- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ആദ്യം 'അൺഫിറ്റ്' ആയ അബ്ദുൾ റഷീദ് ഒരു വർഷം കഴിഞ്ഞപ്പോൾ പെട്ടെന്ന് 'വെരിഗുഡ്'; പ്രാദേശിക നേതാവിനെ ബഹുമാനിക്കാത്ത ബാസ്റ്റിൻ സാബു ചെയ്തത് ക്രിമിനൽ കുറ്റമോ? സംസ്ഥാന സർക്കാരിന്റെയും യു പി എസ് സിയുടെയും ഇരട്ടത്താപ്പ് പൊളിച്ചടുക്കി ക്യാറ്റ്: എസ് പി ബാസ്റ്റിൻ സാബുവിനെ ഐപിഎസ് സെലക്ഷനിൽ പരിഗണിക്കാൻ ഉത്തരവ്
കൊച്ചി: യുപിഎസ്‌സിയുടെ ഐപിഎസ് സെലക്ഷൻ രീതികളിലെ പൊള്ളത്തരം തുറന്നു കാട്ടി സെൻട്രൽ അഡ്‌മിനിസ്ട്രേറ്റീവ് ട്രിബ്യൂണൽ(ക്യാറ്റ്). സംസ്ഥാന സർക്കാരിന്റെയും യുപിഎസ്‌സിയുടെയും ഇരട്ടത്താപ്പുകൾക്ക് കനത്ത പ്രഹരം നൽകി ക്യാറ്റ് പുറപ്പെടുവിച്ച ഉത്തരവിൽ മറൈൻ എൻഫോഴ്സ്മെന്റ് എസ്‌പി സി. ബാസ്റ്റിൻ സാബുവിനെ ഐപിഎസ് സെലക്ഷൻ ലിസ്റ്റിൽ പരിഗണിക്കാൻ നിർദ്ദേശം. ക്യാറ്റ് നേരത്തേ നൽകിയ രണ്ട് ഇടക്കാല ഉത്തരവുകൾ പരിഗണിക്കാതിരുന്ന യുപിഎസ്‌സിയുടെയും സംസ്ഥാന സർക്കാരിന്റെയും നടപടികൾ ഉത്തരവിൽ പരാമർശ വിധേയമായിട്ടുണ്ട്.
യുപിഎസ്‌സി സെലക്ഷൻ രീതിയിലെ പാളിച്ചകൾ പൊളിച്ചു കാട്ടുന്നതാണ് ജുഡിഷ്യൽ മെമ്പർ ജസ്റ്റിസ് സുനിൽ തോമസ്, അഡ്‌മിനിസ്ട്രേറ്റീവ് മെമ്പർ കെ.വി. ഈപ്പൻ എന്നിവരുടെ 65 പേജുള്ള ഉത്തരവ്. ബാസ്റ്റിൻ സാബു പയ്യോളി ഇൻസ്പെക്ടർ ആയിരിക്കുന്ന സമയത്ത് സ്റ്റേഷനിൽ വന്ന ഭരണകക്ഷി നേതാവിനോട് മോശമായി പെരുമാറി എന്നതാണ് ഐപിഎസ് സെലക്ഷൻ ലിസ്റ്റിലേക്ക് പരിഗണിക്കുന്നതിന് പ്രധാന തടസമായി കാണിച്ചിരുന്നത്. 2006 ൽ നടന്ന സംഭവത്തിലുണ്ടായിരുന്ന പരാതിയിൽ ബാസ്റ്റിൻ സാബുവിന്റെ ഇൻക്രിമെന്റ സർക്കാർ തടഞ്ഞിരുന്നു. ഈ പണം തിരികെ സർക്കാരിലേക്ക് അടയ്ക്കുന്നതിൽ വീഴ്ച വരുത്തിയെന്നാരോപിച്ചാണ് ഐപിഎസ് സെലക്ഷൻ മീറ്റിങ്ങിൽ ബാസ്റ്റിനെ തഴഞ്ഞത്. ഇതൊരിക്കലും ഗൗരവകരമായ ഒരു കുറ്റകൃത്യമല്ലെന്ന് ക്യാറ്റ് നിരീക്ഷിച്ചു. ഈ ഒരു കാര്യം പറഞ്ഞ് ബാസ്റ്റിനെ സെലക്ഷൻ ലിസ്റ്റിൽ നിന്നൊഴിവാക്കാൻ പാടില്ലെന്നും ഉത്തരവിൽ പറയുന്നു. ഇതല്ലാതെ മറ്റ് തടസമൊന്നുമില്ലെങ്കിൽ അദ്ദേഹത്തിന്റെ വാർഷിക രഹസ്യ റിപ്പോർട്ട് അടിസ്ഥാനമാക്കി സെലക്ഷന് പരിഗണിക്കണം.
