കോട്ടയം: ഒടുവിൽ തെള്ളകത്തെ മിറ്റേര ഹോസ്പിറ്റലിൽ ഡയറക്ടർ ഡോക്ടർ ജയ്പാൽ ജോൺസൺ കുടുങ്ങി. പരിചരണത്തിൽ ഡോക്ടർമാരുടെ അശ്രദ്ധയും പിഴവും മൂലം പ്രസവത്തെ തുടർന്ന് ഭാര്യ മരിച്ച സംഭവത്തിൽ സ്വകാര്യ ആശുപത്രിക്കെതിരെ നിയമ പോരാട്ടം തുടർന്ന് കോട്ടയത്തെ അഭിഭാഷകന്റെ ഇടപെടൽ വെറുതെയായില്ല.. കോട്ടയം ബാറിലെ അഭിഭാഷകൻ പേരൂർ തച്ചനാട്ടേൽ അഡ്വ. ടി.എൻ. രാജേഷിന്റെ ഭാര്യ അരീപ്പറമ്പ് ഗവ. ഹയർ സെക്കന്ററി സ്‌കൂൾ അദ്ധ്യാപിക ജി.എസ്.ലക്ഷ്മി (41) പെൺകുഞ്ഞിന് ജന്മം നൽകിയ ശേഷം ചികിത്സാ പിഴവും ഡോക്ടർമാരുടെ അശ്രദ്ധമായ പരിചരണവും മൂലം മരിച്ചത്. മരണത്തിന് കാരണം ആശുപത്രി അധികൃതരുടെ അനാസ്ഥയും ചികിത്സാപിഴവുമാണെന്ന് കാട്ടിയാണ് ഏറ്റുമാനൂർ പൊലീസിന് രാജേഷ് പരാതി നൽകി. അന്വേഷണത്തിൽ ആശുപത്രിക്കെതിരെ ഗുരുതര തെളിവുകൾ പൊലീസിന് കിട്ടി. കോടതിയിൽ അവർ കുറ്റപത്രം സമർപ്പിക്കുകയും ചെയ്തു. 250 പേജുള്ള കുറ്റപത്രമാണ് സമർപ്പിച്ചത്.

ഡോക്ടർ ജയപാൽ ജോൺസണിന്റെ ഭാഗത്ത് നിന്നും വീഴ്ചയില്ലെന്ന് വരുത്താനുള്ള ബോധപൂർവ്വമായ ശ്രമം നടന്നുവെന്നും കുറ്റഫത്രത്തിലുണ്ട്. മറുപിള്ള രക്തത്തിൽ കലര്ഡന്നതാകാം എന്ന വാചകം പതോളജി റിപ്പോർട്ടിൽ പോലും എത്തി. മെഡിക്കൽ കോളേജിലെ കണ്ടെത്തൽ പൊളിഞ്ഞത് എയിംസിലെ പരിശോധനയാണ്. രക്തത്തിൽ മറുപിള്ളയുടെ അംശമില്ലെന്ന് ഡൽഹി എയിംസിലെ അന്വേഷണത്തിൽ കണ്ടെത്തി. ജില്ലാ മെഡിക്കൽ ഓഫീസറുടെ റിപ്പോർട്ടും ഡോക്ടറെ കുറ്റവിമുക്തനാക്കുന്നതായിരുന്നു. എന്നാൽ സർക്കാർ അഭിഭാഷകന്റെ ഇടപെടലിൽ കേസ് സംസ്ഥാന ഉന്നതാധികാര സമിതിക്ക് മുമ്പിലെത്തി. ഇതോടെ ഡോക്ടർക്കെതിരായ തെളിവും കിട്ടി. വിവിധ ഡോക്ടർമാർ അടക്കം 35 സാക്ഷികളുടെ മൊഴി എടുത്താണ് കുറ്റപത്രം നൽകിയത്. ആവശ്യമായ ചികിൽസയൊന്നും ലക്ഷ്മിക്ക് നൽകിയില്ലെന്ന് വിശദീകരിക്കുന്നതാണ് കുറ്റപത്രം.

പ്രസവത്തെ തുടർന്ന് അഭിഭാഷകന്റെ ഭാര്യ മരിച്ചതിന് പിന്നാലെ തെള്ളകത്തെ മിറ്റേര ഹോസ്പിറ്റലിൽ നാലു വർഷത്തിനിടയിൽ നടന്ന മരണങ്ങളുടെ വിവരം പുറത്തുവന്നിരുന്നു. അതിരമ്പുഴ പഞ്ചായത്താണ് മരണങ്ങളുടെ കണക്ക് പുറത്ത് വിട്ടത്. 2016 - 2020 കാലഘട്ടത്തിനിടെ 18 നവജാത ശിശുക്കളും മൂന്ന് അമ്മമാരുമാണ് മരണപ്പെട്ടത്. വിവരാവകാശ നിയമപ്രകാരം ശേഖരിച്ച മറുപടിയിലാണ് ഇതു സംബന്ധിച്ചുള്ള ഞെട്ടിക്കുന്ന കണക്കുകൾ പഞ്ചായത്ത് പുറത്തു വിട്ടിരിക്കുന്നത്. സംസ്ഥാന ശരാശരിയേക്കാൾ നാലിരട്ടിയാണ് മിറ്റേര ആശുപത്രിയിൽ ഒരു വർഷം നടക്കുന്ന ദുരൂഹ മരണങ്ങളെന്നാണ് മെഡിക്കൽ രംഗത്തുള്ളവർ പറയുന്നത്. ഈ സാഹചര്യം കൂടി കണക്കിലെടുത്താണ് ജി.എസ് ലക്ഷ്മിയുടെ മരണത്തിൽ പൊലീസ് കൃത്യമായ അന്വേഷണം നടത്തിയത്.

