- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
സിൽവർലൈൻ കുറ്റികൾ തീർത്ത പങ്കപ്പാട് ഇതുവരെ ഒഴിഞ്ഞില്ല; അടുത്ത സർവേ ചെങ്ങന്നൂർ-പമ്പ റെയിലിന്; വീടിന്റെ ചുമരിലും കിടപ്പറയിലും വരെ ചുവന്ന നിറത്തിൽ നമ്പരുകൾ; ആകാശപാത വിഭാവനം ചെയ്തിടത്ത് സർവേ നടത്തുന്നത് ഭൂമിയിലൂടെയുള്ള റെയിൽവേ ലൈനിന്; പ്രതിഷേധവുമായി പമ്പ തീര നിവാസികൾ
ചെങ്ങന്നൂർ: ആലപ്പുഴ, പത്തനംതിട്ട ജില്ലകളിലൂടെ കടന്നു പോകുന്നതിന് വിഭാവനം ചെയ്ത സിൽവർ ലൈൻ ഏറെക്കുറെ നടക്കില്ലെന്ന് ഉറപ്പായി. സർക്കാരിന്റെ പൊതുജനദ്രോഹത്തിന്റെ സ്മാരകം എന്നതു പോലെ പലരുടെയും അടുക്കളയിൽ വരെ സിൽവർ ലൈനിന്റെ മഞ്ഞക്കുറ്റികൾ കിടക്കുന്നുണ്ട്. ഇതിനിടെ പമ്പയുടെ തീരനിവാസികളെ ആശങ്കയിലാഴ്‌ത്തി പുതിയ റെയിൽവേ ലൈനിനുള്ള സർവേ നടപടികൾ ആരംഭിച്ചിരിക്കുകയാണ്. ചെങ്ങന്നൂർ-പമ്പ ശബരിമല പാതയ്ക്ക് വേണ്ടിയുള്ള സർവേയാണ് തുടങ്ങിയിരിക്കുന്നത്. നേരത്തേ ഇത് ആകാശപാതയാകുമെന്നാണ് പറഞ്ഞിരുന്നത്. എന്നാൽ ഭൂമിയിലൂടെ തന്നെ പാത വരുമെന്നാണ് സർവേ നടപടികൾ സൂചിപ്പിക്കുന്നത്.
ഇതോടെ മറ്റൊരു സിൽവർ ലൈൻ പ്രതിഷേധവുമായി ജനങ്ങളും രംഗത്തേക്ക് ഇറങ്ങുകയാണ്. ശബരിമലയിലേക്ക് പമ്പയ്ക്ക് സമാന്തരമായി ആകാശ റെയിൽവേ വരുന്നുവെന്ന് കേട്ട് സന്തോഷിച്ചവരെ പ്രതിരോധത്തിലാക്കിയാണ് ഇപ്പോൾ സർവേ നടക്കുന്നത്. ചെങ്ങന്നൂരിൽ നിന്നും തുടങ്ങി ആറന്മുള, കോഴഞ്ചേരി, അയിരൂർ, വടശേരിക്കര, പെരുനാട് വഴി പമ്പയിലേക്ക് ആകാശ പദ്ധതിയായാണ് ആദ്യ ഘട്ടത്തിൽ പറഞ്ഞിരുന്നത്.
വേഴാമ്പൽ പദ്ധതി ആയി പ്രഖ്യാപിച്ചതും പിന്നീട് മെട്രോമാൻ ഇ. ശ്രീധരൻ പരിശോധിച്ചതും ഇതായിരുന്നു. എന്നാൽ ഇപ്പോൾ ആരംഭിച്ചിരിക്കുന്ന സർവേ പ്രകാരം പമ്പാ തീരത്തു നിന്നും മൂന്ന് കിലോമീറ്റർ അകലത്തിലാണ് ലൈൻ കടന്നു പോകുന്നത്. ആറന്മുളയിൽ പലയിടത്തും വീടിന്റെ ചുവരിൽ വരെ നമ്പർ ഇട്ട് അടയാളപ്പെടുത്തിയിട്ടുണ്ട്. റോഡിലും കനാലിലും വരെ ചുവന്ന അടയാളം പ്രത്യക്ഷപ്പെട്ടു. ചെങ്ങന്നൂർ റെയിൽവേ സ്റ്റേഷനിൽ നിന്നുമാരംഭിച്ച് ആറന്മുള, കോഴഞ്ചേരി, ചെറുകോൽ, വടശേരിക്കര,പെരുനാട് തുടങ്ങിയ പഞ്ചായത്തുകളിലൂടെ കടന്നു പോകുന്ന പാതയ്ക്ക് 72 കിലോമീറ്ററാണ് നീളം.
