തിരുവനന്തപുരം: ബാലരാമപുരത്ത് രണ്ടുവയസുള്ള സ്വന്തം കുഞ്ഞിനെ കിണറ്റിലെറിഞ്ഞ് കൊലപ്പെടുത്തിയ കേസിലെ പ്രതിയും കുഞ്ഞിന്റെ അമ്മയുമായ ശ്രീതു ജാമ്യത്തിലിറങ്ങി താമസിച്ചത് തമിഴ്നാട് സ്വദേശികളായ മോഷണ സംഘത്തിനൊപ്പം. റിമാന്‍ഡില്‍ കഴിയവേ ജയിലില്‍ വച്ചു പരിചയപ്പെട്ട മറ്റു പ്രതികളാണ് ശ്രീതുവിന് സഹായങ്ങള്‍ ചെയ്തു നല്‍കിയത്. പാലക്കാട്- തമിഴ്നാട് അതിര്‍ത്തിയില്‍ മോഷണസംഘത്തിനൊപ്പം കഴിഞ്ഞിരുന്ന ശ്രീതുവിനെ പോലീസ് പൊക്കിയത് ഫോണ്‍ നമ്പര്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിനൊടുവിലാണ്. ശ്രീതു ഒരു 'ബോണ്‍ ക്രിമിനല്‍' ആണെന്ന വിലയിരുത്തലിലാണ് പോലീസ്്.

കേസില്‍ രണ്ടാം പ്രതിയായ ശ്രീതു നെയ്യാറ്റിന്‍കര ജയിലില്‍ റിമാന്‍ഡില്‍ കഴിയവേ മറ്റു പ്രതികളുമായി അടുത്ത ബന്ധം സ്ഥാപിക്കുകയായിരുന്നു. വലിയതുറ പോലീസ് സ്റ്റേഷനില്‍ എം.ഡി.എം.എ കേസില്‍ അറസ്റ്റിലായി റിമാന്‍ഡിലായ ആര്യയെന്ന സ്ത്രീയുമായും തമിഴ്നാട് സ്വദേശികളും മോഷണക്കേസ് പ്രതിയായ ഇളയരാജയും ഭാര്യയുമായി ശ്രീതു സൗഹൃദത്തിലായി. ആര്യയാണ് ജാമ്യം നേടി ആദ്യം പുറത്തിറങ്ങിയത്. ജാമ്യത്തിലിറക്കാന്‍ കുടുംബാംഗങ്ങളാരും എത്താതിരുന്ന ശ്രീതുവിനെ ആര്യയാണ് ജാമ്യം എടുത്ത് പുറത്തെത്തിച്ചത്. പുറത്തിറങ്ങിയ ശ്രീതു ഇളയരാജയെയും ഭാര്യയെയും ജാമ്യമെടുത്ത് പുറത്ത് എത്തിച്ചു. ക്ഷേത്ര ഉത്സവങ്ങള്‍ക്കിടയില്‍ പതിവായി മോഷണം നടത്തുന്ന സംഘത്തിലെ അംഗങ്ങളാണ് ഇളയരാജയും ഭാര്യയും. കഴിഞ്ഞ ആറ്റുകാല്‍ പൊങ്കാല ഉത്സവത്തിന് മാല മോഷ്ടിച്ചതിനാണ് വഞ്ചിയൂര്‍ പോലീസ് ഇരുവരെയും അറസ്റ്റ് ചെയ്തിരുന്നത്.

