- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
പായസക്കലം അടുപ്പിൽ വച്ച് തിളപ്പിച്ച് കൈകൊണ്ടു കോരി ദേഹത്തൊഴിക്കും; ശുലം പിടിച്ച് ഉറഞ്ഞു തുള്ളി നാക്ക് പുറത്തിട്ട് ഭക്തരെ അനുഗ്രഹിക്കും; കളിയിക്കാവിള അതിർത്തിയിൽ പ്രീതിപ്പെടുത്താൻ എത്തുന്നതിൽ ഏറെയും മലയാളികൾ; ഭർത്താവും അച്ഛനും സഹോദരനും പരികർമ്മികൾ; അഭിഭാഷകരടക്കമുള്ള ഇടനിലക്കാർ; 'തെറ്റിയോട്ടെ ദേവി' മോഷണ കുടുക്കിൽ; ആൾദൈവം പ്രശ്നക്കാരിയാകുമ്പോൾ
തിരുവനന്തപുരം: തിരുവനന്തപുരം കളിയിക്കാവിള അതിർത്തിക്കടുത്താണ് തെറ്റിയോട്. ഇവിടെ തെറ്റിയോട് ദേവിയുണ്ട്. അടുപ്പിൽ തിളയ്ക്കുന്ന പായസകലത്തിൽ കൈയിട്ട് നിവേദിക്കുന്ന ആൾദൈവം. ശൂലം പിടിച്ചു തുള്ളും. നാക്ക് പുറത്തിട്ട് ആളുകളെ ഭയപ്പെടുത്തും. പൂപന്തലിൽ ആറാടും. ഒടുവിൽ പുതിയ മന്ത്രവാദികളായ വിദ്യയും കൂട്ടരും കുടുക്കിലേക്ക് പോവുകയാണ്. അച്ഛനും ഭർത്താവും സഹോദരനും അടക്കമുള്ള സംഘത്തിന്റെ പിന്തുണയിൽ നടക്കുന്ന ആൾദൈവ കച്ചവടം. നിരവധി പേരാണ് ഇവിടേക്ക് എത്തുന്നത്. ഈ തെറ്റിവിള ദേവിയാണ് വിദ്യ.
കളിയിക്കാവിള അതിർത്തിയിലാണ് തെറ്റിയോട് ഗ്രാമം. റോഡിന്റെ ഒരു വശം കേരളവും മറുവശം തമിഴ്‌നാടും. ദേവിയുടെ അനുഗ്രഹം പ്രതീക്ഷിച്ച് ഇവിടെ എത്തുന്നവർ ഏറെയും മലയാളികളാണ്. ചെറിയൊരു ക്ഷേത്രവും വിശ്വാസികളുടെ പ്രീതി നേടാൻ വിദ്യ ഒരുക്കിയിട്ടുണ്ട്. അഭിഭാഷകർ അടക്കമുള്ള ഇടനിലക്കാരിലൂടെയാണ് ദൂര സ്ഥലങ്ങളിലെ വിശ്വാസികളെ സൃഷ്ടി്ക്കുന്നത്. ദുർമന്ത്രവാദത്തിനായി എവിടെ വേണമെങ്കിലും യാത്ര ചെയ്യും. ഇവരുടെ മന്ത്രവാദ തട്ടിപ്പിൽ കൂടുതൽ പേരുണ്ടോ എന്നും പൊലീസ് പരിശോധിക്കും.
വെള്ളായണിയിൽ ദുർമന്ത്രവാദത്തിന്റെ മറവിൽ വൻ കവർച്ച നടക്കുമ്പോൾ തെറ്റിവിളയിലെ ദേവിയും വിവാദത്തിലാകുന്നു. തെളിവുകൾ ഇല്ലാതാക്കിയാണ് മോഷണം നടന്നത്. അതുകൊണ്ട് തന്നെ പൊലീസിനും 'തെറ്റിവിള ദേവിയെ' തൊടുക അസാധ്യമാകുമെന്ന വിലയിരുത്തൽ സജീവമാണ്. കുടുംബത്തിലെ ശാപം മാറ്റാനുള്ള പൂജയ്‌ക്കെത്തിയ കളിയിക്കാവിള സ്വദേശിനിയായ ആൾദൈവവും സംഘവും 55 പവൻ സ്വർണവും ഒന്നര ലക്ഷം രൂപയും കവർന്നെന്നാണ് പരാതി. ഈ പരാതിയിൽ തെളിവ് കിട്ടുമോ എന്ന ആശങ്ക പൊലീസിനുമുണ്ട്. പരാതി ശരിയെങ്കിൽ എല്ലാ പഴതുമടച്ചാണ് മോഷണം.
