- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
നരേന്ദ്ര മോദി മൂന്നുവട്ടം വിളിച്ചു; സുരേഷ് ഗോപി ഫോൺ എടുത്തില്ല; തിരിച്ചുവിളിച്ചപ്പോൾ അങ്ങേത്തലയ്ക്കൽ സാക്ഷാൽ പ്രധാനമന്ത്രി; ഡൽഹിയിലേക്ക് എന്നാണ് വരാൻ കഴിയുന്നതെന്ന് ചോദ്യം; കുടിക്കാഴ്ച വെള്ളിയാഴ്ച; സുരേഷ് ഗോപി ഈ ശനിയാഴ്ച കേന്ദ്രമന്ത്രി ആവുമോ?
തിരുവനന്തപുരം: സഹകരണ മേഖലയിലെ കൊള്ളയ്‌ക്കെതിരെ കരുവന്നൂരിൽ നിന്ന് തൃശൂരിലേക്ക് സുരേഷ് ഗോപി നടത്തിയ പദയാത്ര വൻവിജയമായിരുന്നു. കനത്ത മഴയിലും വൻ ജനാവലി പദയാത്രയെ അനുഗമിച്ചു. റോഡിന് ഇരുവശവും ഉണ്ടായിരുന്നവർ ബിജെപി പ്രവർത്തകരായിരുന്നില്ല, കരുവന്നൂർ ബാങ്ക് തട്ടിപ്പിലെ കൊടും രാഷ്ട്രീയ ക്രൂരത സഹിക്കാനാവാത്തവരാണ് കണ്ണിചേർന്നതെന്നാണ് സുരേഷ് ഗോപി പറഞ്ഞത്.
18 കിലോമീറ്റർ പദയാത്രയിലൂടെ തളർന്നവശനായ സുരേഷ് ഗോപി എന്ന് ട്രോളുന്നവർ ശ്രദ്ധിക്കാതെ പോകുന്നത് നടനും, താരതമ്യേന ചെറിയ നേതാവും എന്നതിൽ നിന്ന് കേരളത്തിലെ ഏറ്റവും സ്വാധീനമുള്ള നേതാക്കളിൽ ഒരാളായി സുരേഷ് ഗോപി മാറി എന്നതാണ്. അതിന്റെ പ്രതിഫലം അപ്പോൾ തന്നെ അദ്ദേഹത്തിന് കിട്ടുകയും ചെയ്തു. പദയാത്ര തുടരുന്നതിനിടെ, വലിയാനിക്കൽ എന്ന സ്ഥലത്ത് എത്തുമ്പോൾ സുരേഷ് ഗോപിയുടെ ഫോണിലേക്ക് തുടർച്ചയായി മൂന്നു കോളുകൾ.
നടനും നേതാവുമെന്ന നിലയിൽ ധാരാളം അപരിചിതരും വിളിക്കാറുള്ളതുകൊണ്ട് ഫോൺ അപ്പോൾ കൈവശമിരുന്ന സുരേഷ് ഗോപിയുടെ സുഹൃത്തും പാലാക്കാരനുമായ ബിജു പുളിക്കക്കണ്ടം ഫോൺ എടുത്തില്ല. വളരെ അത്യാവശ്യം ഉള്ള കോളുകൾ മാത്രം എടുത്താൽ മതിയെന്നാണ് സുരേഷ് ഗോപി ബിജുവിനോട് പറഞ്ഞിരുന്നത്. മൂന്നുകോളുകൾ എടുക്കാതെ വന്നതോടെ, പിന്നെ വന്ന കോൾ പി എം ഓഫീസ് എന്ന് കണ്ടതുകൊണ്ട് ബിജുവും, സുരേഷ് ഗോപിയുടെ മറ്റൊരു കുടുംബ സുഹൃത്തായ സുരേഷ് മേനോനും, സുരേഷ് ഗോപിയുടെ അടുത്തേക്ക് ഓടി എത്തിയപ്പോൾ ഫോൺ കട്ടായി. അനൗൺസ്‌മെന്റുകളുടെ ബഹളവും മറ്റും കാരണം തൽക്കാലം തിരിച്ചുവിളിച്ചില്ല.
