- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അയ്യപ്പ കോണ്‍ക്ലേവിലേക്ക് താങ്കളെ തിരഞ്ഞെടുത്തിരിക്കുന്നു; വെബ് സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യുക; ഒരു കാര്യം ശ്രദ്ധിക്കുക - അങ്ങനെ രജിസ്റ്റര്‍ ചെയ്താലും പങ്കെടുക്കാന്‍ കഴിയുമെന്ന് ഉറപ്പൊന്നുമില്ല; കൂടെ സ്വാമി ശരണവും മൂന്ന് ആശ്ചര്യ ചിഹ്നവും! ഈ സന്ദേശം വായിക്കുന്നവര്‍ക്ക് ഒന്നും മനസ്സിലാകുന്നില്ല; ഈ സന്ദേശം ആരെ കബളിപ്പിക്കാന്‍
തിരുവനന്തപുരം: ആഗോള അയ്യപ്പ സംഗമത്തിലേക്ക് അയ്യപ്പ ഭക്തരെ ക്ഷണിച്ചു കൊണ്ട് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് അയയ്ക്കുന്ന സന്ദേശം ആഗോള 'കോമഡി'യാകുന്നു. ആരെ പറ്റിക്കാനാണ് ഇത്തരത്തില്‍ ഒരു സന്ദേശമെന്ന് ആര്‍ക്കും പിടികിട്ടുന്നില്ല. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പമ്പയില്‍ ഈ മാസം 20ന് ആഗോള അയ്യപ്പ കോണ്‍ക്ലേവ് സംഘടിപ്പിക്കുന്നുണ്ട്. അതിലേക്ക് താങ്കളെ ശബരിമലയില്‍ നടത്തിയ സന്ദര്‍ശനങ്ങളുടെ അടിസ്ഥാനത്തില്‍ തിരഞ്ഞെടുത്തിരിക്കുന്നു. ശബരിമലഓണ്‍ലൈന്‍ ഡോട്ട് ഒആര്‍ജി എന്ന വെബ് സൈറ്റില്‍ 'ഗ്ലോബല്‍ കോണ്‍ക്ലേവ്' എന്ന സെക്ഷന് കീഴില്‍ രജിസ്റ്റര്‍ ചെയ്യണം. ഇതിനൊപ്പം ഒരു നോട്ടും. അത് ഇങ്ങനെയാണ് രജിസ്റ്റര്‍ ചെയ്തു എന്നതു കൊണ്ട് പങ്കെടുപ്പിക്കുമെന്ന് ഉറപ്പൊന്നുമില്ല. അതിന് ശേഷം സ്വാമി ശരണം. പിന്നാലെ മൂന്ന് ആശ്ചര്യ ചിഹ്നവും-ടിഡിബി തിരുവനന്തപുരം-ഇതാണ് ആ വിചിത്ര സന്ദേശം. ചില വെബ് സൈറ്റുകളും ഈ സന്ദേശം നേരത്തെ പുറത്തു വിട്ടിരുന്നു.
ഭക്തരുടെ വാട്‌സാപ്പിലേക്ക് എത്തുന്ന സന്ദേശത്തില്‍ നിങ്ങളെ കോണ്‍ക്ലേവിലേക്ക് തിരഞ്ഞെടുത്തിരിക്കുന്നുവെന്ന് പറയുന്നുണ്ട്. അതായത് ക്ഷണം. പക്ഷേ അവസാനം പറയുന്നു രജിസ്റ്റര്‍ ചെയ്താലും പങ്കെടുപ്പിക്കുമെന്ന് ഉറപ്പില്ലെന്ന്. ദേവസ്വം ബോര്‍ഡിന്റെ ഈ സന്ദേശം വായിച്ച് തലപുകയ്ക്കുകയാണ് അയ്യപ്പ ഭക്തര്‍. എന്തിനാണ് സ്വാമി ശരണത്തിന് ശേഷം മൂന്ന് ആശ്ചര്യ ചിഹ്നങ്ങള്‍ ഇട്ടതെന്നും ആര്‍ക്കും വ്യക്തമാകുന്നില്ല. അതായത് തിരഞ്ഞെടുത്തുവെന്ന് പറയുന്നതിനൊപ്പം നിങ്ങളെ പങ്കെടുപ്പിക്കില്ലെന്ന് പറയുന്ന അതിവിചിത്ര സന്ദേശം. ഹൈക്കോടതിയില്‍ ആഗോള അയ്യപ്പ സംഗമവുമായി ബന്ധപ്പെട്ട കേസുണ്ട്. ഈ കേസില്‍ എന്ത് അടിസ്ഥാനത്തിലാണ് ഭക്തരെ കണ്ടെത്തുന്നതെന്ന് ദേവസ്വം ബോര്‍ഡിനോട് കോടതി ചോദിച്ചിരുന്നു. ശബരിമലയില്‍ സ്ഥിരമായി എത്തുന്നവര്‍ക്കാണ് മുന്‍ഗണനയെന്നാണ് ഇതിന് നല്‍കിയ പ്രാഥമിക മറുപടി.
