- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബാര്‍ അനുവദിക്കാന്‍ സര്‍ക്കാര്‍ സ്‌കൂളിന്റെ ഗേറ്റ് മാറ്റിസ്ഥാപിക്കുന്ന നീക്കം കേട്ട് മുഖ്യമന്ത്രി പൊട്ടിത്തെറിച്ചു; മന്ത്രി ശിവന്‍കുട്ടിയുടെ എതിര് നിലപാടും മേയറുടെ ആ ആഗ്രഹം തകര്‍ത്തു; പൂര്‍വ്വ വിദ്യാര്‍ത്ഥികളുടെ പോരാട്ടം വെറുതെയായില്ല; എസ് എം വി സ്‌കൂളിലെ 'ഗേറ്റ് അട്ടിമറി' പൊളിച്ച് മുകളില്‍ നിന്നുള്ള ഇടപെടല്‍
തിരുവനന്തപുരം: ബാര്‍ അനുമതി ലഭിക്കാനായി സര്‍ക്കാര്‍ സ്‌കൂളിന്റെ ഗേറ്റ് മാറ്റിസ്ഥാപിക്കാനുള്ള തിരുവനന്തപുരം കോര്‍പ്പറേഷന്റെ തീരുമാനം തിരുത്തി മുഖ്യമന്ത്രി പിണറായി വിജയന്‍. വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി പോലും അറിയാതെയാണ് തിരുവനന്തപുരത്തെ പ്രധാന സ്‌കൂളായ എസ് എം വിയുടെ ഗേറ്റ് മാറ്റി സ്ഥാപിക്കാന്‍ കോര്‍പ്പറേഷന്‍ തീരുമാനിച്ചത്. മേയര്‍ ആര്യാ രാജേന്ദ്രന്റെ ഈ നീക്കമാണ് പൊളിയുന്നത്.
തിരുവനന്തപുരം ഗവ. എസ്.എം.വി സ്‌കൂളിന്റെ ഗേറ്റ് ദ്രുതഗതിയില്‍ മാറ്റിസ്ഥാപിക്കുന്ന പശ്ചാത്തലത്തിലാണ് ആരോപണമുയര്‍ന്നത്. സ്‌കൂളിന്റെ പ്രധാന കവാടത്തിന് തൊട്ടുപിന്നിലായിട്ടാണ് പുതിയ കവാടത്തിന്റെ പണി തുടങ്ങിയത്. ഈ പണി അവസാനിപ്പിച്ചു. അവിടെയുണ്ടായിരുന്ന കോണ്‍ക്രീറ്റും കമ്പികളും പൊളിച്ചു മാറ്റി. കുഴിയും മൂടി. അതിവേഗമാണ് എല്ലാം ഇന്ന് സംഭവിച്ചത്. ഈ വിഷയത്തില്‍ ആദ്യം വാര്‍ത്ത നല്‍കിയത് മറുനാടന്‍ മലായാളിയാണ്. പിന്നാലെ പത്രങ്ങളും ചാനലുകളും വിഷയം ഏറ്റെടുത്തു. ഇതോടെയാണ് കോര്‍പ്പറേഷന്റെ അസ്വാഭാവിക നീക്കം വിദ്യാഭ്യാസ മന്ത്രിയും മുഖ്യമന്ത്രിയും മനസ്സിലാക്കിയത്. പിന്നാലെ തിരുത്തലും എത്തുന്നു.പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍ തന്നെയാണ് ഇതിനെതിരെ രംഗത്ത് വന്നത്. ഇതും മേയറുടെ ഗേറ്റ് നിര്‍മ്മാണ മോഹം തകര്‍ത്തു.