വിധിയുടെ 40-ാം പേജിൽ വളരെ സുപ്രധാനമായ ഒരു നിരീക്ഷണം ക്യാറ്റ് നടത്തിയിട്ടുണ്ട്. 2019 ലെ സെലക്ഷൻ ലിസ്റ്റിൽ പരിഗണിക്കപ്പെട്ട എൻ. അബ്ദുൾ റഷീദിനെ 'അൺഫിറ്റ്' ആയി കണക്കാക്കിയിരുന്നു. എന്നാൽ 2020 ലെ സെലക്ഷൻ ലിസ്റ്റ് വന്നപ്പോൾ അയാൾ പെട്ടെന്ന് 'വെരിഗുഡ്' ആയി മാറി. സെലക്ഷൻ കമ്മറ്റിയുടെ നടപടി ക്രമങ്ങളിൽ തെറ്റു വരുന്നത് തള്ളിക്കളയാൻ കഴിയില്ലെന്ന് ഈ സംഭവം തെളിയിക്കുന്നുവെന്നും ക്യാറ്റ് നിരീക്ഷിക്കുന്നു. ഉണ്ണിത്താൻ വധശ്രമക്കേസിൽ പ്രതി ചേർക്കപ്പെടുകയും പിന്നീട് സിബിഐ കോടതി വിചാരണ കൂടാതെ പ്രതിപ്പട്ടികയിൽ നിന്ന് ഒഴിവാക്കുകയും ചെയ്തയാളാണ് അബ്ദുൾ റഷീദ്.
ഇദ്ദേഹത്തിന്റെ വാർഷിക രഹസ്യ റിപ്പോർട്ട് ഐപിഎസ് സെലക്ഷൻ ലഭിക്കാൻ പറ്റുന്ന തരത്തിലുള്ളതായിരുന്നില്ല. ഒറ്റ വർഷത്തെ ഇടവേളയിൽ അൺഫിറ്റ് റിപ്പോർട്ടുള്ളയാൾ വെരിഗുഡ് ആയി മാറിയതിന്റെ സാംഗത്യമാണ് ക്യാറ്റ് ഉത്തരവിലൂടെ പൊളിച്ചിരിക്കുന്നത്. യുപിഎസ്‌സി സെലക്ഷൻ കമ്മറ്റിയുടെ വീഴ്ചകളും പോരായ്മകളുമാണ് ഈ പരാമർശത്തിലൂടെ ക്യാറ്റ് ചൂണ്ടിക്കാണിച്ചിരിക്കുന്നത്. ബാസ്റ്റിന് വേണ്ടി 2019 ഐപിഎസ് സെലക്ഷൻ ലിസ്റ്റിൽ ഒരു തസ്തിക ഒഴിച്ചിടണമെന്ന് ക്യാറ്റ് നിർദ്ദേശിച്ചിരുന്നു. എന്നാൽ, അത് പാലിക്കാൻ യുപിഎസ്‌സിയോ ബാസ്റ്റിനെ പരിഗണിക്കണമെന്ന് റിപ്പോർട്ട് നൽകാൻ സംസ്ഥാന സർക്കാരോ തയാറായില്ല.
ബാസ്റ്റിൻ സാബു അൺഫിറ്റായത് ഇങ്ങനെ..
