തിരുവനന്തപുരം: സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍ അന്തിമ വോട്ടര്‍ പട്ടിക വെബ് സൈറ്റില്‍ കൊടുക്കാത്തത് ദുരൂഹം. വെബ് സൈറ്റില്‍ ഡിജിറ്റല്‍ ഫോര്‍മാറ്റില്‍ പട്ടികയിട്ടാല്‍ ഇരട്ട് വോട്ട് കണ്ടെത്തുക എളുപ്പമാണ്. കമ്പ്യൂട്ടര്‍ സംവിധാനം ഉപയോഗിച്ച് ഇരട്ട വോട്ട് കണ്ടെത്താന്‍ നിരവധി മാര്‍ഗ്ഗമുണ്ട്. കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്റെ വോട്ടര്‍ ഐഡി നമ്പര്‍ തിരഞ്ഞാല്‍ പോലും ഇത് മനസ്സിലാകും. ഇത് തടയുകയെന്ന ലക്ഷ്യം വോട്ടര്‍ പട്ടിക വെബ്സ്റ്റില്‍ ഇടാത്തതിന് പിന്നിലുണ്ടെന്നാണ് ആരോപണം. കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്റെ തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണത്തില്‍ പ്രതിഷേധിക്കുന്ന സിപിഎം ഈ വിഷയത്തില്‍ മൗനം തുടരുന്നു, ഇതിന് പിന്നില്‍ തിരഞ്ഞെടുപ്പ് അട്ടിമറിയാണെന്ന ആരോപണം ശക്തമാണ്. കോഴിക്കോട്ടെ മേയര്‍ സ്ഥാനാര്‍ത്ഥിയായ കോണ്‍ഗ്രസ് മുന്നില്‍ കണ്ട വിഎം വിനുവിന് പോലും മത്സരിക്കാന്‍ കഴിയാത്ത സ്ഥിതിയുണ്ട്. വോട്ടര്‍ പട്ടികയില്‍ പേരില്ലാത്തതാണ് ഇതിന് കാരണം. പേരു വെട്ടിമാറ്റിയെന്ന വിഎം വിനുവിന്റെ നിലപാട് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്റെ വോട്ടര്‍ പട്ടികയെ സംശയ നിഴലിലാക്കുന്നു. ഇതിനൊപ്പമാണ് കമ്മീഷന്റെ സൈറ്റില്‍ ഇനിയും വോട്ടര്‍ പട്ടിക എത്താത്തും ചര്‍ച്ചയാകുന്നത്.

തിരുവനന്തപുരം കോര്‍പ്പറേഷനിലെ വാഴോട്ടുകാണം വാര്‍ഡിലെ ഒരു വീട്. ആ വീട്ടില്‍ അവിടെ താമസിക്കുന്നവര്‍ക്കല്ലാതെ രണ്ടു വോട്ടുകാര്‍ കൂടിയുണ്ട്. ഈ വീടുടമസ്ഥന് കരട് വോട്ടര്‍ പട്ടിക കിട്ടിയിരുന്നു. ഇത് വെറുതെ പരിശോധിച്ചപ്പോഴാണ് തന്റെ വീട്ടു നമ്പരില്‍ മറ്റ് ചിലര്‍ക്ക് കൂടി വോട്ടുണ്ടെന്ന് മനസ്സിലായത്. ഇതേ വീട്ടുടമയ്ക്ക് വീടിനോട് ചേര്‍ന്ന് കടയുമുണ്ട്. ഈ കടയ്ക്കും വീട്ടു നമ്പരുണ്ട്. ഈ വീട്ടു നമ്പരുപയോഗിച്ചും ചിലരെ വോട്ടര്‍ പട്ടികയില്‍ ചേര്‍ത്തിട്ടുണ്ട്. ഫോട്ടോ സഹിതമാണ് ഇതുള്ളത്. തന്റെ വീട്ടിലും കടയിലുമായി താമസിക്കുന്നവരെ തനിക്ക് അറിയില്ലെന്നാണ് ഈ വോട്ടറുടെ പരാതി. ഇത്തരത്തില്‍ പല അസ്വാഭാവികതകളും വോട്ടര്‍ പട്ടികയില്‍ പ്രഥമദൃഷ്ട്യാ ഉണ്ട്. ഇത് പുറത്തേക്ക് ചര്‍ച്ചയാകാതിരിക്കാനാണ് വോട്ടര്‍ പട്ടിക സൈറ്റിലിടാത്തത്. ഡിജിറ്റല്‍ രൂപം പുറത്തേക്ക് വന്നാല്‍ തട്ടിപ്പുകള്‍ അതിവേഗം പുറത്തെത്തും. അത് തടയാന്‍ പരമാവധി വൈകി വോട്ടര്‍ പട്ടിക പ്രസിദ്ധീകരിക്കാനാണ് തീരുമാനം. ഇനിയും തെരഞ്ഞടുപ്പ് വിജ്ഞാപനം വന്നിട്ടില്ല. അതുകൊണ്ട് തന്നെ ആരെങ്കിലും വോട്ടര്‍ പട്ടിക ക്രമക്കേടുമായി ഹൈക്കോടതിയില്‍ പോയാല്‍ കമ്മീഷനെതിരെ വിധി വരാനും സാധ്യതയുണ്ട്. അത്രയും പ്രത്യക്ഷ തട്ടിപ്പാണ് വാഴോട്ടുകോണത്ത് നടന്നതെന്ന് മറുനാടന്റെ അന്വേഷണത്തില്‍ തെളിഞ്ഞു കഴിഞ്ഞു.

ആറ്റിങ്ങള്‍ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ആദ്യം അടൂര്‍ പ്രകാശ് മത്സരിക്കാന്‍ എത്തിയപ്പോള്‍ വോട്ടര്‍ പട്ടികയാകെ ഡിജിറ്റലായി പരിശോധിച്ചിരുന്നു. ഇതോടെ നിരവധി ഇരട്ട വോട്ടുകള്‍ കണ്ടെത്തി. സമാന ഇരട്ട വോട്ടുകള്‍ തദ്ദേശ പട്ടികയിലുമുണ്ട്. ഈ പട്ടികയെ അടൂര്‍ പ്രകാശ് അന്ന് ചെയ്തതു പോലുള്ള പരിശോധനയ്ക്ക വിധേയമാക്കിയാല്‍ നിരവധി അസ്വാഭാവികതകള്‍ കണ്ടെത്തും. ഇത് കോടതിയിലേക്ക് എത്തുന്നത് തടയാനാണ് ഓണ്‍ലൈനില്‍ തിരഞ്ഞെടുപ്പ് വോട്ടര്‍ പട്ടിക ഇടാത്തതെന്നാണ് ആരോപണം. ഈ വിഷയത്തെ കോണ്‍ഗ്രസ് ഗൗരവത്തില്‍ എടുത്തിട്ടുണ്ട്. ഇങ്ങനെ പോയാല്‍ കേരളത്തില്‍ അലയടിക്കുന്ന ഭരണ വിരുദ്ധ വികാരം തദ്ദേശത്തില്‍ തെളിയില്ലെന്ന വിലയിരുത്തലും ശക്തമാണ്. ആധുനിക സാങ്കേതിക കാലഘട്ടത്തില്‍ എല്ലാം തയ്യാറാക്കുന്നത് ഇന്റര്‍നെറ്റ് അധിഷ്ഠിത സേവനങ്ങളിലൂടെയാണ്. എന്നിട്ടും പട്ടിക മാത്രം വെബ് സൈറ്റില്‍ ഇല്ല.

