- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഷൊര്‍ണ്ണൂരിലോ ഒറ്റപ്പാലത്തോ മത്സരിക്കാം; തൃശൂരും വട്ടിയൂര്‍ക്കാവും അടക്കം സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചകളില്‍; കെപിസിസിയുടെ പുതിയ സെക്രട്ടറിയുമാക്കും; സന്ദീപ് വാര്യരെ കോണ്‍ഗ്രസിലേക്ക് അടുപ്പിച്ചത് കെസിയുടെ ഉറപ്പുകള്‍ തന്നെ; പാണക്കാട് പറന്നെത്തി ലീഗ് മനസ്സും പിടിച്ചു; സന്ദീപ് വാര്യര്‍ ചര്‍ച്ച തുടരുമ്പോള്‍
തൃശൂര്‍: പാണക്കാട് ഓടിയെത്തി മുസ്ലീം ലീഗ് നേതൃത്വവുമായി കൂടിക്കാഴ്ച നടത്തിയ സന്ദീപ് വാര്യര്‍ നല്‍കുന്നത് യുഡിഎഫിലെ അതിവിശ്വസ്താനായ പോരാളിയായി താന്‍ മാറുമെന്ന സന്ദേശം. ഇതോടെ യുഡിഎഫിലെ രണ്ടാം കക്ഷിയും പൂര്‍ണ്ണ തൃപ്തരാണ്. അങ്ങനെ സന്ദീപ് വാര്യര്‍ എല്ലാ അര്‍ത്ഥത്തിലും കോണ്‍ഗ്രസുകാരനായി. പാലകാട്ടെ തിരിഞ്ഞെടുപ്പ് വേദിയില്‍ രാഹുല്‍ മാങ്കൂട്ടത്തിലിനു വേണ്ടി വരും ദിനങ്ങളിലും വോട്ട് തേടും. അതിന് ശേഷം ഡല്‍ഹിയിലേക്ക് പറന്ന് കോണ്‍ഗ്രസ് ദേശീയ നേതൃത്വത്തേയും കാണും. എല്ലാ അംഗീകാരവും പരിഗണനയും സന്ദീപിന് കോണ്‍ഗ്രസ് ഹൈക്കമാണ്ട് ഉറപ്പു നല്‍കിയിട്ടുണ്ട്. കേരളത്തിലെ കോണ്‍ഗ്രസിനുള്ളിലെ ഗ്രൂപ്പ് രാഷ്ട്രീയത്തില്‍ അരിഞ്ഞു വീഴില്ലെന്ന ഉറപ്പുമായാണ് സന്ദീപ് കൈപിടിച്ചത്. പാലക്കാട് ജില്ലയിലെ നിയമസഭാ സീറ്റുകളില്‍ ഒന്നില്‍ സന്ദീപിനെ മത്സരിപ്പിക്കാനാണ് കോണ്‍ഗ്രസ് താല്‍പ്പര്യം. പാലക്കാട്ടെ ബിജെപി കോട്ടയില്‍ വിളളലുണ്ടാക്കുകയാണ് ലക്ഷ്യം.
ഷൊര്‍ണ്ണൂരിലും ഒറ്റപ്പാലത്തും സന്ദീപിന് ജയസാധ്യത കോണ്‍ഗ്രസ് കാണുന്നുണ്ട്. ഇതിനൊപ്പം തൃശൂരും തിരുവനന്തപുരത്തെ വട്ടിയൂര്‍ക്കാവ് നിയമസഭാ സീറ്റും. വട്ടിയൂര്‍ക്കാവില്‍ കെ മരുളീധരന്‍ മുമ്പ് എംഎല്‍എയായിരുന്നു. വട്ടിയൂര്‍ക്കാവില്‍ മത്സരിക്കാന്‍ മുരളീധരന്‍ വിസമ്മതം കാട്ടിയാല്‍ സന്ദീപിനെ പരിഗണിക്കാമെന്ന ചിന്ത കോണ്‍ഗ്രസിലുണ്ട്. കെപിസിസിയുടെ സെക്രട്ടറി പദവും സന്ദീപിന് നല്‍കും. ഇതോടെ ഇന്ദിരാഭവനില്‍ സ്ഥിരമായ കസേര കിട്ടും. കോണ്‍ഗ്രസ് വേദികളില്‍ പ്രോട്ടോകോള്‍ പ്രശ്‌നമുയര്‍ത്തി ഗ്രൂപ്പ് മാനേജര്‍മാര്‍ അവഗണിക്കുകയുമില്ല. ഇതിന് വേണ്ടി കൂടിയാണ് സന്ദീപിന് സംഘടനാ ചുമതല ഹൈക്കമാണ്ട് നല്‍കുന്നത്. എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ എല്ലാ പിന്തുണയും സന്ദീപിന് വാഗ്ദാനം ചെയ്തിട്ടുണ്ട്. സംസ്ഥാന നേതൃ നിരയില്‍ മാന്യമായ സ്ഥാനം ഉറപ്പും നല്‍കി. സന്ദീപിന് നല്‍കിയ പരിഗണന ചര്‍ച്ചയാക്കി സിപിഎമ്മിലേയും ബിജെപിയിലേയും അസംതൃപ്തരെ കോണ്‍ഗ്രസിലേക്ക് അടുപ്പിക്കാനാണ് നീക്കം.