പിന്നീട് ഡോ ഭുവനചന്ദ്രന്റെ വീടിന്റെ പടിക്കൽ എത്തിയപ്പോൾ, സുരേഷ് ഗോപി അൽപനേരം വിശ്രമിച്ചു. ഉടൻ പി എം ഓഫീസിലേക്ക് തിരിച്ചു വിളിച്ചു. മുൻ എംപിയെ വിളിച്ചത് സാക്ഷാൽ നരേന്ദ്ര മോദി തന്നെയായിരുന്നു എന്നറിയുന്നു. മോദി തന്റെ പേഴ്‌സണൽ ഫോണിൽ നിന്ന് നേരിട്ട് സുരേഷ് ഗോപിയെ വിളിക്കുകയായിരുന്നു. മോദി ഒറ്റ ചോദ്യമേ ചോദിച്ചുള്ളു. ഡൽഹിയിലേക്ക് എന്നാണ് വരാൻ കഴിയുന്നത്? 'ഞാൻ പദയാത്രയിലാണ്. യാത്രയ്ക്ക് ശേഷം അൽപം വിശ്രമിക്കാനാണ് ആഗ്രഹം. പക്ഷേ അങ്ങ് പറഞ്ഞോളൂ, പറയുന്ന ദിവസം എത്തിച്ചേരുന്നതാണ്', സുരേഷ് ഗോപിയുടെ മറുപടി.
അങ്ങനെ പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ചയുടെ തീയതി നിശ്ചയിച്ചു. ഈ വെള്ളിയാഴ്ച രാവിലെ 11.45ന്. പ്രധാനമന്ത്രി മറ്റൊരു കാര്യം കൂടി പറഞ്ഞു. ഒറ്റയ്ക്ക് വരേണ്ട, കുടുംബത്തെ കൂടി കൂട്ടിക്കോളൂ, ആഗ്രഹം ഉണ്ടെങ്കിൽ എന്ന്. സുരേഷ് ഗോപി സന്തോഷത്തോടെ അതിന് നന്ദി പറഞ്ഞു. എത്രയും പേർ വരുന്നുണ്ടോ, അത്രയും പേരുടെ വിശദാംശങ്ങൾ നൽകാനും ആവശ്യപ്പെട്ടു. സുരേഷ് ഗോപി തന്റെ ഭാര്യയുടെയും, നാലുമക്കളുടെയും, അനിയന്റെയും, ഭാര്യയുടെയും പേരുവിവരം നൽകി. പ്രധാനമന്ത്രിയെ കാണാൻ സുരേഷ് ഗോപിയെ കൂടാതെ ഏഴ് അതിഥികൾ കൂടിയുണ്ടാകും എന്നറിയിച്ചു.
ഏഴുപേർക്കുള്ള സൗകര്യങ്ങൾ പ്രധാനമന്ത്രിയുടെ ഓഫീസ് സ്വീകരിച്ചുവരുന്നു. വിമാന ടിക്കറ്റും എടുത്തുകഴിഞ്ഞു. മുൻ എംപിയും കുടുംബവും വ്യാഴാഴ്ച രാത്രി തന്നെ ഡൽഹിയിലെത്തും. വെള്ളിയാഴ്ച രാവിലെ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തും. സ്വാഭാവികമായി ഉയരുന്ന ചോദ്യം, എന്തിനാണ് ഇത്ര ധൃതി പിടിച്ച് സുരേഷ് ഗോപിയെ പ്രധാനമന്ത്രി വിളിച്ചത് എന്നതാണ്. സുരേഷ് ഗോപിക്ക് അപ്രതീക്ഷിതമായി ഒരു സ്ഥാനം കിട്ടിയിരുന്നു. കൊൽക്കത്തയിലെ സത്യജിത് റായി ഇൻസ്റ്റിറ്റ്യൂട്ടിന്റെ ഡയറക്ടർ പദവി കിട്ടിയപ്പോൾ, ആദ്യം വിമുഖത കാട്ടിയെങ്കിലും, പിന്നീട് ഏറ്റെടുക്കാൻ സന്നദ്ധനായി. അതൊരു സ്ഥിരം പദവിയല്ലെന്നും, രാഷ്ട്രീയ പ്രവർത്തനത്തിന് തടസ്സമില്ലെന്നും കേന്ദ്രസർക്കാർ വ്യക്തമാക്കിയതോടെയാണ് അദ്ദേഹം ആ സ്ഥാനം ഏറ്റെടുക്കാൻ സന്നദ്ധത അറിയിച്ചത്. ആ പദവി ഔദ്യോഗികമായി ഏറ്റെടുക്കും മുമ്പാണ് പ്രധാനമന്ത്രി വിളിപ്പിച്ചിരിക്കുന്നത്.
