- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ഡി.വൈ.എസ്പി ജോൺസനെ ഷാരോൺ കൊലപാതക കേസ് അന്വേഷണത്തിൽ നിന്നും മാറ്റാൻ നീക്കം; ഒരു മാസം മുൻപ് ഇറങ്ങിയ സ്ഥലംമാറ്റ ഉത്തരവ് സാങ്കേതികത ചൂണ്ടിക്കാട്ടി വിലക്കിയവർ ഇപ്പോൾ തിടുക്കം കാട്ടുന്നതിന് പിന്നിൽ ദുരുദ്ദേശ്യം; സ്ഥലം മാറ്റരുതെന്ന കത്ത് പൊലീസ് ആസ്ഥാനത്തെ ഉന്നതൻ മുക്കി; നീക്കം കേസ് അട്ടിമറിക്കാനോ? തമിഴ്നാട് പൊലീസിന് കൈമാറാനും അത്യുത്സാഹം; പ്രണയ വിഷക്കേസും ആവിയാകുമോ?
തിരുവനന്തപുരം. ഷാരോൺ കൊലപാതക കേസിൽ തുടക്കം മുതൽ തന്നെ അട്ടിമറി ആരോപണം ഉയർന്നിരുന്നു. കേസിലെ മുഖ്യപ്രതി ഗ്രീഷ്മയെ സംരക്ഷിക്കാൻ ഉന്നത രാഷ്ട്രീയക്കാരും പൊലീസിലെ ഒരു വിഭാഗവും ശ്രമിക്കുന്നുവെന്നായിരുന്നു പ്രധാന ആരോപണം. ഈ ആരോപണങ്ങൾക്ക് ശക്തി പകരുന്ന രീതിയിൽ ലോക്കൽ പൊലീസ് നിസംഗരായതോടെയാണ് കേസ് അന്വേഷണം ജില്ലാ ക്രൈം ബ്രാഞ്ചിന് കൈമാറി റൂറൽ ജില്ലാ പൊലീസ് മേധാവി ഡി. ശിൽപ്പ ഐ എ എസ് ഉത്തരവിട്ടത്. അങ്ങനെ പൊലീസിന് ഉണ്ടായ ചീത്തപ്പര് മാറ്റിയെടുത്ത് കേസ് അന്വേഷണം ശരിയായ ദിശയിൽ മുന്നോട്ടു പോകുന്നതിനിടെയാണ് അന്വേഷണത്തിൽ ഒരു അട്ടിമറി സംശയിക്കാവുന്ന സൂചനകൾ മറുനാടൻ മലയാളിക്ക് ലഭിക്കുന്നത്. അന്വേഷണ സംഘത്തലവനായ ജില്ലാ ക്രൈം ബ്രാഞ്ച് ഡി വൈ എസ് പി കെ.ജെ ജോൺസനെ അന്വേഷണ ചുമതലയിൽ നിന്നും മാറ്റാനാണ് നീക്കം.
പൊലീസ് ആസ്ഥാനത്തെ ക്രൈം ബ്രാഞ്ച് ഹെഡ് ഓഫീസിലേയ്ക്കാണ് മാറ്റം. ഷാരോൺ കൊലപാതക കേസിൽ തുമ്പുണ്ടാക്കി 24 മണിക്കൂറിനകം പ്രതിയെ പിടികൂടി പൊലീസിന്റെ മാനം രക്ഷിച്ച ഉദ്യോഗസ്ഥ നാണ് ജോൺസൻ. ഷാരോണിന് കഷായത്തിൽ വിഷം നൽകി കൊലപ്പെടുത്തിയ മുഖ്യ പ്രതി ഗ്രീഷ്മ പൊലീസ് കസ്റ്റഡിയിലിരിക്കെ അൺനാശിനി കുടിച്ച് ആത്മഹത്യാ ശ്രമം നടത്തിയതിനെ തുടർന്ന് മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. ഗ്രീഷ്മയെ രണ്ടാം ഘട്ടം ചോദ്യം ചെയ്യേണ്ടതുണ്ട്. കൂടാതെ കേസിൽ സാക്ഷികൾ ഇല്ലാത്തതു കൊണ്ട് തന്നെ പഴുതടച്ചുള്ള കുറ്റപത്രം നൽകേണ്ടതുണ്ട്. അതിനാൽ ജോൺസന്റെ സ്ഥലം മാറ്റം കേസിനെ സാരമായി ബാധിക്കും. ഡി വൈ എസ് പി ജോൺസനെ സ്ഥലം മാറ്റി കൊണ്ട് നേരത്തെ തന്നെ ഉത്തരവിറങ്ങിയതാണെന്നും അന്വേഷണത്തിന് മേൽനോട്ടം വഹിക്കുന്നത് റൂറൽ പൊലീസ് മേധാവി നേരിട്ടാണന്നും അതുകൊണ്ട് തന്നെ പാളിച്ചകൾ ഉണ്ടാകില്ലന്നുമാണ് സർക്കാർ വാദം.
