- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
രാവിലെ മെഡിക്കൽ കോളേജിൽ ഒപ്പിടുന്ന ട്രോളി തള്ളുകാർ; വൈകിട്ട് മെഡിക്കൽ കോളേജ് സ്റ്റേഷനിൽ ഒപ്പിടുന്ന ക്രിമിനലുകളും; നിയമനം എല്ലാം നടത്തുന്നത് ഡി ആർ അനിൽ! കുടുംബശ്രീയുടെ മറവിൽ കയറ്റുന്നത് ബന്ധുക്കളേയും പാർട്ടിക്കാരേയും; തിരുവനന്തപുരം മെഡിക്കൽ കോളേജ് 'സിപിഎമ്മിന്' സ്വന്തം; എല്ലാ തട്ടിപ്പും ആശുപത്രി വികസന സമിതിയുടെ മറവിൽ
തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ആശുപത്രി വികസന സമിതിയുടെ മറവിലെ നിയമനങ്ങൾ മാത്രം പരിശോധിച്ചാൽ മതി എങ്ങനെയാണ് അട്ടിമറി നടക്കുന്നതെന്ന് വ്യക്തമാകും. സിപിഎമ്മിന് താൽപ്പര്യമുള്ളവർ പിൻവാതിൽ നിയമനം നേടുന്നതിന് തെളിവാണ് തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ആശുപത്രി വികസന സമിതിയിലെ നിയമനങ്ങൾ. ഈയിടെ ആശുപത്രിയിൽ നിയമനം നേടിയ ട്രോളി ഓപ്പറേറ്റർമാരിൽ ബഹുഭൂരിഭാഗവും ക്രിമിനലുകളാണ്. അഞ്ചിൽ അധികം കേസിൽ പെട്ടവർ പോലും ഇങ്ങനെ സർവ്വീസിൽ കയറി. പ്രതിമാസം 50,000രൂപ വരെ കിട്ടുന്ന ജോലി ആശുപത്രി വികസന സമിതിയിലുണ്ട്. ഇതെല്ലാമാണ് സിപിഎം നേതാക്കൾ ഹൈജാക്കു ചെയ്ത് വിശ്വസ്തർക്കും ബന്ധുക്കൾക്കും നൽകുന്നത്.
ട്രോളി ഓപ്പറേറ്റർമാരെ കുറിച്ച് മെഡിക്കൽ കോളേജിൽ തന്നെ ഒരു കഥയുണ്ട്. രാവിലെ ആശുപത്രിയിൽ ഒപ്പിടും. രാത്രി ക്രിമിനൽ കേസുകളിൽ പൊലീസ് സ്റ്റേഷനിലും. ഇങ്ങനെ രണ്ട് ഒപ്പിടുന്നവർ എന്നാണ് ട്രോളി ഓപ്പറേറ്റർമാരെ വിശേഷിപ്പിക്കുന്നത്. ആംബുലൻസ് ഡ്രൈവർമാരും സഹായികളും പോലും ക്രിമിനലുകളാണ്. ഇത് മെഡിക്കൽ കോളേജിൽ പലപ്പോഴും സംഘർഷങ്ങളുണ്ടാക്കുകയും ചെയ്തു. ഇതൊന്നും പൊലീസ് ഗൗരവത്തോടെ അന്വേഷണം നടത്തിയില്ല. പകരം പരാതിക്കാർക്കെതിരെ കേസെടുക്കുകയും ഒത്തുതീർപ്പിന്റെ അന്തരീക്ഷം ഉണ്ടാക്കുകയും ചെയ്തു. അങ്ങനെ എല്ലാ അർത്ഥത്തിലും രാഷ്ട്രീയ സ്വാധീനമുള്ളവർ കേസുകൾ ഊരിയെടുത്തു. അങ്ങനെ കേസുകളിൽ പെടുന്ന ക്രിമിനലുകൾക്ക് തിരുവനന്തപുരം മെഡിക്കൽ കോളേജ് സുഖ ഇടത്താവളം ആവുകയും ചെയ്തു.
കുടുംബശ്രീയുടെ മറവിലാണ് എല്ലാം നടക്കുന്നത്. ആളെ നിയമിക്കുന്ന ഏജൻസി അല്ല കുടുംബശ്രീ. പ്രോജക്ടുകൾ ഏൽപ്പിക്കാനുള്ള സംഘടനയാണ്. എന്നാൽ കുടുംബ ശ്രീയിലൂടെ നിയമനങ്ങൾ നടത്തുന്നുവെന്ന് വരുത്തി അർഹതപ്പെട്ട ഉദ്യോഗാർത്ഥികളെ തള്ളുകയാണെന്നതാണ് വസ്തുത. ആരോഗ്യ വകുപ്പ് നോക്കുകുത്തിയാണ്. മെഡിക്കൽ കോളേജ് സൂപ്രണ്ടിനെ പോലും ചലിക്കാൻ അനുവദിക്കാത്ത വണ്ണമുള്ള നിരീക്ഷണ സംവിധാനങ്ങൾ തിരുവനന്തപുരം മെഡിക്കൽ കോളേജിലുണ്ട്. സൂപ്രണ്ടിന്റെ ഓഫീസിലെ പ്യൂണിന്റേയും കാർഡിയോളജിയിലെ ഒരു ജീവനക്കാരന്റേയും അടുത്ത ബന്ധുക്കൾ തന്നെ മെഡിക്കൽ കോളേജിൽ ജോലി ചെയ്യുന്നുണ്ട്. ഡി ആർ അനിലിന്റെ വിശ്വസ്തരാണ് ഇവരെല്ലാം.
തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയെ നിയന്ത്രിക്കുന്നതു ഡി.ആർ. ഫാൻസാണെന്നതു തലസ്ഥാനനഗരിയിൽ പരസ്യമായ രഹസ്യം. യു.ഡി.എഫ്. ഭരണകാലത്തു മെഡിക്കൽ കോളജിൽ താത്കാലികജീവനക്കാരനായ ഒരാളാണു സമാന്തരസംവിധാനത്തിലെ പ്രധാനിയെന്നതും വിരോധാഭാസം. ശിവകുമാർ മന്ത്രിയായിരിക്കെയാണ് ഇയാൾ മെഡിക്കൽ കോളേജിൽ എത്തുന്നത്. പിന്നീട് ഡി ആർ അനിലിന്റെ വിശ്വസ്തനായി. ഇടതു ഭരണമെത്തിയതോടെ സിപിഎം സംഘടനയിലെ പ്രധാനിയുമായി. ഇയാളാണ് എല്ലാ അഴിമതിയുടേയും ഇടനിലക്കാരൻ. എന്നാൽ സഖാക്കൾക്ക് ജോലിക്കുള്ള ശിപാർശ കത്തുകൾ പറത്തുവന്നതോടെയാണ് സമാന്തര പി.എസ്.സിയായി ഡിആർ ഫാൻസ് പ്രവർത്തിക്കുന്ന കാര്യവും പരസ്യമായത്.
സംസ്ഥാന സർക്കാരിന്റെ കീഴിലുള്ളസിഎടി ആശുപത്രിയിൽ നിയമനം നടത്തുവാൻ മെഡിക്കൽ കോളേജ് കൗൺസിലർക്ക് എന്ത് അധികാരം ...? എന്ന ചർച്ച സജീവമാക്കുന്നതാണ് ഡി ആർ അനിലിന്റേതായി പുറത്തു വന്ന കത്ത്. മെഡിക്കൽ കോളേജ് കൗൺസിലർ സിപിഎം ജില്ലാ സെക്രട്ടറിക്ക് കുടുംബശ്രീ വഴി ആളെ എടുക്കണമെന്ന് കത്ത് അയക്കുമ്പോൾ മെഡിക്കൽ കോളേജ്, ആർ സിസി എന്നിവിടങ്ങളിൽ കഴിഞ്ഞ 6 വർഷമായി കുടുംബശ്രീ വഴി നടത്തിയ നിയമനങ്ങൾ എല്ലാ തന്നെ സിപിഎം ജില്ലാ സെകട്ടറി കുടുംബശ്രീ മിഷന് നൽകിയ ലിസ്റ്റ് പ്രകാരമാണ്. കുടുംബശ്രീ മിഷൻ പാർട്ടി മിഷൻ പ്രവർത്തനമാണ് നടത്തുന്നത് എന്ന് ഈ കത്തിലൂടെ സാധൂകരിക്കുന്നു. അനധികൃതമായി പാർട്ടി നിയമനങ്ങൾ നടത്തിയ കുടുംബശ്രീ മിഷൻ പിരിച്ചു വിടുക. സ്ത്രീ ശാക്തികരണം എന്നത് പാർട്ടിയിലെ സ്ത്രീകളെ ജോലിയിൽ കയറ്റുക എന്നതല്ല. മറിച്ച് ജീവിക്കാൻ നിവർത്തിയില്ലാത്തവർക്കുള്ള കൈത്താങ്ങാണ്. പി എസ് സി , എംപ്ലോയിമെന്റ് എന്നീ തൊഴിൽ ദാതാക്കളെ വദ്യകരിച്ച സിപിഎം സ്ത്രീകളുടെ കൂട്ടായ്മയായ കുടുംബശ്രീയെയും കമ്മ്യൂണിസ്റ്റ് വത്കരിക്കുവാൻ അനുവദിക്കില്ല. മൊത്തത്തിൽ നിയമന രംഗം പാർട്ടി തരംഗമാണെന്ന് ബിജെപി നേതാവ് ആർ എസ് രാജീവ് പറയുന്നു.
