- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തിരുവനന്തപുരം കൈപ്പിടിയിലൊതുക്കാന്‍ രണ്ടു ഗുണ്ടാ സംഘങ്ങള്‍; നഗരത്തിലെ ഒരു രാത്രി നീണ്ട ആക്രമണ പരമ്പര പണപ്പിരിവ് തര്‍ക്കത്തെ തുടര്‍ന്ന്; നഗരം ഭരിക്കാന്‍ ശ്രമിച്ച് എയര്‍പോര്‍ട്ട് ടീം; തടയിടാന്‍ ബി ടീമിനെ നിരത്തി ഒ.പി; പാര്‍ക്കിങ് കരാറുകള്‍ തുല്യമായി വീതിച്ചു നല്‍കി പാര്‍ട്ടി നേതാക്കള്‍; അടിവാങ്ങി കൂട്ടി 'ഡബിള്‍സ് ടീം'; അന്തപുരം വീണ്ടും 'ഗുണ്ടാപുരം' ആകുമ്പോള്‍
തിരുവനന്തപുരം: പാളയത്ത് സൗത്ത് പാര്‍ക്ക് ഹോട്ടലില്‍ ഡി.ജെ പാര്‍ട്ടിക്കിടെ, ഗുണ്ടാസംഘങ്ങള്‍ തമ്മില്‍ ഏറ്റുമുട്ടിയത് നഗരത്തിലെ വ്യാപാര സ്ഥാപനങ്ങള്‍, ഫ്ളാറ്റ് നിര്‍മ്മാതാക്കള്‍ എന്നിവരില്‍ നിന്നുള്ള പണപ്പിരിവ് സംബന്ധിച്ച തര്‍ക്കത്തെത്തുടര്‍ന്ന്. നഗരത്തിലെ ഗുണ്ടാ പ്രവര്‍ത്തനങ്ങള്‍ കൈപ്പിടിയിലാക്കാന്‍ ശ്രമിക്കുന്ന എയര്‍പോര്‍ട്ട് സാജന്‍െ്റ സംഘവും ഓം പ്രകാശിന്‍െ്റ നേതൃത്വത്തിലുള്ള ബി ടീമും തമ്മിലുള്ള ഏറ്റുമുട്ടലാണ് ഒരു രാത്രി നഗരത്തെ മുള്‍മുനയില്‍ നിര്‍ത്തിയത്. മര്‍ദ്ദനമേറ്റത് ഓം പ്രകാശിന്‍െ്റ നേതൃത്വത്തിലുള്ള 'ഡബിള്‍സ്' ടീമിലെ അംഗങ്ങള്‍ക്കാണ്. നഗരത്തിലെ പാര്‍ക്കിങ് കേന്ദ്രങ്ങള്‍ ലേലത്തില്‍ പിടിക്കുന്നതു സംബന്ധിച്ചും ഗുണ്ടാ സംഘങ്ങള്‍ തമ്മില്‍ നിലനില്‍ക്കുന്നത് രുക്ഷമായ അഭിപ്രായ വ്യത്യാസം. നിലവില്‍ ഇടത് നേതാക്കളാണ് പാര്‍ക്കിങ് കരാറുകള്‍ തുല്യമായി വീതിച്ചു നല്‍കുന്നത്.
ഒരിടവേളയ്ക്കു ശേഷമാണ് തലസ്ഥാന ജില്ലയില്‍ വീണ്ടും ഗുണ്ടാ സംഘങ്ങള്‍ സജീവമാകുന്നത്. ദീപാവലിയോട് അനുബന്ധിച്ച് പാളയത്തെ സൗത്ത് പാര്‍ക്ക് ഹോട്ടലില്‍ ഭരണകക്ഷി പാര്‍ട്ടിയുടെ മുന്‍ ബ്രാഞ്ച് സെക്രട്ടറിയും ഒട്ടേറെ കേസുകളില്‍ പ്രതിയുമായ പാളയം സന്തോഷിന്‍െ്റ നേതൃത്വത്തിലാണ് ഡി.ജെ പാര്‍ട്ടി നടന്നത്. അതില്‍ നഗരത്തിലെ വിവിധ ഗുണ്ടാസംഘങ്ങള്‍ പങ്കെടുത്തിരുന്നു. എയര്‍പോര്‍ട്ട് സാജന്‍െ്റ സംഘങ്ങളാണ് കുടുതലായും പാര്‍ട്ടിയില്‍ പങ്കെടുത്തത്. അതില്‍ സന്തോഷ് ആവശ്യപ്പെട്ടത് അനുസരിച്ച് സാജന്‍െ്റ എതിര്‍ചേരിയിലുള്ള ഡബിള്‍സ് ടീമും പങ്കെടുത്തു. നഗരത്തില്‍ ഓം പ്രകാശിന്‍െ്റ കീഴില്‍ പ്രവര്‍ത്തിക്കുന്ന അരുണ്‍ ഗോപാല്‍, അനൂപ് ഗോപാല്‍ എന്നിവരുടെ ടീമാണ് ഡബിള്‍സ്. ഇവരുടെ ടീം നഗരത്തില്‍ സജീവമാകുകയും വ്യാപാര സ്ഥാപനങ്ങളില്‍ നിന്നും പണപ്പിരിവ് ഊര്‍ജ്ജിതമാക്കുകയും ചെയ്തത് പാര്‍ട്ടിക്കിടയില്‍ ചര്‍ച്ചയായി.