പാറശാല പൊലീസിന് ഷാരോൺ കേസിൽ പറ്റിയ പിഴവ് തിരുത്തി പൊലീസിന്റെ മാനം രക്ഷിച്ച ജോൺസനെ തിടുക്കത്തിൽ മാറ്റുന്നത് കേസ് അട്ടിമറിക്കാനാണ് എന്ന സംശയവും ബലപ്പെടുന്നു. ഡി വൈ എസ് പി ജോൺസൻ ഇന്നോ നാളെയാ തന്നെ ക്രൈം ബ്രാഞ്ച് ആസ്ഥാനത്ത് റിപ്പോർട്ട് ചെയ്യുമെന്നാണ് പൊലീസ് ഹെഡ്ക്വാർട്ടേഴ്സിൽ നിന്ന് ലഭിക്കുന്ന വിവരം. സ്ഥലം മാറ്റത്തെ കുറിച്ച് ചോദിച്ചപ്പോൾ ഡി വൈ എസ് പി ജോൺസൻ പ്രതികരിക്കാൻ തയ്യാറായില്ല. എന്നാൽ ഡി വൈ എസ് പി ജോൺസനെ ഒരു മാസം മുൻപ് സ്ഥലം മാറ്റി ഉത്തരവിറങ്ങിയെങ്കിലും സാങ്കേതികത പറഞ്ഞ് ക്രൈംബ്രാഞ്ച് ആസ്ഥാനത്തുള്ളവർ അത് നടപ്പാക്കിയിരുന്നില്ല. എന്നാൽ ഷാരോൺ കേസ് അന്വേഷണം ആരംഭിക്കുകയും കേസ് നിർണായക വഴിത്തിരിവിലാകുകയും അതിന് ജോൺസൻ തന്നെ ചുക്കാൻ പിടിക്കുകയും ചെയ്ത ശേഷം തിടുക്കത്തിൽ റിലീസിംങ് ആവിശ്യപ്പെടുന്നതിന് പിന്നിൽ ദൂരൂഹതയുണ്ടെന്ന് വ്യക്തമാണ്.
അതേ സമയം ജോൺസനെ ഇപ്പോൾ സ്ഥലം മാറ്റരുതെന്ന് അഭ്യർത്ഥിച്ച് റൂറൽ ജില്ലാ പൊലീസ് മേധാവി ഡി. ശിൽപ ഐ.പി എസ് ഡിജിപി അനിൽ കാന്തിന് കത്ത് നൽകി. ഈ കത്ത് പൊലീസ് ആസ്ഥാനത്തെ ഒരു ഉന്നതൻ മുക്കിയതായും ആരോപണം ഉണ്ട്. ഇക്കാര്യത്തിൽ പൊലീസ് ആസ്ഥാനം ഇതുവരെ അനുകൂലമായി പ്രതികരിച്ചിട്ടില്ല. സ്ഥലം മാറ്റ ഉത്തരവ് ഷാരോൺ കേസിന്റെ ചുമതല ജോൺസൻ ഏറ്റെടുക്കുന്നതിന് മുൻപെ ഇറങ്ങിയിരുന്നെങ്കിലും ക്രൈം ബ്രാഞ്ച് എഡിജിപി യുടെ ചില താൽപര്യങ്ങൾ കാരണം നടപടി വൈകുകയായിരുന്നുവെന്നും ചില ഉദ്യോഗസ്ഥർ പറയുന്നു.. കൂടാതെ കെ.ജെ. ജോൺസന് പകരം ജില്ലാ ക്രൈം ബ്രാഞ്ചിൽ എത്തേണ്ട ഉദ്യോഗസ്ഥൻ അസൗകര്യം പറഞ്ഞതും ഉത്തരവ് നടപ്പിലാക്കാൻ വൈകിയെന്നാണ് അറിയുന്നത്. ജോൺസനെ മാറ്റുന്നത് കേസ് അന്വേഷണത്തെ ബാധിക്കുമെന്ന അഭിപ്രായം ഷാരോണിന്റെ ബന്ധുക്കൾക്കും ഉണ്ട്.
