ലണ്ടന്‍: എങ്ങനെയും യുകെയില്‍ എത്തുക എന്നാഗ്രഹിച്ച മലയാളികളെ നോട്ടം വച്ച് വല വിരിച്ച വിസ തട്ടിപ്പുകാരെ കുറിച്ച് കഴിഞ്ഞ മൂന്നു വര്‍ഷമായി നിരന്തരം വാര്‍ത്ത നല്‍കുന്ന മറുനാടന്‍ മലയാളിക്ക് തട്ടിപ്പുകാരുടെ കില്ലാഡി എന്ന് വിശേഷിപ്പിക്കാവുന്ന ഈസ്റ്റ് ഹാമിലെ ശരത് രഘു എന്ന തട്ടിപ്പുകാരനെ കുറിച്ചാണ് ഏറ്റവും പുതിയ വെളിപ്പെടുത്തല്‍. ഇതുവരെ നടന്ന തട്ടിപ്പുകളില്‍ ഭൂരിഭാഗം കേസുകളിലും സാധാരണക്കാരും ജോലി തേടുന്നവരും ഒക്കെയാണ് ഇരകള്‍ ആക്കപെട്ടതെങ്കില്‍ ശരത്തിന്റെ കെണിയില്‍ വീണവരില്‍ തിരുവനന്തപുരത്തെ അഭിഭാഷകയായ രേവതി ആര്‍ നായരും ഉള്‍പ്പെടുന്നു എന്നതാണ് ഏറ്റവും വലിയ പ്രത്യേകത. രേവതിക്കും സുഹൃത്തിനും മറ്റൊരാള്‍ക്കും മാത്രമായി നാല്‍പതു ലക്ഷം രൂപയിലേറെയാണ് ശരത് മുഖേനെ നഷ്ടമായിരിക്കുന്നത്. യുകെ വിസയ്ക്കായി ഇയാള്‍ പറഞ്ഞതനുസരിച്ചു കേരളത്തിലെ വിവിധ അക്കൗണ്ടുകളിലേക്കാണ് പണം പോയവര്‍ പൈസ കൈമാറിയത്. എന്നാല്‍ വിശദമായ അന്വേഷണത്തില്‍ ഈ അക്കൗണ്ട് ഉടമകളില്‍ പലര്‍ക്കും ശരത് നല്‍കാന്‍ ഉണ്ടായിരുന്ന കടം വീട്ടാനായി യുകെ വിസ തട്ടിപ്പ് അവതരിപ്പിക്കുക ആയിരുന്നു എന്ന വെളിപ്പെടുത്തലും പുറത്തു വരികയാണ്.

തട്ടിപ്പിന് വിശ്വാസ്യത കൂട്ടാന്‍ ലണ്ടന്‍ 'സിറ്റി'യിലെ പ്രശസ്ത നിയമ കാര്യ സ്ഥാപനത്തിന്റെ പേരും ദുരുപയോഗപ്പെടുത്തി തന്റെ തട്ടിപ്പിന് വിശ്വാസ്യത കൂട്ടാന്‍ ലണ്ടനിലെ പ്രശസ്തമായ നിയമകാര്യ സ്ഥാപനത്തിന്റെ പേരും ഇയാള്‍ ദുരുപയോഗം ചെയ്തതായി സംശയിക്കപ്പെടുന്നു. ലണ്ടന്റെ ബിസിനസ് സിരാകേന്ദ്രമായ കാനറി വാര്‍ഫിലെ ദി സിറ്റിയില്‍ പ്രവര്‍ത്തിക്കുന്ന അലക്‌സാണ്ടര്‍ ജെ എല്‍ ക്യൂ എന്ന സ്ഥാപനത്തിന്റെ പേരിലാണ് വ്യാജ സിഒഎസ് ഇയാള്‍ അയച്ചു നല്‍കിയിരിക്കുന്നത്. ഇക്കാര്യം സ്ഥാപനം അറിയിട്ടില്ലെന്നാണ് ഇതുവരെ ലഭ്യമാകുന്ന വിവരം. ശരത്തിന്റെ കൈയില്‍ നിന്നും പണം തിരികെ കിട്ടാനുള്ള സാധ്യത വിരളമായതോടെയാണ് രേവതി സാമൂഹ്യ മാധ്യമങ്ങള്‍ വഴി വെളിപ്പെടുത്തലിനു തയ്യാറാകുന്നത്. ഇതോടെ അസഭ്യ ഭാഷയില്‍ രേവതിക്ക് സന്ദേശം അയച്ച ശരത് മാധ്യമ വാര്‍ത്തകള്‍ പോലും തനിക്ക് പുല്ലാണെന്നും ഇത്തരം വാര്‍ത്തകളുടെ ആയുസ് വെറും ദിവസങ്ങള്‍ മാത്രമാണ് എന്ന വെല്ലുവിളിയും നടത്തുകയാണ്. ഇതേത്തുടര്‍ന്നാണ് മറുനാടന്‍ മലയാളിക്ക് ഇയാളുടെ വിവരങ്ങള്‍ ലഭ്യമാകുന്നതും ഇയാള്‍ക്ക് എതിരെയുള്ള പോലീസ് കേസുകളുടെ എഫ് ഐ ആര്‍ കോപ്പിയും ഇയാള്‍ പണം നല്‍കാന്‍ ഉള്ളവര്‍ക്ക് അയച്ച ഭീഷണി സന്ദേശങ്ങള്‍ അടക്കമുള്ള തെളിവുകള്‍ ലഭിക്കുന്നതും.

