കൊച്ചി: കേരളത്തിലേക്ക് വ്യാപകമായി ലഹരി മരുന്ന് കടത്തുന്ന ഒക്കാഫോർ എസേ ഇമ്മാനുവൽ (36) എന്ന നൈജീരിയൻ സ്വദേശിയെ പാലാരിവട്ടം പൊലീസ് പിടികൂടിയത് അതി സാഹസികമായാണ്. ബംഗളൂരുവിലെ കെ.ആർ പുരത്തെ ഇയാളുടെ വീട്ടിൽ 6 മണിക്കൂർ ഒളിച്ചിരുന്നായിരുന്നു പൊലീസിന്റെ ഓപ്പറേഷൻ. പ്രതിയെ കീഴടക്കാൻ പൊലീസ് തോക്കെടുക്കേണ്ടിയും വന്നു.

കഴിഞ്ഞ ശനിയാഴ്ചയാണ് അന്വേഷണ ഉദ്യോഗസ്ഥൻ പാലാരിവട്ടം എസ്.എച്ച്.ഓ എസ്.സനലും സംഘവും നേരത്തെ പിടിയിലായ ഒക്കാഫോറിന്റെ ഇടപാടുകാരൻ ഫോർട്ട് കൊച്ചി സ്വദേശി വർഗ്ഗീസ് ഫെർണ്ണാണ്ടസുമായി ബംഗളൂരുവിൽ എത്തുന്നത്. കെ.ആർ പുരത്തെ താവളം ഇയാൾ കാണിച്ചു കൊടുത്തെങ്കിലും മറ്റ് കൂട്ടാളികൾ അവിടെയുണ്ടായിരുന്നതിനാൽ പൊലീസിന് അവിടേക്ക് കയറാൻ കഴിഞ്ഞില്ല. മൂന്ന് ദിവസത്തെ കാത്തിരിപ്പിന് ശേഷം ചൊവ്വാഴ്ച ഒക്കാഫോർ എസേ ഇമ്മാനുവൽ വീട്ടിൽ നിന്നും പുറത്തേക്ക് പോയപ്പോഴാണ് പൊലീസ് വീടിനുള്ളിലേക്ക് കയറിയത്. വീട്ടിൽ ആ സമയം ഇയാളുടെ ഭാര്യ ജർമ്മൻ സ്വദേശിനി മാത്രമേ ഉണ്ടായിരുന്നുള്ളൂ. പൊലീസ് ഇവരെ ഒരു മുറിയിലാക്കിയ ശേഷം ഫോൺ പിടിച്ചു വച്ചു. പിന്നീട് ഒക്കാഫോർ വരാനായുള്ള കാത്തിരിപ്പ്. 6 മണിക്കൂർ ഇയാൾ വരാനായി പൊലീസ് സംഘം ഒരു മുറിയിൽ ശ്വാസം അടക്കിപിടിച്ചിരുന്നു. ഒടുവിൽ ഒക്കാഫോർ വീട്ടിലേക്ക് കയറി ഉടൻ തന്നെ പൊലീസ് സംഘം വളഞ്ഞു.

