- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'ചങ്ക്സില്‍' ഏതാനും സീനില്‍ അഭിനയിച്ച യുവതിയെ നിര്‍മ്മാതാവ് പീഡിപ്പിച്ചുവെന്ന് വ്യാജ പരാതി; വൈശാഖ് രാജനില്‍ നിന്ന് ആവശ്യപ്പെട്ടത് 6 കോടി; ഹണിട്രാപ്പ് സംഘം നിര്‍മ്മാതാവ് ബാദുഷയില്‍ നിന്ന് ആവശ്യപ്പെട്ടത് 3 കോടി
മലയാള സിനിമയെ ഞെട്ടിച്ച വ്യാജ കേസുകള്‍
കൊച്ചി: ഹേമാ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെ ഉണ്ടായ വെളിപ്പെടുത്തലുകളെ തുടര്‍ന്ന്, മലയാള ചലച്ചിത്രമേഖലയിലെ മുന്‍നിര നടന്‍മാര്‍ ജാമ്യത്തിനായി നെട്ടോട്ടമോടുന്ന സമയമാണിത്. റിപ്പോര്‍ട്ട് കിട്ടിയിട്ടും നാലര വര്‍ഷം പൂഴ്ത്തിവെച്ച സംസ്ഥാന സര്‍ക്കാറിന്റെ അനാസ്ഥയെ ഹൈക്കോടതിയും വിമര്‍ശിച്ചു. പരാതികള്‍ അന്വേഷിക്കുന്നതിനായി വനിതാ ഐപിഎസ് ഉദ്യോഗസ്ഥര്‍ അടക്കമുള്ള പ്രത്യേക അന്വേഷണ സംഘം ഉണ്ടാക്കിയെങ്കിലും, അവര്‍ മെല്ലെപ്പോക്ക് തുടരുകയാണെന്നാണ് ആക്ഷേപം.
പക്ഷേ, കേസില്‍പെട്ട മുകേഷും, രഞ്ജിത്തും അടക്കമുള്ളവര്‍ക്കൊക്കെ ഹൈക്കോടതി മൂന്‍കൂര്‍ ജാമ്യം അനുവദിച്ചിട്ടുണ്ട്. ഇതിന്റെയെല്ലാം അടിസ്ഥാനത്തില്‍ വളരെ കരുതലോടെയാണ് അന്വേഷണ സംഘം നീങ്ങുന്നത്. മൂന്‍കാല ലൈംഗിക പീഡന പരാതികളില്‍ പ്രധാനമായ എല്‍ദോസ് കുന്നപ്പള്ളി കേസും, വിജയ്ബാബു കേസുമൊക്കെ അന്വേഷണം സംഘം വിശദമായി പഠിക്കുന്നുണ്ട്. അതുപോലെ തന്നെയാണ് പരാതിക്കാരികളുടെ മൊഴിയിലെ വിശ്വാസ്യതയും. പല മൊഴിയിലുമുള്ള വൈരുധ്യങ്ങള്‍ അന്വേഷണ സംഘത്തെ കുഴക്കുന്നുണ്ട്. ഈ കേസുകളിലൊക്കെ നിജസ്ഥിതിക്കായി കൂടുതല്‍ അന്വേഷണം വേണ്ടതാണ്. അതേസമയം വ്യാജ പരാതികള്‍ ഉന്നയിച്ച്, സിനിമാക്കാരെ കുടുക്കുന്നുവെന്ന പരാതികള്‍ നേരത്തെ ഉണ്ടായിട്ടുണ്ട്. അത്തരം ചില പ്രധാന പരാതികള്‍ ഇവയാണ്.
