മലപ്പുറം: മലപ്പുറം മമ്പാട് പൊങ്ങല്ലൂരിൽ യുവതി ഭർതൃവീട്ടിൽ തൂങ്ങിമരിച്ച കേസിൽ സഹോദരനും സംശയനിഴലിൽ. അറസ്റ്റിലായ ഭർത്താവ് റിമാൻഡിലായി. മമ്പാട് പൊങ്ങല്ലൂർ പൊയിലിൽ ഷമീമിനെ(32)യാണ് കോടതി 14 ദിവസത്തേക്ക് റിമാന്റ് ചെയ്യതത്. ഇയാളെ മഞ്ചേരി സബ് ജയിലിലേക്ക് മാറ്റി. ബുധനാഴ്‌ച്ച പുലർച്ചെ നാലോടെയാണ് ഷമീമിന്റെ ഭാര്യ സുൽഫത്ത് (25)വീടിനുള്ളിൽ ആത്മഹത്യ ചെയ്യതത്.

തന്റെ മരണത്തിന് ഉത്തരവാദി ഭർത്താവാണെന്ന് കാണിച്ച് എഴുതിയ ആത്മഹത്യ കുറിപ്പ് പൊലീസ് കണ്ടെടുത്തിരുന്നു. സുൽഫത്ത് ആത്മഹത്യ ചെയ്ത ദിവസം സഹോദരനും ഷമീമിനൊപ്പം വീട്ടിലുണ്ടായിരുന്നു സഹോദരന്റെ പേരും ആത്മഹത്യാ കുറിപ്പിൽ പരാമർശിച്ചിട്ടുള്ളതായാണ് സൂചന. ഷമീമിന്റെയും, സുൽഫത്തിന്റെയും ബന്ധുക്കളിൽ നിന്നും വരും ദിവസങ്ങളിൽ പൊലീസ് വിവരങ്ങൾ ശേഖരിക്കും.

കൂടാതെ ബെംഗളൂരുമായുള്ള ഷമീമിന്റെ ബന്ധവും പൊലീസ് അന്വേഷിക്കും. 2021 ൽ എടവണ്ണയിൽ ഫാസ്റ്റ് ഫുഡ് കട നടത്തിയിരുന്ന ഷമീമിനെ നേരത്തെ മറ്റു ചില കേസുകളിൽ കൊണ്ടോട്ടി പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. റിമാന്റിലായിരുന്ന ഷമീം ജാമ്യത്തിൽ ഇറങ്ങിയെങ്കിലും പിന്നീട് കടയിൽ പോയിരുന്നില്ല. രണ്ട് മാസം മുൻപ് കട പൂട്ടി കൂട്ടുപ്രതി ശിക്ഷിക്കപ്പെട്ടെങ്കിലും ഷമീമിനെ വെറുതെ വിടുകയായിരുന്നു.

ഇടക്കിടെ ഷമീം ബംഗളൂരു യാത്ര ചെയ്തിരുന്നതായും പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. കഴിഞ്ഞ 11-ന് സുൽഫത്തിന്റെ സഹോദരൻ സെൽ മാനൊപ്പം ബെംഗളൂരിൽ പോയിരുന്നു, മടങ്ങി വന്ന ദിവസമാണ് സുൽഫത്ത് ആത്മഹത്യ ചെയ്തത്. തനിക്ക് ഭർത്താവിൽ നിന്നും അനുഭവിക്കേണ്ടി വന്ന ക്രൂര മർദ്ദനങ്ങളും പീഡനങ്ങളും ആത്മഹത്യ കുറിപ്പിൽ ഉണ്ട്. കൂടുതൽ അറസ്റ്റ് ഉണ്ടാകാനുള്ള സാധ്യത തള്ളി കളയാനാവില്ലെന്ന സൂചനയാണ് പൊലീസ് നൽകുന്നത്

മരണത്തിൽ സംശയമുണ്ടെന്നു കാണിച്ച് ബന്ധുവായ സക്കീർ ഹുസൈൻ നിലമ്പൂർ പൊലീസിൽ പരാതി നൽകിയതിനെ തുടർന്നാണ് ഭർത്താവ് ഷമീമി (32) നെ പൊലീസ് ആദ്യം കസ്റ്റഡിയിലെടുത്തത്. ചോദ്യം ചെയ്യലിൽ ആത്മഹത്യാ പ്രേരണാകുറ്റം ചുമത്തിയാണ് പൊലീസ് ബുധനാഴ്ച രാത്രിയോടെ അറസ്റ്റ് രേഖപ്പെടുത്തിയത്. ഷമീം ഭാര്യയെ ക്രൂരമായി മർദിച്ചിരുന്നുവെന്ന് പറയുന്നു. യുവതിയെ ആത്മഹത്യയിലേക്ക് നയിച്ചത് ഈ മർദനമാണെന്നാണ് ബന്ധുക്കളുടെ ആരോപണം.

ബുധനാഴ്ച പുലർച്ചെ നാലു മണിയോടെയാണ് സംഭവം. ഇവരുടെ വീട്ടിൽ നിന്നു ഒച്ചയും ബഹളവും നിത്യസംഭവമായതിനാൽ ആരും ഇവരുടെ വീട്ടിലേക്ക് എത്തിയിരുന്നില്ല. സുൽഫത്തിന്റെ സഹോദരനും പൊങ്ങല്ലൂരിലെ ഇവരുടെ വീട്ടിലുണ്ടായിരുന്നു. നാട്ടുകാർ രാവിലെ കാണുമ്പോൾ മൃതദേഹം കെട്ടഴിച്ച് നിലത്ത് കിടത്തിയിരുന്ന നിലയിലായിരുന്നു. ശരീരത്തിൽ കയർ മുറുകിയതിന്റെ പാടുകൾ ഒന്നും കാണാനില്ലെന്നാണ് പ്രദേശവാസികളും ബന്ധുക്കളും പറയുന്നത്. എന്നാൽ ദേഹത്ത് മറ്റു പരിക്കുകളുള്ളതായി പറയുന്നുണ്ട്. സുൽഫത്ത് ആത്മഹത്യ ചെയ്യില്ലെന്നു ബന്ധുക്കൾ ഉറപ്പിച്ചു പറഞ്ഞു. പൂക്കോട്ടുമണ്ണ മുഞ്ഞക്കൽ മുഹമ്മദാലിയുടെയും റസിയയുടെയും മകളാണ് സുൽഫത്ത്. അൽഹാന ഫാത്തിമ, മുഹമ്മദ് ഹയാൻ എന്നിവരാണ് മക്കൾ.