അതേസമയം കേസ് തമിഴ്നാട് പൊലീസിന് കൈമാറാനുള്ള നീക്കവും പൊലീസിലെ ചിലരുടെ അത്യുത്സാഹമാണെന്ന ആരോപണം ശകതമാണ്. കേസിൽ ഇത്രയും മുന്നോട്ടു കൊണ്ടുപോയിട്ടും തമിഴ്നാട് പൊലീസ്ന കൈമാറണോ എന്നതിലാണ് ആശയക്കുഴപ്പം. അന്വേഷണം രണ്ടാം ഘട്ടത്തിലേയ്ക്ക് കടക്കുകയാണ്.. പ്രതികൾക്ക് എതിരെ പഴുതടച്ചുള്ള കുറ്റപത്രമായിരിക്കും തയ്യാറാക്കുക. അന്വേഷണത്തിന്റെ ഭാഗമായി ഗ്രീഷ്മയുമായി വിവാഹം ഉറപ്പിച്ച നാഗർകോവിൽ സ്വദേശിയായ സൈനികനെയും അന്വേഷണ സംഘം ഉടൻ ചോദ്യം ചെയ്യും. ഇപ്പോൾ കാശ്മീരിൽ ജോലി ചെയ്യുന്ന സൈനികനെ അന്വേഷണ സംഘം ടെലിഫോണിൽ ബന്ധപ്പെട്ട് വിശദാംശങ്ങൾ തേടിയിരുന്നു. കഷായത്തിലെ വിഷ കൊലപാതകം അറിഞ്ഞപ്പോൾ തന്നെ വിവാഹത്തിൽ നിന്നും പിന്മാറിയെന്നും ആദ്യമേ ചില സംശയങ്ങൾ ഉണ്ടായിരുന്നുവെന്നും സൈനികൻ അന്വേഷണ സംഘത്തോട് പറഞ്ഞതായാണ് വിവരം.
കൂടുതൽ വിവരങ്ങൾ അറിയാനും വ്യക്തതയ്ക്കുമായി നേരിട്ട് ഹാജരാകാനായി രണ്ടു ദിവസത്തിനകം ഇദ്ദേഹത്തിന് നോട്ടീസ് അയക്കും. ഗ്രീഷ്മയ്ക്ക് എതിരെയുള്ള തെളിവുകൾ ശക്തമാക്കുന്നതിന്റെ ഭാഗമായി കൂടിയാണ് സൈനികനെയും ചോദ്യം ചെയ്യാൻ വിളിപ്പിക്കുന്നത്. വിവാഹ ബ്രോക്കർ വഴിയാണ് ഗ്രീഷ്മയുടെ ആലോചന വന്നതെന്ന കാര്യവും സൈനികൻ അന്വേഷണ സംഘത്തോട് പറഞ്ഞു.