തദ്ദേശ തെരഞ്ഞെടുപ്പിനുള്ള അന്തിമ വോട്ടര്‍പട്ടികയായി എന്നാണ് പുറത്തു വരുന്ന റിപ്പോര്‍ട്ട്. പട്ടികയില്‍ 2.87 കോടി (2,86,62,712) വോട്ടര്‍മാരാണുള്ളത്. 1,35,16,923 പുരുഷന്മാരും 1,51,45,500 സ്ത്രീകളും 289 ട്രാന്‍സ്ജെന്‍ഡറും അടങ്ങുന്നതാണ് പട്ടിക. പ്രവാസി വോട്ടര്‍ പട്ടികയില്‍ 3,745 പേരുണ്ട്. ഒക്ടോബര്‍ 25ന് പ്രസിദ്ധീകരിച്ച അന്തിമവോട്ടര്‍പട്ടികയില്‍ 2,84,30,761 പേരാണ് ഉണ്ടായിരുന്നത്. ഇൗ പട്ടികയില്‍ ഉള്‍പ്പെട്ടിട്ടില്ലാത്ത അര്‍ഹരായവര്‍ക്ക് പേര് ചേര്‍ക്കാന്‍ സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷന്‍ രണ്ടു ദിവസം അവസരം നല്‍കിയിരുന്നു. ഇതനുസരിച്ച് വോട്ടര്‍മാരുടെ എണ്ണത്തില്‍ 2,31,951 ന്റെ വര്‍ധനവുണ്ടായി. 2,66,679 പേര്‍ പുതിയതായി പേര് ചേര്‍ത്തു. 34,745 പേരെ ഒഴിവാക്കി. കേരള പഞ്ചായത്ത് രാജ്, മുനിസിപ്പാലിറ്റി ആക്ട് പ്രകാരമാണ് സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷന്‍ വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കാന്‍ വീണ്ടും അവസരം നല്‍കിയത്. വോട്ടര്‍പട്ടിക അതത് ഇലക്ടറല്‍ രജിസ്ട്രേഷന്‍ ഓഫീസര്‍മാരുടെ പക്കല്‍ പരിശോധനയ്ക്ക് ലഭ്യമാണ്. ഈ പട്ടിക വെബ്‌സൈറ്റില്‍ ഇടാത്തത് എന്തുകൊണ്ടാണെന്ന ചോദ്യമാണ് സംശയങ്ങള്‍ക്ക് ഇട നല്‍കുന്നത്. വോട്ടര്‍ പട്ടിക പതുക്കുന്നതിന് കമ്പ്യൂട്ടര്‍ സംവിധാനം ഉപയോഗിച്ചിരുന്നു. അതുകൊണ്ട് തന്നെ പട്ടിക അപ് ലോഡ് ചെയ്യാന്‍ കാലതാമസം ഉണ്ടാകേണ്ട സാഹചര്യവുമില്ല.

തിരുവനന്തപുരം കോര്‍പറേഷനിലെ മുട്ടട വാര്‍ഡില്‍ യുഡിഎഫ് പ്രഖ്യാപിച്ച സ്ഥാനാര്‍ഥി വൈഷ്ണാ സുരേഷിന്റെ സ്ഥാനാര്‍ഥിത്വം അനിശ്ചിതത്വത്തിലായിരുന്നു. തിരഞ്ഞെടുപ്പ് കമ്മിഷന്‍ ശനിയാഴ്ച പ്രസിദ്ധീകരിച്ച അന്തിമ വോട്ടര്‍ പട്ടികയില്‍ വൈഷ്ണയുടെ പേരില്ല. ഇതോടെയാണ് സ്ഥാനാര്‍ഥിത്വം പ്രതിസന്ധിയിലായത്. കോര്‍പ്പറേഷനിലെ ഏറ്റവും പ്രായം കുറഞ്ഞ സ്ഥാനാര്‍ഥിയെന്ന നിലയിലാണ് ഐടി ജീവനക്കാരിയായ വൈഷ്ണയെ കോണ്‍ഗ്രസ് അവതരിപ്പിച്ചത്. കോര്‍പ്പറേഷന്‍ പരിധിയിലെ ഏതെങ്കിലും വാര്‍ഡിലെ വോട്ടര്‍ പട്ടികയില്‍ പേരുണ്ടെങ്കില്‍ മാത്രമേ മത്സരിക്കാന്‍ കഴിയൂ. വോട്ടര്‍ പട്ടികയില്‍ പേരുചേര്‍ക്കാന്‍ നല്‍കിയ വിലാസത്തിലെ തെറ്റു ചൂണ്ടിക്കാട്ടിയാണ് തിരഞ്ഞെടുപ്പ് കമ്മിഷന്‍ പട്ടികയില്‍നിന്ന് പേര് നീക്കിയത്. വൈഷ്ണയുടെ വിലാസം ശരിയല്ലെന്നും പട്ടികയില്‍നിന്ന് ഒഴിവാക്കണമെന്നുമാവശ്യപ്പെട്ട് സിപിഎം കമ്മിഷന് നേരത്തേ പരാതി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ വൈഷ്ണയെ കമ്മിഷന്‍ ഹിയറിങ്ങിനു വിളിപ്പിച്ചിരുന്നു. ബന്ധപ്പെട്ട രേഖകള്‍ സമര്‍പ്പിച്ചെങ്കിലും അന്തിമ വോട്ടര്‍ പട്ടികയില്‍ വൈഷ്ണയുടെ പേരില്ല. ഇത് ഹൈക്കോടചതിയുടെ ശ്രദ്ധയിലേക്ക് വന്നു. അപ്പീല്‍ ഹിയറിംഗിന് നിര്‍ദ്ദേശിക്കുകയും ചെയ്തു.

മുട്ടടയിലാണ് വൈഷ്ണയുടെ കുടുംബവീട്. ഇപ്പോള്‍ അമ്പലംമുക്കില്‍ വാടകയ്ക്കു താമസിക്കുകയാണ്. മുട്ടടയിലെ വിലാസത്തിലുള്ള തിരിച്ചറിയല്‍ കാര്‍ഡ് ഉപയോഗിച്ച് തദ്ദേശ വോട്ടര്‍ പട്ടികയിലും പേരുചേര്‍ത്തിരുന്നു. വോട്ടര്‍ പട്ടികയില്‍ പ്രസിദ്ധീകരിച്ച മേല്‍വിലാസത്തില്‍ അച്ചടിച്ചുവന്ന വീട്ടുനമ്പര്‍ തെറ്റായിരുന്നു. തെറ്റായി വന്ന ടിസി 18/564 എന്ന നമ്പരുള്ള വീട്ടില്‍ വൈഷ്ണയുമായി ബന്ധമില്ലാത്ത മറ്റൊരു കുടുംബമാണ് വാടകയ്ക്കു താമസിക്കുന്നതെന്നായിരുന്നു സിപിഎമ്മിന്റെ പരാതി. പഴയ വീട്ടുനമ്പര്‍ 3/564 എന്നാതാണെന്നും പുതിയ വീട്ടുനമ്പര്‍ 18/2365 ആണെന്നുള്ള സത്യവാങ്മൂലം ശനിയാഴ്ച സമര്‍പ്പിച്ചെങ്കിലും അന്തിമ വോട്ടര്‍ പട്ടികയില്‍ വൈഷ്ണയുടെ പേര് നീക്കംചെയ്യുകയായിരുന്നു. മുട്ടട വാര്‍ഡിലെ സ്ഥിരതാമസക്കാരിയല്ലെന്ന് കാണിച്ചാണ് സിപിഎം ആദ്യം വൈഷ്ണയ്ക്കെതിരേ രംഗത്തെത്തിയത്. ഇതുസംബന്ധിച്ച പരാതി വന്നതോടെ തിരെഞ്ഞടുപ്പ് കമ്മിഷനു മുന്നില്‍ ഹിയറിങ്ങിന് ഹാജരായി. പിന്നീടാണ് മേല്‍വിലാസം തെറ്റാണെന്ന് കാണിച്ചുള്ള പരാതി ഉയര്‍ന്നത്. ഇതിനായുള്ള സത്യവാങ്മൂലം നേരിട്ട് സ്വീകരിക്കാത്തതിനാല്‍ സ്പീഡ് പോസ്റ്റിലാണ് സമര്‍പ്പിച്ചതെന്ന് വൈഷ്ണ പറയുന്നു.