ബിജെപി വിട്ട് കോണ്‍ഗ്രസിലെത്തിയ സന്ദീപ് വാര്യര്‍ പാണക്കാടെത്തിയതും കോണ്‍ഗ്രസ് നേതൃത്വത്തിന്റെ കൂടി തീരുമാന പ്രകാരമാണ്. മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് സാദിഖലി ശിഹാബ് തങ്ങളുമായും ലീഗ് നേതാക്കളുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തി. ഇന്ന് രാവിലെ പാണക്കാട് തറവാട്ടിലെത്തിയ സന്ദീപിനെ ലീഗ് നേതാക്കളായ പി കെ കുഞ്ഞാലിക്കുട്ടി എന്‍ ഷംസുദ്ദീന്‍ എം എല്‍എ, നജീബ് താന്തപുരം എന്നിവര്‍ ചേര്‍ന്നാണ് സ്വീകരിച്ചത്. സന്ദീപ് പാണക്കാടെത്തിയത് കെപിസിസി നിര്‍ദേശമനുസരിച്ചാണ്. മുമ്പ് സന്ദീപിനെ സ്വാഗതം ചെയ്ത് യൂത്ത് ലീഗ് അധ്യക്ഷന്‍ മുനവ്വറലി തങ്ങള്‍ ഫേസ്ബുക്കില്‍ പോസ്റ്റിട്ടിരുന്നു. ചാനല്‍ ചര്‍ച്ചയിലും മറ്റും തീവ്ര നിലപാടുമായി ബിജെപിക്ക് വേണ്ടി വാദിച്ച സന്ദീപിനെ ലീഗും സ്വാഗതം ചെയ്യുന്നുവെന്നത് കോണ്‍ഗ്രസിന് ആശ്വാസമാണ്.
സന്ദീപ് വാര്യരുടെ പ്രതികരണങ്ങളും കോണ്‍ഗ്രസിന് പ്രതീക്ഷയായി മാറിയിട്ടുണ്ട്. കരുതലോടെ പ്രതികരിക്കുന്ന സന്ദീപ് പക്ഷേ വിമര്‍ശകര്‍ക്ക് കൃത്യമായ മറുപടി നല്‍കുന്നു. ബിജെപി ക്യാമ്പ് ആകെ തളര്‍ന്നുവെന്നാണ് കോണ്‍ഗ്രസ് വിലയിരുത്തല്‍. താന്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നപ്പോള്‍ വലിയ കസേര കിട്ടട്ടേയെന്നാണ് കെ. സുരേന്ദ്രന്‍ ഇന്നലെ പറഞ്ഞത്. ഇരിക്കുന്ന കസേരയുടെ മഹത്വമറിയാത്തവരാണ് ആ രീതിയിലുള്ള കാര്യങ്ങള്‍ പറയുന്നത്. ഇന്ന് എനിക്ക് കിട്ടിയത് വലിയ കസേര തന്നെയാണ്. കുടപ്പനക്കുന്ന് തറവാട്ടില്‍ വന്ന് തങ്ങളുടെ കൂടെ ഇരിക്കാനൊരു കസേര കിട്ടിയിട്ടുണ്ടെങ്കില്‍ അതൊരു വലിയ കാര്യം തന്നെയാണെന്ന് കെ. സുരേന്ദ്രന് മറുപടിയായി സന്ദീപ് വാര്യര്‍ പറഞ്ഞു. സിപിഎമ്മിനേയും ബിജെപിയേയും കടന്നാക്രമിക്കുന്ന സന്ദീപ് ശൈലിയും ശ്രദ്ധേയമാണ്.
