- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
കരുവന്നൂർ പദയാത്ര ലൈവായി കണ്ടു; കൊൽക്കത്തയിൽ പോയി പദവി ഏറ്റെടുക്കണം; തൃശ്ശൂർ അങ്ങ് എടുത്തോളൂ.. എന്ന് പറഞ്ഞ് ലോക്സഭാ സ്ഥാനാർത്ഥിത്വവും ഉറപ്പിച്ചു; പ്രധാനമന്ത്രിയെ കണ്ടപ്പോൾ സുരേഷ് ഗോപിക്ക് ലഭിച്ചത് ഒരു പിടി ഉറപ്പുകൾ
ന്യൂഡൽഹി: പ്രധാമന്ത്രി നരേന്ദ്ര മോദിയുമായി നേരിട്ടു കൂടിക്കാഴ്ച്ച നടത്തി മുൻ രാജ്യസഭാഗമായ സുരേഷ് ഗോപി. കുടുബത്തോടൊപ്പമാണ് താരും പ്രധാനമന്ത്രിയെ സന്ദർശിച്ചത്. ഭാര്യ രാധിക നായർക്കും മകൾ ഭാഗ്യ സുരേഷിനുമൊപ്പമാണ് പ്രധാനമന്ത്രിയെ കണ്ടത്. ഭാഗ്യയുടെ വിവാഹത്തിന് ക്ഷണിക്കാൻ കൂടി ലക്ഷ്യമിട്ടായിരുന്നു കൂടിക്കാഴ്ച്ച. കൂടിക്കാഴ്ച്ചയുടെ ചിത്രങ്ങൾ സുരേഷ്ഗോപി സോഷ്യൽ മീഡിയിൽ പങ്കുവെച്ചു.
മോദിക്ക് ആറന്മുളക്കണ്ണാടി സമ്മാനിക്കുന്നതാണ് ചിത്രത്തിലുള്ളത്. താമരയുടെ ആകൃതിയിലുള്ള കണ്ണാടിയാണ് സുരേഷ് ഗോപി സമ്മാനിച്ചത്. 'MODI, the Family Man.. PARIVAROM ki NETA' എന്ന തലക്കെട്ടോടെയാണ് ചിത്രം പങ്കുവച്ചിരിക്കുന്നത്. ഭാഗ്യയുടെ വിവാഹക്ഷണക്കത്ത് മോദിക്ക് നൽകുന്നതിന്റെ ചിത്രവും അദ്ദേഹം ഫേസ്ബുക്കിൽ സ്റ്റോറിയായി പോസ്റ്റ് ചെയ്തിട്ടുണ്ട്.
ലോക്സഭ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ മുൻ രാജ്യസഭാംഗം സുരേഷ് ഗോപിയെ പ്രധാനമന്ത്രി ഡൽഹിയിലേയ്ക്ക് വിളിപ്പിച്ചത് ചർച്ചയായിരുന്നു. താരത്തെ മന്ത്രിസഭയിൽ എടുക്കാൻ വരെ സാധ്യതയുണ്ടായിയിരുന്നു. എന്നാൽ, അത്തരം തീരുമാനങ്ങളൊന്നും ഉണ്ടായില്ലെങ്കിലും സുരേഷ് ഗോപി തൃശ്ശൂരിൽ മത്സരിക്കുമെന്ന കാര്യം ഉറപ്പായിട്ടുണ്ട്. മണ്ഡലത്തിൽ സജീവമാകണമെന്ന നിർദ്ദേശമാണ് പ്രധാനമന്ത്രി താരത്തിന് നൽകിയത്. തൃശ്ശൂരിൽ താരം സംഘടിപ്പിച്ച പദയാത്ര ലൈവായി കണ്ടുവെന്നാണ് മോദി പറഞ്ഞത്.
ഇന്നലെ രാവിലെ 11.45നാണ് സുരേഷ് ഗോപിക്ക് പ്രധാനമന്ത്രിയെ കാണാൻ സമയം അനുവദിച്ചിരുന്നത്. എന്നാൽ, അദേഹത്തിന് അടിയന്തരമായി രാജസ്ഥാനിൽ പോയി വരേണ്ടതുള്ളതിനാൽ കൂടിക്കാഴ്ച വൈകിട്ട് 4.10ലേക്ക് മാറ്റുകയായിരുന്നു.സുരേഷ് ഗോപിയോടൊപ്പം ഭാര്യ രാധിക. മക്കൾ ഭാഗ്യ, സഹോദരൻ സുഭാഷ് ഗോപി , ഭാര്യ റാണി എന്നിവരും പ്രധാനമന്ത്രിയുടെ വസതിയിൽ എത്തിയിരുന്നു.
കൊൽക്കത്തയിൽ പോയി പുതിയ പദവി ഏറ്റെടുത്ത് ശേഷം കാര്യങ്ങൾ ശ്രദ്ധാപൂർവ്വം പഠിക്കണം. തുടർന്ന് ചലച്ചിത്ര സംബന്ധിയായ വിശദമായ ഒരു റിപ്പോർട്ട് തയ്യാറാക്കിത്തരണമെന്നും മോദി ആവശ്യപ്പെട്ടു. സുരേഷ് ഗോപി തൃശ്ശൂരിൽ നടത്തിയ സഹകാരി സംരക്ഷണ പദയാത്ര ഓൺലൈനിൽ ലൈവായി കണ്ടുവെന്നും പ്രധാനമന്ത്രി പറഞ്ഞു.