വോട്ടര്‍പട്ടികയില്‍ പ്രസിദ്ധീകരിച്ച മേല്‍വിലാസത്തില്‍ അച്ചടിച്ചുവന്ന വീട്ടുനമ്പര്‍ തെറ്റായിരുന്നു. തെറ്റായി വന്ന ടിസി 18/564 എന്ന നമ്പരുള്ള വീട്ടില്‍ വൈഷ്ണയുമായി ബന്ധമില്ലാത്തവരാണ് വാടകയ്ക്ക് താമസിക്കുന്നതെന്നായിരുന്നു സിപിഎമ്മിന്റെ പരാതി. പഴയ വീട്ടുനമ്പര്‍ 3/564 ആണെന്നും പുതിയ വീട്ടുനമ്പര്‍ 18/2365 ആണെന്നുള്ള സത്യവാങ്മൂലം ശനിയാഴ്ച സമര്‍പ്പിച്ചിരുന്നു. സത്യവാങ്മൂലത്തില്‍ പറയുന്ന പഴയവീട്ടു നമ്പറും തെറ്റാണെന്നു സിപിഎം ആരോപിക്കുന്നു. വീടിന്റെ നികുതി വിവരങ്ങളെടുത്താണ് സിപിഎം തെളിവായി നിരത്തിയിരിക്കുന്നത്. 3/566 എന്നതാണെന്നും വൈഷ്ണയുടെ അച്ഛന്റെ സഹോദരിയുടെ മകന്റെ വീടായ ഇവിടെ മറ്റൊരു വാടകക്കാരാണ് താമസമെന്നും സിപിഎം ആരോപിക്കുന്നു. വൈഷ്ണയ്‌ക്കെതിരേ പരാതി നല്‍കിയ സിപിഎം പ്രവര്‍ത്തകന്‍ ധനേഷിന്റെ പേരില്‍ 28 വോട്ടുകളാണുള്ളതെന്ന് കോണ്‍ഗ്രസ് ആരോപിക്കുന്നു. ധനേഷിന്റെ മേല്‍വിലാസത്തിലും തെറ്റുണ്ട്. ഇങ്ങനെ പലവിധ ആരോപണങ്ങള്‍ വോട്ടര്‍ പട്ടികയ്ക്ക് എതിരെയുണ്ട്.

നവംബര്‍ 4, 5 തീയതികളിലായി വോട്ടര്‍പട്ടികയില്‍ പേരു ചേര്‍ക്കാനും ആവശ്യമായ തിരുത്തലുകള്‍ വരുത്താനും പേരുകള്‍ നീക്കം ചെയ്യാനും കമ്മിഷന്‍ അവസരം നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണു സപ്ലിമെന്ററി പട്ടിക പുറത്തിറക്കുന്നത്. രാഷ്ട്രീയ എതിര്‍പ്പിന്റെ ഭാഗമായി, മുന്‍കൂട്ടി പ്രഖ്യാപിച്ച സ്ഥാനാര്‍ഥികളില്‍ പലരുടെയും വോട്ടുകള്‍ പട്ടികയില്‍നിന്നു നീക്കംചെയ്യാന്‍ പാര്‍ട്ടികളില്‍ പലരും പ്രാദേശികമായി ശ്രമം നടത്തിയിട്ടുണ്ട്. ഇങ്ങനെ പട്ടികയില്‍നിന്നു പുറത്താകുന്നവരെ സ്ഥാനാര്‍ഥികളാക്കാനാവില്ല. ഇനി വോട്ടര്‍പട്ടികയില്‍ പേരു ചേര്‍ക്കാനും അവസരമില്ല. ഈ പ്രതിസന്ധി വരുന്ന ദിവസങ്ങളില്‍ സ്ഥാനാര്‍ഥിനിര്‍ണയത്തില്‍ ചിലയിടങ്ങളിലെങ്കിലും മാറ്റങ്ങള്‍ക്കു കാരണമായേക്കും.സ്ഥാനാര്‍ഥിനിര്‍ണയം ഏതാണ്ട് പൂര്‍ത്തിയായി.