ജാമ്യത്തിലിറങ്ങി ശ്രീതുവും ഇളയരാജയും ഭാര്യയും പാലക്കാട്- തമിഴ്നാട് അതിര്‍ത്തിയില്‍ കൊഴിഞ്ഞാമ്പാറയിലെ ഉള്‍ഗ്രാമത്തിലാണ് കഴിഞ്ഞിരുന്നത്. ജയിലില്‍ ശ്രീതുവിന്‍െ്റ സൗഹൃദങ്ങള്‍ അന്വേഷിച്ച പോലീസ് ഇളയരാജയുടെ ഫോണ്‍ പിന്തുര്‍ന്നാണ് ശ്രീതു കൊഴിഞ്ഞാമ്പാറയില്‍ ഉണ്ടെന്ന് സ്ഥിരീകരിച്ചത്. ബാലരാമപുരം എസ്.എച്ച്.ഒ പി.എസ് ധര്‍മജിത്തും നാലംഗസംഘവും മാസങ്ങള്‍ കൊണ്ടു നടത്തിയ അന്വേഷത്തിലാണ് ഇവര്‍ താമസിച്ചിരുന്ന സ്ഥലം കണ്ടെത്തിയത്. ഇവരോടൊപ്പം തമിഴ്നാട് സ്വദേശികളായ മറ്റ് മോഷണസംഘങ്ങളും അവിടെ ഉണ്ടായിരുന്നു. കൊലപാതകത്തിനു പുറമേ ശ്രീതുവിനെതിരെ സാമ്പത്തിക തിരിമറി കേസും പോലീസ് അന്വേഷിക്കുന്നുണ്ട്.

മക്കള്‍ക്കും മാതാപിതാക്കള്‍ക്കും സഹോദരനുമൊപ്പം ശ്രീതു താമസിച്ചിരുന്ന കോട്ടുകാല്‍ക്കോണം സ്‌കൂളിനു മുന്നിലെ വാടക വീട്ടിലാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. ശ്രീതുവിന്റെ ജീവിതരീതികളോട് യോജിക്കാന്‍ കഴിയാത്തതിനാല്‍ ഭര്‍ത്താവ് പാറശാലയിലെ സ്വന്തം വീട്ടിലാണു കഴിഞ്ഞിരുന്നത്. ശ്രീതുവിന്റെ അച്ഛന്‍ ഉദയകുമാറിന്റെ മരണാനന്തര ചടങ്ങില്‍ പങ്കെടുക്കാന്‍ ഭര്‍ത്താവ് വീട്ടിലെത്തിയ ദിവസമാണ് ആസൂത്രിതമായി കൊലപാതകം നടത്തിയതെന്നാണു പോലീസ് കണ്ടെത്തിയത്. ശ്രീതുവിന്റെ സഹോദരന്‍ ഹരികുമാറിനു കുട്ടികളെ ഇഷ്ടമല്ലായിരുന്നെന്നു പോലീസ് പറയുന്നു. രാവിലെ അഞ്ചുമണിക്ക് ശ്രീതു ശുചിമുറിയില്‍ പോയ സമയത്താണ് അവരുടെ മുറിയില്‍ കിടന്ന കുഞ്ഞിനെ വീട്ടുവളപ്പിലെ കിണറ്റിലിട്ടതെന്നു ഹരികുമാര്‍ പോലീസിനു മൊഴി നല്‍കിയിരുന്നു. ശ്രീതുവിന്റെ ഭര്‍ത്താവാണ് കൊലപാതകം നടത്തിയതെന്നു വരുത്തിത്തീര്‍ക്കുകയായിരുന്നു ലക്ഷ്യം. അയല്‍ക്കാര്‍ വിവരമറിയിച്ചതനുസരിച്ച് സ്ഥലത്തെത്തിയ പോലീസാണ് കിണറ്റില്‍ നിന്ന് മൃതദേഹം പുറത്തെടുത്തത്.