മന്ത്രി എംബി രാജേഷിനെയും സന്ദീപ് വിമര്‍ശിച്ചു. മന്ത്രി എംബി രാജേഷ് പറഞ്ഞത് ഞാന്‍ കേട്ടു. നമ്മുടെ രാജ്യത്ത് ഭക്ഷണം വസ്ത്രം, ഭാഷ ഇതൊക്കെ വ്യക്തിപരമായ സ്വാതന്ത്ര്യമാണ്. അത് സംരക്ഷിക്കാനുള്ള പോരാട്ടത്തിലാണ് മതനിരപേക്ഷ ശക്തികളൊക്കെ ഒന്നിച്ചുനില്‍ക്കേണ്ടതെന്ന് വിശ്വസിക്കുന്ന ആളാണ് ഞാന്‍. അതുപോലെ തന്നെയാണ് രാഷ്ട്രീയവും. അതും ഒരാളുടെ വ്യക്തിപരമായ തിരഞ്ഞെടുപ്പാണ്. അത് ഒരാള്‍ തിരഞ്ഞെടുക്കുമ്പോള്‍ എന്തിനാണ് അസഹിഷ്ണുത കാണിക്കുന്നത്. ഞാന്‍ ഭയക്കുന്നത് എന്നെ കൊല്ലാന്‍ ഇന്നോവ അയക്കുന്നത് സിപിഎമ്മും ബിജെപിയും ഒന്നിച്ചായിരിക്കുമെന്നാണ്. ആ ഇന്നോവ ഒരുപക്ഷെ ഡ്രൈവ് ചെയ്യുന്നത് എംബി രാജേഷ് ആണെങ്കില്‍ അതില്‍ എനിക്കെതിരെയുള്ള ക്വട്ടേഷനുമായി വരുന്നത് സുരേന്ദ്രനായിരിക്കാം.
രണ്ടുകൂട്ടരും ഒരേ ഫാക്ടറിയില്‍ ഉത്പാദിപ്പിക്കുന്ന ആക്ഷേപങ്ങളാണ് എനിക്കെതിരെ ഉന്നയിക്കുന്നത്. ഇതെങ്ങനെയാണ് സയാമീസ് ഇരട്ടകളേപ്പോലെ ആക്ഷേപിക്കാന്‍ കഴിയുന്നത്. ഇതൊക്കെ കേരളത്തിലെ ജനങ്ങളും പാലക്കാട്ടെ വോട്ടര്‍മാരും കാണുന്നുണ്ട്. ഓഫര്‍ കിട്ടിയിട്ടാണ് പോയതെന്നാണ് ആക്ഷേപം. അങ്ങനെയെങ്കില്‍ അത് നല്‍കുന്നവര്‍ക്കടുത്തേക്കല്ലെ പോകേണ്ടത്. ഞാന്‍ കോണ്‍ഗ്രസിലേക്ക് വരുന്ന സമയത്ത് കേരളത്തില്‍ യുഡിഎഫിന് ഭരണമില്ല. രാജ്യത്ത് കോണ്‍ഗ്രസിന് ഭരണമില്ല അങ്ങനെ പ്രതിപക്ഷത്ത് നില്‍ക്കുന്ന പാര്‍ട്ടിയിലേക്ക് കടന്നുവരികയാണ് ചെയ്തത്.
വെറുപ്പിന്റെയും വിദ്വേഷത്തിന്റെയും ഫാക്ടറിയില്‍ നിന്ന് പ്രവര്‍ത്തിച്ച് മടുത്തിട്ടാണ് ഞാന്‍ വിശ്വസിച്ചിരുന്ന പ്രത്യയശാസ്ത്രത്തെ എന്നെന്നേക്കുമായി ഉപേക്ഷിച്ചാണ് യുഡിഎഫിന്റെ മാനവീകതയുടെ പക്ഷത്തേക്ക് വന്നത്. ബിജെപിയില്‍ ആരെയും വ്യക്തിപരമായി ആക്ഷേപിക്കാന്‍ ഞാന്‍ ഉദ്ദേശിക്കുന്നില്ല. ബിജെപിയെ നന്നാക്കാന്‍ ഒരു ചൂരലെടുത്ത് മാരാര്‍ജി ഭവന് ചുറ്റും നടക്കാനും ഉദ്ദേശിക്കുന്നില്ല. ഞാന്‍ തല്ലിയാലും അവര്‍ നന്നാകാന്‍ പോകുന്നില്ല. അതുകൊണ്ട് ഇനിമുതല്‍ കോണ്‍ഗ്രസിന്റെ രാഷ്ട്രീയം ഉയര്‍ത്തിപ്പിടിച്ച് മുന്നോട്ടുപോകുമെന്നും സന്ദീപ് വാര്യര്‍ പറഞ്ഞു.