- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ദയവിനായി താണുകേണു അപേക്ഷിച്ചപ്പോൾ അപമാനിച്ചുവിട്ടു; ലൈസൻസ് റദ്ദാക്കിയത് ഹൈക്കോടതി സ്റ്റേ ചെയ്തിട്ടും ധാർഷ്ട്യം; തലശേരി നഗരസഭ സ്ഥാപനം പൂട്ടിച്ചതോടെ പാനൂരിൽ വ്യവസായ സംരംഭകനെയും ഭാര്യയെയും കാണാതായി; ആന്തൂർ സാജന് ശേഷം രാജ് കബീറിനോടും സിപിഎം ഭരിക്കുന്ന നഗരസഭയുടെ ക്രൂരത
തലശേരി: സി പി എം ഭരിക്കുന്ന തലശേരി നഗരസഭ അധികൃതർ വ്യവസായസ്ഥാപനം പൂട്ടിച്ചതിനെ തുടർന്ന് പാനൂർ ചമ്പാട്ടെ വ്യവസായ സംരംഭകനെയും ഭാര്യയെയും കാണാതായി. താഴെ ചമ്പാട് സ്വദേശിയും കണ്ടിക്കൽ ഇൻഡസ്ടയൽ എസ്റ്റേറ്റ് ഫർണിച്ചർ നിർമ്മാണ യൂണിറ്റായ ഫാൻസി ഫേൺ ഉടമ രാജ് കബീറിനേയും ഭാര്യ ദിവ്യയേയും ചൊവ്വാഴ്ച്ച വൈകുന്നേരം മുതൽ കാണാതായത്. ഇതുസംബന്ധിച്ചു പൊലീസിൽ പരാതിനൽകിയിട്ടുണ്ട്. ബന്ധുക്കളുടെ പരാതിയിൽ പാനൂർ പൊലിസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു.
57 വയസ്സുള്ള രാജ് കബീറും ഭാര്യ ദിവ്യയും രണ്ട് മക്കളും ചമ്പാട് കുടുംബമായി താമസിക്കുകയാണ്. കഴിഞ്ഞ ദിവസം വൈകിട്ട് മുതൽ രാജ് കബീറിനേയും ദിവ്യയേയും കാണാതായെന്നാണ് പൊലീസിൽ പരാതിപ്പെട്ടിരിക്കുന്നത്. പൊലീസ് അന്വേഷണത്തിൽ ഇരുവരുടെയും മൊബൈൽ ഫോൺ സ്വിച്ച് ഓഫായ നിലയിലാണ്.
രാജ് കബീർ ഉടമസ്ഥനായ ഫർണിച്ചർ നിർമ്മാണ സ്ഥാപനത്തിന്റെ പ്രവർത്തനം തലശ്ശേരി നഗരസഭ നിർത്തലാക്കിയതുമായി ബന്ധപ്പെട്ട് ചില പ്രശ്നങ്ങളുണ്ടെന്ന് പൊലിസ് പറയുന്നു. സ്ഥാപനം പൂട്ടിയിടേണ്ടി വന്നതോടെ പത്തോളം തൊഴിലാളികളും കുടുംബവും ഒപ്പം ഉടമയായ താനും വരുമാന മാർഗ്ഗം നിലച്ച് കഷ്ടപ്പെടുകയാണെന്ന് രാജ്കബീറിന്റേതായ വാട്സ് ആപ്പ് സന്ദേശം പ്രചരിക്കുന്നുണ്ട്.