അതേ സമയം കേസിലെ മുഖ്യപ്രതി ഗ്രീഷ്മയെ ഉടൻ ജയിലിലേക്ക് മാറ്റും. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ നിരീക്ഷണത്തിൽ കഴിയുന്ന ഗ്രീഷ്മയുടെ ആരോഗ്യ നില തൃപ്തികരമാണ്. അന്വേഷണ സംഘം ഗ്രീഷ്മയെ ചികിത്സിക്കുന്ന ഡോക്ടറുമാരുമായി ചർച്ച നടത്തി. ഗ്രീഷ്മയെ വീണ്ടും പ്രത്യേക മെഡിക്കൽ സംഘം പരിശോധിച്ചു. ഇന്ന് തന്നെ ഗ്രീഷ്മയെ ജയിലിലേയ്ക്ക് മാറ്റുമെന്നാണ് മെഡിക്കൽ കോളേജിലെ ഡോക്ടർമാർ നൽകുന്ന സൂചന. അട്ടകുളങ്ങര വനിത ജയിലിലേയ്ക്കാവും മാറ്റുക. ഗ്രീഷ്മയുടെ അമ്മ സിന്ധുവിനെ റിമാന്റ് ചെയ്ത കോടതി അട്ടകുളങ്ങര ജയിലിലേയ്ക്ക് തന്നെയാണ് മാറ്റിയത്. ഗ്രീഷ്മയുടെ പ്രൊഡക്ഷൻ വാറണ്ട് അന്വേഷണ സംഘം ഇഷ്യൂ ചെയ്തു കഴിഞ്ഞു. ജയിലിലേയ്ക്ക് മാറ്റിയാൽ ഉടൻ കോടതിയിൽ കസ്റ്റഡി അപേക്ഷ നൽകും. അതിനുള്ള നടപടികൾ ജില്ലാ പൊലീസ് മേധാവിക്ക് കീഴിലുള്ള ജില്ലാ ക്രൈംബ്രാഞ്ച് ആരംഭിച്ചു കഴിഞ്ഞു.
കസ്റ്റഡിയിലിരിക്കെ നെടുമങ്ങാട് ഡിവൈഎസ്പി ഓഫീസിന് പുറത്തെ ശുചിമുറിയിൽ വച്ചാണ് ഗ്രീഷ്മ ആത്മഹത്യക്ക് ശ്രമിച്ചത്. അണുനാശിനി കുടിച്ചതോടെ ഛർദ്ദിച്ച ഗ്രീഷ്മയെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. ഗ്രീഷ്മക്ക് ഒപ്പമുണ്ടായിരുന്ന പൊലീസുകാർക്ക് വീഴ്ച പറ്റിയതായി ഉന്നത ഉദ്യോഗസ്ഥർ സമ്മതിച്ചിരുന്നു. തുടർന്ന് ഡ്യൂട്ടിയിലുണ്ടായിരുന്ന നെടുമങ്ങാട് സ്റ്റേഷനിലെ ഗായത്രി. സുമ എന്നിവരെ സസ്പെൻഡ് ചെയ്തിരുന്നു. സുരക്ഷാപരിശോധന നടത്തിയ ശുചിമുറിയുണ്ടായിട്ടും ഇവർ പ്രതിയെ പുറത്തെ ശുചിമുറിയിൽ കൊണ്ടുപോയെന്ന് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു.
ഗ്രീഷ്മയെ കസ്റ്റഡിയിൽ വാങ്ങിയ ശേഷം രാമവർമ്മൻ ചിറയിലെ വീട്, ജ്യൂസ് ചലഞ്ച് നടത്തിയ സ്ഥലം , ഷാരോണു മായി പോയ ഹോട്ടലുകൾ എന്നിവിടങ്ങളിൽ കൊണ്ടുപോയി തെളിവെടുക്കും. ഇതിനിടെ കേസിലെ മറ്റ് പ്രതികളെയും കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യും. കേസിലെ ഗൂഢാലോചന സംബന്ധിച്ച് കൂടുതൽ തെളിവുകൾ ശേഖരിക്കേണ്ടതായി ഉണ്ട്. ഗ്രീഷ്മയുടെ പിതാവിനെ സംശയത്തിന്റെ ആനുകൂല്യം നൽകി വിട്ടയച്ചുവെങ്കിലും അദ്ദേഹവും പൊലീസ് നിരീക്ഷണത്തിലാണ്. ഗ്രീഷ്മയെയും ബന്ധുക്കളെയും രണ്ടാം ഘട്ടം നടത്തുന്ന ചോദ്യം ചെയ്യലിൽ ഇക്കാര്യത്തിൽ അന്വേഷണ സംഘത്തിന് കൂടുതൽ വ്യക്തത വരുത്താനാവും.
