പത്തനംതിട്ട: ആ വൈദ്യൻ ഒരു അന്തർമുഖനായിരുന്നു. നമ്മൾ എന്തെങ്കിലും സംസാരിച്ചാൽ മാത്രം നമ്മുടെ മുഖത്തേക്ക് നോക്കും. എവിടെയും പ്രകടമായിരുന്നത് ലൈലയുടെ ആധിപത്യമായിരുന്നു. ഫീസ് വാങ്ങിയിരുന്നത് പിന്നീട് എപ്പോൾ വരണമെന്ന് പറഞ്ഞിരുന്നതും ലൈലയാണ്-ഇലന്തൂരിൽ നരബലിക്ക് പിടിയിലായ ഭഗവൽ സിങും ലൈലയും കൂടി വന്ന് തിരുമ്മിയ രോഗികളിൽ ഏറ്റവും ഒടുവിലത്തെയാളായ മലയാലപ്പുഴ സ്വദേശി ഷേൻ സദാനന്ദ് പറഞ്ഞു.

ഇരുവരും പൊലീസ് പിടിയിലായ തിങ്കളാഴ്ചയും വൈദ്യരുടെ ഫോണിലേക്ക് വിളിച്ചിരുന്നു. ബെല്ലടിച്ച് നിന്നതല്ലാതെ എടുത്തില്ല. ഒന്നിട വിട്ട് തന്റെ വീട്ടിലെത്തി തിരുമ്മിയിരുന്ന വൈദ്യൻ ശനിയാഴ്ചയാണ് അവസാനം വന്നത്. തിങ്കളാഴ്ച വരേണ്ടിയിരുന്നതാണ്. കാണാതിരുന്നപ്പോഴാണ് ഫോണിൽ വിളിച്ചത്. അത് അടിച്ചു നിന്നു-ഷേൻ മറുനാടനോട് മനസു തുറന്നു.

കാലിലുണ്ടായ പരുക്ക് തിരുമ്മി ഭേദമാക്കുന്നതിനാണ് ഷേൻ ഭഗവൽ സിങിനെ സമീപിച്ചത്. പറഞ്ഞു കേട്ടുള്ള അറിവു വച്ച് ഇലന്തൂരിലെ തിരുമ്മു കേന്ദ്രത്തിൽ ചെന്നു. കാലിന്റെ കെട്ട് അഴിച്ചു നോക്കിയ ശേഷം തന്നെക്കൊണ്ടിത് സാധിക്കില്ലെന്ന് പറഞ്ഞു. കണ്ണൂരിലുള്ള ഒരു വൈദ്യന്റെ നമ്പർ തന്നു. തുടർന്ന് ഏഴു മാസം അവിടെ ചികിൽസയിലായിരുന്നു. ഫലമൊന്നുമില്ലാതായപ്പോൾ സെപ്റ്റംബർ 16 ന് തിരികെ നാട്ടിൽ വന്നു. വീണ്ടും വൈദ്യരെ ബന്ധപ്പെട്ടപ്പോൾ തിരുമ്മാൻ സന്നദ്ധത അറിയിച്ചു. അതിൻ പ്രകാരം സെപ്റ്റംബർ 27 നാണ് വൈദ്യർ തിരുമ്മാൻ മലയാലപ്പുഴയിലെ തന്റെ വീട്ടിൽ വന്നത്. ഒപ്പം ലൈലയും ഉണ്ടായിരുന്നു.

ഇലന്തൂരിൽ രണ്ടാമത്തെ നരബലി നടന്നത് സെപ്റ്റംബർ 26 നായിരുന്നുവെന്നാണ് പറയുന്നത്. 27 ന് ഉച്ചയ്ക്ക് ശേഷമാണ് ഇവർ വീട്ടിലെത്തിയത്. മലയാലപ്പുഴ ക്ഷേത്രത്തിൽ ദേവിഭാഗവത നവാഹ യജ്ഞത്തിലെ അന്നദാനത്തിൽ പങ്കെടുത്ത ശേഷമാണ് വരുന്നതെന്ന് പറഞ്ഞു. അരുംകൊല നടന്നതിന്റെ പിറ്റേന്ന് വരുമ്പോഴും ഇവർക്ക് അസ്വാഭാവിക പെരുമാറ്റം ഉണ്ടായിരുന്നില്ല. ലൈലയുടെയും വൈദ്യരുടെയും മുഖത്ത് സംശയകരമായി ഒന്നും കണ്ടില്ലെന്നും ഷേൻ തറപ്പിച്ചു പറയുന്നു.

ലൈല തിരുമ്മലിന് സഹായിയായി നിന്നു. ആരെയും ആകർഷിക്കുന്ന വസ്ത്രധാരണാ രീതിയായിരുന്നു അവരുടേത്. എന്തെങ്കിലും ചെയ്യുന്നതിന് മുൻപ് വൈദ്യർ ഇവരോട് അഭിപ്രായം ചോദിക്കും. അവർ പറയുന്നത് പ്രകാരമായിരുന്നു വൈദ്യർ എല്ലാം ചെയ്തിരുന്നത്. തിരുമ്മുന്നതിന്റെ ഫീസ് പറഞ്ഞ് വാങ്ങിയതും ഇവർ തന്നെ. ആകെ ഒമ്പതു ദിവസം തന്നെ തിരുമ്മിയെന്ന് ഷേൻ പറഞ്ഞു.

ആദ്യമൊക്കെ ദിവസവും വന്നു തിരുമ്മിയിരുന്നു. അതിന് ശേഷം ഒന്നിട വിട്ടായി വരവ്. എപ്പോഴും ലൈലയും ഒപ്പം കാണും. വൈദ്യരോട് എന്തെങ്കിലും ചോദിച്ചാൽ മാത്രം മറുപടി പറയും. തന്റെ കാലിന്റെ അസുഖം സംബന്ധിച്ച് മാത്രമാണ് അയാൾ സംസാരിച്ചത്. നിഴലു പോലെ ലൈല ഒപ്പം നിന്നത് വൈദ്യർ മറ്റെന്തെങ്കിലും സംസാരിക്കുമെന്ന് ഭയന്നാകുമെന്ന് ഇപ്പോൾ വരുന്ന വാർത്തകൾ കാണുമ്പോൾ തോന്നുവെന്നും ഷേൻ പറഞ്ഞു.

കഴിഞ്ഞ ശനിയാഴ്ചയാണ് ദമ്പതികൾ അവസാനം വീട്ടിൽ വന്നത്. തിങ്കളാഴ്ച വരുമെന്ന് പറഞ്ഞാണ് പോയത്. വൈകിട്ട് വരെ കാണാതിരുന്നപ്പോൾ വിളിച്ചു. ബെല്ലടിച്ചു നിന്നതല്ലാതെ ആരുമെടുത്തില്ല. രണ്ടു നമ്പരിൽ നിന്ന് മാറി മാറി വിളിച്ചിട്ടും പ്രതികരണമുണ്ടായില്ല. പൊലീസ് കസ്റ്റഡിയിലായിരുന്നു ഇവരെന്ന് ഇന്നലെ രാവിലെ ന്യൂസ് ചാനലുകൾ കണ്ടപ്പോഴാണ് മനസിലായതെന്നും ഷേൻ പറയുന്നു.