- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
പഠനകാലത്തെ ചില വികൃതികൾ കാരണം പ്രവാസിയായ പിതാവ് മുംബൈയിലേക്ക് വണ്ടി കയറ്റിവിട്ടു; ഹോട്ടൽ കച്ചവടത്തിന്റെ ആദ്യപാഠങ്ങൾ പഠിക്കുന്നതിനിടെ വഴിത്തിരിവായി അപകടം; നാട്ടിലേക്ക് മടങ്ങി മലപ്പുറത്തെ തട്ടുകടയിൽ നിന്ന് തുടങ്ങി വളർത്തിയ കുഴിമന്തി സാമ്രാജ്യം; കോട്ടയത്ത് അൽഫാം കഴിച്ച് നഴ്സ് മരിച്ച സംഭവത്തിലെ ഹോട്ടലുടമ 'മലപ്പുറം കുഴിമന്തി പാർക് 'ലത്തീഫ് ആരാണ്?
കോട്ടയം: കോട്ടയത്തെ 'മലപ്പുറം കുഴിമന്തി'യിൽ നിന്നുള്ള അൽഫാം കഴിച്ചതിന് പിന്നാലെ ഭക്ഷ്യ വിഷബാധയേറ്റ പാലത്തറ സ്വദേശി രശ്മി രാജിന്റെ (33) മരണത്തോടെ കേരളത്തിൽ ഉടനീളം ഭക്ഷ്യ സുരക്ഷാ വകുപ്പ് പരിശോധന ഊർജ്ജിതം ആക്കിയിരിക്കുകയാണ്. കാസർകോട് കുമ്പള കൊടിയമ്മ സ്വദേശി ലത്തീഫ് ഉൾപ്പെടെ മൂന്നോളം പേരുടെ ഉടമസ്ഥയിലുള്ള മലപ്പുറം കുഴിമന്തിക്കെതിരെ വലിയ രീതിയിലുള്ള ജനരോഷം ഉയരുകയും ഹോട്ടൽ ആക്രമിക്കപ്പെടുകയും ചെയ്തിരുന്നു. കേരളത്തിൽ പാർക്ക് എന്ന ബ്രാൻഡിന്റെ പേരിൽ 12 ഓളം ശാഖകളായി പ്രവർത്തിക്കുന്ന 'മലപ്പുറം കുഴിമന്തി'യുടെ ഏറ്റവും വലിയ ബ്രാഞ്ച് പ്രവർത്തിക്കുന്നത് മലപ്പുറത്ത് പുത്തനത്താണിയിലാണ്. സബീൽ പാർക്ക് എന്ന മറ്റൊരു ഹോട്ടൽ സംരംഭവും ഈ ബ്രാൻഡിന്റെ കീഴിലുണ്ട് .
സംഭവവുമായി ബന്ധപ്പെട്ട് മറുനാടൻ മലയാളിയോട് ഹോട്ടൽ ഗ്രൂപ്പ് മാനേജർ പ്രതികരിച്ചത് ഇങ്ങനെയാണ്: 'കഴിഞ്ഞ 13 വർഷത്തോളമായി ഹോട്ടൽ മേഖലയിൽ പ്രവർത്തിക്കുന്ന തങ്ങളുടെ കോട്ടയം ഹോട്ടലിലെ ഭക്ഷ്യവിഷബാധക്ക് പിന്നിൽ ബോധപൂർവ്വം ആരെങ്കിലും പ്രവർത്തിച്ചിട്ടുണ്ടോ എന്ന് സംശയിക്കുന്നു. ഡിസംബർ 26 ാം തീയതി ഭക്ഷ്യവിഷബാധയേറ്റ് ഇരുപത്തിയഞ്ചോളം ആളുകളാണ് ആശുപത്രിയിലായത്. തുടർന്ന് ഒരാഴ്ച പിന്നിട്ടപ്പോൾ വീണ്ടും സമാന പ്രശ്നം ആവർത്തിക്കപ്പെടുകയും ഒരു മരണം ഉണ്ടാവുകയും ചെയ്തു. ഗ്രൂപ്പിന്റെ കീഴിലുള്ള മറ്റൊരു ഹോട്ടലിലും ഇത്തരത്തിലുള്ള യാതൊരു പ്രശ്നങ്ങളും ഇല്ലെന്നിരിക്കെ ഇവിടെ മാത്രം എന്താണ് ഇങ്ങനെ സംഭവിക്കുന്നത്. യുവതിയുടെ രാസ പരിശോധന വിവരങ്ങൾ പുറത്തുവന്നതിനുശേഷം കൂടുതൽ കാര്യങ്ങൾ പറയാൻ സാധിക്കുകയുള്ളൂ എന്നും ഇവർ വ്യക്തമാക്കി.