അതിനിടെ ഇന്നലെ ഇയാളുടെ സുഹൃത്ത് എന്ന് അവകാശപ്പെടുന്ന ആള്‍ പരാതിക്കാരെ വിളിച്ചു അറിയിച്ചത് ശരത് യുകെയില്‍ അഭയാര്‍ത്ഥി വിസയ്ക്ക് ശ്രമിക്കുന്നു എന്നാണ്. ഇതിലൂടെ ഇയാളില്‍ നിന്നും ഒരു രൂപ പോലും മടക്കി കിട്ടില്ല എന്ന സൂചനയാണ് പരാതിക്കാരിലേക്ക് എത്തുന്നത്. പരാതിക്കാരില്‍ ചിലര്‍ ഇയാളുടെ അച്ഛനും അമ്മയും താമസിക്കുന്ന വാടക വീട്ടില്‍ എത്തിയെങ്കിലും ഒരു നേരത്തെ ആഹാരത്തിനുള്ള വക അവര്‍ക്ക് ദയ തോന്നി ആരെങ്കിലും നല്‍കേണ്ട സാഹചര്യമാണ് അവിടെ കണ്ടതെന്നും മനസിലാക്കി മടങ്ങുക ആയിരുന്നു. യുകെ വിസ ലഭിക്കില്ലെന്ന് മനസിലാക്കിയ പരാതിക്കാര്‍ തുടര്‍ച്ചയായി ശരത് രഘുവിനോട് നല്‍കിയ പണം മടക്കി നല്‍കാന്‍ ആവശ്യപ്പെട്ടപ്പോള്‍ കേരളത്തില്‍ നിന്നും ഒരു പോലീസും തന്നെ തിരക്കി യുകെയിലേക്ക് എത്തില്ല എന്ന ധിക്കാരപൂര്‍ണമായ മറുപടിയാണ് ഇയാള്‍ വാട്സാപ്പിലൂടെ നല്‍കിയിരിക്കുന്നത്. തട്ടിപ്പുകാരന്റെ പാസ്പോര്‍ട്ട് രേഖകള്‍ അനുസരിച്ചു തിരുവനന്തപുരം അര്‍മാടാ കുന്നപ്പുഴ ദേശത്തു പാങ്ങോട്ടുവിളയില്‍ എന്ന വിലാസമാണ് ലഭ്യമാകുന്നത്. ഇയാള്‍ യുകെയില്‍ എങ്ങനെ എത്തി എന്ന വിവരം ലഭ്യമല്ല. പരാതിക്കാരെ മുന്‍പ് നേരിട്ട് പരിചയമില്ലാത്ത ഇയാള്‍ പലരില്‍ നിന്നായി സംഘടിപ്പിച്ച ഫോണ്‍ നമ്പറുകള്‍ മുഖേനെ താന്‍ യുകെയിലെ പ്രമുഖനാണ് എന്ന നാട്യത്തോടെ വലയില്‍ വീഴ്ത്തുക ആയിരുന്നു. ഇരകളില്‍ ഒരാള്‍ അഭിഭാഷകയാണ് എന്ന് മനസിലാക്കിയതോടെ യുകെ മലയാളികളില്‍ അഭിഭാഷകരായ ആര്‍ക്കും കോടതിയില്‍ പോയി വാദിക്കാന്‍ ഉള്ള യോഗ്യത ഒന്നും ഇല്ലെന്നും പലരും വക്കീല്‍ ഓഫീസുകളില്‍ ഗുമസ്ത പണിയാണ് ചെയ്യുന്നത്, അത്തരത്തില്‍ ഉള്ള ഒരു ജോലിക്ക് ഒഴിവ് ഉണ്ടെന്നും പറഞ്ഞാണ് ലണ്ടനിലെ പ്രമുഖ സ്ഥാപനത്തിന്റെ പേരില്‍ വ്യാജ സിഒഎസ് അയച്ചു നല്‍കുന്നത്.