ആറുകോടി ആവശ്യപ്പെട്ട വൈശാഖ് രാജന്‍ കേസ്
2019-ല്‍ കേരളത്തില്‍ ഏറെ കോളിളക്കം സൃഷ്്ടിച്ച ഒരു വാര്‍ത്തയായിരുന്നു, ചലച്ചിത്ര നിര്‍മ്മാതാവ് വൈശാഖ് രാജന്‍ നടിയെ പീഡിപ്പിച്ചുവെന്ന കേസ്. വൈശാഖ് രാജന്‍ നിര്‍മിച്ച് 2015-ല്‍ പുറത്തിറങ്ങിയ ചങ്ക്സ് എന്ന സിനിമയില്‍ ഏതാനും രംഗങ്ങളില്‍ അഭിനയിച്ച കൊച്ചിക്കാരിയായ യുവതിയാണ് പരാതിയുമായി പൊലീസിനെ സമീപിച്ചത്. അടുത്ത സിനിമയില്‍ നല്ല വേഷം നല്‍കാമെന്നു വാഗ്ദാനം നല്‍കി ഫ്ളാറ്റില്‍ വിളിച്ചുവരുത്തി പീഡിപ്പിച്ചു എന്ന പരാതിയില്‍ എറണാകുളം നോര്‍ത്ത് പൊലീസാണ് കേസ് റജിസ്റ്റര്‍ ചെയ്ത് അന്വേഷണം തുടങ്ങിയത്. പിന്നീട് ഈ കേസില്‍ വലിയ ട്വിസ്റ്റുകളാണ് ഉണ്ടായത്. പണത്തിനായുള്ള ബ്ലാക്മെയിലിങ് ആണ് നടന്നതെന്ന് സംശയിക്കാവുന്ന തെളിവുകള്‍ പുറത്തുവന്നത് കേസിന്റെ ഗതി മാറ്റി. പൊലീസില്‍ പരാതി നല്‍കിയ ശേഷം, പ്രതിയായ നിര്‍മാതാവിനെ നടി ഫോണില്‍ വിളിച്ച് പണം ആവശ്യപ്പെടുന്നതിന്റെ ശബ്ദരേഖ പുറത്തുവന്നു. ആറുകോടിയാണ് നടി ആവശ്യപ്പെട്ടത്. ഇതടക്കം രേഖകള്‍ പരിശോധിച്ചാണ് പ്രതിക്ക് കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്.
പണത്തിന്റെ കാര്യത്തില്‍ ഇരുവരും തമ്മില്‍ നേരത്തെ ചര്‍ച്ച തുടങ്ങിക്കഴിഞ്ഞിരുന്നുവെന്ന് ഓഡിയോയില്‍ വ്യക്തമാണ്. പണം എന്നോ രൂപ എന്നോ പറയാതിരിക്കാന്‍ വളരെ ശ്രദ്ധിച്ചാണു നടിയുടെ സംസാരം. പക്ഷേ പലപ്പോഴും വിലപേശലിനൊടുവില്‍ ആ ജാഗ്രത കൈവിട്ടുപോകുന്നുണ്ട്. തുക സമയത്ത് നല്‍കാതെ വൈകിച്ചാല്‍ എന്താണ് ഭവിഷ്യത്ത് എന്ന് പരാതിക്കാരി മുന്നറിയിപ്പ് നല്‍കുന്നുണ്ട്. 'ദിലീപിനെ പോലെ ചേട്ടന്‍ നാറാനാണോ', എന്ന് നടി ചോദിക്കുന്നുണ്ട്.