ദുരന്തം ഉണ്ടായത് ഇങ്ങനെ..
കഴിഞ്ഞ 29-ന് കോട്ടയം സംക്രാന്തിയിലുള്ള മലപ്പുറം കുഴിമന്തി ഹോട്ടലിൽനിന്ന് ഓർഡർ ചെയ്ത് വരുത്തിയ അൽഫാം ആണ് രശ്മി കഴിച്ചത്. മെഡിക്കൽ കോേളജ് നഴ്സിങ് ഹോസ്റ്റലിലേക്ക് വരുത്തിയാണ് ഭക്ഷണം കഴിച്ചത്. സഹോദരൻ വിഷ്ണുരാജിനും ഈ ഹോട്ടലിൽനിന്ന് ഭക്ഷണം കഴിച്ച മറ്റ് 26 പേർക്കും ഭക്ഷ്യവിഷബാധ ഏറ്റിട്ടുണ്ട്. രശ്മി രാജ് ഭക്ഷണം കഴിച്ച് രാത്രി ആയപ്പോൾ ഛർദിയും വയറിളക്കവും ഉണ്ടായി. തുടർന്ന് സഹപ്രവർത്തകർ മെഡിക്കൽ കോളജിൽ പ്രവേശിപ്പിക്കുകയായിരുന്നു.
പരിശോധനയിൽ വയറ്റിൽ അണുബാധയാണെന്ന് സ്ഥിരീകരിച്ചതോടെ ഉടൻ ട്രോമ കെയർ തീവ്രപരിചരണ യൂണിറ്റിലേക്ക് മാറ്റി. രോഗാവസ്ഥ ഗുരുതരമാകുകയും അണുബാധ, വൃക്കയും കരളുമടക്കമുള്ള അവയവങ്ങളെ ബാധിച്ചതിനെ തുടർന്ന് വെന്റിലേറ്ററിലേക്ക് മാറ്റി. എന്നാൽ, തിങ്കളാഴ്ച രാത്രി ഏഴുമണിയോടെ മരിച്ചു. അതിനിടെ ഡയാലിസിസിന് വിധേയമാക്കിയെങ്കിലും ഫലമുണ്ടായില്ല.
ആരാണ് മലപ്പുറം കുഴിമന്തി പാർക് ലത്തീഫ്?
കാസർഗോഡ് കുമ്പള കൊടിയമ്മ സ്വദേശിയായ ലത്തീഫിന്റെ പഠനകാലത്തെ വികൃതികൾ കാരണം പ്രവാസിയായ പിതാവ് മുംബൈയിലുള്ള ഭാര്യാ സഹോദരൻ നടത്തുന്ന ഹോട്ടൽ റഹ്മാനിയിലേക്ക് പറഞ്ഞു വിടുന്നു. ആ കാലഘട്ടത്തിലെ മലയാളികളുടെ പ്രധാന ഹോട്ടലുകളിൽ ഒന്നായിരുന്നു റഹ്മാനിയ . ഇവിടെ അമ്മാവന്റെ കീഴിൽ പഠനവും, തൊഴിലും ഒരുപോലെ ലത്തീഫ് മുന്നോട്ടു കൊണ്ടുപോയി. ഹോട്ടൽ കച്ചവടത്തിന്റെ ആദ്യപാഠങ്ങൾ ലത്തീഫ് പഠിക്കുന്നത് അമ്മാവന്റെ കീഴിൽ നിന്നാണ്. പ്ലസ് ടു കഴിഞ്ഞ് ഹോട്ടൽ മാനേജ്മെന്റ് ബിരുദം കരസ്ഥമാക്കിയ ലത്തീഫ് മുംബൈയിൽ വെച്ചുണ്ടായ ഒരു അപകടത്തിൽ കിടപ്പിലായതോടെ കാസർകോട്ടേക്ക് തിരിച്ചെത്തുന്നു. ലത്തീഫിന്റെ ചികിത്സയുമായി ബന്ധപ്പെട്ട് പിതാവ് പ്രവാസജീവിതം അവസാനിപ്പിച്ച് നാട്ടിൽ തിരിച്ചെത്തിയതോടെ വീണ്ടും ദാരിദ്ര്യത്തിന്റെ കയ്പ് ഇവർക്കിടയിൽ കടന്നുവന്നു. ആരോഗ്യം വീണ്ടെടുത്ത ലത്തീഫ,് അഷ്റഫ് എന്ന സുഹൃത്ത് മുഖേന മലപ്പുറത്ത് എത്തുകയും പഴക്കടയിൽ ജോലി ചെയ്തു വരവേ ഒരു ചെറിയ ഹോട്ടൽ നടത്തിപ്പിനായി ലഭിക്കുകയുമായിരുന്നു. ഇവിടെ നിന്നാണ് 13 ഓളം സ്ഥാപനങ്ങൾ നാല് പങ്കാളികളുടെ സഹായത്തോടെ ഇയാൾ കെട്ടിപ്പൊക്കിയത്.