ഈ വിഷയം എയര്‍പോര്‍ട്ട് സാജന്‍െ്റ മകന്‍ ഡിനിയുടെ സംഘാംഗങ്ങള്‍ ചോദ്യം ചെയ്തു. ഇതേത്തുടര്‍ന്നാണ് തര്‍ക്കം മൂര്‍ച്ഛിച്ചത്്. ശംഖുമുഖത്ത് പാര്‍ക്കിങ് കരാര്‍ ഏറ്റെടുക്കാന്‍ ഡബിള്‍സ് ടീം ശ്രമിച്ചെന്നും ആരോപണമുയര്‍ന്നു. തര്‍ക്കത്തെത്തുടര്‍ന്ന് കുറച്ചുപേര്‍ പുറത്തേക്കു പോയി. തുടര്‍ന്ന് ഹോട്ടലിനു പുറത്ത് റോഡില്‍ ഏറ്റുമുട്ടുകയായിരുന്നു. ഒരാള്‍ക്ക് ഗുരുതരമായി പരുക്കേറ്റ് ജനറല്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും അവിടെയും ഗുണ്ടാസംഘങ്ങള്‍ ഏറ്റുമുട്ടല്‍ തുടരുകയായിരുന്നു. കഴിഞ്ഞ ശനിയാഴ്ച അക്രമം നടന്നശേഷം പോലീസ് കേസെടുത്തിരുന്നില്ല. മാധ്യമങ്ങളില്‍ വാര്‍ത്ത വന്നതിനെത്തുടര്‍ന്ന് കഴിഞ്ഞ ദിവസമാണ് പോലീസ് സ്വമേധയാ രണ്ടു കേസുകള്‍ റജിസ്റ്റര്‍ ചെയ്തത്.
ഹോട്ടലിനു പുറത്ത് റോഡില്‍ ചേരിതിരിഞ്ഞ് ഏറ്റുമുട്ടി ഗതാഗതം തടസ്സപ്പെടുത്തിയതിനു പത്തുപേര്‍ക്ക് എതിരെയും ജനറല്‍ ആശുപത്രി വളപ്പില്‍ ഏറ്റുമുട്ടിയതിനു രണ്ടുപേരെ പ്രതികളാക്കിയുമാണ് കന്റോണ്‍മെന്റ് പൊലീസ് കേസ് റജിസ്റ്റര്‍ ചെയ്തത്. പോത്തന്‍കോട് സ്വദേശി സിയാദ്, പനവൂര്‍ സ്വദേശി അര്‍ഷാദ്, ആര്യങ്കാവ് സ്വദേശി നന്ദു കൃഷ്ണന്‍, ഷാനു ക്ലെമറ്റ്, അരുണ്‍ ഗോപാല്‍, അനൂപ് ഗോപാല്‍ എന്നിവരും കണ്ടാലറിയാവുന്ന നാലു പേരുമാണ് റോഡിലെ ഏറ്റുമുട്ടല്‍ കേസിലെ പ്രതികള്‍. പൊതുസ്ഥലത്ത് സമാധാനം ഇല്ലാതാക്കല്‍, ഗതാഗതം തടസ്സപ്പെടുത്തല്‍ തുടങ്ങി സ്റ്റേഷന്‍ ജാമ്യം ലഭിക്കുന്ന ദുര്‍ബല വകുപ്പുകളാണ് ഇവര്‍ക്കെതിരെ ചുമത്തിയത്. ഗുണ്ടകള്‍ ഏറ്റുമുട്ടി നാലാം ദിവസമാണ് പോലീസ് കേസ് എടുത്തത്.
