- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കെപിസിസി അധ്യക്ഷന്റെ മകന്റെ കല്യാണത്തിന് കണ്ണൂരിലെത്തിയപ്പോള്‍ കണ്ടത് ബഹറിനിലെ സിപിഎം സഹയാത്രികനെ; എവി ഗോപിനാഥിലൂടെ ബന്ധം അരക്കിട്ടുറപ്പിച്ചു; ഡിജിറ്റല്‍ മീഡിയാ ഗ്രൂപ്പിനെ ഛിന്നഭിന്നമാക്കിയതും മറുകണ്ടം ചാടാനുള്ള പദ്ധതിയെന്നും വിലയിരുത്തല്‍; സരിനെ ഓര്‍ത്ത് വിലപിക്കേണ്ടെന്ന നിലപാടില്‍ കോണ്‍ഗ്രസ്; ലക്ഷ്യം ഒറ്റപ്പാലം!
കൊച്ചി: സിപിഎം പക്ഷത്തേക്ക് ഡോ പി സരിന്‍ ചുവടുമാറിയത് വ്യക്തമായ പദ്ധതിയിലൂടെയെന്ന നിഗമനത്തില്‍ കോണ്‍ഗ്രസ്. പാലക്കാട് ഉപതിരഞ്ഞെടുപ്പ് ഉറപ്പായപ്പോള്‍ തന്നെ ഇതിനുള്ള തന്ത്രങ്ങളിലേക്ക് സരിന്‍ കടന്നിരുന്നു. കോണ്‍ഗ്രസിന്റെ ഡിജിറ്റല്‍ മീഡിയാ ഗ്രൂപ്പിനെ ഛിന്നഭിന്നമാക്കിയതും ഭാവിയില്‍ ഇടത്തേക്ക് ചായാനുള്ള തന്ത്രത്തിന്റെ ഭാഗമായിരുന്നു. ഇത് കോണ്‍ഗ്രസിന് തിരിച്ചറിയാന്‍ കഴിയാതെ പോയി എന്ന വിലയിരുത്തല്‍ സജീവമാണ്. കഴിഞ്ഞ തവണ ഒറ്റപ്പാലത്തായിരുന്നു സരിന്‍ കൈപ്പത്തി ചിഹ്നത്തില്‍ മത്സരിച്ചത്. 10000ത്തില്‍ താഴെ വോട്ടിന് തോറ്റു. സിപിഎമ്മിന്റെ ഈ ശക്തിദുര്‍ഗ്ഗം കോണ്‍ഗ്രസിന് ബാലികേറാ മലയാണ്. ഇത് തിരിച്ചറിഞ്ഞാണ് ഇടതുപാളയത്തിലെത്തി പാര്‍ലമന്ററീ മോഹം ശക്തമാക്കാന്‍ സരിന്‍ തീരുമാനിച്ചതെന്നാണ് വിലയിരുത്തല്‍. കോണ്‍ഗ്രസില്‍ നിന്നും തെറ്റിപിരിഞ്ഞ എവി ഗോപിനാഥും സിപിഎമ്മിനും സരിനും ഇടയില്‍ പാലം തീര്‍ക്കാനെത്തി. സരിന്റെ വ്യക്തമായ പദ്ധതികള്‍ ഇതിന് പിന്നലുണ്ടെന്നാണ് വിലയിരുത്തല്‍.