ഇതടക്കം സംഭാഷണങ്ങളും പരാതിക്കാരിയും നിര്‍മ്മാതാവുമായുള്ള വാട്‌സാപ് മെസേജുകളും പരിശോധിച്ചാണ് എറണാകുളം കോടതി വൈശാഖ് രാജന് മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്. ജഡ്ജി കൗസര്‍ ഇടപ്പകത്ത് ഉത്തരവില്‍ ചൂണ്ടിക്കാട്ടിയ കാര്യങ്ങള്‍ ഇങ്ങനെ: 2017 ജൂലൈയില്‍ നടന്നതായി പരാതിയില്‍ പറയുന്ന പീഡനം പൊലീസില്‍ അറിയിക്കുന്നത് ഏതാണ്ട് ഒന്നര വര്‍ഷത്തിനു ശേഷം. ഇക്കാലത്തിനിടയില്‍ ഇരുവരും തമ്മില്‍ വളരെ അടുത്ത സൗഹൃദം പുലര്‍ത്തിയിരുന്നതായി വാട്സാപ് മെസേജുകളില്‍ നിന്ന് മനസിലാക്കാം. പലപ്പോഴും നേരിട്ടുള്ള കൂടിക്കാഴ്ചകള്‍ക്ക് പരാതിക്കാരി തന്നെ നിര്‍മാതാവിനെ ക്ഷണിക്കുന്നതും മെസേജുകളില്‍ കാണാം. പരാതിയില്‍ പറയുന്നതു പ്രകാരം പീഡനം നടന്ന ശേഷമാണിതെല്ലാം. ഇതിനൊപ്പം ഫോണിലെ സംഭാഷണം കൂടി കേട്ട കോടതി, പണം ആവശ്യപ്പെട്ടുള്ള ഭീഷണിയാണത് എന്നാണ് മനസിലാകുന്നത് എന്നുതന്നെ ഉത്തരവില്‍ പറയുന്നു.
എല്ലാത്തിനും പുറമെ, പീഡനം നടന്നതായി പരാതിയില്‍ പറയുന്ന 2017 ഏപ്രില്‍ അവസാന ആഴ്ചയില്‍ വൈശാഖ് രാജന്‍ ഇന്ത്യയില്‍ തന്നെ ഉണ്ടായിരുന്നില്ലെന്നു വ്യക്തമാക്കുന്ന വിമാന ടിക്കറ്റ് കൂടി പ്രതിഭാഗം കോടതിയില്‍ ഹാജരാക്കി. ഇതും പരിശോധിച്ച കോടതി, പരാതിക്കാരിയെ വിശ്വസിക്കാന്‍ കഴിയില്ലെന്ന് തന്നെ തെളിച്ചുപറഞ്ഞാണ് പ്രതിക്ക് മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്. ഇതിന്‍െയൊക്കെ ആവര്‍ത്തനമാണോ ഇപ്പോള്‍ നിവിന്‍ പോളി കേസിലും സംഭവിക്കുന്നത് എന്ന് സംശയമുണ്ട്. ദുബൈയില്‍ വെച്ച് പീഡനം നടന്നതായി ഇര പറയുന്ന ദിവസം നിവിന്‍ 'വര്‍ഷങ്ങള്‍ക്കുശേഷം' സിനിമയുടെ ഷൂട്ടിങ്ങിലാണെന്നും വ്യക്തമാവുകയാണ്. ഇപ്പോള്‍ മുകേഷിന്റെ കേസിലും നടി പണം ആവശ്യപ്പെട്ടതിന്റെ വാട്സാപ്പ് രേഖകളുണ്ട്. അതിന്റെ അടിസ്ഥാനത്തിലാണ് മുകേഷിന് ജാമ്യം അനുവദിച്ചതും.
