തിരുവനന്തപുരം: അതിസുരക്ഷ മേഖലയായ ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തില്‍ വന്‍ സുരക്ഷാ വീഴ്ച. ക്ഷേത്രത്തിലെ കമ്പ്യൂട്ടര്‍ ഹാക്ക് ചെയ്തുവെന്നാണ് പരാതി. ക്ഷേത്ര അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസറുടെ പരാതിയില്‍ സൈബര്‍ പോലീസ് കേസെടുത്തു. ഐടി ആക്ടിലെ 65, 43, 66 പ്രകാരമാണ് കേസ്. 2025 ഏപ്രിലിനും ജൂണ്‍ 13നും ഇടയിലാണ് സംഭവം എന്നാണ് എഫ് ഐ ആര്‍. ഓഗസ്റ്റ് എട്ടിനാണ് ഇതു സംബന്ധിച്ച പരാതി പോലീസിന് കിട്ടിയത്. അന്ന് തന്നെ കേസെടുക്കുകയും ചെയ്തു. എഫ് ഐ ആര്‍ മറുനാടന് കിട്ടിയിട്ടുണ്ട്. എഫ് ഐ ആറില്‍ ആരേയും പ്രതിചേര്‍ത്തിട്ടില്ല. പക്ഷേ വില്ലനെ കുറിച്ച വ്യക്തമായ സൂചനകളുണ്ട്.

ആവലാതിക്കാരന്‍ എക്‌സിക്യൂട്ടീവ് ഓഫീസറായി പ്രവര്‍ത്തിക്കുന്ന ക്ഷേത്രത്തിലെ കമ്പ്യൂട്ടര്‍ സംവിധാനം പ്രവര്‍ത്തന രഹിതമാക്കണമെന്നുള്ള ഉദ്ദേശത്തോടും കരുതലോടും കൂടി ജൂണ്‍ 13ന് മുമ്പുള്ള ഏതോ ദിവസങ്ങളില്‍ പ്രധാന കമ്പ്യൂട്ടര്‍ സെര്‍വ്വര്‍ സിസ്റ്റത്തില്‍ നുഴഞ്ഞു കയറി എന്നാണ് ആരോപണം. കമ്പ്യൂട്ടര്‍ പ്രോഗ്രാമുകള്‍ക്കും കമ്പ്യൂട്ടറില്‍ സൂക്ഷിച്ചിരുന്ന ഡാറ്റകള്‍ക്കും മാറ്റം വരുത്തി കമ്പ്യൂട്ടറിലേക്കുള്ള പ്രവേശനം ബന്ധപ്പെട്ടവര്‍ക്ക് നിഷേധിച്ചുവെന്നാണ് എഫ് ഐ ആറിലെ ആരോപണം. കുറച്ചു കാലമായി വളരെ ദുരൂഹമായ കാര്യങ്ങളാണ് പത്മനാഭസ്വാമി ക്ഷേത്രത്തില്‍ സംഭവിക്കുന്നത്. അതിന്റെ തുടര്‍ച്ചയാണ് ഈ സംഭവവും. എക്‌സിക്യുട്ടീവ് ഓഫീസര്‍ അറിയാതെ പലതും അവിടെ നടന്നിരുന്നു. പത്മനാഭ സ്വാമി ക്ഷേത്രത്തിലെ ഉത്സവത്തിന്റെ പ്രധാന സ്‌പോണ്‍സര്‍ വര്‍ഷങ്ങളായി ഒരു വ്യക്തിയായിരുന്നു. ബാഗ്ലൂരുകാരനായ ഈ വ്യവസായിയുമായി ക്ഷേത്രത്തിലെ ഒരു ജീവനക്കാരന്‍ പിണങ്ങിയതും ഡാറ്റാ മോഷണ കേസിലേക്ക് കാര്യങ്ങളെത്തിക്കുന്നതിന് കാരണമായിട്ടുണ്ടെന്നാണ് സൂചന.

