- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
എവിടെ നോക്കിയാലും നേതാക്കൾ; ഇല്ലാത്തത് ബൂത്ത്-മണ്ഡലം കമ്മറ്റികളിൽ അംഗബലം; നിലവിലെ നേതൃത്വത്തിന് ആരേയും പിണക്കാതെ മുമ്പോട്ട് പോകാനുള്ള ഉത്തരവാദിത്തമുണ്ട്; സുധാകരന് എല്ലാ വിധ പിന്തുണയും നൽകും; മാറ്റം വേണ്ടത് അടിത്തട്ടിൽ; വർഷങ്ങളായി ഇരിക്കുന്നവർ മാറണം; കോൺഗ്രസിന് കുതിക്കാൻ വേണ്ടത് ഒരുമ; ശശി തരൂർ മറുനാടനോട് പറഞ്ഞത്
തിരുവനന്തപുരം: കോൺഗ്രസിന്റെ അടിത്തട്ടിലെ പ്രവർത്തനത്തിൽ അടിമുടി മാറ്റം വരണമെന്ന് സൂചിപ്പിച്ച് ശശി തരൂർ എംപി. കേരളത്തിൽ എവിടെ നോക്കിയാലും കോൺഗ്രസിന് നേതാക്കളുണ്ട്. നമുക്ക് ഇല്ലാത്തത് ബൂത്ത് കമ്മിറ്റിയിലും മണ്ഡലം കമ്മിറ്റിയിലും പ്രവർത്തകരുടെ അംഗ ബലം ഇല്ലാത്തതാണ്. വരുന്ന മണ്ഡലം, ബ്ലോക്ക് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ആവേശം നിറഞ്ഞ പ്രവർത്തനം ആവശ്യമുണ്ട്. വർഷങ്ങളായി ഇത്തരം സ്ഥാനങ്ങളിൽ ഇരിക്കുന്നവരുണ്ട്. ഇവിടെയാണ് മാറ്റങ്ങൾ വരേണ്ടതെന്നും തരൂർ മറുനാടനോട് പറഞ്ഞു.
ഗ്രൂപ്പിസം പോലുള്ള പ്രതിഭാസങ്ങളുണ്ടായാൽ അത് പാർട്ടിക്ക് നിവലിൽ ദേഷം ചെയ്യും. നമുക്ക് എ യുമല്ല, ഐ യുല്ല, യുണൈറ്റഡ് ആണ് വേണ്ടതെന്നും തരൂർ പറഞ്ഞു. നിലവിലുള്ള നേതൃത്വത്തിന് ആരേയും പിണക്കാതെ മുന്നോട്ട് കൊണ്ടു പോകാനുള്ള ഉത്തരവാദിത്വമുണ്ട്. താഴെത്തട്ടിലുള്ള ജനങ്ങൾക്ക് തോന്നണം പാർട്ടി അവരുടേതാണെന്ന്. അത്തരത്തിലുള്ള ഒരു മാറ്റമാണ് വേണ്ടതെന്നും തരൂർ വ്യക്തമാക്കി. രണ്ടു തവണ തോറ്റു എന്നു പറഞ്ഞ് പാർട്ടിയെ തള്ളിക്കളയരുതെന്നും അദ്ദേഹം പറഞ്ഞു. സുധാകരനെതിരെ എന്തായാലും താൻ പരാതി നൽകിയിട്ടില്ലെന്നും അദ്ദേഹം, നിലവിൽ നേതൃത്വത്തിന് എല്ലാ പിന്തുണയും നൽകേണ്ടതുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
അതേസമയം വൈക്കം സത്യാഗ്രഹം നൂറാം വർഷത്തിലേക്ക് കടക്കുന്ന വേളയിൽ കെപിസിസിയുടെ ശതാബ്ദി ആഘോഷങ്ങൾക്കിടെ പരാതിയും പരിഭവങ്ങളുമാണ് ഉയർന്നു വരുന്നത്. ഗ്രൂപ്പിന്റെ മാത്രം നേതാക്കൾക്കായുള്ള ചടങ്ങായി പരിപാടി മാറിയെന്ന് ശശി തരൂരും സമ്മതിക്കകുകയാണ്. അർഹമായ പരിഗണന നൽകാത്തതിൽ കെ മുരളീധരൻ നേതൃത്വത്തെ പരാതി അറിയിച്ചിരുന്നു. ഈ സംഭവത്തിൽ പാർട്ടിക്ക് അനാവശ്യമായ വീഴ്ച്ച സംഭവിച്ചു. നമ്മൾ എല്ലാവരെയും ഒരുമിച്ച് കൂട്ടിക്കൊണ്ടു വരികെയാണ് ചെയ്യേണ്ടത്. വരും വർഷത്തെ പരിപാടിയിൽ പാർട്ടി ഇത്തരം പരാതികൾ നികത്തുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും തരൂർ മറുനാടനോട് പറഞ്ഞു.