സ്‌കൂളിന്റെ നേരെ എതിര്‍വശത്തായാണ് ബാര്‍ ഹോട്ടലിന്റെ പണി പുരോഗമിക്കുന്നത്. നേരത്തെ ബിയര്‍ പാര്‍ലര്‍ ആയിരുന്ന കെട്ടിടം പൊളിച്ച് ത്രീ സ്റ്റാര്‍ റേറ്റിങ്ങുള്ള ബാര്‍ ആക്കാനുള്ള പണികള്‍ പുരോഗമിക്കുകയാണ്. ആരോപണമുയര്‍ന്നതോടെ ഇതിനെതിരേ സ്‌കൂളിലെ പൂര്‍വവിദ്യാര്‍ഥികള്‍ ഉള്‍പ്പടെ രംഗത്തെത്തി. സ്‌കൂള്‍ പ്രവേശന കവാടത്തില്‍ നിന്ന് 200 മീറ്റര്‍ ദൂരപരിധി പാലിച്ചാല്‍ മാത്രമേ ബാര്‍ ലൈസന്‍സ് ലഭിക്കുകയുള്ളു. നിലവില്‍ സ്‌കൂളിന്റെ പ്രവേശന കവാടവും ബാറും തമ്മില്‍ നിഷ്‌കര്‍ഷിക്കുന്ന ദൂരപരിധിയുടെ പകുതിപോലുമില്ല. എന്നാല്‍ ബാര്‍ റോഡിന്റെ മറുവശത്ത് ആയതിനാല്‍ ഓവര്‍ബ്രിഡ്ജ് ചുറ്റിയോ ആയുര്‍വേദ ജങ്ഷന്‍ ചുറ്റിയോ ആണ് ദൂരപരിധി കണക്കാക്കുന്നത്. ഇങ്ങനെ നോക്കിയാല്‍പ്പോലും 200 മീറ്റര്‍ എന്ന പരിധി എത്തുന്നില്ല. ഈ സാഹചര്യം നിലനില്‍ക്കെയാണ് സ്‌കൂള്‍ഗേറ്റ് ഉള്ളിലേയ്ക്ക് മാറ്റുന്ന പണി തുടങ്ങിയത്. ഇതോടെ 200 മീറ്റര്‍ മറികടക്കാന്‍ കഴിയുന്ന അവസ്ഥയെത്തി. മതില്‍ നിലനിര്‍ത്തിക്കൊണ്ട് ഗേറ്റ് മാത്രം ഉള്ളിലേക്ക് പണിയുന്നത് ദുരൂഹത ഉണര്‍ത്തുന്നതാണെന്നാണ് പൂര്‍വവിദ്യാര്‍ഥികള്‍ ആരോപിച്ചിരുന്നു.
ഗേറ്റ് ഉള്ളിലേക്ക് മാറ്റണമെന്നും സ്‌കൂളിന് സഹായം നല്‍കാമെന്നും പറഞ്ഞുകൊണ്ട് ബാറുകാരുടെ ഇടനിലക്കാര്‍ സ്‌കൂള്‍ അധികൃതരെ നേരത്തെ ബന്ധപ്പെട്ടിട്ടുണ്ടെന്ന ആക്ഷേപവുമുയര്‍ന്നു. ജനപ്രതിനിധികളുമായി സംസാരിച്ച് വിഷയത്തില്‍ പരാതി നല്‍കിയിട്ടുണ്ടെന്നും സ്‌കൂളിലെ പൂര്‍വ വിദ്യാര്‍ഥി സംഘടനാ പ്രസിഡന്റ് വിനോദ് കുമാര്‍ പറഞ്ഞു. മേയര്‍ സ്ഥലത്തില്ലാത്തതിനാല്‍ കാണാന്‍ സാധിച്ചില്ല. എം.എല്‍.എയെയും കാണും. ഉദ്യോഗസ്ഥരുടെ നീക്കമാണ് ഇതിന് പിന്നെലെന്നാണ് കരുതുന്നതെന്നും അദ്ദേഹം പറഞ്ഞിരുന്നു. എന്നാല്‍ ഈ നീക്കം ഫലത്തില്‍ മേയര്‍ക്കെതിരെയായി. ഇതോടെ മുഖ്യമന്ത്രി വിഷയത്തില്‍ ഇടപെടുകയും ചെയ്തു. സ്‌കൂളിനുള്ളിലേയ്ക്ക് ഗേറ്റ് പണി തുടങ്ങിയ ശേഷം വലിയ വാഹനങ്ങള്‍ക്ക് പ്രവേശനം നിഷേധിച്ചു. പുതിയ മാസ്റ്റര്‍ പ്ലാനില്‍ റോഡ് വികസനം ശുപാര്‍ശ ചെയ്തിരിക്കുന്നതിനാലാണ് സ്‌കൂളിന്റെ ഗേറ്റ് ഉള്ളിലേയ്ക്ക് മാറ്റി സ്ഥാപിക്കുന്നതെന്നാണ് കോര്‍പ്പറേഷന്‍ വ്യക്തമാക്കിയത്. പക്ഷേ ഈ വാദത്തിന് വലിയ ബലം കിട്ടിയതുമില്ല.
