പാലക്കാട്: സന്ദീപ് വാര്യരെ സിപിഎമ്മിലേക്ക് അടുപ്പിക്കാന്‍ സജീവ നീക്കങ്ങള്‍ നടന്നുവെങ്കിലും കോണ്‍ഗ്രസ് പാളയത്തിലേക്ക് നേതാവിനെ എത്തിച്ചത് ഹൈക്കമാണ്ട് നീക്കം. സിപിഎമ്മില്‍ സന്ദീപുമായി സംസാരിച്ചത് പാലക്കാട്ടെ ജില്ലാ നേതൃത്വമാണ്. സിപിഎം ജില്ലാ സെക്രട്ടറി തലത്തിലായിരുന്നു ഇടപെടല്‍. മന്ത്രി എംബി രാജേഷും മന്ത്രി പി രാജീവുമെല്ലാം ആശയ വിനിമയം നടത്തിയിരുന്നുവെന്ന സൂചനകള്‍ പുറത്തു വരുമ്പോഴും സംസ്ഥാന നേതൃത്വത്തിലെ പ്രധാനികളില്‍ ആരും സംസാരിച്ചിരുന്നില്ല.

പാലക്കാട് നിന്നുള്ള സിപിഎമ്മിലെ ദേശീയ നേതാക്കളും മാറി നിന്നു. രണ്ട് യുവ നേതാക്കള്‍ക്ക് പി സരിനൊപ്പം സന്ദീപ് വാര്യര്‍ വരുന്നത് തീരെ ഇഷ്ടപ്പെട്ടതുമില്ല. അവരുടെ സ്ഥാനത്തെ കുറിച്ചള്ള ഭയമായിരുന്നു ഇതിന് കാരണം. എന്നാല്‍ കോണ്‍ഗ്രസുമായി ചര്‍ച്ച തുടങ്ങിയപ്പോള്‍ തന്നെ ഡല്‍ഹിയില്‍ നിന്നും വിളിയെത്തി. എഐസിസിയുടെ സംഘടനാ ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ നേരിട്ട് സംസാരിച്ചു. എല്ലാ പിന്തുണയും സംരക്ഷണവും വാഗ്ദാനം ചെയ്തു. ഇതോടെയാണ് സന്ദീപ് വാര്യരെ കോണ്‍ഗ്രസിലെത്തിക്കാനുള്ള ബെന്നി ബെഹന്നാന്റെ നീക്കം ഫലത്തിലേക്ക് നീങ്ങിയത്. ഷാഫി പറമ്പിലും വികെ ശ്രീകണ്ഠനും സന്തോഷത്തിലായി. എന്നാല്‍ കോണ്‍ഗ്രസില്‍ സംഘടനാ തലത്തില്‍ പ്രവര്‍ത്തിക്കുന്ന ഒരു യുവ നേതാവ് മാത്രം മുഖം മ്ലാനതയിലാക്കി. നിലവില്‍ എംപിയോ എംഎല്‍എയോ ഒന്നുമല്ല ഈ നേതാവ്. അതായത് പാലക്കാട്ട് നിന്നുള്ള ഒരാളൊഴികെയുള്ള കോണ്‍ഗ്രസ് നേതൃത്വം ഒന്നാകെ സന്ദീപിനെ സ്വീകരിക്കുകയാണ്.

ഷൊര്‍ണ്ണൂരും ഒറ്റപ്പാലത്തും നല്ല സ്വാധീനമുള്ള ബിജെപി നേതാവായിരുന്നു സന്ദീപ് വാര്യര്‍. ഈ രണ്ട് സ്ഥലത്തും അടുത്ത നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനായി അത്ഭുതം കാട്ടാന്‍ സന്ദീപ് വാര്യര്‍ക്ക് കഴിയുമെന്ന വിലയിരുത്തല്‍ കോണ്‍ഗ്രസ് നേതൃത്വത്തിനുണ്ട്. കെപിസിസിയിലെ ഉയര്‍ന്ന പദവിയും സന്ദീപിന് നല്‍കും. കോണ്‍ഗ്രസ് ഹൈക്കമാണ്ട് തന്നെ ഇക്കാര്യത്തില്‍ ഉടന്‍ തീരുമാനമെടുക്കും. ബിജെപിയിലേയും സിപിഎമ്മിലേയും അസംതൃപ്തരെ കൂടുതലായി കോണ്‍ഗ്രസിലേക്ക് കൊണ്ടു വരും. ഇത്തരം ദൗത്യങ്ങളുടെ ചുമതല ഏറ്റെടുക്കാന്‍ ബെന്നി ബെഹന്നാനും തയ്യാറായേക്കും. അങ്ങനെ നേതാക്കളെ എത്തിക്കണമെങ്കില്‍ അവര്‍ക്ക് മുന്നില്‍ ഒരു മോഡലിനെ അവതരിപ്പിക്കണം. അതുകൊണ്ട് തന്നെ സന്ദീപ് വാര്യര്‍ക്ക് അര്‍ഹിക്കുന്ന എല്ലാ പരിഗണനയും കോണ്‍ഗ്രസ് നല്‍കും.