വീണ്ടും ഹൈക്കോടതിയില്‍ കേസ് വരുമ്പോള്‍ സ്ഥിരമായി എത്തുന്ന ഭക്തര്‍ക്കെല്ലാം സന്ദേശം അയച്ചുവെന്ന് വരുത്താനുള്ള തന്ത്രമായി ഇതിനെ കാണുന്നവരുണ്ട്. ഏതായാലും ആഗോള അയ്യപ്പ സംഗമത്തിലേക്കുള്ള ക്ഷണം പോലും വലിയ ആശയക്കുഴപ്പമാണ് സൃഷ്ടിക്കുക. സമുദായ നേതാക്കളെ എല്ലാം ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി എസ് പ്രശാന്ത് നേരിട്ടെത്തിയാണ് ക്ഷണിക്കുന്നത്. എന്‍ എസ് എസും എസ് എന്‍ ഡി പിയും കെപിഎംഎസും പങ്കെടുക്കുമെന്നും അറിയിച്ചു. ഇതിനൊപ്പം തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിനെ ക്ഷണിക്കാന്‍ മന്ത്രി വാസവനും ചെന്നൈയില്‍ പോയി. ഈ സാഹചര്യത്തിലാണ് ഭക്തര്‍ക്കുള്ള അവ്യക്തമായ ക്ഷണം തികച്ചും പരിഹാസമായി മാറുന്നത്. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് സംഘടിപ്പിക്കുന്ന ആഗോള അയ്യപ്പ സംഗമത്തിനെതിരായ ഹര്‍ജി ഹൈക്കോടതിയുടെ പരിഗണനയിലാണ്.
ഹൈന്ദവീയം ഫൗണ്ടേഷന്‍ ട്രസ്റ്റ് നല്‍കിയ ഹര്‍ജിയാണ് ഡിവിഷന്‍ ബെഞ്ച് പരിഗണിക്കുന്നത്. ജസ്റ്റിസുമാരായ വി രാജാ വിജയരാഘവന്‍, കെ വി ജയകുമാര്‍ എന്നിവര്‍ ഉള്‍പ്പെട്ട ദേവസ്വം ബെഞ്ചാണ് ഹര്‍ജികള്‍ പരിഗണിക്കുന്നത്. ആഗോള അയ്യപ്പ സംഗമം നടത്തുന്നതില്‍ നിന്ന് സര്‍ക്കാരിനെയും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനെയും തടയണമെന്നാണ് ആവശ്യം. ആഗോള അയ്യപ്പ സംഗമത്തിനായി പണം ചെലവഴിക്കരുതെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് നിര്‍ദേശം നല്‍കണമെന്നും ആവശ്യമുണ്ട്. മതേതര നിലപാട് ഉന്നയിച്ച് അധികാരത്തിലേറിയ സര്‍ക്കാര്‍ ഇത്തരത്തില്‍ ഒരു മതപരമായ പരിപാടി സംഘടിപ്പിക്കുന്നത് ഭരണഘടനാ ലംഘനമാണെന്നാണ് ഹര്‍ജിയിലെ വാദം. സമാന ആവശ്യം ഉന്നയിച്ചുള്ള മറ്റൊരു പൊതുതാല്‍പര്യ ഹര്‍ജി മറ്റൊരു ഹര്‍ജിയും കോടതിയുടെ പരിഗണനയിലൂണ്ട്.