കണ്ണില്‍ ചോരയില്ലാത്ത തട്ടിപ്പുകാരന്‍ എന്ന് പരാതിക്കാരി, പിതാവ് കഴിഞ്ഞ ദിവസം മരിച്ചപ്പോള്‍ മോര്‍ച്ചറിയില്‍ നിന്നും മൃതദേഹം വിട്ടുകിട്ടാന്‍ ആവശ്യമായിരുന്നത് 60,000 രൂപ

മനസാക്ഷി എന്ന കേവലം ഏതു മനുഷ്യരും ആപത് ഘട്ടങ്ങളില്‍ കാണിക്കുന്ന വികാരം പോലും തട്ടിപ്പ് നടത്താന്‍ മാത്രമായി ജന്മമെടുത്ത ശരത് രഘുവില്‍ കാണാനായില്ല എന്നാണ് പരാതിക്കാരില്‍ ഒരാള്‍ക്ക് പറയാനുള്ളത്. കഴിഞ്ഞ ദിവസം ഇവരുടെ പിതാവ് ആശുപത്രിയില്‍ വച്ച് മരിച്ചപ്പോള്‍ മൃതദേഹം വിട്ടുകിട്ടാന്‍ ആവശ്യമായിരുന്നത് 60,000 രൂപയിലേറെയാണ്. പിതാവ് അത്യാസന്ന നിലയിലാണ്, താന്‍ നല്‍കിയ എട്ടു ലക്ഷം രൂപയില്‍ കുറച്ചെങ്കിലും നല്‍കി സഹായിക്കണമെന്ന് നിലവിളിയോടെ ഇയാളെ അറിയിച്ചെങ്കിലും കരുണയുടെ ഒരംശം പോലും ശരത്തില്‍ നിന്നും ഉണ്ടായില്ല എന്നാണ് പരാതിക്കാരിക്ക് പറയാനുള്ളത്. കിട്ടാവുന്നിടത്തു നിന്നെല്ലാം കടം വാങ്ങി യുകെയില്‍ പായ്ക്കിങ് കമ്പനിയില്‍ ജോലി നല്‍കാം എന്ന ശരത് രഘുവിന്റെ പഞ്ചാര വാക്കില്‍ വീണുപോയ യുവതിക്ക് ഇപ്പോള്‍ സ്വന്തം പിതാവ് ആശുപത്രിയില്‍ കിടക്കവേ ചികില്‍സിക്കാന്‍ പോലും ആരില്‍ നിന്നും കടം വാങ്ങാന്‍ കഴിയാത്ത സാഹചര്യമായിരുന്നു, ഒടുവില്‍ ദിവസങ്ങള്‍ക്ക് മുന്‍പ് പിതാവ് മരണപ്പെട്ടപ്പോള്‍ ആത്മഹത്യയാണ് മുന്നിലെ ഏക വഴിയെന്ന് ഇവര്‍ വെളിപ്പെടുത്തിയതോടെയാണ് നാട്ടുകാരില്‍ ചിലര്‍ മുന്‍കൈ എടുത്ത് ആശുപത്രിയില്‍ പണം അടച്ചു മൃതദേഹം ഏറ്റെടുത്തത്. ഇക്കാര്യങ്ങള്‍ ശരത് രഘുവിനെ അറിയിച്ചെങ്കിലും പതിവ് പോലെ അയാള്‍ മറുപടി പോലും നല്‍കിയില്ല എന്നാണ് പറയപ്പെടുന്നത്.

