന രീതിയിലോ ഒന്നും പറഞ്ഞിട്ടില്ലെന്നും ഭരണഘടനാനുസൃതമായി പ്രവർത്തിക്കേണ്ട കാലാകാലങ്ങളിൽ മാറി വന്നിരുന്ന ഭരണകൂടങ്ങൾ അടിസ്ഥാന വർഗ ജനവിഭാഗങ്ങളെയും അധഃസ്ഥിത വിഭാഗങ്ങളെയും തൊഴിലാളി വർഗത്തെയും ചൂഷണം ചെയ്യുന്ന തരത്തിലുള്ള ഭരണമാണ് കാഴ്ച വയ്ക്കുന്നതെന്നും അതിന് മാറ്റമുണ്ടാകണമെന്നും മറ്റുമാണ് ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞതെന്നും മറ്റും കണ്ടു ചോദിച്ച ആറു മുതൽ 39 വരെ സാക്ഷികൾ മൊഴി നൽകിയിട്ടുള്ളതാണ്.

പരാതിക്കാരനായ ബൈജു നോയലിന്റെയും ഒന്നു മുതൽ അഞ്ചു വരെയുള്ള സാക്ഷികളുടെയും മൊഴി രേഖപ്പെടുത്തിയതിൽ നിന്നും ഇവർ ആരും തന്നെ കൃത്യപരിപാടിയിൽ പങ്കെടുത്തിട്ടില്ലാത്തവരും ദൃശ്യമാധ്യമങ്ങളിലൂടെയും സോഷ്യൽ മീഡിയയിലൂടെയും പ്രചരിച്ച വീഡിയോയിലെ കുറച്ചു ഭാഗം മാത്രം കണ്ട് മുന്മന്ത്രി ഭരണ ഘടനയെ അവഹേളിക്കുന്ന തരത്തിൽ പ്രസംഗിച്ചുവെന്നും മറ്റും മൊഴി നൽകിയിട്ടുള്ളതാണ്.

കുറ്റാരോപിതനായ സജി ചെറിയാനെ കണ്ടു ചോദിച്ചതിൽ ഇന്ത്യൻ ഭരണഘടനയെ അവഹേളിക്കുന്ന തരത്തിലോ അവമതിപ്പ് ഉണ്ടാക്കുന്ന തരത്തിലോ ദുരുദ്ദേശപരമായി ഒന്നും പറഞ്ഞിട്ടില്ലെന്നും ഇന്ത്യൻ ഭരണ ഘടന മഹത്തരമാണെന്നും ഇന്ത്യയിലെ പാവപ്പെട്ട തൊഴിലാളികൾ ഉൾപ്പെട്ട ജനങ്ങളുടെ ജീവിത പ്രശ്നങ്ങളെ സംബന്ധിച്ചാണ് സംസാരിച്ചതെന്നും സ്വാതന്ത്ര്യം ലഭിച്ച് 75 വർഷം പിന്നിട്ടിട്ടും രാജ്യത്തെ ഭരണഘടനയുടെ മഹത്തായ ലക്ഷ്യങ്ങൾ നടപ്പിലാക്കുന്നതിൽ ഭരണകൂടങ്ങൾ പരാജയപ്പെട്ടതിനെ കുറിച്ച് വിമർശനാത്മകമായി ചൂണ്ടിക്കാണിക്കുകയുമാണ് ചെയ്തതെന്നും മറ്റും മൊഴി നൽകിയിട്ടുണ്ട്.

ജില്ലാ ഗവ. പ്ലീഡർ മുമ്പാകെ നിയമോപദേശം ലഭിച്ചതിൽ പ്രകാരം കോടതി മുമ്പാകെ അന്തിമ റിപ്പോർട്ട് സമർപ്പിക്കുന്നു. കാലകാലങ്ങളിൽ വരുന്ന ഭരണകൂടങ്ങൾ ഭരണഘടനയെ ഉപയോഗിച്ച് തൊഴിലാളി വർഗ ചൂഷണത്തിന് വിധേയമാക്കുകയാണെന്ന് വിമർശനാത്മകമായി സംസാരിച്ചതല്ലാതെ ഭരണ ഘടനയെയോ ഭരണഘടനാ ശിൽപ്പികളെയോ അവഹേളിക്കണമെന്നോ അവമതിപ്പ് ഉണ്ടാക്കണമെന്നോ ഉള്ള ഉദ്ദേശത്തോടെയോ കരുതലോടെയോ ഭരണഘടനയെ അവഹേളിക്കുന്ന തരത്തിൽ യാതൊന്നും സംസാരിച്ചിട്ടില്ലെന്ന് വ്യക്തമായിട്ടുള്ളതാകുന്നു. ആയതിനാൽ ഈ കേസ് തുടർന്ന് അന്വേഷിക്കേണ്ട ആവശ്യമില്ലെന്ന് കാണുകയാൽ കോടതിയിൽ നിന്ന് കുറവ് ചെയ്യുന്നതിന് ഈ അന്തിമ റിപ്പോർട്ട് അയയ്ക്കുന്നു.