ഈ ജീവനക്കാരന്റെ അതിവിശ്വസ്തനായിരുന്നു കമ്പ്യൂട്ടറുകളുടെ ചുമതലയില്‍ ഉണ്ടായിരുന്നത്. ബാഗ്ലൂരുകാരന് ഒരു ദിവസത്തെ ഉത്സവം പോലും നേര്‍ച്ചയായി നടത്താന്‍ അനുവദിക്കരുതെന്ന ഉദ്ദേശത്തോടെ ചില കളികള്‍ നടന്നു. വിശ്വസ്തനായ കമ്പ്യൂട്ടര്‍ വിഭാഗത്തിലെ ജീവനക്കാരനെ കൊണ്ട് മറ്റുള്ളവരുടെ പേരില്‍ അതീവ രഹസ്യമായി ഉത്സവ നേര്‍ച്ചകളെല്ലാം മുന്‍കൂട്ടി ബുക്ക് ചെയ്യിച്ചു. ഇത്തരം ഉത്സവങ്ങളുമായി ബന്ധപ്പെട്ട നേര്‍ച്ചകളും സ്‌പോണ്‍സര്‍ ഷിപ്പുമെല്ലാം എക്‌സിക്യുട്ടീവ് ഓഫീസറുടെ അനുമതിയോടെ ബുക്ക് ചെയ്യണമെന്നതാണ് കീഴ് വഴക്കം. എക്‌സിക്യൂട്ടീവ് ഓഫീസറുടെ അനുമതിയില്ലാതെയാണ് ഈ പ്രവര്‍ത്തികളെല്ലാം നടന്നത്. ഇതിന് കൂട്ടു നിന്ന ജീവനക്കാരനെ കമ്പ്യൂട്ടറുകളുടെ ചുമതലയില്‍ നിന്നും മാറ്റുകയും ചെയ്തു. ഈ സംഭവത്തിനും ഡാറ്റാ ഹാക്കിംഗ് വിവാദത്തിനും തമ്മില്‍ എന്തെങ്കിലും ബന്ധമുണ്ടോ എന്ന് അറിയില്ല. ഇക്കാര്യം എഫ് ഐ ആറിലുമില്ല. പത്മനാഭ സ്വാമി ക്ഷേത്രത്തില്‍ ഗുരുതര സുരക്ഷാപ്രശ്‌നങ്ങള്‍ ജീവനക്കാര്‍ തമ്മിലെ പ്രശ്‌നങ്ങള്‍ കാരണം ഉണ്ടാകുന്നുവെന്നതാണ് വസ്തുത.

ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തില്‍ വാതില്‍ സ്വര്‍ണം പൊതിയാനുള്ള സ്വര്‍ണദണ്ഡ് കാണാതാവുകയും പിന്നീട് കണ്ടെത്തുകയും ചെയ്ത സംഭവത്തില്‍ അന്വേഷണം കൂടുതല്‍ വിപുലമാക്കുമെന്ന് പൊലീസ് പറഞ്ഞിരുന്നു. എന്നാല്‍ അന്വേഷണം എങ്ങുമെത്തിയില്ല. ക്ഷേത്രത്തിലെ ഉദ്യോഗസ്ഥര്‍ തമ്മിലുള്ള തര്‍ക്കത്തിന്റെ ഭാഗമായാണ് സ്വര്‍ണം കാണാതായതെന്ന് പൊലീസിന് ചില സന്ദേശങ്ങള്‍ ലഭിച്ചതിനെ തുടര്‍ന്ന് അന്വേഷണം ആ വഴിയും നടക്കുന്നിരുന്നു. ഇതേ കാലത്ത് തന്നെയാണ് കമ്പ്യൂട്ടര്‍ ഹാക്ക് ചെയ്യാന്‍ ശ്രമിച്ചതെന്നാണ് പരാതി. ദണ്ഡ് മോഷ്ടിക്കാന്‍ ശ്രമിച്ചതാണെന്നും മണ്ണില്‍ വീണതാണെന്നുമുള്ള രണ്ടു സംശയങ്ങളിലും പൊലീസ് പരിശോധന നടന്നിരുന്നു. ശ്രീകോവിലിന്റെ വാതില്‍ സ്വര്‍ണം പൊതിയുന്ന ജോലി വ്യാഴാഴ്ച പുനരാരംഭിക്കും. പൊലീസ് ക്ഷേത്രത്തിലെ സിസിടിവി ക്യാമറകള്‍ വീണ്ടും പരിശോധിച്ചിരുന്നു. ദണ്ഡ് കണ്ടെത്തിയ സ്ട്രോങ് റൂമിന്റെ പരിസരത്തെ ക്യാമറകള്‍ പ്രവര്‍ത്തനരഹിതമായിരുന്നു. അതിനാല്‍ കൂടുതല്‍ വിവരങ്ങള്‍ കണ്ടെത്താനായില്ല. ഈ കേസിനും ഡാറ്റാ മോഷണവുമായി ബന്ധമുണ്ടോ എന്ന് സംശയമുണ്ട്.

