തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി സംസ്ഥാനത്തെ കോണ്‍ഗ്രസില്‍ നിലനിന്നിരുന്ന കലുഷിതമായ അന്തരീക്ഷത്തിന് വീണ്ടും വിരാമമാകുന്നു. പാര്‍ട്ടിയുമായി ഇടഞ്ഞുനിന്ന ശശി തരൂര്‍ എം.പി വീണ്ടും കോണ്‍ഗ്രസ് നേതൃത്വത്തില്‍ സജീവമാകുന്നതോടെ യു.ഡി.എഫ് ക്യാമ്പുകളില്‍ ആവേശം തിരിച്ചെത്തുകയാണ്. കഴിഞ്ഞ കുറച്ചുദിവസങ്ങളായി തെരഞ്ഞെടുപ്പ് സമിതി യോഗങ്ങളില്‍ നിന്ന് പോലും വിട്ടുനിന്ന തരൂരിനെ അനുനയിപ്പിച്ചത് എ.ഐ.സി.സി സംഘടനാ ജനറല്‍ സെക്രട്ടറി കെ. സി. വേണുഗോപാലിന്റെ നിര്‍ണ്ണായകമായ ഫോണ്‍ കോളാണെന്നാണ് വിവരം.

പാര്‍ട്ടിയില്‍ താന്‍ അവഗണിക്കപ്പെടുന്നു എന്ന പരാതി തരൂര്‍ നേരത്തെ തന്നെ ഉന്നയിച്ചിരുന്നു. കൊച്ചിയില്‍ നടന്ന മഹാപഞ്ചായത്ത് വേദിയില്‍ രാഹുല്‍ ഗാന്ധി തരൂരിന്റെ പേര് പരാമര്‍ശിക്കാതിരുന്നതും വലിയ ചര്‍ച്ചയായിരുന്നു. എന്നാല്‍ ഇത് വെറുമൊരു 'കമൂണിക്കേഷന്‍ ഗ്യാപ്പ്' മാത്രമാണെന്ന വിശദീകരണമാണ് നേതൃത്വം ഇപ്പോള്‍ തരൂരിന് നല്‍കിയിരിക്കുന്നത്. പരാതികള്‍ ഗൗരവമായി പരിഗണിക്കുമെന്നും പാര്‍ട്ടി ഫോറങ്ങളില്‍ അര്‍ഹമായ പരിഗണന നല്‍കുമെന്നും കെ. സി. വേണുഗോപാല്‍ ഉറപ്പുനല്‍കിയതോടെയാണ് തരൂര്‍ വിട്ടുവീഴ്ചയ്ക്ക് തയ്യാറായത്.

തരൂര്‍ സി.പി.എമ്മിലേക്ക് ചേക്കേറുമെന്ന തരത്തില്‍ ദുബായ് ചര്‍ച്ചകളെ മുന്‍നിര്‍ത്തി പ്രചരിച്ച അഭ്യൂഹങ്ങള്‍ക്ക് ഇനി പ്രസക്തിയില്ലെന്നാണ് സൂചന. രാഹുല്‍ ഗാന്ധിയുമായി നേരിട്ട് ചര്‍ച്ച നടത്തിയ ശേഷം തരൂര്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ മുന്‍നിരയിലേക്ക് എത്തും. കെ.പി.സി.സി അധ്യക്ഷന്‍ സണ്ണി ജോസഫ് തരൂരുമായി ഉടന്‍ കൂടിക്കാഴ്ച നടത്തി ഭാവി പരിപാടികള്‍ ആസൂത്രണം ചെയ്യും. രാഹുലുമായി ഉടന്‍ ചര്‍ച്ചകള്‍ നടക്കും. പ്രിയങ്കാ ഗാന്ധിയും സജീവ ഇടപെടല്‍ നടത്തും.

യുവാക്കളുടെയും പുതുതലമുറ വോട്ടര്‍മാരുടെയും പിന്തുണ ഉറപ്പാക്കാന്‍ തരൂരിനെ മുന്‍നിര്‍ത്തിയുള്ള പ്രചാരണ തന്ത്രങ്ങളാണ് കോണ്‍ഗ്രസ് ഒരുക്കുന്നത്. ഇതിന്റെ ഭാഗമായി 'ജെന്‍സി കണക്ട്' എന്ന പ്രത്യേക ക്യാമ്പയിന്റെ ചുമതല തരൂരിന് നല്‍കിയേക്കും. സോഷ്യല്‍ മീഡിയയിലും യുവാക്കള്‍ക്കിടയിലും തരൂരിനുള്ള സ്വാധീനം പരമാവധി പ്രയോജനപ്പെടുത്തി ഭരണത്തുടര്‍ച്ച ആഗ്രഹിക്കുന്ന എല്‍.ഡി.എഫിനെ പ്രതിരോധിക്കാനാണ് യു.ഡി.എഫ് നീക്കം.

കോണ്‍ഗ്രസിനെ അധികാരത്തില്‍ എത്തിക്കാന്‍ സജീവമായി ഉണ്ടാകുമെന്ന് തരൂര്‍ അടുത്ത വൃത്തങ്ങളോട് സൂചിപ്പിച്ചു കഴിഞ്ഞു. ഇതോടെ പാര്‍ട്ടിയിലെ ആഭ്യന്തര പ്രശ്നങ്ങള്‍ അവസാനിച്ചുവെന്ന ആശ്വാസത്തിലാണ് പ്രവര്‍ത്തകര്‍. രാഹുല്‍ ഗാന്ധിയും തരൂരിന്റെ പ്രസക്തി അംഗീകരിക്കും.