സാധാരണക്കാരുടെ പ്രശ്നങ്ങളിൽ സുരേഷ് ഗോപി നടത്തുന്ന ഇടപെടലുകൾ തന്റെ ശ്രദ്ധയിൽ പെടുന്നുണ്ടെന്നും കൂട്ടിച്ചേർത്തു. ഭർത്താവിന്റെ കാര്യങ്ങളിൽ, പ്രത്യേകിച്ചും വിശ്രമം അടക്കമുള്ള കാര്യങ്ങളിൽ ശ്രദ്ധ പുലർത്തണമെന്ന് ഭാര്യ രാധികയോട് പ്രധാനമന്ത്രി പറഞ്ഞു. വിവാഹിതയാകാൻ പോകുന്ന ഭാഗ്യയെ അദേഹം അഭിനന്ദിക്കുകയും അനുഗ്രഹിക്കുകയും ചെയ്തു. കൂടിക്കാഴ്ച് ഒരു മണിക്കൂറോളം നീളുകയും ചെയ്തു.
കാനഡ-ഇന്ത്യ നയതന്ത്ര ബന്ധം വഷളായ സാഹചര്യത്തിൽ കാനഡയിൽ മരിച്ച ഒരു മലയാളിയുടെ മൃതദേഹം നാട്ടിലെത്താൻ തടസ്സം നേരിട്ട വിവരവും മോദിയുമായുള്ള കൂടിക്കാഴ്ച്ചയിൽ സുരേഷ് ഗോപി പറയുകയുണ്ടായി. പരിഹാരമുണ്ടാക്കാമെന്ന ഉറപ്പു നൽകിയ മോദി കൂടിക്കാഴ്ച്ചക്ക് ശേഷം ഇക്കാര്യം പരിഹരിച്ചെന്ന വിവരവും പിഎം ഓഫീസിൽ നിന്നും താരത്തിന് ലഭിക്കുകയുണ്ടായി.
ലോക്സഭ തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സാഹചര്യത്തിൽ പ്രധാനമന്ത്രിയുമായി സുരേഷ് ഗോപി നടത്തുന്ന ചർച്ചയ്ക്ക് രാഷ്ട്രീയ പ്രാധാന്യം ഏറെയാണ്. സുരേഷ് ഗോപി തൃശൂരിൽ നടത്തിയ പദയാത്ര കേരളത്തിലെ ബിജെപിക്ക് ഉണർവേകി എന്നാണ് വിലയിരുത്തൽ. കേന്ദ്ര നേതാക്കളിൽ പലരുടെയും ശ്രദ്ധ തൃശൂരിലെ പദയാത്രയ്ക്ക് ലഭിച്ചിരുന്നു.മോദിയുടെ ആശിർവാദങ്ങളോടെ തൃശ്ശൂരിൽ സുരേഷ് ഗോപി കൂടുതൽ സജീവമാകും. വിജയിച്ചാൽ അടുത്ത തവണ മന്ത്രിസഭയിൽ സുരേഷ് ഗോപിക്ക് ഇടം ഉണ്ടാകുമെന്ന കാര്യം ഉറപ്പാണ്.
സംസ്ഥാനത്ത് ബിജെപി ഏറ്റവും കൂടുതൽ വിജയ സാദ്ധ്യത കൽപ്പിക്കുന്ന മണ്ഡലങ്ങളിൽ ഒന്നാണ് തൃശൂർ. ഇത്തവണ തൃശൂർ കയ്യിലൊതുക്കാനുള്ള രാഷ്ട്രീയ ആയുധമായി കരുവന്നൂർ അടക്കമുള്ള വിഷയങ്ങളും ബിജെപിക്ക് മുന്നിലുണ്ട്. ലോക്സഭ തിരഞ്ഞെടുപ്പ് മുന്നിൽകണ്ട് കഴിഞ്ഞ കുറച്ച് വർഷങ്ങളായി തൃശൂർ കേന്ദ്രീകരിച്ച് സുരേഷ് ഗോപി പ്രവർത്തിക്കുന്നുണ്ട്.
പൊതു വിഷയങ്ങളിൽ അടക്കം സുരേഷ് ഗോപി ജില്ലയിൽ കേന്ദ്രീകരിച്ച് ഇടപെടുന്നുണ്ട്. പദയാത്ര അടക്കം ഇതിന്റെ ഭാഗമായാണ് നടത്തിയത്. കരുവന്നൂരിൽ നിന്ന് തൃശൂരിലേക്ക് സുരേഷ് ഗോപി നയിച്ച സഹകരണ സംരക്ഷണ പദയാത്ര ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായിരുന്നു. ഗാന്ധി ജയന്തി ദിനത്തിൽ കരുവന്നൂർ ബാങ്കിന് മുന്നിൽ നിന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രൻ പാർട്ടി പതാക കൈമാറിയാണ് ഉദ്ഘാടനം ചെയ്തത്.കോരിച്ചൊരിയുന്ന മഴയത്ത് സ്ത്രീകളടക്കമുള്ള ആയിരക്കണക്കിന് പേർ പദയാത്രയിൽ അണിചേർന്നിരുന്നു. കരുവന്നൂരിൽ പണം നഷ്ടപ്പെട്ട നിരവധി സഹകാരികളും പദയാത്രയെ അനുഗമിച്ചു. തട്ടിപ്പിന് ഇരയായി ജീവൻ നഷ്ടപ്പെട്ടവരുടെ ഓർമച്ചിത്രത്തിന് മുന്നിൽ പുഷ്പാർച്ചന നടത്തിയാണ് പദയാത്ര ആരംഭിച്ചത്.
മറുനാടന് മലയാളി ബ്യൂറോ