- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
നിർബന്ധിച്ച് വിളിച്ചുവരുത്തിയിട്ട് ഊണില്ലെന്ന് പറഞ്ഞ പോലെ; യാത്രാച്ചെലവുമില്ല, ആഹാരം കഴിച്ച പണവും നൽകിയില്ല; പ്രോജക്റ്റ് അവതരിപ്പിക്കേണ്ട ദിവസം സമയവും നൽകിയില്ല; സ്പോർട്സ് കൗൺസിലിനെ അറിയിച്ചിട്ടും മിണ്ടാട്ടമില്ല; ഇന്റർനാഷണൽ സ്പോർട്സ് സമ്മിറ്റ് കേരളയിൽ ക്ഷണിച്ചുവരുത്തി ദ്രോണാചാര്യ പുരസ്കാര ജേതാവ് ടി പി ഔസേഫിനെ അപമാനിച്ച് സംസ്ഥാന സർക്കാർ
കൊച്ചി: മുൻ ദേശീയ സ്പോർട്സ് കൗൺസിൽ പരിശീലകനും ദ്രോണാചാര്യ അവാർഡ് ജേതാവുമായ ടി.പി ഔസേഫിനെ കേരളാ സർക്കാർ അപമാനിച്ചതായി ആരോപണം. ജനുവരിയിൽ തിരുവനന്തപുരത്ത് നടന്ന ഇന്റർനാഷണൽ സ്പോർട്സ് സമ്മിറ്റ് കേരളയിൽ (ഐ.എസ്.എസ്.കെ) അക്കാഡമീസ് ആൻഡ് ഹൈ പെർഫോമൻസ് സെന്റേഴ്സ് പ്രോജക്ട് അവതരിപ്പിക്കാൻ വിളിച്ചു വരുത്തിയശേഷം പ്രോജക്ട് അവതരിപ്പിക്കാൻ സമയം നൽകാതെയും ഇവിടേക്ക് വന്നു പോയതിന്റെ യാത്രാ ചെലവുകളും മറ്റും നൽകാതെയും അപമാനിച്ചതായാണ് ആരോപണം. ഇത് സംബന്ധിച്ച് കേരളാ സ്പോർട്സ് കൗൺസിലിനും പരിപാടിയുടെ സംഘാടകർക്കുമുൾപ്പെടെ പരാതി നൽകിയിട്ടും യാതൊരു മറുപടിയും നൽകാത്തതിനെ തുടർന്നാണ് ടി.പി ഔസേഫ് മറുനാടൻ മലയാളിയിലൂടെ ഇക്കാര്യം തുറന്ന് പറഞ്ഞത്.
'ശാരീരിക അവശത മൂലം ദൂരയാത്ര സാധ്യമല്ലാത്തതിനാൽ ഐ.എസ്.എസ്.കെയുടെ പരിപാടിയിൽ പങ്കെടുക്കാൻ കഴിയില്ലെന്ന് ക്ഷണം കിട്ടിയപ്പോൾ പറഞ്ഞിരുന്നു. എന്നാൽ വിമാന മാർഗ്ഗം തിരുവനന്തപുരത്തേക്ക് എത്തിയാൽ മതിയെന്നും എല്ലാ ചെലവുകളും സംഘാടകർ തന്നെ വഹിച്ചു കൊള്ളുമെന്നും മറ്റും പറഞ്ഞ് ഏറെ നിർബന്ധിച്ചു. ഇതേ തുടർന്നാണ് തിരുവനന്തപുരത്തേക്ക് പോകാമെന്ന് തീരുമാനിച്ചത്. പ്രോജക്ട് തയ്യാറാക്കാൻ കുറഞ്ഞത് പത്ത് ദിവസമെങ്കിലും വേണം. എന്നാൽ പരിപാടി നടക്കാൻ ഏഴു ദിവസം ബാക്കി നിൽക്കെയായിരുന്നു ക്ഷണം. അതിനാൽ മണിക്കൂറുകളോളം ചിലവഴിച്ചാണ് പ്രോജക്ട് തയ്യാറാക്കിയത് തന്നെ.