കണ്ണൂരില്‍ കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്റെ മകന്‍ വിവാഹവുമായി ബന്ധപ്പെട്ട് സരിന്‍ എത്തി. അന്ന് സിപിഎം നേതാക്കളുമായി അടുപ്പമുള്ള പ്രവാസി വ്യവസായിയെ അടക്കം സരിന്‍ സന്ദര്‍ശിച്ചു. എവി ഗോപിനാഥുമായും സരിന്‍ നിരന്തരം ബന്ധപ്പെട്ടിട്ടുണ്ടെന്ന് കോണ്‍ഗ്രസ് വിലയിരുത്തുന്നു. സരിന്‍ മത്സരിക്കുമെന്ന സൂചന സിപിഎമ്മിനും നേരത്തെയുണ്ടായിരുന്നു. അതുകൊണ്ടാണ് പാലക്കാട്ടെ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തില്‍ അടക്കം സിപിഎം കരുതല്‍ എടുത്തത്. കോണ്‍ഗ്രസില്‍ നിന്നും സരിനെ പുറത്താക്കുമ്പോള്‍ ഇടതു സ്ഥാനാര്‍ത്ഥിയാക്കാന്‍ സിപിഎം തീരുമാനിച്ചതും വളരെ മുമ്പാണ്. അതുകൊണ്ടാണ് ഇക്കാര്യത്തില്‍ വലിയ ചര്‍ച്ചകള്‍ ഇപ്പോള്‍ സിപിഎമ്മില്‍ നടക്കാത്തത്. ഔപചാരികതയുടെ പേരിലെ യോഗങ്ങളാണ് നടന്നത്. മുഖ്യമന്ത്രി പിണറായി വിജയനോട് സരിനെ മുന്‍നിര്‍ത്തി മത്സരിക്കാം എന്ന സന്ദേശം നല്‍കിയത് എവി ഗോപിനാഥാണെന്നും ഏതാണ്ട് വ്യക്തമാണ്. ഗോപിനാഥിനോട് മത്സരിക്കാന്‍ സിപിഎം ആവശ്യപ്പെട്ടിരുന്നു. ഈ സമയം താന്‍ മത്സരിക്കില്ലെന്നും മറ്റൊരാളെ കണ്ടെത്താമെന്നും സിപിഎമ്മിന് എവി ഗോപിനാഥ് ഉറപ്പ് നല്‍കിയിരുന്നു. ഇതാണ് സരിനിലൂടെ യഥാര്‍ത്ഥ്യമായത്. എന്നാല്‍ ഇതെല്ലാം പരസ്യമായി നിഷേധിക്കുകയാണ് ഗോപിനാഥ്.
ഭാവിയില്‍ ഒറ്റപ്പാലത്ത് സിപിഎം സ്ഥാനാര്‍ത്ഥിയായി എംഎല്‍എയാകുകയെന്ന സ്വപ്‌നാണ് സരിന് മുന്നിലുള്ളതെന്നാണ് കോണ്‍ഗ്രസ് തിരിച്ചറിയുന്നത്. അടുത്ത നിയമസഭാ തിരഞ്ഞെടുപ്പില്‍ അല്ലെങ്കില്‍ അതിന് അടുത്തതില്‍ ഒറ്റപ്പാലത്ത് സിപിഎമ്മിന് വേണ്ടി മത്സരിക്കാമെന്ന പ്രതീക്ഷ സരിനുണ്ടത്രേ. പാലക്കാട് സിപിഎമ്മിന് തീരെ വിജയസാധ്യത കുറവാണ്. ബിജെപിയും കോണ്‍ഗ്രസും തമ്മിലാണ് കുറച്ചു നാളായി പാലക്കാട്ടെ നിയമസഭാ മത്സരം. ഇത്തവണയും അങ്ങനെ തന്നെ നടക്കുമെന്നും കോണ്‍ഗ്രസ് വിലയിരുത്തുന്നു. ഈ സാഹചര്യത്തില്‍ സരിന്റെ ചുവടുമാറ്റം ഭാവിയിലെ ഒറ്റപ്പാലം സീറ്റ് നോട്ടമിട്ടാണെന്നാണ് വിലയിരുത്തല്‍. ഈ സന്ദേശം കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കിടയില്‍ സജീവമാക്കും. ഇതിലൂടെ സരിന്‍ ഇഫക്ടിനെ മറികടന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍ ജയിച്ചു കയറുമെന്നാണ് കോണ്‍ഗ്രസ് വിലയിരുത്തല്‍. സരിനെ സ്ഥാനാര്‍ത്ഥിയാക്കുന്നതിനെ എതിര്‍ക്കുന്ന സിപിഎം വോട്ടുകളും കോണ്‍ഗ്രസ് പ്രതീക്ഷിക്കുന്നുണ്ട്.