എന്തിനാണ് പ്രധാനമന്ത്രി സുരേഷ് ഗോപിയെ വിളിപ്പിച്ചത് എന്ന കാര്യത്തിൽ അദ്ദേഹത്തോട് അടുപ്പമുള്ളവർ പല ഊഹാപോഹങ്ങളിലൂടെയും കടന്നുപോകുന്നു. ഒരുപക്ഷേ തൃശൂരിൽ സുരേഷ് ഗോപി ഉണ്ടാക്കുന്ന ഇംപാക്റ്റ് ക്യത്യമായി അറിയാമെന്നും, സുരേഷ് ഗോപിയെ കേന്ദ്ര മന്ത്രിയാക്കുമെന്നും, മന്ത്രി പദവിയിൽ തൃശൂരിൽ മത്സരിപ്പിച്ചാൽ, കൂടുതൽ ഫലം കിട്ടുമെന്നും മനസ്സിലാക്കിയുള്ള നീക്കം എന്നാണ് ഒരു കണക്കുകൂട്ടൽ. അതുശരിയായാൽ, ഈ ശനിയാഴ്ച തന്നെ സുരേഷ് ഗോപി കേന്ദ്ര മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്‌തെന്ന് വരാം. വരുന്ന ആറുമാസം മന്ത്രി പദവിയിലിരുന്ന് തൃശൂരിൽ മത്സരിക്കാൻ എത്തുമെന്നും അവർ പ്രതീക്ഷിക്കുന്നു. ഇക്കുറി ഉറപ്പായും, ജയിക്കണമെന്നും, ജയിച്ചാൽ മന്ത്രി സ്ഥാനം ഉറപ്പെന്ന് പറയാൻ ആകുമെന്നും മറ്റൊരു കണക്കുകൂട്ടലും ഉണ്ട്. എന്തായാലും സുരേഷ് ഗോപിയെ പ്രധാനമന്ത്രി നേരിട്ട് ക്ഷണിച്ചതുകൊണ്ട് ബിജെപി പ്രവർത്തകരും, അദ്ദേഹത്തിന്റെ ആരാധകരും എല്ലാം ആവേശത്തിലാണ്. അടുത്ത ലോക്‌സഭാ തിരഞ്ഞെടുപ്പിൽ, സുരേഷ് ഗോപി തൃശൂരിൽ മത്സരിക്കുമെന്ന് ഏതാണ്ട് ഉറപ്പായിരിക്കുമ്പോഴാണ് മോദിയുടെ ക്ഷണം.
അതിനിടയിലാണ് സുരേഷ് ഗോപിയുടെ മൂത്ത മകളുടെ വിവാഹ നിശ്ചയം നടന്നിരിക്കുന്നത്. ജനുവരി 17ന് ഗുരുവായൂർ ക്ഷേത്രത്തിൽ വച്ചാണ് വിവാഹം. അന്നുതന്നെ ഗുരുവായൂരിലെ ഗോകുലം പാർക്കിൽ ആദ്യ റിസപ്ഷൻ. 20 ന് തിരുവനന്തപുരം കഴക്കൂട്ടത്തുള്ള ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ മറ്റൊരു റിസപ്ഷനും ഉണ്ടായിരിക്കും. കുടുംബസമേതം പ്രധാനമന്ത്രിയെ കാണുമ്പോൾ, അദ്ദേഹത്തെ വിവാഹത്തിന് ക്ഷണിക്കാനും കഴിയും. ഏതായാലും, നിരാശരായ സംസ്ഥാനത്തെ ബിജെപി പ്രവർത്തകർക്ക് വീണ്ടും പ്രതീക്ഷ ഉയർന്നിരിക്കുകയാണ്.