കേസിൽ മറ്റ് പ്രതികളായ ഗ്രീഷ്മയുടെ അമ്മയെയും അമ്മാവനെയും റിമാൻഡ് ചെയ്തു. ഇന്നലെ രാത്രി നെയ്യാറ്റിൻകര മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കിയാണ് പ്രതികളെ റിമാൻഡ് ചെയ്തത്.
പ്രതി ഗ്രീഷ്മയുടെ വീടിന് സമീപത്തെ കുളത്തിൽ നിന്ന് വിഷക്കുപ്പി കണ്ടെത്തിയിരുന്നു ഗ്രീഷ്മയുടെ അമ്മാവനുമായി നടത്തിയ തെളിവെടുപ്പിലാണ് വിഷക്കുപ്പി ലഭിച്ചത്. കേസിലെ ഏറ്റവും പ്രധാന തെളിവാകാൻ സാധ്യതയുള്ളതാണ് ഈ വിഷക്കുപ്പി. അതേസമയം, ഗ്രീഷ്മക്കെതിരെ ആത്മഹത്യാ ശ്രമത്തിന് പൊലീസ് കേസെടുത്തിരുന്നു. ഗ്രീഷ്മ കൊലപാതകം സംബന്ധിച്ച് ഗൂഗിളിൽ വിശദമായ പരിശോധന നടത്തിയിരുന്നു. എന്നാൽ എങ്ങനെ കൊലപാതകം നടത്താം എന്നുള്ളത് സംബന്ധിച്ചല്ല ഗ്രീഷ്മ ഗൂഗിളിൽ തിരഞ്ഞതെന്നാണ് അന്വേഷണ ഉദ്യോഗസ്ഥർ പറയുന്നത്. പൊലീസിന്റെ ചോദ്യംചെയ്യൽ എങ്ങനെയൊക്കെയായിരിക്കുമെന്ന് ഗൂഗിൾ നോക്കി വിശദമായി മനസിലാക്കുകയായിരുന്നു ഗ്രീഷ്മയുടെ ഉദ്ദേശ്യം. മരണത്തിൽ സംശയം തോന്നിയ പൊലീസ് പലതവണ ചോദ്യംചെയ്തെങ്കിലും ഒരു പതർച്ചയും ഗ്രീഷ്മ പ്രകടിപ്പിച്ചില്ല. പക്ഷേ, മാതാപിതാക്കൾക്കൊപ്പവും തനിച്ചുമുള്ള മണിക്കൂറുകൾ നീണ്ട ചോദ്യം ചെയ്യലിൽ ഗ്രീഷ്മ പതറുകയായിരുന്നു. അതിനുശേഷമാണ് എല്ലാം ഏറ്റുപറഞ്ഞത്.
ഷാരോണിനെ കൊലപ്പെടുത്താൻ ഉപയോഗിച്ച വിഷകുപ്പി പറമ്പിൽ ഉപേക്ഷിച്ചുവെന്നാണ് ഗ്രീഷ്മ പൊലീസിനോട് പറഞ്ഞത്. ഷാരോൺ രാജിന്റെ മരണം സംബന്ധിച്ചുള്ള പൊലീസിന്റെ ചോദ്യങ്ങൾക്ക് വളരെ ശ്രദ്ധയോടെയാണ് ആദ്യം ഗ്രീഷ്മ മറുപടി പറഞ്ഞത്. മാത്രമല്ല തന്റെ പെരുമാറ്റത്തിൽ ശ്രദ്ധ പുലർത്തിയെന്നും ഗ്രീഷ്മ പൊലീസിനോട് വ്യക്തമാക്കിയിരുന്നു. ഇതിനിടെ ഷാരോണിന്റെ കൊലപാതകത്തിലേക്ക് നയിച്ചത് ഗ്രീഷ്മയുടെ വൈരാഗ്യമാണെന്നുള്ള റിപ്പോർട്ടുകളും പുറത്തുവരുന്നുണ്ട്. ഗ്രീഷ്മയുടെ ചില സ്വകാര്യ ചിത്രങ്ങളും വീഡിയോകളും ഷരോണിന്റെ പക്കലുണ്ടായിരുന്നു. പല തവണ ആവശ്യപ്പെട്ടുവെങ്കിലും ഇവ ഡിലീറ്റ് ചെയ്യുന്നതിനോ ഗ്രീഷ്മയ്ക്ക് നൽകുന്നതിനോ ഷാരോൺ തയ്യാറായില്ല. ഇതിന്റെ വൈരാഗ്യമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നുള്ള സൂചനകളും പുറത്തു വരുന്നുണ്ട്. ഈ ദൃശ്യങ്ങൾ പ്രതിശ്രുത വരന് ഷാരോൺ കൈമാറുമോ എന്ന് ഗ്രീഷ്മ ഭയന്നിരുന്നുവെന്നും ഗ്രീഷ്മ പൊലീസിന് മൊഴി നൽകിയിട്ടുണ്ട്.
