- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
കൊടിയുടെ നിറം നോക്കി വിധവാപെൻഷൻ നിഷേധിച്ചു; പുനർ വിവാഹം കഴിച്ചെന്ന് കള്ള റിപ്പോർട്ട്; പാർട്ടി ഗ്രാമത്തിലെ പഞ്ചായത്ത് ഐ.സി.ഡി. എസ് ഓഫീസർക്ക് മുട്ടൻ പണിയുമായി മനുഷ്യാവകാശ കമ്മിഷൻ; പെൻഷൻ നിഷേധിക്കപ്പെട്ട സ്ത്രീക്ക് നഷ്ടപരിഹാരം നൽകണമെന്ന് ഉത്തരവ്; സംഭവം കണ്ണൂരിലെ കുറ്റിയാട്ടൂർ പഞ്ചായത്തിൽ
കണ്ണൂർ: കൊടിയുടെ നിറം നോക്കി വിധവാ പെൻഷൻ നിഷേധിച്ച സി.പി. എം ഭരിക്കുന്ന ഗ്രാമപഞ്ചായത്തിലെ ഐ.സി. ഡി. എഫ് ഓഫീസർക്ക് മുട്ടൻ പണിയുമായി മനുഷ്യാവകാശകമ്മിഷൻ. ജില്ലയിലെ സി.പി. എം പാർട്ടി ഗ്രാമങ്ങളിലൊന്നായ കുറ്റിയാട്ടൂർ ഗ്രാമപഞ്ചായത്തിലാണ് സംഭവം. രാഷ്ട്രീയ പ്രേരിതമായി തെറ്റായ റിപ്പോർട്ട് നൽകി പാവപ്പെട്ട സ്ത്രീക്ക് വിധവാ പെൻഷൻ നിഷേധിക്കപ്പെട്ട സംഭവത്തിലാണ് മനുഷ്യാവകാശകമ്മിഷൻ ഇടപെട്ടത്. അർഹമായ വിധവാ പെൻഷൻ നിഷേധിക്കപ്പെട്ട സത്രീക്ക് നഷ്ടപരിഹാരം നൽകണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ ഉത്തരവിട്ടു.
പുനർവിവാഹിതയല്ലാത്ത സ്ത്രീ പുനർവിവാഹിതയാണെന്ന് സാക്ഷ്യപത്രം നൽകിയതിനെ തുടർന്ന് സാമൂഹിക സുരക്ഷാ പെൻഷൻ (വിധവാ പെൻഷൻ) നിഷേധിക്കപ്പെട്ട സംഭവത്തിലാണ് കുറ്റിയാട്ടൂർ ഗ്രാമപഞ്ചായത്ത് ഐ.സി.ഡി.എസ് സൂപ്പർവൈസർക്ക് മനുഷ്യാവകാശ കമ്മീഷൻ താക്കീതു നൽകിയത്. വീഴ്ച ആവർത്തിക്കരുതെന്നും ഇങ്ങനെയുള്ള സംഭവങ്ങൾ ഇനിയുണ്ടായാൽ കർശനനടപടിയെടുക്കുമെന്നും മനുഷ്യാവകാശ കമ്മീഷൻ താക്കീതു നൽകിയിട്ടുണ്ട്.
തെറ്റായ സാക്ഷ്യപത്രം കാരണം വിധവാപെൻഷൻ നഷ്ടമായ സാഹചര്യത്തിൽ പരാതിക്കാരിക്ക് ഐ.സി.ഡി.എസ്. സൂപ്പർവൈസർ നഷ്ടപരിഹാരം നൽകണമെന്നും കമ്മീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് ഉത്തരവിട്ടു. പരാതിക്കാരിയായ പഴശ്ശി സ്വദേശിനി പി.വി.ടെസ്സിക്ക് എത്രയും വേഗം സാമൂഹിക സുരക്ഷാ പെൻഷൻ അനുവദിക്കണമെന്നും കമ്മീഷൻ കുറ്റിയാട്ടൂർ ഗ്രാമ പഞ്ചായത്ത് സെക്രട്ടറിക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.
2020 നവംബർ 2 ന് ചേർന്ന കുറ്റിയാട്ടൂർ പഞ്ചായത്ത് ക്ഷേമകാര്യ സമിതിയാണ് പെൻഷൻ നിഷേധിച്ചത്. ഇതുമുതൽ ഇനി പെൻഷൻ അനുവദിക്കുന്ന തീയതി വരെയുള്ള കാലയളവിലെ പെൻഷൻ തുക എത്രയാണെന്ന് കുറ്റിയാട്ടൂർ പഞ്ചായത്ത് സെക്രട്ടറി ഐ.സി.ഡി.എസ്. സൂപ്പർവൈസറെ അറിയിക്കണം. അറിയിപ്പ് ലഭിച്ച് രണ്ടാഴ്ചക്കകം സൂപ്പർവൈസർ പ്രസ്തുത തുക പരാതിക്കാരിക്ക് കൈമാറണമെന്നും ഉത്തരവിൽ പറയുന്നു. തുക നൽകിയ ശേഷം ഐ.സി.ഡി.എസ്. സൂപ്പർവൈസർ കമ്മീഷനിൽ നടപടി റിപ്പോർട്ട് സമർപ്പിക്കണം.