2020 ഏപ്രിലിൽ മിറ്റേരയിൽ പ്രസവത്തിന് ശേഷം മരണപ്പെട്ട ലക്ഷ്മി എന്ന ഹയർ സെക്കണ്ടറി അദ്ധ്യാപികയുടെ മരണത്തിന് കാരണക്കാരായ ആശുപത്രി അധികൃതർക്കെതിരെ അന്വേഷണം ആവശ്യപ്പെട്ട് നാട്ടുകാർ രൂപീകരിച്ച സേവ് മദർ ആൻഡ് ചൈൽഡ് ആക്ഷൻ കൗൺസിൽ നടത്തിയ അന്വേഷണത്തിലാണ് ആശുപത്രിക്കെതിരെയുള്ള വിവരങ്ങൾ പുറത്ത് വന്നത്. ലക്ഷ്മിയുടെ മരണം നടക്കുമ്പോൾ ആദ്യമായി സംഭവിച്ച കൈപ്പിഴ എന്നായിരുന്നു ആശുപത്രി അധികൃതർ പറഞ്ഞിരുന്നത്. എന്നാൽ ഇത് സ്ഥിരം സംഭവമാണ് എന്ന് മനസ്സിലായതോടെ ആക്ഷൻ കൗൺസിൽ പഞ്ചായത്തിൽ വിവരാവകാശ നിയമ പ്രകാരം അപേക്ഷ നൽകി മരണങ്ങളുടെ കണക്കെടുക്കുകയായിരുന്നു.

തെള്ളകത്ത് അമ്മയുടെയും കുഞ്ഞിന്റെയും സ്പെഷ്യാലിറ്റി എന്ന പേരിലാണ് മിറ്റേര ആശുപത്രി പ്രവർത്തനം ആരംഭിച്ചത്. എന്നാൽ ഇവിടെ നിന്നും ഗുരുര ചികിത്സാ പിഴവിന്റെ വിവരങ്ങളാണ് പുറത്ത് വന്നത്. ജില്ലയിലെ മറ്റൊരു ആശുപത്രിയിലും കാണാത്ത രീതിയിലുള്ള മരണത്തിന്റെ ഞെട്ടിക്കുന്ന കണക്കുകളാണ് ആശുപത്രിയുടെ പട്ടികയിൽ ഉള്ളതെന്നാണ് വിവരാവകാശ രേഖ വ്യക്തമാക്കുന്നത്. ഡോക്ടർമാരുടെയും ആശുപത്രി അധികൃതരുടെയും പിഴവിനെ തുടർന്നാണ് ആശുപത്രിയിലുണ്ടായ മരണങ്ങളിൽ 90 ശതമാനവും. എന്നാൽ, ഈ പരാതികളിൽ ഒന്നിൽ പോലും ലക്ഷ്മിയുടെ കേസ് വരുന്നതിന് മുമ്പ് ഒരു ഡോക്ടറും പ്രതിയാക്കപ്പെട്ടിട്ടുമില്ല.

2020 ഏപ്രിൽ 24 നാണ് പ്രസവത്തെ തുടർന്ന് അഭിഭാഷകന്റെ ഭാര്യ മരിച്ചത്. കോട്ടയം ബാറിലെ അഭിഭാഷകൻ പേരൂർ തച്ചനാട്ടേൽ അഡ്വ. ടി.എൻ. രാജേഷിന്റെ ഭാര്യ അരീപ്പറമ്പ് ഗവ. ഹയർ സെക്കന്ററി സ്‌കൂൾ അദ്ധ്യാപിക ജി.എസ്.ലക്ഷ്മി പെൺകുഞ്ഞിന് ജന്മം നൽകിയ ശേഷം മരണപ്പെടുകയായിരുന്നു. മരണത്തിന് കാരണം ആശുപത്രി അധികൃതരുടെഅനാസ്ഥയും ചികിത്സാപിഴവുമാണെന്ന് കാട്ടിയാണ് ഏറ്റുമാനൂർ പൊലീസിന് പരാതി നൽകിയത്. ഈ പരാതിയിലെ അന്വേഷണമാണ് ഞെട്ടിക്കുന്ന വസ്തുത പുറത്തു കൊണ്ടു വന്നത്.