2006 ൽ പയ്യോളി സ്റ്റേഷനിൽ ഇൻസ്പെക്ടർ ആയിരുന്ന ബാസ്റ്റിൻ സാബു കേസുമായി ബന്ധപ്പെട്ട് വന്ന സിപിഎം പ്രാദേശിക നേതാവിനോട് മോശമായി പെരുമാറിയത്രേ. നേതാവിനെ അസഭ്യം വിളിക്കുകയും കള്ളക്കേസിൽ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്നാണ് പരാതി. നേതാവ് അക്കാലത്തെ വൈദ്യുതി മന്ത്രിക്ക് ഇതു സംബന്ധിച്ച് പരാതി നൽകി. അദ്ദേഹം അത് മുഖ്യമന്ത്രിക്ക് കൈമാറി. മുഖ്യമന്ത്രിയുടെ ഓഫീസ് നിർദ്ദേശിച്ചത് പ്രകാരം കോഴിക്കോട് റൂറൽ എസ്‌പി, ബാസ്റ്റിൻ സാബുവിനെതിരേ അന്വേഷണം നടത്തി. വകുപ്പുതല നടപടിക്ക് ശിപാർശ ചെയ്ത് റിപ്പോർട്ടും സമർപ്പിച്ചു.
ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ബാസ്റ്റിനെതിരേ തുടരന്വേഷണത്തിന് ഉത്തരമേഖലാ ഐജി നിർദ്ദേശിച്ചു. അന്വേഷണത്തിൽ ബാസ്റ്റിന്റെ ഭാഗത്ത് വീഴ്ച കണ്ടെത്തി. ബാസ്റ്റിന്റെ ഇൻക്രിമെന്റ് ഒരു വർഷത്തേക്ക് തടഞ്ഞു കൊണ്ട് നടപടി വന്നു. ഇതേ സമയം തന്നെ സർക്കാരിനും ബാസ്റ്റിനെതിരായ പ്രാഥമിക അന്വേഷണ റിപ്പോർട്ട് ലഭിച്ചിരുന്നു. ഉദ്യോഗസ്ഥന്റെ ഭാഗത്ത് നിന്ന് ഗുരുതര വീഴ്ചയെന്നായിരുന്നു റിപ്പോർട്ട്. ഇതിന്റെ അടിസ്ഥാനത്തിൽ വിശദമായ ഒരു വാച്യാന്വേഷണത്തിന് സംസ്ഥാന സർക്കാർ ഉത്തരവിട്ടു. ഉത്തരമേഖലാ ഐജി ഇതു സംബന്ധിച്ച് അന്വേഷണം പൂർത്തിയാക്കിയതും നടപടി എടുത്തതും അറിയാതെയായിരുന്നു സർക്കാരിന്റെ നടപടി ക്രമം.
സർക്കാർ തലത്തിലുള്ള അന്വേഷണ ഉത്തരവ് കിട്ടിയതിന് പിന്നാലെ സംസ്ഥാന പൊലീസ് മേധാവി ബാസ്റ്റിനെതിരേ ചുമത്തിയ നടപടി ക്രമങ്ങൾ റദ്ദാക്കാൻ ഉത്തരമേഖലാ ഐജിയോട് നിർദ്ദേശിച്ചു. ഇതിൻ പ്രകാരം ഐജി ആ നടപടി ക്രമങ്ങൾ റദ്ദാക്കുകയും ചെയ്തു. ഈ വിവരം സംസ്ഥാന പൊലീസ് മേധാവി സർക്കാരിനെ അറിയിച്ചതുമില്ല.