മറുനാടൻ റിപ്പോർട്ടർ കുമ്പളയിൽ ലത്തീഫിനെ തേടിയെത്തിയപ്പോൾ
കോട്ടയത്തെ മലപ്പുറം കുഴിമന്തി കുമ്പളയിലെ ലത്തീഫിന്റെ ഉടമസ്ഥയിൽ ഉള്ളതാണെന്ന വിവരം മാത്രമേ പ്രാഥമികമായി ഞങ്ങൾക്ക് ലഭിച്ചിരുന്നത്. കുമ്പളയിലെ നിരവധി രാഷ്ട്രീയ പ്രവർത്തകർക്കും സാമൂഹ്യപ്രവർത്തകർക്കും ലത്തീഫിന്റെ വിവരം അന്വേഷിച്ച് ഞങ്ങൾ വിളിച്ചു. പക്ഷേ ലത്തീഫുമായി ബന്ധപ്പെട്ട ഒരു വിവരങ്ങളും പങ്കുവെക്കാൻ ഇവരാരും തയ്യാറായിരുന്നില്ല. മാത്രമല്ല കുഴിമന്തി ലത്തീഫിനെ അറിയുകപോലുമില്ല എന്നാണ് പലരും വ്യക്തമാക്കിയത്. ഇതിനിടയിൽ ലത്തീഫുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ഞങ്ങൾക്ക് ലഭിക്കുകയും നേരത്തെ ബന്ധപ്പെട്ടവരെ വീണ്ടും വിളിച്ചപ്പോൾ, ലത്തീഫിനെ അറിയാമെന്നായി. പക്ഷേ വിവരങ്ങൾ പങ്കുവെക്കാൻ ഇവർ ആരും തയ്യാറായിരുന്നില്ല. തുടർന്ന് കൊടിയമ്മ സ്വദേശികളെ ബന്ധപ്പെട്ടപ്പോഴാണ് ലത്തീഫ് കഴിഞ്ഞ കുറെ കാലങ്ങളായി കുടുംബത്തോടൊപ്പം മലപ്പുറത്താണ് താമസിക്കുന്നതെന്നും കൊടിമയിലെ വീട്ടിലേക്ക് വല്ലപ്പോഴുമാണ് വരുന്നതെന്നും മനസ്സിലാക്കാൻ സാധിച്ചത്. എന്നാൽ ലത്തീഫിനെ ബന്ധപ്പെടാനുള്ള മറ്റു വിവരങ്ങളൊന്നും ഇവർ നൽകാൻ തയ്യാറായിരുന്നില്ല.
തുടർന്ന് മലപ്പുറത്തെ പുത്തനത്താണിയിലെ സാമൂഹ്യപ്രവർത്തകരുമായി ബന്ധപ്പെട്ടപ്പോൾ ഇയാളുടെ കൂടുതൽ വിവരങ്ങൾ മനസ്സിലാക്കാൻ സാധിച്ചത്. നിരവധി ചാരിറ്റി പ്രവർത്തനങ്ങൾ ഇയാൾ നടത്തിവരുന്നതായും ഇതിലൂടെ വലിയ സൗഹൃദ വലയം മലപ്പുറത്ത് ലത്തീഫിന് സൃഷ്ടിക്കാൻ സാധിച്ചിട്ടുണ്ട് എന്നാണ് പലരുടെയും പ്രതികരണങ്ങൾ നിന്നും മനസ്സിലാക്കാൻ സാധിക്കുന്നത്.
നിലവിൽ പൊലീസ് അന്വേഷണം എവിടെ വരെ?
രശ്മി രാജന്റെ പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ട് ആണ് നിലവിൽ പൊലീസിന് ലഭിച്ചിരിക്കുന്നത്. രാസ പരിശോധന റിപ്പോർട്ടുകൾ വന്നാൽ കൂടുതൽ നടപടിയിലേക്ക് കടക്കും. പ്രതിചേർക്കപ്പെട്ടവർ മുൻകൂർ ജാമ്യ അപേക്ഷ നൽകിയതിനാൽ അറസ്റ്റ് പോലുള്ള നടപടികൾ ജാമ്യ അപേക്ഷയിൽ കോടതി വിധിയെ ആശ്രയിച്ചായിരിക്കും മുന്നോട്ടുപോകുക.
മറുനാടന് മലയാളി ന്യൂസ് കോണ്ട്രിബ്യൂട്ടര്