അപരിചതരെ കണ്ടതോടെ വീട്ടിൽ നിന്നും ഇറങ്ങിയോടാൻ ശ്രമിച്ചെങ്കിലും നടന്നില്ല. പൊലീസ് സംഘം വട്ടം പിടിച്ചു കഴിഞ്ഞിരുന്നു. കേരളാ പൊലീസ് ആണെന്ന് പറഞ്ഞെങ്കിലും വിശ്വാസം വന്നില്ല. തന്നെ കൊല്ലാനായി എത്തിയ മറ്റേതോ സംഘമാണെന്നാണ് ഒക്കാഫോർ കരുതിയത്. പൊലീസുമായി ബല പ്രയോഗം നടത്തി രക്ഷപെടാനുള്ള ശ്രമം ഇയാൾ നടത്തി. ആരോഗ്യവാനായ ഒക്കാഫോർ പൊലീസിനെ കുടഞ്ഞെറിഞ്ഞ് രക്ഷപെടും എന്ന് ഉറപ്പായതോടെ ഇൻസ്പെക്ടർ തോക്കെടുത്ത് തലക്കു ചൂണ്ടി. അടങ്ങിയില്ലെങ്കിൽ വെടി പൊട്ടിക്കുമെന്ന് ഭീഷണിയും മുഴക്കി. ഇതോടെയാണ് ഇയാൾ പൊലീസിന് മുന്നിൽ കീഴടങ്ങിയത്. ഇയാളുടെ ഭാര്യക്ക് ലഹരി ഇടപാടിൽ പങ്കില്ലെന്നാണ് പ്രാഥമിക കണ്ടെത്തൽ അതിനാൽ അവരെ കസ്റ്റഡിയിലെടുത്തില്ല. ജർമ്മൻ സ്വദേശിനിയായ ഇവരെ ഗോവയിൽ വച്ചാണ് ഒക്കാഫോർ പരിചയപ്പെടുന്നത്. പിന്നീട് ഇവർ ഭാര്യാ ഭർത്താക്കന്മാരായി ഒന്നിച്ചു കഴിയുകയാണ്. കസ്റ്റഡിയിലെടുത്ത പ്രതിയുമായി പൊലീസ് വളരെ വേഗം തന്നെ ബംഗളൂരു വിട്ടു. അവിടെ ഏറെ നേരം തങ്ങിയാൽ സംഘാംഗങ്ങൾ പ്രതിരോധവുമാെത്തിയാൽ പ്രതി രക്ഷപെടും.

ജീവൻ പണയംവച്ചാണ് 6 മണിക്കൂർ ഒക്കാഫോർ എസേ ഇമ്മാനുവലിന്റെ വീട്ടിൽ കഴിഞ്ഞതെന്ന് പൊലീസ് സംഘം പറഞ്ഞു. കാരണം, ഇയാളുടെ ഒപ്പം നിരവധി പേർ ഉണ്ട്. അവർ ഒന്നിച്ചാണ് വരുന്നതെങ്കിൽ പ്രതിരോധിക്കാൻ മറ്റു മാർഗ്ഗങ്ങളില്ല. കർണ്ണാടക പൊലീസിന്റെ സഹായം തേടിയാൽ ഒരു പക്ഷേ ആ വിവരം ചോർന്നു പോയേക്കാം. എങ്കിലും എങ്ങനെയെങ്കിലും പ്രതിയെ പിടിക്കണം എന്ന ഉറച്ച തീരുമാനത്തിൽ തന്നെ നിൽക്കുകയായിരുന്നു. അങ്ങനെയാണ് കേരളത്തിലേക്ക് രഹരി കടത്തുന്ന പ്രധാനിയായ ആഫ്രിക്കക്കാരനെ പിടികൂടാൻ കഴിഞ്ഞത്. മാസങ്ങളായി സിറ്റി പൊലീസിനെ വലയ്ക്കുന്ന ലഹരി മാഫിയ സംഘത്തിലെ മുഖ്യ കണ്ണിയാണ് പിടിയിലായിരിക്കുന്നത്. സംഘം കഴിഞ്ഞ ആറു മാസത്തിനിടെ ഇവിടേക്കു കടത്തിയത് നാലരക്കിലോ എം.ഡി.എം.എ ആണെന്ന് പൊലീസ് പറഞ്ഞു.