ഐപിഎസിന് പരിഗണിക്കപ്പെടുമെന്ന് അറിയാമായിരുന്ന ബാസ്റ്റിൻ സാബു, 2006 ലെ തനിക്കെതിരായ സർക്കാരിന്റെ അച്ചടക്ക നടപടി (വാച്യാന്വേഷണ ഉത്തരവ്) അതിനൊരു തടസമാകാതിരിക്കാൻ ആ നടപടി ക്രമങ്ങൾ റദ്ദാക്കുന്നതിന് വേണ്ടി 2016 ൽ ഹൈക്കോടതിയെ സമീപിച്ചു. ഹൈക്കോടതി സർക്കാരിന്റെ വാച്യാന്വേഷണം റദ്ദാക്കി. ഇതോടെ ബാസ്റ്റിനെതിരായ രണ്ട് അന്വേഷണങ്ങളും റദ്ദായി. ആദ്യത്തേത് നോർത്ത് സോൺ ഐജി നടത്തിയ അന്വേഷണം ഡിജിപിയുടെ നിർദ്ദേശ പ്രകാരം 2006 ൽ തന്നെ റദ്ദാക്കപ്പെട്ടു. രണ്ടാമത്തേതത് സർക്കാർ ഉത്തരവിട്ട വാച്യാന്വേഷണം 2016 ലെ ഹൈക്കോടതി വിധി പ്രകാരവും റദ്ദാക്കപ്പെട്ടു.
അതിന് ശേഷം, ഉത്തരമേഖലാ ഐജിയുടെ 2006 ലെ അന്വേഷണത്തിൽ തനിക്കെതിരായി ശിപാർശ ചെയ്ത നടപടികളെ കുറിച്ചുള്ള പരാമർശം ഒഴിവാക്കി കിട്ടാൻ വേണ്ടി ബാസ്റ്റിൻ സാബു സർക്കാരിൽ അപേക്ഷ നൽകി. രണ്ട് അച്ചടക്ക നടപടികളും റദ്ദാക്കപ്പെട്ടുവെങ്കിലും ഈ ഉദ്യോഗസ്ഥനെതിരായ പരാതിയിൽ കഴമ്പുണ്ടെന്ന് കണ്ടെത്തിയത് നിലനിൽക്കുന്നുവെന്ന് മനസിലാക്കിയ സർക്കാർ 2006 ലെ ഉത്തരമേഖലാ ഐജിയുടെ അച്ചടക്ക നടപടി പുനഃസ്ഥാപിച്ചു. ഒരു വർഷത്തെ ശമ്പള വർധനവ് തടഞ്ഞു കൊണ്ടുള്ള ഉത്തരവ് പുനഃസ്ഥാപിച്ചതോടെ അധിക ശമ്പളമായി കൈപ്പറ്റിയ 5016 രൂപ തിരികെ അടയ്ക്കാൻ ബാസ്റ്റിനോട് നിർദ്ദേശിച്ചു. 2021 മാർച്ച് 12 ന് ബാസ്റ്റിൻ പണം അടച്ചു.
കുഴപ്പം തന്റെയല്ല...ബാസ്റ്റിൻ ക്യാറ്റിൽ
സർക്കാരിന്റെയും ആഭ്യന്തരവകുപ്പിന്റെയും ഭാഗത്ത് നിന്ന് വന്ന വീഴ്ചയുടെ പേരിൽ തന്നെ ക്രൂശിക്കരുതെന്നും ഐപിഎസ് ലിസ്റ്റിൽ പരിഗണിക്കണമെന്നും കാട്ടി ബാസ്റ്റിൻ സാബു സെൻട്രൽ അഡ്‌മിനിസ്ട്രേറ്റീവ് ട്രിബ്യൂണലിനെ (ക്യാറ്റ്) സമീപിച്ചതോടെ കളി മാറി. ഹർജി പരിഗണിച്ച ക്യാറ്റ് ബാസ്റ്റിന് അനുകൂലമായ നിലപാട് സ്വീകരിച്ചു. മറ്റ് തടസമില്ലെങ്കിൽ ബാസ്റ്റിനെ പരിഗണിക്കണം. അല്ലെങ്കിൽ അയാൾക്കുള്ള ഒരു തസ്തിക നീക്കി വച്ചിട്ട് നിയമനം നടത്തണമെന്നും ഉത്തരവിട്ടു.