അതേസമയം വൈക്കത്ത് എ-ഐ ഗ്രൂപ്പുകൾക്ക് മതിയായ പരിഗണന കിട്ടിയപ്പോൾ പ്രത്യേക ആവശ്യപ്രകാരം സമ്മേളനത്തിന് എത്തിയ ശശി തരൂരിന് പോലും പ്രസംഗിക്കാൻ അവസരം നൽകിയില്ല. പാർട്ടി പ്രോട്ടോകോൾ പറഞ്ഞാണ് നേതാക്കളെ പിൻനിരയിലേക്ക് ഇരുത്തിയത്. രമേശ് ചെന്നിത്തലയ്ക്ക് പ്രസംഗിക്കാൻ അവസരം നൽകി. കെപിസിസി മുൻ അധ്യക്ഷൻ എന്ന മാനദണ്ഡപ്രകാരമായിരുന്നു ഇത്. എന്നാൽ താനും മുൻ കെപിസിസി അധ്യക്ഷനാണെന്ന പരാതിയാണ് മുരളീധരൻ ഉന്നയിച്ചത്. വേദിയിൽ ഉണ്ടായിരുന്ന എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാലിനോട് കെ മുരളീധരൻ പരാതി പറഞ്ഞു. കെ സുധാകരനേയും പ്രതിഷേധം അറിയിച്ചു. വൈക്കം ബീച്ചിലും നിറഞ്ഞത് കോൺഗ്രസിലെ 'ഹൈക്കമാണ്ട്' ഗ്രൂപ്പിസം എന്നതാണ് ഉയരുന്ന ആക്ഷേപം.
കെപിസിസിയുടെ പ്രവർത്തന രീതിക്കെതിരെ വീണ്ടും കോൺഗ്രസ് എംപിമാർ ഹൈക്കമാണ്ടിന് പരാതി നൽകുമെന്നും റിപ്പോർട്ടുണ്ട്. സുതാര്യമില്ലാത്ത തരത്തിൽ കെപിസിസി പ്രവർത്തിക്കുന്നുവെന്നാണ് ആക്ഷേപം. വൈക്കം സത്യഗ്രഹ പരിപാടിയിൽ വിവാദങ്ങൾക്ക് കാരണമായത് പാർട്ടിക്ക് തിരിച്ചടിയായി. മതിയായ കരുതൽ ഇക്കാര്യത്തിലുണ്ടായി എന്നാണ് സൂചന. കെ മുരളീധരനെ പോലൊരു നേതാവ് പൊട്ടിത്തെറിച്ചതിന് പിന്നിലും കെപിസിസിയിലെ ചിലരുടെ കെടുകാര്യസ്ഥതയാണെന്നാണ് ആരോപണം. കോഴിക്കോട് നിന്നുള്ള കെപിസിസി ജനറൽ സെക്രട്ടറി ജയന്തിനെതിരെയാണ് അതൃപ്തരായ നേതാക്കൾ പരാതിയുമായി മുമ്പോട്ടു പോകുന്നത്. കെപിസിസി അധ്യക്ഷൻ കെ സുധാകരന്റെ വിശ്വസ്തനാണ് ജയന്ത്. ഇതിനൊപ്പം എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാലുമായും അടുപ്പമുണ്ട്. ഈ ബന്ധങ്ങളുപയോഗിച്ച് ജയന്ത് കെപിസിസിയെ ഹൈജാക്ക് ചെയ്യുന്നുവെന്നതാണ് കെ മുരളീധരൻ അടക്കമുള്ളവരുടെ പരാതി.