സ്വര്‍ണ്ണ മോഷണത്തില്‍ മറ്റിടങ്ങളിലെ ക്യാമറ പരിശോധിച്ചെങ്കിലും കാര്യമായ വിവരങ്ങളൊന്നും ലഭിച്ചിട്ടുമില്ല. സംഭവത്തിന്റെ പശ്ചാത്തലത്തില്‍ ക്ഷേത്രത്തിലെ സുരക്ഷാസംവിധാനം ശക്തമാക്കിയിരുന്നു. പ്രവര്‍ത്തനരഹിതമായ ക്യാമറകള്‍ മാറ്റി ഘടിപ്പിക്കാനും പൂര്‍ണ നിരീക്ഷണത്തില്‍ സ്വര്‍ണം പൊതിയുന്ന ജോലി നടത്താനും തീരുമാനിച്ചിരുന്നു. പത്മനാഭ സ്വാമി ക്ഷേത്രത്തില്‍നിന്ന് നഷ്ടമായ സ്വര്‍ണ ദണ്ഡ് തിരിച്ചുകിട്ടിയത് അടക്കം സിസിടിവി ഇല്ലാത്തതുകൊണ്ട് തന്നെ ദുരൂഹമായി തുടരുകയാണ്. വടക്കേനടക്ക് സമീപത്ത് മണ്ണില്‍ പൊതിഞ്ഞ നിലയിലാണ് പതിമൂന്ന് പവന്‍ വരുന്ന ദണ്ഡ് കണ്ടെത്തിയത്. അതേസമയം സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം നടത്തുകയാണെന്നും ആരെങ്കിലും എടുത്തുകൊണ്ടുപോയ ശേഷം തിരിച്ച് കൊണ്ടിട്ടതാണോ എന്നതടക്കമുള്ളത് പരിശോധിക്കുകയാണെന്നും പോലീസ് പറഞ്ഞിരുന്നു. എന്നാല്‍ അന്വേഷണം അട്ടിമറിക്കപ്പെട്ടു.

വടക്കേനടക്ക് അകത്ത് ക്ഷേത്രത്തിലെ നവീകരണത്തിന്റെ ഭാഗമായ ജോലികള്‍ നടത്തുന്ന സ്ഥലത്തിന് സമീപത്തു നിന്നാണ് സ്വര്‍ണം കണ്ടത്. സ്വര്‍ണം സൂക്ഷിക്കുന്ന സുരക്ഷാമുറിക്കും അറ്റകുറ്റപ്പണി നടക്കുന്ന സ്ഥലത്തിനും ഇടയിലായാണ് ദണ്ഡ് കിടന്നത്. മെറ്റല്‍ ഡിറ്റക്ടര്‍ അടക്കമുള്ള ഉപകരണങ്ങള്‍ ഉപയോഗിച്ച് പൊലീസ് ക്ഷേത്ര പരിസരത്ത് പരിശോധന നടത്തിയിരുന്നു. അടുത്ത ദിവസം വൈകീട്ട് അഞ്ചോടെയാണ് സ്വര്‍ണ ദണ്ഡ് കണ്ടെത്തിയത്. ശ്രീകോവിലിലെ ആദ്യനടയിലെ വാതിലിന്റെ പഴയ സ്വര്‍ണം മാറ്റി പുതിയ തകിട് പതിക്കുന്ന ജോലികള്‍ നടക്കുന്നതിനിടെയായിരുന്നു കാണാതായത്. ഇതിനായി സുരക്ഷാമുറയില്‍ സൂക്ഷിച്ചിരുന്ന കാഡ്മിയം ചേര്‍ത്ത സ്വര്‍ണ ദണ്ഡാണ് നഷ്ടമായത്. സ്വര്‍ണ്ണത്തകിടുകള്‍ വിളക്കിച്ചേര്‍ക്കാന്‍ ഉപയോഗിക്കുന്നതാണിത്. സ്ട്രോങ് റൂം തുറന്ന് പരിശോധിച്ചപ്പോഴാണ് ദണ്ഡ് നഷ്ടമായ വിവരം അറിയുന്നത്.