ഉണ്ണിത്താൻ വധശ്രമക്കേസ് പ്രതി റഷീദിന്റെ പേരിൽ ഐപിഎസ് വിവാദം കൊഴുക്കുന്നതിനിടെ ഇതേ പട്ടികയിലേക്ക് അപ്രതീക്ഷിതമായി പ്രത്യപ്പെട്ടയാളാണ് മറൈൻ എൻഫോഴ്സ്മെന്റ് എസ്‌പി ബാസ്റ്റിൻ സാബു. ഐപിഎസ് ലിസ്റ്റിൽ തനിക്കും പരിഗണന വേണമെന്നാവശ്യപ്പെട്ട് ബാസ്റ്റിൻ സാബു കേന്ദ്ര അഡ്‌മിനിസ്ട്രേറ്റീവ് ട്രിബ്യൂണലിനെ സമീപിച്ചു. കേന്ദ്രസംസ്ഥാന സർക്കാരുകളുടെ അഭിഭാഷകൻ ഈ ഹർജിക്കെതിരേ കടുത്ത നിലപാടെടുത്തു. നിലവിൽ 23 പേരുടെ പട്ടിക തയാറാണെന്നും അന്തിമ വിജ്ഞാപനത്തിനായി കാത്തിരിക്കുകയാണെന്നും അതിനാൽ ബാസ്റ്റിന്റെ ഹർജി പരിഗണിക്കരുതെന്നും യുപിഎസ് സി കോൺസൽ ട്രിബ്യൂണലിൽ വാദിച്ചു. ഈ അവസരത്തിൽ യാതൊരു ഉത്തരവും പാടില്ലെന്നും ശക്തമായി ആവശ്യപ്പെട്ടു. കേരളത്തിന്റെ ഗവ. പ്ലീഡറും ഇതേ നിലപാട് സ്വീകരിച്ചു.
എന്നാൽ, ബാസ്റ്റിൻ നേരത്തേ നൽകിയ ഹർജിയിൽ ട്രിബ്യൂണൽ പുറപ്പെടുവിച്ച ഇടക്കാല ഉത്തരവ് ഐപിഎസ് സെലക്ഷൻ കമ്മറ്റിയിൽ സംസ്ഥാന സർക്കാർ വേണ്ട രീതിയിൽ അവതരിപ്പിക്കുന്നതിൽ പരാജയപ്പെട്ടുവെന്ന് ട്രിബ്യൂണൽ നിരീക്ഷിച്ചു. അതിനാൽ, പരാതിക്കാരൻ സമർപ്പിച്ച നിവേദനം 2019, 20 വർഷത്തെ ഐപിഎസ് സെലക്ഷൻ ലിസ്റ്റ് അന്തിമമാക്കുന്നതിന് മുൻപ് വേണ്ട രീതിയിൽ പരിഗണിക്കണമെന്ന് ട്രിബ്യൂണൽ ഉത്തരവിട്ടു. 30 ദിവസത്തിനകം പരാതിക്കാരന്റെ നിവേദനത്തിൽ അന്തിമ തീരുമാനം ഉണ്ടാകണം. ആവശ്യമെങ്കിൽ സെലക്ഷൻ കമ്മറ്റി പുനപരിശോധനാ യോഗം ചേർന്ന് ഇക്കാര്യം പരിഗണിക്കണം. അതു പോലെ തന്നെ ട്രിബ്യൂണൽ 2021 ഡിസംബർ 10 ന് പുറപ്പെടുവിച്ച ഇടക്കാല ഉത്തരവിലെ നിരീക്ഷണങ്ങളും നിർദ്ദേശങ്ങളും അതിന് സംസ്ഥാന സർക്കാർ നൽകിയ വിശദീകരണങ്ങളും പരിഗണിക്കുകയും വേണം. അതിന് ശേഷം മാത്രമേ അന്തിമ പട്ടിക വിജ്ഞാപനം ചെയ്യാൻ പാടുള്ളൂ. ഇനി ഏതെങ്കിലും കാരണവശാൽ പരാതിക്കാരൻ പട്ടികയിൽ ഇടം നേടുന്നില്ലെങ്കിൽ ഈ ഹർജി തീർപ്പാകുന്നതു വരെ 2019 ബാച്ചിൽ ഒരു ഒഴിവ് അദ്ദേഹത്തിനായി മാറ്റി ഇട്ടിട്ട് ബാക്കിയുള്ളവർക്ക് നിയമനം നൽകണം. ഈ ഉത്തരവ് ബാക്കിയുള്ള നിയമനങ്ങൾക്ക് തടസമാകരുതെന്നും അത് എത്രയും പെട്ടെന്ന് നടക്കണമെന്നും ട്രിബ്യൂണലിന്റെ ഉത്തരവിൽ പറയുന്നു.
