തിരുവനന്തപുരം: അധ്യാപികയായ ഭാര്യയുടെ ശമ്പളക്കുടിശ്ശിക ലഭിക്കാന്‍ വൈകിയതിനെത്തുടര്‍ന്ന് ഭര്‍ത്താവ് ആത്മഹത്യ ചെയ്ത സാഹചര്യത്തില്‍ സമാന സാഹചര്യമുള്ള പരാതികള്‍ അടിയന്തരമായി പരിഹരിക്കാന്‍ വിദ്യാഭ്യാസ വകുപ്പിന്റെ നിര്‍ദ്ദേശം. ഇത്തരത്തില്‍ വിവിധ രീതിയിലുള്ള കേസുകള്‍ 50 ല്‍ താഴെ മാത്രമാണ് നിലവിലുള്ളത്. എന്നാല്‍, നിയമന അംഗീകാരം ലഭിക്കാത്തതിനാല്‍ ശമ്പളം ലഭിക്കാതെ 2650 ലധികം അധ്യാപകരാണ് വിവിധ ജില്ലകളിലായി ജോലി ചെയ്യുന്നത്. ഷിജോയുടെ ആത്മഹത്യയില്‍ ജനരോഷം ഇരമ്പുമ്പോഴാണ് വിദ്യാഭ്യാസ വകുപ്പു അതിവേഗ നിര്‍ദേശങ്ങളുമായി രംഗത്തുവന്നത്.

ശമ്പളക്കുടിശിക കാലതാമസമില്ലാതെ നല്‍കാന്‍ വിദ്യാഭ്യാസ വകുപ്പ് സെക്രട്ടറി കെ. വാസുകി കഴിഞ്ഞ ദിവസം നിര്‍ദ്ദേശം നല്‍കി. ജില്ലാതലത്തില്‍ സമാനമായ വിവരങ്ങള്‍ ശേഖരിക്കാന്‍ നേരത്തെ നിര്‍ദ്ദേശം നല്‍കിയിരുന്നു. അതിന്‍െ്റ അടിസ്ഥാനത്തിലാണ് നടപടിയെടുക്കുന്നത്. എന്നാല്‍, എല്ലാ മാനദണ്ഡങ്ങളും പാലിച്ച് കൃത്യമായി രേഖകള്‍ തയ്യാറാക്കി നല്‍കി വര്‍ഷങ്ങള്‍ കാത്തിരുന്നാലും നിയമനാംഗീകാരം ലഭിക്കാത്തതിനാല്‍ യഥാസമയം ശമ്പളവും മറ്റാനുകൂല്യങ്ങളും കിട്ടാത്ത അധ്യാപകര്‍ കൂട്ടായി സമരത്തിനൊരുങ്ങുകയാണ്.

13 വര്‍ഷമായി നിയമനാംഗീകാരം ലഭിക്കാതെ പോയ അധ്യാപിക റാന്നി നാറാണംമൂഴി ഹൈസ്‌കൂളിലെ അധ്യാപിക ലേഖ രവീന്ദ്രന്‍ ഹൈക്കോടതിയെ സമീപിച്ചതിനെത്തുടര്‍ന്ന് തടഞ്ഞുവച്ച നിയമനാംഗീകാരം ഉടന്‍ നല്‍കാനും നാളിതുവരെയുള്ള കുടിശ്ശിക ലഭ്യമാക്കാനും ഉത്തരവിട്ടു. കോടതി ഉത്തരവുണ്ടായിട്ടും അത് നടപ്പാക്കാന്‍ വിദ്യാഭ്യാസ വകുപ്പ് അധികൃതര്‍ തയ്യാറാകാതിരുന്നതിനെ തുടര്‍ന്ന് വിദ്യാഭ്യാസ മന്ത്രിയെ സമീപിച്ചു. എന്നിട്ടും നിയമനാംഗീകാരം നീളുകയും കുടിശിക ലഭിക്കാതിരുന്നതിനെയും തുടര്‍ന്നാണ് അധ്യാപികയുടെ ഭര്‍ത്താവ് വി.ടി ഷിജോ ആത്മഹത്യയിലേക്ക് നീങ്ങിയത്.

കോടതിയുടെ കര്‍ശനമായ ഇടപെടലിനെ തുടര്‍ന്ന് നിയമനാംഗീകാരം നല്‍കിയെങ്കിലും 2025 ഫെബ്രുവരി മുതലുള്ള ശമ്പളം മാത്രമാണ് മാറി നല്‍കിയത്. 2012 ജൂലൈ മുതല്‍ 2025 ജനുവരി വരെയുള്ള ദീര്‍ഘകാലത്തെ ശമ്പള കുടിശ്ശികയ്ക്കായി ഓഫീസുകള്‍ കയറിയിറങ്ങിയിട്ടും അനുവദിച്ചില്ല. മകന്റെ വിദ്യാഭ്യാസത്തിന് പണമില്ലാത്തതു കൊണ്ടാണ് വി.ടി ഷിജോ ആത്മഹത്യ ചെയ്തത്. 2012 ഒരധ്യാപകന്‍ മറ്റൊരു സര്‍ക്കാര്‍ ജോലി ലഭിച്ച് രാജിവച്ച് പോയതിനെ തുടര്‍ന്നുണ്ടായ ഒഴിവില്‍ നിയമിതയായ അധ്യാപികയാണ് ലേഖ രവീന്ദ്രന്‍.

എയ്ഡഡ് സ്‌കൂളില്‍ നിയമനത്തിന് മാനേജര്‍ സാധുത നല്‍കിയാല്‍ 15 ദിവസത്തിനകം ജില്ലാ വിദ്യാഭ്യാസ ഓഫിസറെ (ഡിഇഒ) അറിയിക്കണം. സമന്വയ പോര്‍ട്ടലിലൂടെയാണു വിവരങ്ങള്‍ അപ്ലോഡ് ചെയ്യുന്നത്. തസ്തികയുടെ വിവരം, കുട്ടികളുടെ എണ്ണം തുടങ്ങിയവ പരിശോധിച്ചാണ് ഡിഇഒ അനുമതി നല്‍കുന്നത്. ഈ ഘട്ടത്തിലാണ് സാങ്കേതികത്വം പറഞ്ഞ് നടപടി വൈകിപ്പിക്കുന്നത്. കൃത്യമായി രേഖകള്‍ നല്‍കിയാലും പഴുതുകള്‍ കണ്ടെത്തി നിയമനം നീട്ടിക്കൊണ്ടു പോകുന്ന രീതി പലയിടത്തുമുണ്ട്.

ഡിഇഒയുടെ അനുമതി ലഭിച്ചാല്‍ പ്രധാനാധ്യാപകര്‍ ശമ്പളത്തിനായി സ്പാര്‍ക്കില്‍ വിവരങ്ങള്‍ ചേര്‍ക്കും. ഇതിനും ജില്ലാ വിദ്യാഭ്യാസ ഓഫിസിന്റെ അനുമതി വേണം. തുടര്‍ന്ന് ശമ്പളബില്‍ നല്‍കും. 2010 നു മുന്‍പ് പരമാവധി മൂന്നുമാസം കൊണ്ട് അംഗീകാരം ലഭിച്ചിരുന്ന നടപടിക്രമങ്ങളാണ് ഇപ്പോള്‍ വര്‍ഷങ്ങള്‍ നീളുന്നത്.