ലൈൻ കടന്നു പോകുന്ന തദ്ദേശ സ്ഥാപനങ്ങളെ അറിയിക്കാതെയാണ് സർവേ തുടങ്ങിയത് എന്നും ആരോപണമുണ്ട്. ഇത് ഗുരുതരമായ വീഴ്ചയാണ്. പമ്പാ നദിയുടെ സമീപത്തുകൂടിയാണ് റെയിൽപാത കടന്നു പോകുന്നതെന്ന് അറിയിച്ച ശേഷം മൂന്ന് കിലോമീറ്ററോളം അകലത്തിലുള്ള പ്രദേശത്തു കൂടി സർവേ നടത്തുന്നത് വിചിത്രമാണെന്ന് നാട്ടുകാർ പറയുന്നു. ചെങ്ങന്നൂർ ഹാച്ചറി ജങ്ഷന് സമീപത്തു കൂടി എം.സി റോഡ് മറികടന്ന് കാർത്തിക റോഡ്, ഗവ: ഐ.ടി.ഐ, ക്രിസ്ത്യൻ കോളേജ് എന്നിവയ്ക്ക് സമീപത്തു കൂടി ആറന്മുളയിലേക്ക് എത്തുന്ന വിധത്തിലാണ് പുതിയ പാതയ്ക്കുള്ള സർവേ നടക്കുന്നത്. ആറന്മുള നിന്നും വയലത്തല വഴി വടശേരിക്കര എത്തിയ ശേഷം റെയിൽ പാത പമ്പ നദിക്കരയിലൂടെ പോകുമെന്നാണ് ബന്ധപ്പെട്ടവർ അറിയിച്ചിട്ടുള്ളത്.
പരമാവധി ജനവാസ മേഖല ഒഴിവാക്കി പോകുന്ന പാതയാണെന്ന് അറിയിച്ചിട്ടും ജനങ്ങൾ തിങ്ങിപ്പാർക്കുന്ന സ്ഥലത്ത് കൂടി സർവേ നടത്തുന്നത് പ്രതിഷേധാർഹമാണ് എന്നാണ് നാട്ടുകാർ പറയുന്നത്. ബന്ധപ്പെട്ട ജില്ലാ കലക്ടറുടെ അനുമതിയോടു കൂടിയാണ് സർവേ നടത്തുന്നതെന്നും ഇതുമായി മുന്നോട്ടു പോകുമെന്നുമാണ് സർവേ നടത്തുന്നവരുടെ പ്രതികരണം.
സർവേ ആരംഭിച്ചുവെങ്കിലും പാത കടന്നു പോകുന്ന ഭാഗം സംമ്പന്ധിച്ച് സ്ഥിരീകരണം വന്നിട്ടില്ല. മഹാരാഷ്ട്രയിൽ നിന്നുള്ള ഏജൻസിയാണ് സർവേ നടത്തുന്നത്. നദി വളഞ്ഞും പുളഞ്ഞും പോകുന്നതിനാൽ സമന്തരമായുള്ള പാത പ്രായോഗികമല്ല. ജനവാസം കുറവുള്ള പ്രദേശങ്ങളിലൂടെ തൂണുകൾ സ്ഥാപിച്ച് അതിന് മുകളിലൂടെ പാത കടന്നു പോകുന്നതിനാൽ ജനങ്ങളെ പരമാവധി ഒഴിപ്പിക്കാതെയാണ് പാത നിർമ്മിക്കുന്നതെന്നും പറയുന്നുണ്ട്. റെയിൽ പാതയ്ക്കായുള്ള ജനവാസ മേഖലയിലെ സർവേ നിർത്തി വയ്ക്കണമെന്ന് യു.ഡി.എഫ് ആവശ്യപ്പെട്ടു. നിലവിലെ സർവേ പ്രകാരം ആറന്മുള വിമാനത്താവള പദ്ധതി പ്രദേശത്തു കൂടി കടന്നാണ് തെക്കേമലയിലേക്ക് പാത എത്തുന്നത്.
ശ്രീലാല് വാസുദേവന് മറുനാടന് മലയാളി പത്തനംതിട്ട ന്യൂസ് കോണ്ട്രിബ്യൂട്ടര്