തന്റെ വീട്ടില്‍നിന്ന് 30 ലക്ഷം രൂപ മോഷണം പോയതായി മകളുടെ മരണത്തിന് ഏതാനും ദിവസങ്ങള്‍ മുന്‍പ് ശ്രീതു ബാലരാമപുരം പൊലീസിനെ അറിയിച്ചിരുന്നു. എന്നാല്‍, രേഖാമൂലം പരാതി നല്‍കിയില്ല. അന്വേഷണത്തിന്റെ ഭാഗമായി ശ്രീതുവുമായി ബന്ധമുണ്ടായിരുന്ന ഒട്ടേറെപ്പേരില്‍ നിന്ന് പോലീസ് വിവരങ്ങള്‍ ശേഖരിച്ചിരുന്നു. ദേവസ്വം ബോര്‍ഡിലാണു ജോലിയെന്നും താന്‍ വിചാരിച്ചാല്‍ അവിടെ ജോലി തരപ്പെടുത്താമെന്നും ശ്രീതു അവകാശപ്പെട്ടിരുന്നതായി കണ്ടെത്തി. ഇതു വിശ്വസിച്ചു പലരും ശ്രീതുവിനു പണം നല്‍കിയെങ്കിലും ജോലി ലഭിച്ചില്ല. ചിലര്‍ക്ക് ഇവര്‍ വ്യാജ നിയമന ഉത്തരവും നല്‍കി. ദേവസ്വം ബോര്‍ഡില്‍ ജോലിക്കെന്നു പറഞ്ഞ് കാറില്‍ രാവിലെ പോകുന്ന ഇവര്‍ പല ദിവസങ്ങളിലും രാത്രി വൈകിയാണ് തിരികെ എത്തിയിരുന്നത്. പണം നഷ്ടപ്പെട്ട കാര്യം സ്ത്രീകളടക്കം ഏതാനും പേര്‍ പോലീസിനെ അറിയിച്ചിരുന്നു. തുടര്‍ന്ന് നടത്തിയ വിശദ അന്വേഷണത്തിലാണു ജോലി വാഗ്ദാനം ചെയ്തുള്ള തട്ടിപ്പ് കണ്ടെത്തിയത്.

മണിക്കൂറുകള്‍ നീണ്ട ചോദ്യംചെയ്യലില്‍ ഹരികുമാര്‍ കുറ്റം സമ്മതിച്ചു. ഇതിനുശേഷം പലവട്ടം ഹരികുമാര്‍ മൊഴി മാറ്റിപ്പറഞ്ഞതോടെ പോലീസ് മാനസികാരോഗ്യ വിദഗ്ധന്റെ സഹായം തേടി. മാനസിക പ്രശ്നമില്ലെന്ന ഡോക്ടറുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് കോടതി ഇയാളെ റിമാന്‍ഡ് ചെയ്തത്. ശ്രീതുവും ഹരികുമാറും നടത്തിയ ഫോണ്‍ ചാറ്റുകളില്‍ നിര്‍ണായകമായ വിവരങ്ങള്‍ തുടക്കത്തിലേ പൊലീസിനു ലഭിച്ചിരുന്നെങ്കിലും ശാസ്ത്രീയ തെളിവുകളുടെ അഭാവത്തിലാണ് അറസ്റ്റ് നീണ്ടുപോയത്. ഹരികുമാറിന്റെ ചില താല്‍പര്യങ്ങള്‍ക്കു കുട്ടി തടസ്സമായതിനാല്‍ സഹോദരിയോട് ഇയാള്‍ക്കു ദേഷ്യമുണ്ടായിരുന്നുവെന്നും പോലീസ് കണ്ടെത്തി. കൂടുതല്‍ വകുപ്പുകള്‍ ചേര്‍ക്കുന്നത് പോലീസിന്റെ പരിഗണനയിലുണ്ട്.ശ്രീതുവിന്റെ ബന്ധങ്ങളില്‍ സംശയമുണ്ടായിരുന്നതിനാലാണ് പിതൃത്വം സംബന്ധിച്ച ഡിഎന്‍എ പരിശോധന നടത്താന്‍ അന്വേഷണ സംഘം തീരുമാനിച്ചത്. കുട്ടിയെ ഒഴിവാക്കാനുള്ള കാരണം അറിയാന്‍ കൂടിയായിരുന്നു ഇത്. പിതൃത്വം സംബന്ധിച്ച് പരാതികളൊന്നും ലഭിക്കാത്തതിനാല്‍ അതു കണ്ടെത്താനുള്ള ശ്രമം പോലീസ് തല്‍ക്കാലം നിര്‍ത്തിവച്ചിരിക്കുകയാണ്.