സ്വർണവും പണവും പൂജാമുറിയിൽ അടച്ചുവച്ച് പൂജിച്ചാലേ ഫലം കിട്ടൂവെന്ന് പറഞ്ഞാണ് കൈക്കലാക്കിയത്. തിരികെ ചോദിച്ചപ്പോൾ കുടുംബത്തെ ഒന്നാകെ കുരുതികൊടുക്കുമെന്ന് ഭീഷണിപ്പെടുത്തി. ഇതോടെയാണ് പരാതി മുഖ്യമന്ത്രിക്ക് അടുത്ത് എത്തുന്നത്. ഒരു അഭിഭാഷകനാണ് ഈ കുടുംബത്തെ തെറ്റിവിളയിലേക്ക് നയിച്ചത്. കുടുംബത്തിലെ മരണങ്ങളിൽ മനം തകർന്നാണ് വെള്ളായണി കൊടിയിൽ വീട്ടിലെ വിശ്വംഭരനും മക്കളും തെറ്റിയോട് ദേവിയെന്ന് അവകാശപ്പെടുന്ന കളിയിക്കാവിളയിലെ ആൾദൈവത്തിൽ അഭയം പ്രാപിക്കുന്നത്.
ആൾദൈവമായ വിദ്യയും നാലംഗസംഘവും 2021 ആദ്യം പൂജക്കായി വെള്ളായണിയിലെ വീട്ടിലെത്തി. വീട്ടിൽ അടുത്തുതന്നെ വീണ്ടും ദുർമരണം ഉണ്ടാകുമെന്ന് പറഞ്ഞ് വിദ്യ കുടുംബത്തെ മാനസികമായി തളർത്തി. സഹോദരൻ മരിച്ച വിഷയത്തിൽ കഴിഞ്ഞിരുന്ന വീട്ടമ്മയും മറ്റും ഇത് വിശ്വസിച്ചു. തുടർന്ന് വീട്ടിലെ ഒരു മുറിയിൽ പൂജ തുടങ്ങി. മുറിയും അലമാരയും തട്ടിപ്പിനുള്ള കുബുദ്ധിയാക്കി.
രാത്രിയായിരുന്നു പൂജകൾ. ദേവി പ്രീതിപ്പെടണമെങ്കിൽ സ്വർണവും പണവും പൂജാമുറിയിലെ അലമാരിയിൽ വച്ച് പൂട്ടി പൂജിക്കണമെന്ന് വിദ്യ നിർദ്ദേശിച്ചു. ദേവിയും അദൃശ്യമായി ഇരുതല സർപ്പവും മുറിയിലുണ്ടാകുമെന്ന് വിശ്വസിപ്പിച്ചു. പതിനഞ്ച് ദിവസം അലമാര തുറക്കാൻ പാടില്ലെന്നും ആൾദൈവം അറിയിച്ചു. ഇതെല്ലാം അവർ അനുസരിച്ചു. പതിനഞ്ച് ദിവസം കഴിഞ്ഞപ്പോൾ അലമാര തുറക്കാൻ ആൾദൈവമെത്തിയില്ല. അന്വേഷിച്ചപ്പോൾ ശാപം തീർന്നില്ലെന്നും മൂന്ന് മാസം കഴിയുമെന്ന് മറുപടി. പിന്നീടത് ഒരു വർഷമായി.
ഒടുവിൽ ഗതികെട്ട് വീട്ടുകാർ തന്നെ അലമാര തുറന്നപ്പോൾ സ്വർണവുമില്ല, പണവുമില്ല. തുടർന്ന് വിദ്യയെ ബന്ധപ്പെട്ടപ്പോൾ കേസ് കൊടുത്താൽ കുടുംബത്തെ ഒന്നാകെ കൊന്നു കളയുമെന്ന് ഭീഷണിപ്പെടുത്തി. നഷ്ടമായവ വീണ്ടെടുക്കാൻ ഈ കുടുംബം പരാതി കൊടുത്ത് നടക്കുകയാണ്.
മറുനാടന് മലയാളി ബ്യൂറോ