2006 ലെ പിഴ അടച്ചത് 2021 ൽ: അതു വരെ ശിക്ഷ നിലനിൽക്കുമെന്ന് സംസ്ഥാന സർക്കാരും യുപിഎസിയും
2006 ൽ ബാസ്റ്റിന് ചുമത്തിയ പിഴ അദ്ദേഹം അടച്ചത് 2021 ലാണ്. ഇക്കാര്യം ചൂണ്ടിക്കാട്ടിയാണ് സംസ്ഥാന സർക്കാരും യുപിഎസ്‌സിയും ഐപിഎസ് സെലക്ഷൻ ലിസ്റ്റിൽ ബാസ്റ്റിന് അവസരം നിഷേധിച്ചത്. 2006 ൽ ചുമത്തിയ പിഴയ്ക്ക് ഒരു വർഷം മാത്രമേ കാലാവധിയുള്ളൂവെന്നും അത് ശരിക്കും പിഴയല്ല വെറുമൊരു ബാധ്യതയാണ് എന്നും പറഞ്ഞാണ് ബാസ്റ്റിന് അനുകൂലമായി 2021 ൽ ക്യാറ്റ് ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചത്. നിസാരമായ ഒരു കുറ്റകൃത്യമാണ്. അതിന് ഒരു കൊല്ലത്തിൽ കൂടുതൽ സാധുതയില്ല. അതിനാൽ ഒരു കൊല്ലം കഴിഞ്ഞപ്പോൾ ശിക്ഷാ കാലാവധി കഴിയുകയും ചെയ്തു. അഥവാ പണം അടയ്ക്കാനുണ്ടെങ്കിൽ അത് വെറുമൊരു ബാധ്യത മാത്രമാണെന്നും പിഴ അല്ലെന്നുമുള്ള ബാസ്റ്റിന്റെ അഡ്വക്കേറ്റ് ഗിരിജ കെ. ഗോപാലിന്റെ യുടെ വാദം ക്യാറ്റ് അംഗീകരിച്ചു. ഇത്തരത്തിൽ ഒരു ഇടക്കാല ഉത്തരവും നൽകി. ബാസ്റ്റിനെ സെലക്ഷൻ ലിസ്റ്റിൽ പരിഗണിക്കണമെന്നും 2019 ലെ ഒരു ഒഴിവ് അദ്ദേഹത്തിനായി മാറ്റി വയ്ക്കണമെന്നുമായിരുന്നു ഉത്തരവ്.