പരാതിക്കാരിക്ക് വേണ്ടി അഡ്വ.കെ വി മനോജ് കുമാർ ഹാജരായി. രാഷ്ട്രീയപരവും വ്യക്തിപരവും കാരണങ്ങളാൽ പരാതിക്കാരിക്ക് പെൻഷൻ നിഷേധിക്കാനായി പരാതിക്കാരി പുനർവിവാഹിതയാണെന്ന വ്യാജ റിപ്പോർട്ട് ഐ.സി.ഡി. എസ് സൂപ്പർവൈസർ സമർപ്പിക്കുകയായിരുന്നുവെന്നാണ് പരാതി. ഇതിനെ ചോദ്യം ചെയ്ത് ടെസ്സി വാർഡ് മെമ്പറെയും ആശാ വർക്കർറെയും പഞ്ചായത്ത് സെക്രട്ടറിയെയും പ്രതിയാക്കി മനുഷ്യാവകാശ കമ്മീഷനിൽ പരാതി നൽകി. പരാതി പരിശോധിച്ച മനുഷ്യാവകാശ കമ്മീഷൻ പഞ്ചായത്ത് നൽകിയ റിപ്പോർട്ട് വ്യാജമാണെന്നും പരാതിക്കാരിയോടുള്ള വിരോധം മൂലം മാത്രമാണ് ഇങ്ങനെയൊരു റിപ്പോർട്ട് സമർപ്പിച്ചതെന്നും കമ്മിഷൻ കണ്ടെത്തി.
അതിനെ തുടർന്നാണ് പെൻഷൻ അനുവദിക്കണമെന്നും ഐ.സി.ഡി. എസ് സൂപ്പർവൈസർ നഷ്ടപരിഹാരം നൽകാനും കമ്മീഷൻ ഉത്തരവായത്.ക്ഷേമപെൻഷൻ നൽകുന്നതു രാഷ്ട്രീയവും മറ്റുപരിഗണനകളും വച്ചാണെന്ന പരാതി തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്കെതിരെ വ്യാപകമായിട്ടുണ്ട് ഈ സാഹചര്യത്തിലാണ് മനുഷ്യാവകാശ കമ്മിഷന്റെ നിർണായകവിധിയുണ്ടായത്.
സി.പി. എം വൻഭൂരിപക്ഷത്തോടെ ഭരിക്കുന്ന കണ്ണൂർ ജില്ലയിലെ ഗ്രാമപഞ്ചായത്തുകളിലൊന്നാണ് കുറ്റിയാട്ടൂർ പഞ്ചായത്ത്. പാർട്ടി ഗ്രാമങ്ങളുള്ള ഇത്തരം പഞ്ചായത്തുകളിൽ അർഹമായ ആനുകൂല്യങ്ങൾ പോലും ഉദ്യോഗസ്ഥരും ഭരണസമിതിയും നിഷേധിക്കുന്നുവെന്ന ആരോപണം കോൺഗ്രസ് അടക്കമുള്ള പാർട്ടികൾ നേരത്തെ ഉന്നയിച്ചിരുന്നു.
പഞ്ചായത്തിന്റെ മറ്റു ആനുകൂല്യങ്ങൾക്കും ഗുണഭോക്താക്കളായി ഭരിക്കുന്നവരെ രാഷ്ട്രീയ പരമായി അനുകൂലിക്കാത്ത സാധാരണക്കാരെ പരിഗണിക്കാറില്ലെന്നാണ് ആരോപണം.സി.പി. എമ്മിന്റെ ചെങ്കോട്ടയായ ആന്തൂർ പഞ്ചായത്തിൽ പാർത്ഥാസ് കൺവെൻഷൻ സെന്റർ തുടങ്ങാൻ നഗരസഭാ അനുമതി നൽകാത്തതിനെ തുടർന്ന് പ്രവാസി വ്യവസായ സംരഭകനായ സാജൻ പാറയിൽ ജീവനൊടുക്കിയത് വൻ കോളിളക്കമുണ്ടാക്കിയിരുന്നു. തലശേരിയിലെ വ്യവസായ സംരഭകൻ നാടുവിടേണ്ടി വന്നതും വിവാദങ്ങൾ സൃഷ്ടിച്ചിരുന്നു.