ആഗോള അയ്യപ്പ സംഗമത്തില്‍ സര്‍ക്കാരിനോട് വിശദീകരണം തേടി ഹൈക്കോടതി ആരാണ് അയ്യപ്പ സംഗമം സംഘടിപ്പിക്കുന്നതെന്നും എന്തുക്കൊണ്ടാണ് അയ്യപ്പ സംഗമം എന്ന് പേര് നല്‍കിയതെന്നും ചോദിച്ചിരുന്നു. സ്‌പോണ്‍സര്‍ഷിപ്പിലൂടെ എന്തിനാണ് പരിപാടി നടത്തുന്നതെന്നും കോടതി ആരാഞ്ഞിരുന്നു. ദേവസ്വം ബോര്‍ഡിന്റെ പ്ലാറ്റിനം ജൂബിലി ആഘോഷത്തിന്റെ ഭാഗമായാണ്, അയ്യപ്പ സംഗമം നടത്തുന്നതെന്നാണ് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ മറുപടി നല്‍കിയിരിക്കുന്നത്. മതസൗഹാര്‍ദം ഊട്ടിയുറപ്പിക്കുകയാണ് സംഗമത്തിലൂടെ ലക്ഷ്യമിടുന്നതെന്നും സര്‍ക്കാര്‍ വ്യക്തമാക്കി. സംഗമവുമായി ബന്ധപ്പെട്ട ഫണ്ടുസമാഹരണവും വരവുചെലവുകളും സംബന്ധിച്ച് കൃത്യമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് കോടതി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനോടും സര്‍ക്കാരിനോടും നിര്‍ദേശിച്ചിട്ടുണ്ട്.
സെപ്റ്റംബര്‍ 20 ന് പമ്പാ തീരത്താണ് ആഗോള അയ്യപ്പ സംഗമം നടക്കുന്നത്. ദക്ഷിണേന്ത്യയില്‍ സംഘടിപ്പിക്കുന്ന ഏറ്റവും വലിയ ഭക്തജന സംഗമമാണ് ആഗോള അയ്യപ്പസംഗമം. മുഖ്യമന്ത്രി പിണറായി വിജയനാണ് ഉദ്ഘാടകന്‍. കര്‍ണാടക, തെലങ്കാന സംസ്ഥാനങ്ങളിലെ മന്ത്രിമാര്‍, കേരളത്തിലെ കേന്ദ്ര മന്ത്രിമാര്‍ അടക്കം പങ്കെടുക്കുമെന്നാണ് വിവരം. പരിപാടിയിലേക്ക് വ്യവസ്ഥകളോടെയാണ് പ്രവേശനം എന്നാണ് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പറയുന്നത്. പൊതുജനങ്ങള്‍ക്ക് ഉപാധികളോടെ മാത്രമായിരിക്കും പ്രവേശനം അനുവദിക്കുക. പങ്കെടുക്കുന്നവര്‍ മൂന്ന് വര്‍ഷത്തിനിടെ കുറഞ്ഞത് രണ്ട് പ്രാവശ്യം ദര്‍ശനം നടത്തിയിരിക്കണം എന്നതാണ് വ്യവസ്ഥ. ശബരിമല വെര്‍ച്വല്‍ ക്യൂ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്തവരെ മാത്രമേ പരിഗണിക്കൂവെന്നും നിര്‍ദ്ദേശമുണ്ട്. ഇത്തരത്തിലുള്ളവര്‍ക്ക് അയയ്ക്കുന്ന വാട്‌സാപ്പ് സന്ദേശമാണ് വ്യക്തതയില്ലാത്തതാകുന്നത്. 500 വിദേശ പ്രതിനിധികള്‍ക്കും ക്ഷണമുണ്ട്.