ഈ ഉത്തരവിന്റെ അടിസ്ഥാനത്തിൽ ബാസ്റ്റിനെ സെലക്ഷൻ പട്ടികയിൽ പരിഗണിക്കേണ്ടിയിരുന്നു. എന്നാൽ, പിഴ അടയ്ക്കാതിരുന്ന കാര്യം ചൂണ്ടിക്കാട്ടിയാണ് 2019, 20 സെലക്ഷൻ പട്ടികയിൽ അദ്ദേഹത്തെ പരിഗണിക്കാതെ ഇരുന്നത്. സംസ്ഥാന സർക്കാർ ഇക്കാര്യം പറഞ്ഞു കൊണ്ടു റിപ്പോർട്ട് യുപിഎസ് സിക്ക് നൽകുകയും സെലക്ഷൻ കമ്മറ്റി ഇത് മാത്രം പരിഗണിക്കുകയുമായിരുന്നു. ഇതേ തുടർന്ന് ബാസ്റ്റിൻ തന്റെ അഭിഭാഷക ഗിരിജ കെ. ഗോപാൽ മുഖേനെ അപേക്ഷ നൽകിയതിന്റെ അടിസ്ഥാനത്തിലാണ് വീണ്ടും ക്യാറ്റ് കർശനമായ ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്. ഇതിൻ പ്രകാരം ബാസ്റ്റിനെ പരിഗണിക്കാൻ വേണ്ടി വീണ്ടും സെലക്ഷൻ കമ്മറ്റി ചേരണം. നിലവിൽ ഐപിഎസ് ലഭിച്ച വി. അജിത്ത് എന്നയാൾ തന്റെ സിനിയോറിറ്റി പ്രശ്നം ഉന്നയിച്ച് ക്യാറ്റിനെ സമീപിച്ചിട്ടുണ്ട്. അത് പരിഗണിച്ച് അജിത്തിനാണ് സീനിയോറിറ്റിയെങ്കിൽ 2019 ലെ പട്ടികയിൽ ബാസ്റ്റിന് വേണ്ടി ഒഴിച്ചിട്ടിരിക്കുന്ന തസ്തിക അജിത്തിന് നൽകണം. 2020 ലെ ലിസ്റ്റിൽ അജിത്തിന്റെ സ്ഥാനത്തേക്ക് ബാസ്റ്റിനെ പരിഗണിക്കണമെന്നും ഉത്തരവിൽ പറയുന്നു.
2021 ലെ ഒഴിവുകൾ നികത്തുന്നതിനായി ചേരുന്ന സെലക്ഷൻ കമ്മറ്റിയിൽ ഈ രണ്ടു വിഷയങ്ങളും പരിഗണിക്കണമെന്ന് ഉത്തരവിൽ പറയുന്നു. ഈ ഉത്തരവിന്റെ പകർപ്പ് ലഭിച്ച് ഒരു മാസത്തിനുള്ള സെലക്ഷൻ കമ്മറ്റി ചേരത്തക്ക വിധത്തിലുള്ള ക്രമീകരണങ്ങൾ സംസ്ഥാന സർക്കാർ ചെയ്യാനും നിർദ്ദേശിച്ചിട്ടുണ്ട്. മെയ് 31 ന് ബാസ്റ്റിൻ സർവീസിൽ നിന്ന് വിരമിക്കുകയാണ്. അതും ഐപിഎസ് സെലക്ഷൻ ലിസ്റ്റിലേക്ക് പരിഗണിക്കുന്നതിന് തടസമാകരുത്.
ഐപിഎസ് സെലക്ഷൻ നടപടി ക്രമങ്ങളിൽ കോടതികൾ ഇടപെടരുതെന്ന് നേരത്തേ തന്നെ സുപ്രീം കോടതിയുടെ ഉത്തരവുണ്ട്. എന്നാൽ, ബാസ്റ്റിന്റെ കാര്യത്തിൽ കോടതി ഇടപെട്ടത് അനീതി ശ്രദ്ധയിൽപ്പെട്ടപ്പോഴാണ്. പിഴ അടയ്ക്കാൻ വൈകി എന്ന പേരിലാണ് ബാസ്റ്റിനെ ഐപിഎസിന് പരിഗണിക്കാതിരുന്നത്. ഈ അനീതിയാണ് ക്യാറ്റിൽ ചൂണ്ടിക്കാട്ടിയത് എന്ന് അഡ്വ. ഗിരിജ പറഞ്ഞു. ഇത്തരമൊരു നടപടി തെറ്റാണെന്നാണ് വാദിച്ചത്. അത് കോടതി അംഗീകരിച്ചാണ് 65 പേജുള്ള വിധി തന്നത്. ഇത്തരം വിശദമായ ഒരു ഉത്തരവ് വളരെ അപൂർവമാണ്. നേതാവ് വന്നപ്പോൾ ബഹുമാനിച്ചില്ല എന്നുള്ളത് ഒരു ശിക്ഷാനടപടി സ്വീകരിക്കാൻ മാത്രം വലിയ കുറ്റമാണോയെന്ന് കോടതി വ്യംഗമായി ചോദിച്ചു.
മറുനാടന്‍ മലയാളി ബ്യൂറോ