ഫോട്ടോ പുറത്തു വന്നതോടെ സുഹൃത്തുക്കള്‍ രംഗത്ത്, കൂട്ടാളിയായ നൗഷാദിനെ കുറിച്ചും വെളിപ്പെടുത്തല്‍

പിതാവ് മരിച്ച സാഹചര്യത്തെ പോലും മാനസികമായ പിന്തുണയ്ക്ക് വേണ്ടി എങ്കിലും അല്‍പം പണം മടക്കി നല്‍കാന്‍ സാധിക്കാത്ത സാഹചര്യത്തിലാണ് പരാതിക്കാര്‍ സോഷ്യല്‍ മീഡിയ മുഖേനെ ശരത്തിനെ കുറിച്ച് വെളിപ്പെടുത്തല്‍ നടത്തിയത്. യുകെ മലയാളികള്‍ അംഗങ്ങളായ സോഷ്യല്‍ മീഡിയ ഗ്രൂപ്പുകളില്‍ ശരത്തിന്റെയും സുഹൃത്തിനെയും ഒക്കെ ഫോട്ടോകളും വിവരങ്ങളും പരസ്യപ്പെടുത്തിയ ശേഷമാണു പരാതിക്കാര്‍ എഫ്ഐആര്‍ കോപ്പി അടക്കം മറുനാടന്‍ മലയാളിക്ക് തെളിവുകള്‍ കൈമാറുന്നത്. യുകെയില്‍ പലരും ശരത്തിന്റെയും കൂട്ടാളി എന്നറിയപ്പെടുന്ന നൗഷാദിന്റെയും തട്ടിപ്പിന് ഇരകളായി എന്നതിനാല്‍ യുകെ മലയാളി സമൂഹത്തില്‍ ഇവര്‍ ആരാണ് എന്നറിയണം എന്ന ഉദ്ദേശത്തോടൊടെയാണ് സോഷ്യല്‍ മീഡിയ വഴി വെളിപ്പെടുത്തലിനു തയ്യാറായത് എന്നും അഡ്വ. രേവതി വ്യക്തമാക്കി.

ശോഭ എന്ന യുവതി നല്‍കിയ പണം നൗഷാദ് അടക്കമുള്ള യുകെയിലെ ശരത്തിന്റെ കൂട്ടാളികളുടെഅകൗണ്ടിലേക്ക് നേരിട്ടാണ് നല്‍കിയത് എന്നും പറയപ്പെടുന്നു. ഇതോടെ കുപിതനായ ശരത് കഴിഞ്ഞ ദിവസം അസഭ്യവര്‍ഷത്തോടെയാണ് രേവതി അടക്കമുള്ളവര്‍ക്ക് മെസേജുകള്‍ അയച്ചു ഭീഷണിപ്പെടുത്തിയത്. തന്നെ ഇനി പൊടിയിട്ട് നോക്കിയാല്‍ കിട്ടില്ലെന്നും അഭയാര്‍ത്ഥി വിസയ്ക്ക് അപേക്ഷിക്കുന്ന തന്നെ നിനക്കെന്തു ചെയ്യാനാകും എന്നാണ് ഇയാള്‍ ചോദിക്കുന്നത്. ഇതോടെ ഇയാളെ കുറിച്ചുള്ള വിവരങ്ങള്‍ യുകെയില്‍ ഹോം ഓഫീസിനെ അറിയിക്കാന്‍ യുകെ മലയാളികള്‍ സഹായിക്കണം എന്നാണ് രേവതി അടക്കമുള്ള പരാതിക്കാര്‍ അഭ്യര്‍ത്ഥിക്കുന്നത്.

നിലവില്‍ ഇയാള്‍ക്ക് എതിരെ കേരളത്തില്‍ വിവിധ കേസുകളില്‍ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. മാസങ്ങള്‍ക്ക് മുന്‍പേ തിരുവനന്തപുരത്തെ വള്ളക്കടവില്‍ മറ്റൊരു കേസും ഇയാള്‍ക്ക് എതിരെ നിലവിലുണ്ട്. അഞ്ജു എന്ന യുവതി തിരുവനതപുരം വട്ടപ്പാറ സ്റ്റേഷനില്‍ നല്‍കിയ പരാതിയില്‍ ശരത്തിനെതിരെ അന്വേഷണം നടക്കുകയാണ്. പണം നഷ്ടമായവര്‍ ഒന്നിച്ചു കോടതി മുഖേനെ ഇയാളെ നാട്ടില്‍ എത്തിക്കാനുള്ള നീക്കവും നടക്കുന്നുണ്ട്.