പാലക്കാട് ഉപതെരഞ്ഞെടുപ്പില്‍ മണ്ഡലം പിടിക്കാന്‍ നിര്‍ണായക നീക്കവുമായി എല്‍ഡിഎഫ് സജീവമായിരുന്നു. പെരിങ്ങോട്ടുകുറിശ്ശിയിലെ വിമത കോണ്‍ഗ്രസ് നേതാവ് എവി ഗോപിനാഥിനെ മത്സരിപ്പിക്കാനാണ് എല്‍ഡിഎഫ് ആഗ്രഹിച്ചത്. ഉപതെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ സിപിഎം നേതാക്കള്‍ ആശയ വിനിമയം നടത്തിയിരുന്നതായി എവി ഗോപിനാഥും സമ്മതിച്ചിരുന്നു. ഷാഫി പറമ്പില്‍ ലോക്‌സഭയിലേക്ക് മത്സരിച്ച് വിജയിച്ചതിനെ തുടര്‍ന്നാണ് പാലക്കാട് ഉപതെരഞ്ഞെടുപ്പ് നടത്തേണ്ട സാഹചര്യം വന്നത്. ഉപതെരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന നിലപാടിലാണ് എവി ഗോപിനാഥ് എടുത്തത്. തത്കാലം മത്സരിക്കാനില്ലെന്ന് എവി ഗോപിനാഥ് പ്രതികരിച്ചു. ആരോഗ്യ പ്രശ്‌നങ്ങളാണ് മാറി നില്‍ക്കാന്‍ കാരണമായി പറഞ്ഞത്. പാലക്കാട്ടെ രാഷ്ട്രീയ സ്ഥിതി പ്രവചിക്കാനില്ലെന്നും എവി ഗോപിനാഥ് പറഞ്ഞിരുന്നു. ഇതിന് ശേഷമാണ് കോണ്‍ഗ്രസ് പാരമ്പര്യമുള്ള മറ്റൊരു പാലക്കാട്ടുകാരനെ സ്ഥാനാര്‍ത്ഥിയാകുന്നതിനെ കുറിച്ച് സിപിഎം ചിന്ത തുടങ്ങിയത്. ഇത് സരിനിലേക്ക് എത്തുകയും ചെയ്തു. മന്ത്രി എംബി രാജേഷിന്റെ ഇടപെടലും നിര്‍ണ്ണായകമായി.
സരിന്‍ തന്നെക്കുറിച്ച് പറഞ്ഞത് മന്ത്രി എംബി രാജേഷ് എഴുതിക്കൊടുത്ത വാചകങ്ങളാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ ആരോപിച്ചതും ഈ തിരിച്ചറിവിലാണ്. കോണ്‍ഗ്രസില്‍ സ്ഥാനാര്‍ത്ഥിയാകാന്‍ കഴിയില്ലെന്ന് കണ്ടപ്പോഴാണ് സരിന്‍ സിപിഎമ്മിനെ സമീപിച്ചത്. അവര്‍ അതില്‍ അനുകൂല നിലപാടും എടുത്തു. സിപിഎം എംഎല്‍എമാരും മന്ത്രിമാരും തന്നെക്കുറിച്ച് പറഞ്ഞ അതേ കാര്യങ്ങളാണ് സരിനും ആവര്‍ത്തിക്കുന്നതെന്ന് സതീശന്‍ ആരോപിച്ചു.' ഞാന്‍ അഹങ്കാരിയാണ്. ധാര്‍ഷ്ട്യക്കാരനാണ് തുടങ്ങിയ കാര്യങ്ങള്‍ സിപിഎം പറയുന്നതില്‍ പരാതിയില്ല. കാരണം അങ്ങനെയൊക്കെ 'ഒരാളെക്കുറിച്ച്' പറയാന്‍ അവര്‍ക്ക് ആഗ്രഹമുണ്ട്. കടക്ക് പുറത്ത് എന്ന് പറയുന്ന ഒരാളോട് ഇതൊക്കെ പറയാന്‍ അവര്‍ക്ക് ആഗ്രഹമുണ്ട്. സരിന്‍ പറഞ്ഞതെല്ലാം സിപിഎമ്മിന്റെ വാക്കുകളാണ്. അതിനപ്പുറത്തൊന്നും കാണുന്നില്ലെന്ന് സതീശനും പ്രതികരിച്ചു കഴിഞ്ഞു.