റിപ്പോർട്ടിൽ വളച്ചൊടിക്കലും അട്ടിമറിയും സുവ്യക്തം

സജി ചെറിയാനെതിരായ കേസ് എഴുതി തള്ളണമെന്ന മുൻ വിധിയോടെയാണ് തിരുവല്ല ഡിവൈ.എസ്‌പിയുടെ റിപ്പോർട്ട് എന്നുള്ളത് വായിക്കുന്ന ഏതൊരാൾക്കും മനസിലാകും. വാദിയും ഒന്നു മുതൽ അഞ്ചു വരെയുള്ള സാക്ഷികളും സജി ചെറിയാൻ ഭരണഘടനാ ലംഘനം നടത്തിയെന്ന് മൊഴി നൽകുകയും 2 മണിക്കൂർ 28 മിനുട്ട് 59 സെക്കൻഡ് ദൈർഘ്യമുള്ള പരിപാടിയുടെ വിഡിയോ തെളിവായി നൽകുകയും ചെയ്തിട്ടുണ്ട്. സജി ചെറിയാൻ ഭരണഘടനയെ അവഹേളിച്ച് എന്താണ് പറഞ്ഞിട്ടുള്ളതെന്ന് വീഡിയോയിൽ നിന്ന് വ്യക്തമാണ്.

ഡിവൈ.എസ്‌പിയുടെ അന്വേഷണ റിപ്പോർട്ടിൽ താൻ വീഡിയോ കണ്ടതായോ വിവാദ പരാമർശം ഏത് ഭാഗത്താണ് വരുന്നതെന്നോ പറഞ്ഞിട്ടില്ല. വീഡിയോ പ്രദർശിപ്പിച്ച് ഒരു സാക്ഷിയുടെയും മൊഴി എടുത്തിട്ടില്ല. വിഡിയോ പ്രദർശിപ്പിച്ച് വേണമായിരുന്നു പ്രതിയായ സജി ചെറിയാനോട് ചോദ്യങ്ങൾ ചോദിക്കുവാൻ. അങ്ങനെ ചോദിച്ചതായി പറയുന്നില്ല. സജി ചെറിയാന് അനുകൂലമായി മൊഴി നൽകിയവരെ കണ്ടു ചോദിച്ചുവെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. ചുരുക്കത്തിൽ കേസിലെ സുപ്രധാന തെളിവായി വീഡിയോ ഉണ്ടായിരിക്കേ അത് പരിശോധിക്കാതെ ഭൂരിപക്ഷവും സജി ചെറിയാൻ കുറ്റം ചെയ്തിട്ടില്ല എന്ന് മൊഴി നൽകിയെന്ന് പറഞ്ഞ് അവരുടെ മൊഴിയുടെ അടിസ്ഥാനത്തിൽ ഒരു നിഗമനത്തിൽ എത്തിയിരിക്കുകയാണ് ഡിവൈ.എസ്‌പി ചെയ്തിരിക്കുന്നത്.

എതിർഭാഗത്തിന്റെ തെളിവ് പരിശോധിക്കാതെ നടത്തിയിരിക്കുന്ന ഈ പ്രവൃത്തി മുൻകൂട്ടി തയാറാക്കിയ തിരക്കഥയ്ക്ക് അനുസരിച്ചുള്ളതാണ്. വീഡിയോയുടെ ഫോറൻസിക് പരിശോധനാ ഫലം പോലും വരുന്നതിന് മുൻപാണ് സജി ചെറിയാൻ കുറ്റം ചെയ്തിട്ടില്ലെന്ന നിഗമനത്തിൽ എത്തിയിരിക്കുന്നത്. ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ മേൽക്കോടതികളിൽ കേരളാ പൊലീസ നന്നേ വിയർക്കും.