ഹണിട്രാപ്പ് ആരോപണം നേരത്തെയും
സിനിമയിലെ ഹണിട്രാപ്പ് ആരോപണങ്ങളും നേരെത്തയുള്ളതാണ്. 2022 നവംബറില്‍, യുവതിയും സംഘവും ഹണിട്രാപ്പില്‍ കുടുക്കാന്‍ ശ്രമിച്ചെന്ന പരാതിയുമായി നിര്‍മ്മാതാവും പ്രൊഡക്ഷന്‍ കണ്‍ട്രോളറുമായ ബാദുഷ പരാതി നല്‍കിയിരുന്നു. സിനിമ കഥ ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് ഫോണില്‍ ബന്ധപ്പെട്ട ശേഷം അശ്ലീല ചിത്രങ്ങള്‍ വാട്‌സ്ആപ്പിലൂടെ അയച്ച്, മൂന്ന് കോടി രൂപ ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തിയതായാണ് പരാതി. കമ്മീഷണര്‍ക്ക് നല്‍കിയ പരാതിയില്‍ ആലുവ ചെങ്ങമനാട് പൊയ്ക്കാട്ടുശ്ശേരി ചരിയന്‍പറമ്പില്‍ രമ്യാ കൃഷ്ണന്‍ (32), കോതമംഗംലം സ്വദേശി ബിജു, അഭിഭാഷകരായ എല്‍ദോ പോള്‍, സാജിദ്, പാലാരിവട്ടം നെല്ലിപ്പറമ്പ് വീട്ടില്‍ എന്‍.എ. അനീഷ് എന്നിവരെ പ്രതിയാക്കി പാലാരിവട്ടം പൊലീസ് കേസെടുത്തിട്ടുണ്ട്.
2020 ഒക്ടോബര്‍ 21 മുതലാണ് ഒന്നാം പ്രതിയായ രമ്യാ കൃഷ്ണന്‍ തന്നെ നിരന്തരം ഫോണില്‍ ബന്ധപ്പെട്ടത് എന്നാണ് ബാദുഷ പരാതിയില്‍ പറയുന്നത്. തുടര്‍ന്ന് അശ്ലീല ചിത്രങ്ങള്‍ വാട്‌സ് ആപ്പിലൂടെ അയക്കാനും തുടങ്ങി. ഒരു സ്ത്രീ കേസ് കൊടുക്കാന്‍ നിര്‍ബന്ധിക്കുന്നുവെന്ന് പറഞ്ഞ് ബാദുഷയെ രമ്യ അഭിഭാഷകരായ എല്‍ദോ പോളിനും സാജിദിനും മുന്നിലെത്തിച്ചു.
രമ്യയുടെയും സുഹൃത്തിന്റെയും വാട്‌സ്ആപ്പിലും ഫെയ്‌സ്ബുക്കിലുമുള്ള മെസേജുകള്‍ കാണിച്ച് കേസ് കൊടുക്കുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തി. 2022 ആഗസ്റ്റ് 31ന് അഭിഭാഷകരുടെ ഓഫിസില്‍ ചെന്ന തന്നോട് മൂന്ന് കോടി രൂപ ആവശ്യപ്പെട്ടു. വിലപേശലിനൊടുവില്‍ 1.25 കോടിയായി കുറച്ചു.രണ്ടാം പ്രതി ഒഴികെയുള്ള നാലുപേരും ചേര്‍ന്ന് ഭീഷണിപ്പെടുത്തി തന്നെ കൊണ്ട് കരാറില്‍ ഒപ്പുവെപ്പിച്ചുവെന്നും അഡ്വാന്‍സായി പത്ത് ലക്ഷം വാങ്ങിയെന്നും പരാതിയില്‍ ആരോപിക്കുന്നുണ്ട്. വഞ്ചന, പണം തട്ടിയെടുക്കല്‍, സംഘം ചേര്‍ന്നുള്ള കുറ്റകൃത്യം തുടങ്ങിയ വകുപ്പുകള്‍ ചേര്‍ത്താണ് കേസ് എടുത്തിരുന്നത്.
ഇത് കൂടാതെ വേറെയും വ്യാജ പരാതികള്‍ സിനിമാമേഖലയില്‍ നിന്ന് ഉണ്ടായിട്ടുണ്ട്. അതുകൊണ്ടുതന്നെയാണ്, വിശദമായ അന്വേഷണം നടത്തി നെല്ലും പതിരും വേര്‍തിരിച്ച് അറിഞ്ഞശേഷം മതി കടുത്ത നടപടികള്‍ എന്ന നിലപാടിലേക്ക് അന്വേഷണ സംഘം എത്തിയതെന്നാണ് അറിയുന്നത്