കൊച്ചിയിൽ നിന്നും വിമാന മാർഗ്ഗം തിരുവനന്തപുരത്തെത്തിയെങ്കിലും വേണ്ട പരിഗണന ലഭിച്ചില്ല. വിദേശ രാജ്യങ്ങളിൽ നിന്നെത്തിയവർ പഞ്ച നക്ഷത്ര ഹോട്ടലുകളിൽ താമസിക്കുമ്പോൾ സിറ്റിയിലെ ഒരു ഹോട്ടലിലാണ് മുറിയൊരുക്കിയത്. 26 നാണ് പ്രോജക്ട് അവതരിപ്പിക്കേണ്ടത്. എന്നാൽ പറഞ്ഞതിന് വിപരീതമായി തലേദിവസം മോട്ടീവേഷൻ ക്ലാസ്സ് എടുപ്പിച്ചു. പിന്നീട് പ്രോജക്ട് അവതരിപ്പിക്കേണ്ട ദിവസം മതിയായ സമയവും തന്നില്ല. ഇതെല്ലാം കഴിഞ്ഞ് തിരികെ എറണാകുളത്തെ വീട്ടിലെത്തി ദിവസങ്ങൾ കഴിഞ്ഞിട്ടും യാത്രാ ചെലവോ പങ്കെടുത്തതിനുള്ള പ്രതിഫലമോ ലഭിച്ചില്ല. ഇതിനായി ക്ഷണിച്ചവരെയും സ്പോർട്സ് കൗൺസിൽ അംഗങ്ങളെയും ബന്ധപ്പെട്ടെങ്കിലും മറുപടി ലഭിച്ചില്ല. പിന്നീട് ഫോൺ വിളിച്ചാൽ എടുക്കാത്ത അവസ്ഥയുമായി. ഇതോടെ വിവരങ്ങൾ കാണിച്ച് ഇ-മെയിൽ അയച്ചെങ്കിലും മൗനം മാത്രമായിരുന്നു. അതിനാലാണ് ഇക്കാര്യം തുറന്നു പറഞ്ഞത്'- ടി.പി ഔസേഫ് പറഞ്ഞു.
വിമാന യാത്രയും മറ്റു ചെലവുകളുമെല്ലാം കൂട്ടി 13,844 രൂപയാണ് ലഭിക്കാനുള്ളത്. വിദേശ രാജ്യങ്ങളിൽ നിന്നെത്തിയവർക്ക് കൊടുക്കുന്ന തുകയുടെ നാലിലൊരു ഭാഗം പോലുമില്ല. അങ്ങനെയുള്ളപ്പോൾ ഇത് തരാതിരിക്കുന്നത് എന്തുകൊണ്ടാണെന്ന് അറിയില്ല. നിർബന്ധിപ്പിച്ച് പരിപാടിയിൽ പങ്കെടുപ്പിച്ചിട്ട് അവഗണന നേരിടേണ്ടി വരുന്നത് വലിയ മാനസിക സംഘർഷം ഉണ്ടാക്കുന്നുവെന്നും അദ്ദേഹം മറുനാടനോട് പറഞ്ഞു.
വിവധ രാജ്യങ്ങളിൽ നിന്നുള്ളവർ അന്തർ ദേശീയ കായിക ഉച്ചകോടിയിൽ പങ്കെടുത്തു. നിക്ഷേപകരെ കൊണ്ടു വരിക എന്ന ലക്ഷ്യത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്. 3000 കോടിയിലധികം രൂപയുടെ നിക്ഷേപം പരിപാടിയിൽ പ്രഖ്യാപിക്കുകയും ചെയ്തു. ഇത്രയും നിക്ഷേപം സ്വീകരിച്ചിട്ടിട്ടും തനിക്ക് പണം തരാത്തത് തന്നെ അപമാനിക്കുന്നതിന് തുല്യമാണെന്നാണ് ടി.പി ഔസേഫ് പറയുന്നത്.
മികച്ച പരിശീലകനുള്ള കേന്ദ്രസർക്കാരിന്റെ ദ്രോണാചാര്യ അവാർഡ്, സംസ്ഥാന സർക്കാരിന്റെ ജി.വി രാജാ അവാർഡ് എന്നിവ സ്വന്തമാക്കിയ ടി.പി ഔസേഫ് ബോബി അലോഷ്യസ്, അഞ്ജു ബോബി ജോർജ്ജ്, ലേഖാ തോമസ് തുടങ്ങിയ ഒളിമ്പ്യന്മാരുടെ കോച്ചായിരുന്നു. ബോബി അലോഷ്യസിന് 12 വർഷമാണ് അദ്ദേഹം പരിശീലനം നൽകിയത്. മറ്റൊരു രാജ്യാന്തര താരമായിരുന്ന ജിൻസി ഫിലിപ്പും ഔസേഫിന്റെ ശിഷ്യയായിരുന്നു. ഈ നിര നീളും. 2021 ലാണ് ദ്രോണാചാര്യ അവാർഡ് ലഭിക്കുന്നത്.
മറുനാടൻ മലയാളി കൊച്ചി റിപ്പോർട്ടർ.