ക്ഷേത്രം എക്സിക്യൂട്ടീവ് ഓഫീസര്‍ നല്‍കിയ പരാതിയിലാണ് സിറ്റി സൈബര്‍ പൊലീസ് കേസെടുത്തു. ഹാക്കിങിന് പിന്നില്‍ സാമ്പത്തിക തട്ടിപ്പോ മറ്റെന്തെങ്കിലും ലക്ഷ്യങ്ങളോ ഉണ്ടോ എന്ന് പൊലീസ് പരിശോധിച്ച് വരികയാണ്. ക്ഷേത്ര സുരക്ഷയെയും ഓണ്‍ലൈന്‍ സാമ്പത്തിക ഇടപാടുകളെയും ഹാക്കിങ് ബാധിച്ചിട്ടുണ്ടോ എന്ന കാര്യത്തിലും അന്വേഷണമുണ്ടാകും. ക്ഷേത്രത്തിന്റെ കംപ്യൂട്ടിങ് സംവിധാനം പ്രവര്‍ത്തനരഹിതമാക്കണമെന്ന് ഉദ്ദേശ്യത്തോടെയാണ് സംഭവം നടന്നത് എന്നാണ് പരാതിയില്‍ സൂചിപ്പിച്ചിരിക്കുന്നത്. സംഭവത്തില്‍ ക്ഷേത്രത്തിലെ താല്‍കാലിക ജീവനക്കാനെയാണ് സംശയിക്കുന്നത്. ഇയാളുടെ പ്രവൃത്തികളില്‍ സംശയം തോന്നിയതിനെ തുടര്‍ന്ന് മാസങ്ങള്‍ക്ക് മുന്‍പ് കംപ്യൂട്ടര്‍ സെക്ഷനില്‍ നിന്ന് മാറ്റി നിര്‍ത്തിയിരുന്നു. എന്നാല്‍, മാറ്റത്തിന് പിന്നാലെ ഇയാള്‍ ജീവനക്കാരുടെ സംഘടനാ നേതാവിന്റെയും ക്ഷേത്രഭരണവുമായി ബന്ധപ്പെട്ട ചിലരുടെയും നേതൃത്വത്തില്‍ ഉന്നത ഉദ്യോഗസ്ഥര്‍ക്കെതിരെ തട്ടിക്കയറുകയും കയ്യേറ്റത്തിന് ശ്രമിക്കുകയും ചെയ്തിരുന്നു. ഇതുസംബന്ധിച്ചുള്ള പരാതിയില്‍ പൊലീസ് നടപടിയെടുത്തിരുന്നില്ല. ഇതിന് പിന്നാലെയായിരുന്നു ക്ഷേത്രത്തിലെ ബി നിലവറ തുറന്ന് പരിശോധിക്കണമെന്ന ആവശ്യവും ഉയര്‍ന്നത്.

കംപ്യൂട്ടര്‍ വിഭാഗത്തില്‍നിന്ന് മാറ്റിയ ശേഷവും ഈ ജീവനക്കാരന്‍ ക്ഷേത്രത്തിന്റെ കംപ്യൂട്ടര്‍ നെറ്റ്വര്‍ക്കിലേക്ക് പ്രവേശിക്കുകയും ഉന്നത ഉദ്യോഗസ്ഥരുടെ കംപ്യൂട്ടറുകളിലെ വിവരങ്ങളടക്കം ശേഖരിക്കുകയും ചെയ്തിരുന്നു. പല ഉദ്യോഗസ്ഥര്‍ക്കും നെറ്റ്വര്‍ക്കിലേക്ക് പ്രവേശിക്കാന്‍ പോലും കഴിയാതെ വന്നപ്പോഴാണ് വിശദമായ പരിശോധന നടത്താന്‍ ക്ഷേത്രം അധികൃതര്‍ തീരുമാനിച്ചത്. തുടര്‍ന്ന് നടന്ന പരിശോധനയിലാണ് ഹാക്കിങ് നടന്നതായി മനസിലാകുന്നത്.