കെ.പി.സി.സി മീഡിയ വാട്സ്ആപ്പ് ഗ്രൂപ്പില്‍നിന്ന് സരിന്‍ 'ലെഫ്റ്റ്' ചെയ്തതോടെ തന്നെ സരിനാകും സിപിഎം സ്ഥാനാര്‍ത്ഥിയെന്ന് കോണ്‍ഗ്രസ് ഉറപ്പിച്ചു. പാലക്കാട് സ്ഥാനാര്‍ഥി പ്രഖ്യാപനത്തിലെ അതൃപ്തി കാരണം സരിന്‍ രാജിവെച്ചേക്കുമെന്ന അഭ്യൂഹങ്ങള്‍ക്കിടയിലായിരുന്നു ലെഫ്റ്റ് അടിച്ചു പോയത്. സ്ഥാനാര്‍ഥിത്വത്തിനായി സരിന്‍ ആദ്യം ബിജെപിയുമായി ചര്‍ച്ച നടത്തിയിരുന്നു. എന്നാല്‍ അത് പറ്റില്ലെന്ന് അറിഞ്ഞതോടെയാണ് സിപിഎം സ്ഥാനാര്‍ത്ഥിയാകാന്‍ നോക്കുന്നത്. സിപിഎമ്മിന്റെ ഭാഗത്ത് നിന്ന് സരിന് അനുകൂലമായ പ്രതികരണമാണ് ഉണ്ടായിട്ടുള്ളത്. അതുകൊണ്ട് സിപിഎം വാദങ്ങളാണ് അദ്ദേഹം തന്നെക്കുറിച്ച് പറയുന്നത്. മന്ത്രി എം.ബി. രാജേഷ് എഴുതി കൊടുത്തിട്ടുള്ള വാചകങ്ങളാണ് സരിന്‍ പറഞ്ഞത്. കഴിഞ്ഞ തെരഞ്ഞെടുപ്പ് കാലത്ത് സിപിഎം നേതാക്കന്മാരും മന്ത്രിമാരും തന്നെ കുറിച്ച് പറഞ്ഞ അതേ കാര്യങ്ങളാണ് സരിന്‍ ഇപ്പോള്‍ പറയുന്നത്. അതിനെ കാര്യമായിട്ട് കാണുന്നില്ലെന്നും അതിനുള്ള മറുപടി നേരത്തെ പറഞ്ഞിട്ടുണ്ടെന്നും സതീശന്‍ പറയുന്നതില്‍ എല്ലാമുണ്ട്.
കൂട്ടായ ആലോചനകള്‍ നടത്തിയും മുതിര്‍ന്ന നേതാക്കളുമായി സംസാരിച്ചുമാണ് സ്ഥാനാര്‍ഥികളെ നിശ്ചയിച്ചത്. ഇന്നലെ തന്നെ ഇക്കാര്യത്തില്‍ നടപടിയെടുത്താല്‍ അതുകൊണ്ടാണ് സിപിഎമ്മില്‍ പോകുന്നതെന്ന് വരുത്തി തീര്‍ക്കും. സരിനു സ്ഥാനാര്‍ഥിയാകാന്‍ ആഗ്രഹമുണ്ടായിരുന്നു എന്നാല്‍ ബിജെപിയുമായും സിപിഎമ്മുമായും ചര്‍ച്ച നടത്തുന്ന ഒരാളെ എങ്ങനെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയാക്കും. എന്തുകൊണ്ടാണ് സരിനെ സ്ഥാനാര്‍ത്ഥിത്വത്തിന് പരിഗണിക്കാതിരുന്നത് എന്ന് ഇന്നലത്തെ സരിന്റെ വാര്‍ത്താസമ്മേളനം കണ്ട ജനങ്ങള്‍ക്ക് മനസിലായിട്ടുണ്ടെന്നും സതീശന്‍ വിശദീകരിച്ചിട്ടുണ്ട്.