തിരുവനന്തപുരം: ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തില്‍ നടവരവായി ലഭിച്ച വസ്തുക്കള്‍ ലേലംചെയ്യാതെ മറിച്ചുവിറ്റെന്നു കണ്ടെത്തുമ്പോള്‍ ഉയരുന്നത് ഗുരുതര ആരോപണങ്ങള്‍. ഇതിനെത്തുടര്‍ന്ന് രണ്ടു ജീവനക്കാരെ സസ്പെന്‍ഡ് ചെയ്തു. എന്നാല്‍ സംസ്ഥാന സര്‍ക്കാര്‍ നിയോഗിച്ച ഭരണസമിതി അംഗത്തിനെതിരേയും ആരോപണം ഉയര്‍ന്നിട്ടുണ്ട്. ഈ വ്യക്തിക്കെതിരെ അന്വേഷണവുമില്ല. മുഖ്യമന്ത്രി പിണറായി വിജയന്റെ ഓഫീസിലെ പ്രധാനിയെ പോലും വെട്ടിലാക്കുന്ന തരത്തിലാണ് വിമര്‍ശനം. ഈ ഉന്നത ബന്ധങ്ങളാണ് യഥാര്‍ത്ഥ വില്ലനെ രക്ഷിക്കുന്നതെന്നും സൂചനയുണ്ട്.

നടവരവ് വസ്തുക്കളുടെ ചുമതലയുള്ള മുതല്‍പ്പടി ലക്ഷ്മണന്‍പോറ്റി, അസിസ്റ്റന്റ് മുതല്‍പ്പടി മോഹന്‍കുമാര്‍ എന്നിവരെയാണ് സസ്പെന്‍ഡ് ചെയ്തത്. വിലപിടിപ്പുള്ള സാരി, പട്ടുവസ്ത്രങ്ങള്‍, പിത്തള വിളക്കുകള്‍, സ്വര്‍ണം എന്നിവയുടെ കണക്കിലും ലേലംചെയ്യാതെ നടന്ന വില്‍പ്പനയിലുമാണ് ക്രമക്കേടുണ്ടായത്. മൂന്നു ലക്ഷം രൂപയുടെ നഷ്ടമുണ്ടായെി. പുതുതായി ചുമതലയേറ്റ ഭരണസമിതി ചെയര്‍മാനായ ജില്ലാ ജഡ്ജിന്റെ നേതൃത്വത്തില്‍ നടന്ന യോഗത്തിലാണ് വിവരം പുറത്തുവന്നത്. തുടര്‍ന്ന് കണക്കെടുപ്പും നടപടിയും ഉണ്ടായി,.സി.പി.എം. ചാല ഏരിയാ കമ്മിറ്റിക്കു കീഴിലെ യമുനാ നഗര്‍ ബ്രാഞ്ച് അംഗത്തിനെതിരേയും ആരോപണമുണ്ട്.

ക്ഷേത്രത്തിന് കിട്ടുന്ന നടവരവെല്ലാം തല്‍സമയം ലേലം ചെയ്യും. കിട്ടുന്ന വസ്തുക്കളുടെ മൂല്യം പരിശോധിക്കാതെ തോന്നും വില നിശ്ചയിക്കും. അത് ആരെങ്കിലും വാങ്ങി കൊണ്ടു പോകും. ഇതിനെല്ലാം പിന്നില്‍ സിപിഎം നേതാവിന്റെ ഇടപെടലും ഉണ്ടായിരുന്നുവെന്നാണ് ആരോപണം. എന്നാല്‍ മുഖ്യമന്ത്രിയുടെ ഓഫീസിലെ കരുത്ത് കാരണം ആര്‍ക്കും ഒന്നും ചെയ്യാനായില്ല. എന്നാല്‍ പുതുതായി ചുമതലയേറ്റ ഭരണസമിതി ചെയര്‍മാനായ ജില്ലാ ജഡ്ജ് കൃത്യമായ പരിശോധനകളിലേക്ക് കടന്നു. അങ്ങനെയാണ് നടപടികളുണ്ടാകുന്നത്.

സര്‍ക്കാര്‍ നിയോഗിച്ച ഭരണസമിതി അംഗത്തിന്റെ അനുയായിയായ ഇയാള്‍ ക്ഷേത്രകാര്യങ്ങളില്‍ ഇടപെട്ടിരുന്നു. ഭരണസമിതി അംഗത്തിന്റെ പേരില്‍ പട്ടുസാരി വാങ്ങിയതിനുള്ള രസീതും കണ്ടെത്തി. ജീവനക്കാരന്‍ അല്ലാത്ത സി.പി.എം. നേതാവ് ക്ഷേത്രത്തിന്റെ ദൈനംദിനകാര്യങ്ങളില്‍ ഇടപെടുന്നതു സംബന്ധിച്ച് ഭരണസമിതി അംഗത്തിനെതിരേ നേരത്തേ ആക്ഷേപമുയര്‍ന്നിരുന്നു. പക്ഷേ ആര്‍ക്കും ഒന്നും ചെയ്യാനായില്ല. സിപിഎമ്മിന് മുകളിലാണ് കാര്യങ്ങള്‍. മുഖ്യമന്ത്രിയുടെ ഓഫീസുമായുള്ള ഭരണ സമിതി അംഗത്തിന്റെ ബന്ധമാണ് ഇതിന് കാരണം.

അനൗദ്യോഗികമായി ഭരണസമിതി അംഗത്തിന്റെ അനുയായി പ്രതിദിനം 5000 രൂപയോളം വരുമാനമുണ്ടാക്കുന്നുവെന്നായിരുന്നു ആരോപണം. ഭരണസമിതി അംഗവുമായുള്ള സൗഹൃദത്തിന്റെപേരില്‍ അന്യസംസ്ഥാന ഭക്തരില്‍നിന്നു പണം വാങ്ങി ദര്‍ശനത്തിനു സൗകര്യം ഒരുക്കുന്നു എന്നതുള്‍പ്പെടെയുള്ള ആരോപണങ്ങളാണ് ഉയര്‍ന്നത്. പാര്‍ട്ടി അംഗവുമായുള്ള സൗഹൃദം ഒഴിവാക്കാന്‍ ഭരണസമിതി അംഗത്തോട് ഭരണസമിതി നിര്‍ദേശിച്ചിട്ടുണ്ട്. അത് അനുസരിക്കുമോ എന്ന് അറിയില്ല. ഭരണ സമിതി അംഗത്തിന്റെ പേരില്‍ പട്ടു സാരി വാങ്ങിയത് ഞെട്ടിക്കുന്നതാണെന്ന് ഭരണ സമിതിയിലെ പ്രമുഖന്‍ പ്രതികരിച്ചു.

ലേലത്തില്‍ കുറഞ്ഞ വിലയ്ക്ക് പിടിച്ച വില പിടിപ്പുള്ള വസ്തുക്കള്‍ എങ്ങോട്ടാണ് പോയതെന്നതില്‍ അസ്വാഭാവികതയുണ്ടാക്കുന്നതാണ് ഈ സംഭവം. വിശദമായ അന്വേഷണം ഈ വിഷയത്തില്‍ വേണമെന്ന അഭിപ്രായം സജീവമാണ്. ഇക്കാര്യത്തില്‍ ജില്ലാ ജഡ്ജിയുടെ നിലപാട് നിര്‍ണ്ണായകമാകും.