കൊച്ചി: മറുനാടൻ മലയാളിയും ഷാജൻ സ്‌കറിയയും കേരളത്തിന് അനിവാര്യതയാണെന്ന് ബിജെപി നേതാവ് ശോഭാ സുരേന്ദ്രൻ. ഒരാൾക്ക് മാനനഷ്ടം ഉണ്ടായാൽ ഒരു കോടതിയിൽ കേസ് കൊടുത്താൽ പോരേ. പല ഫയലുകൾക്ക് ലക്ഷങ്ങൾ നൽകാൻ കഴിയില്ലെന്ന് മനസ്സിലായാണ് പല കോടതികളിൽ ഷാജനെതിരെ കേസ് കൊടുക്കുന്നത്. ഇതൊന്നും ശരിയല്ല. പലപല ഷാജന്മാർ ഇനി ഉയർന്നു വരും-ശോഭാ സുരേന്ദ്രൻ മറുനാടനോട് പ്രതികരിച്ചു. ഷാജൻ സ്‌കറിയയെ ഈ നാടിന് വേണമെന്നും ശോഭ കൂട്ടിച്ചേർത്തു.

മറുനാടൻ മലയാളിയുടെ ഷാജൻ സകറിയ കേരളത്തിലെ വീടിലിരിക്കുന്നവർക്ക് മുഴുവൻ പരിചിതം. യാത്രാ അനുഭവമുള്ള സാധാരണ വ്യക്തിയെന്ന നിലയിൽ മനസ്സിലാക്കാൻ ചോദ്യവും ഉത്തരവം പ്രമാണിമാരെ വേദനിപ്പിച്ചു. പിണറായി വിജയനെതിരെ രൂക്ഷ വിമർശനം ഉന്നയിക്കുമ്പോൾ തിരിച്ചടിയുണ്ടാകുമെന്ന് അദ്ദേഹത്തിന് മനസ്സിലാകും. എല്ലാത്തിനും നേതൃത്വം നൽകുന്ന കുൽസിതർ ഒരുമിച്ച് പ്രവർത്തിക്കുകയാണ്. ഞാൻ ഫെയ്സ് ബുക്ക് പോസ്റ്റിട്ടതിന് പോലും ആക്രമണം ഉണ്ടാകുന്നു. ഇതൊന്നും തന്റേടമുള്ളവരെ ബാധിക്കില്ല. ഷാജൻ കേരളത്തിന് ആവശ്യമാണ്. എനിക്കും.

നെൽവയൽ നികത്തി മാളുകൾ ഉയരുന്നു. എന്നാൽ പാവപ്പെട്ടവർക്ക് വീടുവയ്ക്കാൻ കഴിയുന്നില്ല. ഇതിനെതിരെ ആരും പ്രതികരിക്കുന്നില്ല. ഒഴുക്കിനെതിരെ നീന്താൻ ഷാജൻ സ്‌കറിയ ശ്രമിച്ചു. ഒഴുക്ക് എന്നത് അഴിമതിക്കാരുടെ കൂടെ നടക്കലാണ്. അത് വേണ്ടെന്ന് വച്ച് ഷാജൻ മുന്നോട്ട് പോയി. യാഥാർത്ഥ്യങ്ങൾ ശക്തിയുക്തം പറഞ്ഞു. അവർക്ക് തിരിച്ചടിയുണ്ടാകും. അത് അൻവറിന്റെ രൂപത്തിലേക്ക് വരും. റിയാസിന്റെ രൂപത്തിലും വരും. ധർമ്മം ജയിക്കും. വസുദൈവക കുടുംബം പറയുന്നത് ഇതാണ്-ശോഭ വിശദീകരിച്ചു.

ഷാജൻ സ്‌കറിയയ്ക്കെതിരായ കേസിൽ പൊതു സമൂഹം ശക്തമായി തന്നെ പ്രതികരിക്കുന്നുണ്ട്. മറുനാടൻ ചീഫ് എഡിറ്റർ ഷാജൻ സ്‌കറിയയുടെ ജാമ്യ ഹർജി പരിഗണിക്കുന്നത് ഹൈക്കോടതി വെള്ളിയാഴ്ചത്തേക്ക് മാറ്റിയിട്ടുണ്ട് ജസ്റ്റീസ് വിജി അരുണിന്റെ ബഞ്ചാണ് ഹർജി പരിഗണിക്കുന്നത്. വെള്ളിയാഴ്ച വിശദ വാദം കേൾക്കും. ഇടക്കാല ഉത്തരവുകളൊന്നും പുറപ്പെടുവിച്ചില്ല.

കന്നത്തുനാട് എംഎൽഎ പി.വി. ശ്രീനിജൻ നൽകിയ പരാതിയിൽ മറുനാടൻ മലയാളി ഓൺലൈൻ ചാനലിനെതിരെ രജിസ്റ്റർ ചെയ്ത കേസിൽ മറുനാടൻ എഡിറ്റർ ഷാജൻ സ്‌കറിയ നൽകിയ മുൻകൂർ ജാമ്യാപേക്ഷ ജില്ലാ കോടതി തള്ളിയിരുന്നു. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് ജാമ്യാപേക്ഷ തള്ളിയത്. ഈ സാഹചര്യത്തിലാണ് ഹൈക്കോടതിയെ സമീപിച്ചത്. പി വി ശ്രീനിജൻ എംഎൽഎ നൽകിയ പരാതിയിൽ ഷാജൻ സ്‌കറിയക്കെതിരെ പട്ടികജാതി അതിക്രമം തടയൽ നിയമത്തിലെ 3 -1 (ആർ), 3-1 (യു) വകുപ്പുകളനുസരിച്ചാണ് കേസെടുത്തത്. എന്നാൽ ഷാജൻ സ്‌കറിയ യാതൊരുവിധ ജാതി അധിക്ഷേപവും നടത്തിയിരുന്നില്ല എന്ന കാര്യമാണ് അഭിഭാഷകൻ ഹർജിയിൽ ചൂണ്ടിക്കാട്ടിയത്.

എംഎൽഎക്കെതിരെ രാഷ്ട്രീയ വിമർശനം നടത്തിയതിന്റെ പേരിൽ പട്ടികജാതി അതിക്രമം തടയൽ നിയമം ചുമത്തിയത് നിലനിൽക്കില്ലെന്നാണ് വാദം. എന്നാൽ ഈ വകുപ്പു നിലനിൽക്കുമെന്നായിരുന്നു പ്രോസിക്യൂഷൻ വാദം. ഹൈക്കോടതിയിൽ ഷാജൻ സ്‌കറിയക്ക് വേണ്ടി മുതിർന്ന അഭിഭാഷകനായ അഡ്വ. വിജയഭാനു ഹാജരായി.