പാർട്ടിക്ക് പുറത്ത് സുരേഷ് ഗോപിക്ക് തൃശ്ശൂരിൽ വോട്ട് ബാങ്കുണ്ടെന്നാണ് ബിജെപി നേതൃത്വത്തിന്റെ കണക്കുകൂട്ടൽ. ക്രിസ്ത്യൻ സഭകളുമായി രാഷ്ട്രീയമായി അടുക്കാനുള്ള നീക്കത്തിന്റെ പരീക്ഷണശാലയായും തൃശൂർ മണ്ഡലത്തെ ബിജെപി കാണുന്നുണ്ട്. ലോക്‌സഭയിലേക്ക് ഇനി മത്സരിക്കാൻ ഇല്ലെന്നും നിയമസഭയാണ് താല്പര്യമെന്നും ടി എൻ പ്രതാപൻ നേരത്തെ പറഞ്ഞിരുന്നു. പരാജയ ഭീതി കാരണമെന്ന തോന്നൽ വോട്ടർമാർക്കിടയിൽ ഉണ്ടാകുമെന്ന ആശങ്ക കോൺഗ്രസ് നേതാക്കളും പങ്കുവെച്ചു. എല്ലാ സിറ്റിങ് എം പിമാരും മത്സരിക്കണമെന്ന ആവശ്യം കോൺഗ്രസ് ലീഡേഴ്‌സ് മീറ്റിൽ ഉയർന്നത്തോടെ പ്രതാപൻ പാർട്ടിക്ക് വഴങ്ങി. എങ്കിലും പിൻവലിയാനുള്ള സാധ്യത പൂർണമായും മാറിയിട്ടുമില്ല.
മുൻ മന്ത്രി വി എസ് സുനിൽകുമാറിലൂടെ മണ്ഡലം തിരിച്ചുപിടിക്കാനാണ് എൽഡിഎഫ് ലക്ഷ്യമിടുന്നത്. സ്ഥാനാർത്ഥി പട്ടികയിൽ ഉണ്ടെങ്കിലും പാർട്ടി സെക്രട്ടറി കാനം രാജേന്ദ്രന്റെ വിശ്വസ്തരുടെ പട്ടികയിൽ സുനിൽകുമാറിന് ഇടമില്ല. രാജ്യസഭാംഗം ബിനോയ് വിശ്വത്തെ മത്സരിപ്പിക്കാനുള്ള സാധ്യതയും തള്ളനാകില്ല. ഇതെല്ലാം മനസ്സിലാക്കിയാണ് സുരേഷ് ഗോപിയെ മുന്നിൽ നിർത്തി തൃശൂരിൽ പോര് കടുപ്പിക്കാനുള്ള ബിജെപി നീക്കം. 2014ൽ ആദ്യ മോദി സർക്കാർ രാജ്യസഭയിലേക്ക് നോമിനേറ്റ് ചെയ്ത സുരേഷ് ഗോപി 2019ൽ ലോക്സഭയിലേക്കും 2021ൽ നിയമസഭയിലേക്കും തൃശൂരിൽ മത്സരിച്ചിരുന്നു.
2024 ലോകസഭാ തിരഞ്ഞെുപ്പ് ലക്ഷ്യമിട്ടുള്ള ഒരുക്കങ്ങളുടെ ഭാഗമായി തൃശൂർ കേന്ദ്രീകരിച്ച പ്രവർത്തനങ്ങളിലാണ് സുരേഷ് ഗോപി. മാസത്തിൽ രണ്ട് തവണയെങ്കിലും തൃശൂരിൽ എത്തുകയും പരിപാടികൾ സംഘടിപ്പിക്കുകയും പ്രമുഖരെ സന്ദർശിക്കുകയും ചെയ്യുന്നതിൽ സജീവമാണ്.