ഷാരോണിന്റെ കൊലപാതകത്തിൽ ഗ്രീഷ്മയുടെ മാതാപിതാക്കൾക്കും പങ്കുണ്ടെന്ന് ഷാരോണിന്റെ ബന്ധുക്കൾ ആരോപിച്ചിരുന്നു. ഗ്രീഷ്മയുമായുള്ള ബന്ധം ഷാരോൺ തുടരുന്നതിൽ വൻ എതിർപ്പാണ് പെൺകുട്ടിയുടെ വീട്ടുകാരിൽ നിന്നും ഉണ്ടായത്. മകളുമായുള്ള ബന്ധത്തിൽ നിന്ന് പിന്മാറണമെന്നാവശ്യപ്പെട്ട് നേരത്തെ പ്രതിയുടെ അമ്മ ഷാരോണിനെയും മാതാപിതാക്കളെയും വിളിച്ചിരുന്നു.
ഗ്രീഷ്മയ്ക്കും കുടുംബത്തിനും എതിരെ വലിയ ആരോപണങ്ങളാണ് ഷാരോണിന്റെ കുടുംബം ഉന്നയിച്ചത്. ഗ്രീഷ്മ പഠിച്ച കള്ളിയാണെന്നും യുവതിയുടെ അമ്മയ്ക്കും കൊലപാതകത്തിൽ പങ്കുണ്ടെന്ന് ഷാരോണിന്റെ പിതാവ് പറഞ്ഞിരുന്നു. വിഷം കലർത്താൻ ഗ്രീഷ്മയുടെ അമ്മയാണ് അവസരമൊരുക്കിയതെന്നും മകൻ വരുന്ന ദിവസം ഈ സ്ത്രീ വീട്ടിൽ നിന്ന് മാറിനിന്നുവെന്നും അദ്ദേഹം ആരോപിച്ചിരുന്നു. ഷാരോൺ രാജിന്റെ അവസാന ശബ്ദസന്ദേശവും കാമുകിയുമായി നടത്തിയ ജ്യൂസ് ചലഞ്ചിന്റെ ദൃശ്യങ്ങളും പുറത്തുവന്നതോടെയാണ് സംശയ മുനകൾ കാമുകിയിലേക്ക് നീങ്ങിയത്. തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിൽ ഗ്രീഷ്മയുടെ മൊഴിയിൽ വൈരുദ്ധ്യമുണ്ടായതാണ് വഴിത്തിരിവായത്. പിന്നാലെ തുടർ ചോദ്യങ്ങൾക്ക് മുമ്പിൽ ഗ്രീഷ്മ പതറുകയായിരുന്നു. ഒടുവിൽ കഷായത്തിൽ വിഷം കലർത്തി ഷാരോണിനെ കൊലപ്പെടുത്തിയ കാര്യം ഗ്രീഷ്മ സമ്മതിക്കുകയായിരുന്നു.
മറുനാടൻ സ്പെഷ്യൽ കറസ്പോണ്ടന്റ്