കലൂർ ജവഹർലാൽ നെഹ്റു സ്റ്റേഡിയം ലിങ്ക് റോഡിൽ ഇരുചക്ര വാഹനത്തിൽനിന്നും എ.ടി.എസ്(ആൻഡ് ടെററിസ്റ്റ് സ്‌ക്വാഡ്) 102.04 ഗ്രാം എംഡിഎംഎ പിടികൂടിയ സംഭവത്തെ പിന്തുടർന്നു പോയതാണ് പൊലീസിനെ വൻ ലഹരി മരുന്നു സംഘത്തെ പിടികൂടുന്നതിലേക്ക് എത്തിച്ചത്. ഹാരോൺ സുൽത്താൻ എന്ന ആളെ കഴിഞ്ഞ 20നാണ് എ.ടി.എസിന്റെ സഹായത്തോടെ പൊലീസ് പിടികൂടിയത്. പിന്നാലെ ഇയാളുമായി ബന്ധപ്പെട്ട അലൻ ജോസഫ്, നിജു പീറ്റർ, അലൻ ടോണി എന്നിവരെ പിടികൂടിയിരുന്നു. ഇവരിൽനിന്നു ലഭിച്ച വിവരപ്രകാരം ബംഗളൂരുവിൽനിന്നു കേരളത്തിലേക്കു വൻ തോതിൽ ലഹരി കടത്തിയിരുന്ന ഫോർട്ട്കൊച്ചി സ്വദേശി വർഗീസ് ജോസഫ് ഫെർണാണ്ടസ് എന്നയാളെപ്പറ്റി വിവരം ലഭിച്ചു. ഇയാളെ പിന്തുടർന്നു കണ്ടെത്തി 13ന് അറസ്റ്റു ചെയ്തതാണ് നിർണായകമായത്. വർഗീസ് ജോസഫിൽനിന്നു രാജ്യാന്തര ലഹരി സംഘത്തെക്കുറിച്ചു പൊലീസിനു വിവരം ലഭിച്ചു.

കേരളത്തിലെ കൂട്ടാളികൾ പിടിയിലായതറിഞ്ഞു മൊബൈൽ ഫോൺ ഓഫാക്കി മുങ്ങിയിരിക്കുകയായിരുന്നു ഒക്കാഫോർ എസേ ഇമ്മാനുവൽ. തുടർന്നു കേരള പൊലീസിന്റെ സൈബർ സെൽ വാട്സാപ്പിന്റെ ഇന്ത്യയിലെ ഏജൻസിയുമായി ബന്ധപ്പെട്ടു നടത്തിയ അന്വേഷണത്തിലാണ് ഇയാളുടെ കേന്ദ്രം കണ്ടെത്തിയത്. ആഫ്രിക്കൻ മയക്കു മരുന്ന് സംഘത്തിലെ പ്രധാനിയാണ് ഇയാൾ. പാലാരിവട്ടം എസ്.എച്ച്.ഒ എസ്.സനലിനൊപ്പം എസ്.സി.പി.ഒ സനീപ് കുമാർ, സി.പി.ഒ മാരായ മാഹിൻ അബൂബക്കർ, അരുൺ സുരേന്ദ്രൻ, ഉണ്ണിക്കൃഷ്ണൻ എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

കൊച്ചിയിൽ വർധിച്ചു വരുന്ന ലഹരി ഇടപാടുകളും അനുബന്ധ കുറ്റകൃത്യങ്ങളും പൊലീസിനു തലവേദനായി മാറിയിരുന്നു. ഇതോടെയാണ് കടുത്ത നിലപാടുകളിലേക്കു കടക്കാൻ പൊലീസ് തീരുമാനിച്ചത്. ഇതിന്റെ ഭാഗമായി സിറ്റി കമ്മിഷണർ സി.എച്ച്. നാഗരാജുവിന്റെ പ്രത്യേക നിർദ്ദേശ പ്രകാരമായിരുന്നു അന്വേഷണം. രാജ്യാന്തര ലഹരി കടത്തു സംഘം ഡാർക് വെബിൽ ക്രിപ്റ്റോ കറൻസികൾ ഉപയോഗിച്ച് വിദേശത്തുനിന്ന് ഓർഡർ ചെയ്താണ് ലഹരി വരുത്തിയിരുന്നത് എന്നു കഴിഞ്ഞ ദിവസം പൊലീസ് വെളിപ്പെടുത്തിയിരുന്നു. തപാലിൽ എത്തുന്ന ലഹരി ഉയർന്ന വിലയ്ക്കു കേരളത്തിൽ വിൽപന നടത്തി വരികയായിരുന്നു സംഘം.