നഗരത്തില്‍ ഇപ്പോള്‍ എയര്‍പോര്‍ട്ട് സാജനും ഡാനിയും അടങ്ങുന്ന ഗുണ്ടാ സംഘത്തിനാണ് ശക്തി കുടുതല്‍. ഓം പ്രകാശ് സജീവമായി രംഗത്തു വരാതെ സംഘാംഗങ്ങളെ രംഗത്തിറക്കിയാണ് ശക്തി പ്രകടിപ്പിക്കുന്നത്. ഇവരുടെ രണ്ടുപേരുടെയും കീഴിലുള്ള ചെറുസംഘങ്ങളാണ് പലപ്പോഴും നഗരത്തില്‍ അക്രമ സംഭവങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്. നഗരത്തിലെ ഹോട്ടലുകള്‍, ഫ്ളാറ്റ് നിര്‍മ്മാതാക്കള്‍ എന്നിവരില്‍ നിന്നാണ് കൂടുതലായും പണപ്പിരിവ് നടക്കുന്നത്. പാളയത്തെ സം സം ഹോട്ടലുകളില്‍ നിന്നുള്ള പിരിവ് ഇരുസംഘങ്ങള്‍ക്കുമായി തുല്യമായി വീതിച്ചിട്ടുണ്ട്. കൂടാതെ പാര്‍ക്കിങ് കരാറുകള്‍ ഇടതു നേതാക്കളുടെ നേതൃത്വത്തില്‍ തുല്യമായി വീതിച്ചെടുക്കുകയാണ് പതിവ്. പണപ്പിരിവുകള്‍ക്കു പുറമെ ലഹരി വില്‍പ്പനയാണ് ഇപ്പോള്‍ കൂടുതലും നടക്കുന്നത്. ഇതിനുവേണ്ടി യുവാക്കളെ റിക്രൂട്ട് ചെയ്യുകയും ക്രമേണ ഗുണ്ടാസംഘങ്ങളുടെ ഭാഗമാക്കുകയുമാണ് ചെയ്യുന്നത്.
ആക്രമത്തെത്തുടര്‍ന്ന് സൗത്ത് പാര്‍ക്ക് ഹോട്ടലിന് പോലീസ് നോട്ടിസ് നല്‍കി. ഡിജെ പാര്‍ട്ടി നടത്തുന്ന ഹാളില്‍ നിരീക്ഷണ ക്യാമറകള്‍ സ്ഥാപിക്കണമെന്നും ഡിജെക്കു ക്രിമിനലുകള്‍ പ്രവേശിക്കുന്നതു തടയാന്‍ നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടാണ് കന്റോണ്‍മെന്റ് പോലീസ് നോട്ടിസ് നല്‍കിയത്. ഒരുവിധ സുരക്ഷാ മുന്‍ കരുതലും ഇല്ലാതെയാണ് മുന്നൂറോളം പേരെ എത്തിച്ച് ഡിജെ സംഘടിപ്പിച്ചതെന്നാണ് പോലീസ് സ്പെഷല്‍ ബ്രാഞ്ചിന്റെ റിപ്പോര്‍ട്ട്. സംഘര്‍ഷം ഹോട്ടല്‍ അധികൃതര്‍ പോലീസിനെ അറിയിച്ചില്ല. ഗുണ്ടകളുടെ ഏറ്റുമുട്ടല്‍ സംബന്ധിച്ചു പരാതി നല്‍കാനും ഹോട്ടല്‍ അധികൃതര്‍ തയാറായില്ല. നോട്ടിസ് നല്‍കിയതിനു പിന്നാലെ, ഡിജെ സംഘടിപ്പിക്കുന്നത് നിര്‍ത്തിയെന്നു ഹോട്ടല്‍ അധികൃതര്‍ അറിയിച്ചിട്ടുണ്ട്. ക്രിസ്തുമസ് , ന്യൂ ഇയര്‍ പ്രമാണിച്ച നഗരത്തിലെ നിരവധി ഹോട്ടലുകളില്‍ ഡി.ജെ പാര്‍ട്ടി ആസൂത്രണം ചെയ്തിട്ടുണ്ട്. ഇതില്‍ മദ്യം ഉള്‍പ്പെടുന്ന പാസുകളും അല്ലാത്തവയുമുണ്ട്.
500 രൂപ മുതല്‍ 2000 രൂപ വരെയാണ് പൊതുവേ കാണുന്ന പാസുകള്‍. സ്ത്രീകള്‍ക്ക് മിക്കയിടങ്ങളിലും സൗജന്യ പ്രവേശനമായിരിക്കും. കപ്പിള്‍ എന്‍ട്രികള്‍ക്ക് കിഴിവുകളും ലഭിക്കും. നിയമപ്രകാരം ഡാന്‍സ് പാര്‍ട്ടികളില്‍ രാത്രി 11 മണി വരെ മാത്രമേ മദ്യം നല്‍കാന്‍ അനുമതിയുള്ളു. എന്നാല്‍ പലയിടത്തും ഒരുമണി വരെ മദ്യം വില്‍ക്കുന്നുണ്ട്.