സ്‌കൂളിന് മുന്നിലൊരു ബാറുണ്ടായിരുന്നു. ബാര്‍ ലൈസന്‍സിന് ത്രി സ്റ്റാര്‍ സൗകര്യങ്ങള്‍ വേണമെന്ന നിബന്ധന വന്നതോടെ ഇത് ബിയര്‍ വൈന്‍ പാര്‍ലറായി മാറി. ഈ ഹോട്ടലില്‍ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ട്. ത്രീ സ്റ്റാര്‍ മാനദണ്ഡങ്ങളിലേക്ക് കാര്യങ്ങളെത്തിയാല്‍ ബാര്‍ ലൈസന്‍സ് കിട്ടാന്‍ തടസ്സം എസ് എം വി സ്‌കൂളിന്റെ മുന്‍ ഗേറ്റാണ്. ബാറിന്റെ വാതിലില്‍ നിന്നും എങ്ങനെ വന്നാലും ഇരുന്നൂറു മീറ്ററില്‍ താഴെ മാത്രമാണ് ഈ ഗേറ്റ്. അതുകൊണ്ട് തന്നെ ചട്ടപ്രകാരം ലൈസന്‍സ് കൊടുക്കാന്‍ കഴിയില്ല. ത്രി സ്റ്റാര്‍ ഹോട്ടലുകള്‍ക്ക് സ്‌കൂളുകളില്‍ നിന്നും 200 മീറ്റര്‍ ദൂരപരിധി അനിവാര്യതയാണ്. പഞ്ചനക്ഷത്ര ഹോട്ടലാണെങ്കില്‍ 50 മീറ്റര്‍ മതി. നിലവിലെ സാഹചര്യത്തില്‍ തിരുവനന്തപുരത്തെ കണ്ണായ സ്ഥലമായ ഓവര്‍ ബ്രിഡ്ജിലെ ഹോട്ടലിനെ പഞ്ചനക്ഷത്രത്തിലേക്ക് മാറ്റാനും കഴിയില്ല. ഇത് മനസ്സിലാക്കിയാണ് ത്രീ സ്റ്റാര്‍ ഹോട്ടലാക്കി മാറ്റി എസ് എം വി സ്‌കൂളിന്റെ ഗേറ്റ് 200 മീറ്ററാക്കാനുള്ള നീക്കം നടന്നത്.
തിരുവനന്തുപരത്തെ എംജി റോഡില്‍ തലയെടുപ്പോടെ നില്‍ക്കുന്ന എസ് എം വി സ്‌കൂളിന്റെ പേര് ശ്രീമൂല വിലാസം ഹൈസ്‌കൂള്‍ എന്നാണ്. അഞ്ചാം ക്ലാസ് മുതല്‍ പത്തു വരെ ഒരു കാലത്ത് നാലായിരത്തോളം പേര്‍ ഇവിടെ പഠിച്ചിരുന്നു. എന്നാല്‍ പൊതു വിദ്യാഭ്യാസ രംഗം തളര്‍ന്നപ്പോള്‍ എസ് എം വിയിലും കുട്ടികള്‍ കുറഞ്ഞു. അഞ്ചു മതുല്‍ പത്താം ക്ലാസുവരെ ഇന്നുള്ളത് ഇരുന്നോറോളം കുട്ടികള്‍ മാത്രം. പ്ലസ് ടു കോഴ്സിന് പഠിക്കുന്ന കുട്ടികളാണ് ഇന്ന് എസ് എം വിയുടെ ജീവനാഢി. അതില്ലെങ്കില്‍ സ്‌കൂള്‍ തന്നെ പൂട്ടിപോകുമായിരുന്നുവെന്നതാണ് വസ്തുത. രാജഭരണ കാലത്ത് തുടങ്ങിയ സ്‌കൂളിന് നിരവധി നേട്ടങ്ങളും മാതൃകകളും അവകാശപ്പെടാനുണ്ട്. അധ്യാപകരും കുട്ടികളും ചേര്‍ന്ന് മാഞ്ഞാലിക്കുളത്ത് നിര്‍മ്മിച്ച സ്‌കൂള്‍ ഉത്തമ മാതൃകയാണ്.
സ്‌കൂള്‍ പ്രിന്‍സിപ്പള്‍ പോലും അറിഞ്ഞിരുന്നില്ല ഗേറ്റ് പണി. ഒരു ദിവസം രാവിലെ പണി തുടങ്ങിയപ്പോള്‍ കുട്ടികളെ വിളിക്കാന്‍ സ്‌കൂള്‍ ബസിന് പോലും പുറത്തിറങ്ങാന്‍ പറ്റാതെ വന്നു. അന്ന് കുഴിയെല്ലാം നികത്തിയാണ് ബസിനെ ഉള്ളിലേക്ക് കൊണ്ടു പോയത്.