കഴിഞ്ഞ മാസം പകുതിയോട് ഈ വിഷയം എംപിമാർ ഉയർത്തിയിരുന്നു. ഇതിനെ തുടർന്ന് ഡൽഹിയിൽ കെസി വേണുഗോപാലിന്റെ വസതിയിൽ ചർച്ച നടന്നു. കെപിസിസി അധ്യക്ഷൻ കെ സുധാകരനും ഈ യോഗത്തിൽ പങ്കെടുത്തു. ജയന്തിന്റെ ഇടപെടലുകളിലെ അതൃപ്തിയാണ് യോഗത്തിൽ എംപിമാർ നിറച്ചത്. പ്രശ്ന പരിഹാരമുണ്ടാകുമെന്നും ഇനി എല്ലാം ശ്രദ്ധിക്കാമെന്നും സുധാകരൻ യോഗത്തിൽ വിശദീകരിക്കുകയും ചെയ്തു. ഇതിന് ശേഷമാണ് നേതൃത്വവുമായി സഹകരിക്കാമെന്ന് എംപിമാർ നിലപാടിലെത്തിയത്. കെസി വേണുഗോപാലും വിഷയത്തിൽ എംപിമാർക്കൊപ്പം വികാരം പങ്കുവച്ചു. ഇനി പ്രൊട്ടോകോൾ പ്രശ്നങ്ങളുണ്ടാകില്ലെന്ന് ഉറപ്പും നൽകി. എന്നാൽ വൈക്കത്ത് എല്ലാ അർത്ഥത്തിലും എല്ലാം അട്ടിമറിച്ചു. ചില കേന്ദ്രങ്ങൾ നേതാക്കളുടെ ഇരിപ്പിടവും പ്രസംഗിക്കേണ്ടവരേയും നിശ്ചയിച്ചുവെന്നതാണ് വസ്തുത.
വൈക്കം സത്യഗ്രഹത്തിന്റെ ഓർമ്മപ്പെടുത്തൽ പ്രതിഷേധത്തിന്റെ സ്വാഭവത്തിലേക്ക് വഴിമാറി. കോൺഗ്രസിന്റെ നവോത്ഥാന ഇടപെടൽ വൈക്കം വേദിയിലൊന്നും ആരും നിറച്ചില്ലെന്ന പരാതിയും ഉയരുന്നു. അങ്ങനെ അവസാന പരിപാടിയുടെ സംഘാടനത്തിൽ ആകെ പിഴവുണ്ടായി എന്നാണ് വിലയിരുത്തൽ. ഗ്രൂപ്പിന്റെ മാത്രം നേതാക്കൾക്കായുള്ള ചടങ്ങായി പരിപാടിയെ മാറ്റിയെന്നാണ് ആക്ഷേപം. അർഹമായ പരിഗണന നൽകാത്തതിൽ കെ മുരളീധരൻ നേതൃത്വത്തെ പരാതിയും അറിയിച്ചു. ഒരു മാനദണ്ഡവുമില്ലാതെ നേതാക്കൾക്ക് സീറ്റ് അടക്കം നിശ്ചയിച്ചു. എ-ഐ ഗ്രൂപ്പുകൾക്ക് മതിയായ പരിഗണന കിട്ടിയപ്പോൾ പ്രത്യേക ആവശ്യപ്രകാരം സമ്മേളനത്തിന് എത്തിയ ശശി തരൂരിന് പോലും പ്രസംഗിക്കാൻ അവസരം നൽകിയില്ല.
ചെന്നിത്തലയ്ക്ക് സംസാരിക്കാൻ അവസരം നൽകിയവർ എ ഗ്രൂപ്പിലെ കെ സി ജോസഫിനും മൈക്ക് നൽകി. രാഹുൽ ഗാന്ധിയുടെ സന്ദേശം വായിക്കാനുള്ള ചുമതലയാണ് കെസി ജോസഫിന് നൽകിയത്. എന്നാൽ വിശ്വപൗരനെന്ന ഖ്യാതിയുള്ള തരൂരിന് പ്രസംഗിക്കാൻ അവസരം നൽകിയില്ല. പരിപാടിയിൽ പങ്കെടുക്കണമെന്ന കെപിസിസി അധ്യക്ഷൻ കെ സുധാകരന്റെ പ്രത്യേക ആവശ്യം പരിഗണിച്ചാണ് തരൂർ വൈക്കത്ത് എത്തിയത്. എന്നിട്ടും അവഗണിക്കപ്പെട്ടു. ഇതിന് കാരണം ഹൈക്കമാണ്ടിൽ പിടിയുള്ള ചില നേതാക്കളുടെ വൈരാഗ്യവും വാശിയുമാണ്. തരൂരിന്റെ പ്രസംഗം കോൺഗ്രസ് പ്രവർത്തകരും പ്രതീക്ഷിച്ചിരുന്നു.