നെടുമങ്ങാട് ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ നിന്നും ഇയാള്‍ക്ക് എതിരെ രണ്ടു മാസം മുന്‍പ് അറസ്റ്റ് വാറണ്ടും പുറപ്പെടുവിച്ചിട്ടുണ്ട്. എന്നാല്‍ ഈ കേസില്‍ എല്ലാം കേരള പൊലീസിന് കഴിവുണ്ടെങ്കില്‍ തന്നെ യുകെയില്‍ എത്തി അറസ്റ്റ് ചെയ്യട്ടെ എന്നാണ് വെയര്‍ഹൗസിലും കടകളിലും മറ്റും താത്കാലിക ജോലി ചെയ്യുന്ന ശരത്തിന്റെ വെല്ലുവിളി. ഇയാള്‍ വിസ തട്ടിപ്പിലൂടെ നേടിയ പണം എല്ലാം യുകെയില്‍ ധൂര്‍ത്തു നടത്തി നശിപ്പിച്ചെന്നാണ് മറുനാടന്‍ മലയാളിക്ക് ലഭിക്കുന്ന വിവരം. ഇതോടെ എത്ര ശ്രമിച്ചാലും പരാതിക്കാര്‍ക്ക് പണമൊന്നും തിരികെ കിട്ടാന്‍ ഉള്ള സാധ്യതയും ഇല്ലാതാകുകയാണ്. എന്നാല്‍ ഇനിയെങ്കിലും ഇയാള്‍ മുഖേനെ ഒരാളും ചതിക്കിരയാകാതിരിക്കട്ടെ എന്നാണ് ലക്ഷങ്ങള്‍ കൈവെള്ളയില്‍ നിന്നും ഒലിച്ചു പോകുന്നത് നിസ്സഹായതയോടെ കണ്ടു നില്‍ക്കേണ്ടി വരുന്ന രേവതിയും അഞ്ജുവും ശോഭയും സോണിയും അടക്കമുള്ള പരാതിക്കാരുടെ നിലപാട്.

ശരത്തിനെ കണ്ടെത്താന്‍ രേവതി സോഷ്യല്‍ മീഡിയ വഴി നല്‍കിയ വെളിപ്പെടുത്തല്‍ ചുവടെ :

Adv Revathy R Nair

ഈ ഫോട്ടോയില്‍ കാണുന്നത് ശരത് രഘു, ഇവന്‍ നാട്ടിലെ പല ആള്‍ക്കാരുടെ കയ്യില്‍ നിന്നും യുകെയില്‍ വിസ റെഡിയാക്കി കൊടുക്കാമെന്ന് പറഞ്ഞ് കോടികള്‍ scam നടത്തിയിരിക്കുകയാണ്. എനിക്ക് 12 ലക്ഷം രൂപയാണ് തരാനുള്ളത്.

നാട്ടില്‍ തന്നെ വേറൊരു പെണ്‍കുട്ടിയുടെ കയ്യില്‍ നിന്നും ഇതുപോലെ 15 ലക്ഷം രൂപയോളം വാങ്ങിയിട്ടുണ്ട്, ആ കുട്ടിയുടെ അച്ഛന്‍ മരിച്ചു ഹോസ്പിറ്റലില്‍ നിന്നും ബോഡി വിട്ടു കിട്ടുന്നതിനേക്കാള്‍ വേണ്ടി നടക്കേണ്ട തുക അമ്പതിനായിരം ചോദിച്ചിട്ട് പോലും ഇവന്‍ കൊടുക്കാന്‍ തയ്യാറായില്ല.

ദയവായി ഇവനെപ്പറ്റി എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ അറിയിക്കുക പ്ലീസ്. ഇവന്‍ ഇപ്പോഴും യുകെയില്‍ തന്നെയാണുള്ളത്, അവിടുത്തെ സിറ്റിസണ്‍ഷിപ്പിന് അപ്ലൈ ചെയ്തിട്ടുണ്ട് എന്ന് അറിയാന്‍ സാധിച്ചു. 2 FIR നിലവിലുണ്ട്. Kindly ഷെയര്‍ ഇനി ഒരാളും ചതിക്കപെടരുത് ??????