എന്തു കിട്ടിയാലും മാധ്യമ പ്രവര്‍ത്തകരെ അറിയിച്ച് എല്ലാ ഓപ്പറേഷനും പൊളിക്കുന്ന ചിലര്‍ കോണ്‍ഗ്രസിനുള്ളിലുണ്ട്. അവരിലേക്ക് സന്ദീപ് വാര്യരുടെ ചര്‍ച്ച എത്താതിരിക്കാനും കോണ്‍ഗ്രസ് കരുതല്‍ കാട്ടി. അതിവിശ്വസ്തരുമായി സന്ദീപും ഇക്കാര്യം പങ്കുവച്ചിരുന്നു. സിപിഎമ്മിനേക്കാള്‍ സന്ദീപിന്റെ രാഷ്ട്രീയത്തിന് നല്‍ക്കത് കോണ്‍ഗ്രസാണെന്ന പൊതു നിലപാടായിരുന്നു ഈ സുഹൃത്തുക്കളും. സന്ദീപിനെ പോലെ ബിജെപിയില്‍ അസംതൃപ്തര്‍ നിരവധിയുണ്ട്. ഇവരുമായെല്ലാം കോണ്‍ഗ്രസ് ചര്‍ച്ച നടത്തും. പ്രത്യേക ടീമിനെ തന്നെ നിയോഗിക്കും. രഹസ്യങ്ങള്‍ ചോരാതിരിക്കാന്‍ കാട്ടിയ കരുതലുമെടുക്കും.

സന്ദീപിനെ കോണ്‍ഗ്രസിലേക്കു സ്വീകരിക്കാന്‍ രണ്ടു ദിവസം മുന്‍പ് തന്നെ അന്തിമധാരണ എത്തിയിരുന്നുവെന്നാണു സൂചന. തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ അവസാനലാപ്പില്‍ വലിയ ട്വിസ്റ്റായി സന്ദീപിന്റെ കൂടുമാറ്റം പ്രഖ്യാപിച്ച് മറ്റു മുന്നണികള്‍ക്കു ഷോക്ക് നല്‍കാന്‍ വേണ്ടി കാത്തിരിക്കുകയായിരുന്നു കോണ്‍ഗ്രസ് നേതാക്കള്‍. കല്‍പ്പാത്തി രഥോല്‍സവം കൂടി കഴിഞ്ഞു മതി പ്രഖ്യാപനം എന്നായിരുന്നു തീരുമാനം. ഇതിനിടെ ഹൈക്കമാന്‍ഡിന്റെ അനുമതി കൂടി ലഭിച്ചതോടെ പ്രഖ്യാപനം നടത്താന്‍ തീരുമാനിക്കുകയായിരുന്നു. നവംബര്‍ 20നാണ് പാലക്കാട്ട് വോട്ടെടുപ്പ് നടക്കുന്നത്.

പി.സരിന്റെ അപ്രതീക്ഷിത ചുവടുമാറ്റവും പിന്നീടു വന്ന പെട്ടി വിവാദവും മറികടക്കാന്‍ ബിജെപിയുടെ കരുത്തനായ നേതാവിനെ ഒപ്പം ചേര്‍ക്കുന്നതിലൂടെ കഴിയുമെന്നാണ് കോണ്‍ഗ്രസ് നേതൃത്വത്തിന്റെ കണക്കുകൂട്ടല്‍. പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ ഉള്‍പ്പെടെയുള്ള കോണ്‍ഗ്രസ് നേതാക്കള്‍ സന്ദീപുമായി ചര്‍ച്ച നടത്തി. പാലക്കാട്ട് പല നേതാക്കന്മാരും പാര്‍ട്ടി വിട്ടു പോകുന്നതിനിടെയാണ് സന്ദീപിനെ കോണ്‍ഗ്രസിലേക്ക് എത്തിച്ചുള്ള കോണ്‍ഗ്രസിന്റെ മിന്നല്‍ നീക്കം.