പല പ്രാവശ്യം നഗരസഭ ചെയർമാനേയും വൈസ് ചെയർമാനേയും കണ്ട് പ്രശ്നം പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് ദയവ് കാണിക്കണമെന്ന് അപേക്ഷിച്ചെങ്കിലും അവർക്ക് നീതി ലഭിച്ചില്ലെന്നും സന്ദേശത്തിൽ പറയുന്നു. സ്ഥാപനത്തിന്റെ ലൈസൻസ് റദ്ദാക്കിയ നടപടി ഹൈക്കോടതി സ്റ്റേ ചെയ്തിട്ടും അധികൃതരുടെ ഭാഗത്തു നിന്നും നിഷേധാത്മക നിലപാടാണത്രേ ഉണ്ടായത്. ഇത്തരം നിലപാടുകളാൽ ഞങ്ങളാകെ തകർന്നെന്നും ഇനി രക്ഷയില്ലെന്നും ഞങ്ങൾ പോകുകയാണെന്നും പറയുന്ന സന്ദേശത്തിൽ ഇവരുടെ ഫോൺ ലഭിച്ചപ്പോൾ പ്രതികരിച്ച വ്യവസായ വകുപ്പ് മന്ത്രി പി.രാജീവിന് നന്ദിയും രേഖപ്പെടുത്തിയിട്ടുണ്ട്.
പ്രശസ്ത ബാലസാഹിത്യകാരനും ഗാന്ധിയനുമായ പരേതനായ കെ. തായാട്ടിന്റെ മകനാണ് രാജ് കബീർ. പ്രശസ്ത നാടക സംവിധായകൻ രാജേന്ദ്രൻ തായാട്ട് സഹോദരനാണ്. നേരത്തെ സി.പി. എം ഭരിക്കുന്ന ആന്തൂർ നഗരസഭാ തുറന്ന് പ്രവർത്തിക്കാൻ അനുമതി നൽകാത്തതിനെ തുടർന്ന് ബക്കളം പാർത്ഥാസ് കൺവെൻഷൻ സെന്റർ ഉടമയും വ്യവസായ സംരഭകനുമായി പാറയിൽ സാജൻ ജീവനൊടുക്കിയിരുന്നു. ഇതിനുശേഷമാണ് കണ്ണൂർ ജില്ലയിൽ സി.പി. എം ഭരിക്കുന്ന നഗരസഭയിൽ നിന്നും മറ്റൊരു വ്യവസായ സംരഭകനും കൂടി ദുരനുഭവമുണ്ടായിരിക്കുന്നത്.
എന്നാൽ നഗരസഭ പുതുക്കി നിശ്ചയിച്ച വാടക നൽകാത്തതിനെ തുടർന്നാണ് രാജ് കബീർ ഉൾപ്പെടെയുള്ള വ്യവസായ സംരഭകർക്കെതിരെ ഒഴിയാൻ നടപടി സ്വീകരിച്ചതെന്നാണ് നഗരസഭാ അധികൃതരുടെ വാദം. നേരത്തെ ഇക്കാര്യത്തിൽ നടപടി സ്വീകരിച്ചതാണെന്നും നോട്ടീസ് നൽകിയിരുന്നുവെന്നും നഗരസഭാ അധികൃതർ പറയുന്നു.
എന്നാൽ ഇതു നിഷേധിക്കുന്നതാണ് രാജ് കബീറിന്റെ ബന്ധുക്കളും തൊഴിലാളികളും പറയുന്ന കാര്യങ്ങൾ. ഒഴിപ്പിക്കലിനെതിരെ കോടതി വിധിപ്രകാരം സാവകാശം വാങ്ങിയിരുന്നുവെന്നും ലക്ഷങ്ങൾ വരുന്ന കുടിശിക തവണകളായി അടച്ചാൽ മതിയെന്നു കോടതി ഉത്തരവുണ്ടെന്നും ഇവർ പറയുന്നു. ഇതിന്റെ ആദ്യ തവണ അടയ്ക്കാൻ പോയപ്പോൾ രാജ് കബീറിനെ അതുസ്വീകരിക്കാതെ നഗരസഭാ ഉദ്യോഗസ്ഥന്മാർ സ്വീകരിക്കാതെ അപമാനിച്ചുവിടുകയായിരുന്നുവെന്നാണ് ബന്ധുക്കൾ പറയുന്നത്. ഇതിൽ മനംനൊന്താണ് രാജ് കബീർ നാട്ടിൽ നിന്നും അപ്രത്യക്ഷമായതെന്നാണ് ഇവർ നൽകുന്ന വിവരം.
മറുനാടന് മലയാളി ന്യൂസ് കോണ്ട്രിബ്യൂട്ടര്