ലക്ഷ്മിയെ തെള്ളകത്തെ മിറ്റേരാ ആശുപത്രിയിൽ പ്രസവത്തിനായി പ്രവേശിപ്പിച്ചത്. അടുത്ത ദിവസം നാലര മണിയോടെ ലക്ഷ്മി പെൺകുഞ്ഞിന് ജന്മം നൽകി. സുഖപ്രസവമായിരുന്നു എന്നും അമ്മയും കുഞ്ഞും സുഖമായിരിക്കുന്നുവെന്നും ഡോക്ടർ ബന്ധുക്കളെ അറിയിച്ചു. ബന്ധുക്കൾ അമ്മയേയും കുഞ്ഞിനെയും കാണുകയും ചെയ്തിരുന്നു. എന്നാൽ വൈകിട്ട് അഞ്ചരയോടെ ലക്ഷ്മിക്ക് രക്തസ്രാവം ഉണ്ടായി എന്നും രക്തം ആവശ്യമുണ്ടെന്നും ആശുപത്രി അധികൃതർ ബന്ധുക്കളെ അറിയിച്ചു. ആശുപത്രിയിൽ നിന്നു തന്നെ രക്തം തൽക്കാലം നൽകാമെന്നും പിന്നീട് രക്തം പകരം നൽകണമെന്നും അറിയിച്ചു.

എന്നാൽ ഏഴു മണിയോടെ ലക്ഷ്മിയുടെ രക്തസ്രാവം നിലയ്ക്കുന്നില്ലെന്നും രണ്ട് തവണ ഹൃദയസ്തംഭനം ഉണ്ടായെന്നും അധികൃതർ ബന്ധുക്കളെ അറിയിച്ചു. രക്തസ്രാവം നിലയ്ക്കാത്തതിനാൽ ഗർഭപാത്രം നീക്കിയെന്ന് ഏഴരയോടെ ഡോക്ടർ അറിയിച്ചു. ഇതിനിടെ ജീവൻ നിലനിർത്താൻ ആവശ്യമായ മരുന്ന് കോട്ടയത്ത് ലഭ്യമല്ലെന്നും എറണാകുളം രാജഗിരി ആശുപത്രിയിൽ നിന്ന് ആംബുലൻസിൽ എത്തിക്കുന്നുണ്ടെന്നും അറിയിച്ചു. എന്നാൽ ബന്ധുക്കളുടെയും രാജേഷിന്റെയും സുഹൃത്തുക്കളുടെയും അന്വേഷണത്തിൽ തെള്ളകത്തെ മറ്റൊരു സ്വകാര്യ ആശുപത്രിയിൽ ഈ മരുന്ന് ലഭ്യമാണെന്ന് അറിഞ്ഞു. ഈ വിവരം ഡോക്ടറെ അറിയിച്ചെങ്കിലും അവരുടെ പെരുമാറ്റം സംശയം ജനിപ്പിക്കുന്ന രീതിയിലായിരുന്നു.

മരുന്ന് ലഭിച്ചാലും ലക്ഷ്മിയുടെ ജീവൻ രക്ഷിക്കാനാവുമെന്ന് തോന്നുന്നില്ലെന്ന് ചികിത്സിച്ച ഡോക്ടർ പറഞ്ഞു. 8.45 ഓടെയാണ് ലക്ഷ്മി മരിച്ചെന്ന് ഭർത്താവിനെ അറിയിച്ചത്. അമിതരക്തസ്രാവമാണ് ലക്ഷ്മിയുടെ മരണത്തിന് കാരണമായതെന്നാണ് ആശുപത്രി അധികൃതർ അറിയിച്ചത്. ആശുപത്രി അധികൃതരുടെ ഭാഗത്തുനിന്നുണ്ടായ സംശയം ജനിപ്പിക്കുന്ന പെരുമാറ്റവും അവസാനനിമിഷം മരുന്ന് ലഭിക്കുന്നില്ലെന്ന് പറഞ്ഞതുമാണ് ചികിത്സാപ്പിഴവ് ഉണ്ടായെന്നുള്ള ആരോപണത്തിലേക്ക് വഴിവച്ചത്.

ഇവിടുത്തെ ചികിത്സാ പിഴവിനെ തുടർന്നു പലർക്കും ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങൾ ഉണ്ടായതായാണ് പരാതി ഉണ്ട്. ആശുപത്രി അധികൃതരുടെ ഭീണിമൂലം പല കേസുകളിലും കുട്ടികളുടെ ബന്ധുക്കളോ മാതാപിതാക്കളോ പരാതി പോലും നൽകാറില്ല. അതുകൊണ്ടാണ് കേസുകൾ ഉണ്ടാകാത്തത്. എന്നാൽ ഇവിടെ ലക്ഷമിയുടെ ഭർത്താവിന്റെ പോരാട്ടം ഫലം കാണുകയാണ്.