പി എസ് സി നിയമനങ്ങൾ പോലും അട്ടിമറിച്ചാണ് ഡി.ആർ ഫാൻസിലെ ആളുകളുടെ ബന്ധുക്കളെല്ലാം മെഡിക്കൽ കോളേജിലെ ജീവനക്കാരായത്. സെക്യൂരിറ്റികൾ തൊട്ട് അങ്ങേയറ്റം വരെയുള്ള തസ്തികകളിൽ ഡി.ആർ ഫാൻസുകാർ മാത്രമേ നിയമിക്കപ്പെടുകയുള്ളൂ. ഹോസ്പിറ്റൽ ഡെവലപ്പ്മെന്റ് സൊസൈറ്റിയുടെ മറവിലാണ് എല്ലാ തട്ടിപ്പും. എച്ച് ഡി എസ് എന്ന ഓമനപ്പേരിൽ അറിയുന്ന ഈ കമ്പനിയുടെ നിയന്ത്രണം എല്ലാ കാലത്തും ഭരണപക്ഷത്തിനാകും. ഈ രാഷ്ട്രീയ കരുത്തിലാണ് ഡി ആർ ഫാൻസും വളരുന്നത്. എച്ച് ഡി എസിലൂടെ ജോലിക്ക് കയറിയാൽ അറുപത് വയസ്സുവരെ ആശുപത്രിയിൽ ജോലി നോക്കാം. പെൻഷൻ ഉണ്ടാകില്ല. മറ്റ് ആനുകൂല്യങ്ങൾ കിട്ടുകയും ചെയ്യും. ഈ സാധ്യത പരമാവധി പ്രയോജനപ്പെടുത്തിയാണ് തിരുവനന്തപുരം മെഡിക്കൽ കോളേജിൽ നിയമനങ്ങളിൽ അട്ടിമറി നടക്കുന്നത്.
സ്വാധീനമുള്ളവരുടെ അതിവിശ്വസ്തർ ഇവിടെ സ്ഥിര ജോലിക്കാരാകുന്നു. പി.എസ്.സി വഴി ജോലിക്ക് കയറുന്നവരേക്കാൾ ശമ്പളവും ഇവർക്കാണ്. ആദ്യം പരിചയക്കാരെ താൽകാലികക്കാരായി തിരുകി കയറ്റും. അതിന് ശേഷം കുറച്ചു കാലം കഴിയുമ്പോൾ എച്ച്.ഡി.സിയിലൂടെ ഇവരെ ആശുപത്രി ജീവനക്കാരായി ഉയർത്തും. 1400 രൂപ വരെ പ്രതിദിനം ശമ്പളം കിട്ടുന്നവരുണ്ട് ഇക്കൂട്ടത്തിൽ. എച്ച് ഡി എസിലൂടെ ജോലിക്ക് കയറിയ രണ്ട് പ്യൂണുമാരുണ്ട്. ഈ പ്യൂണുമാരിൽ ഒരാളുടെ ഭാര്യയും മകളും മകനും മെഡിക്കൽ കോളേജിലെ ജീവനക്കാരാണ്. മറ്റൊരു പ്യൂണിന്റെ ഭാര്യയും മെഡിക്കൽ കോളേജിലുണ്ട്. ഇതിനൊപ്പം ഇയാളുടെ കുടുംബത്തിലെ ഏഴു പേരാണ് മെഡിക്കൽ കോളേജിലെ വിവിധ ഇടങ്ങളിൽ ജോലിക്കുള്ളത്.
ഭയം കൊണ്ട് എതിർപ്പ് ഇല്ലാതായതോടെയാണ് എസ്.എ.റ്റി ആശുപത്രിയിലേയ്ക്കും ഇവർ കടന്നത്. എസ്.എ.റ്റി ആശുപത്രിയിലെ കൂട്ടിരുപ്പുകാർക്കായി നിർമ്മിച്ചിരിക്കുന്ന വിശ്രമകേന്ദ്രത്തിലേയ്ക്ക് കുടുംബശ്രീ പ്രവർത്തകരെ നിയമിക്കുന്നതിന്റെ മറവിലും സ്വന്തക്കാരെ തിരുകിക്കയറ്റാനുള്ള ശ്രമമാണ് ഒടുവിൽ പുറത്തായത്. മെഡിക്കൽ കോളേജിൽ വർഷങ്ങളായി വിവിധ വിഭാഗങ്ങളിൽ ജോലി ചെയ്ത കുടുംബശ്രീക്കാർ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വഴിയുള്ള സ്ഥിരനിയമനം വന്നതോടെ പുറത്തായിരുന്നു. 178 പേരെയാണ് ഇത്തരത്തിൽ എംപ്ലോയ്മെന്റ് വഴി നിയമിച്ചത്. ഈ നിയമനം കഴിഞ്ഞ് ബാക്കിയുള്ള ഒഴിവുകളിലേക്കും, ആശുപത്രിയിലെ മറ്റ് ഒഴിവുകളിലേക്കും ഈ താൽക്കാലികക്കാരെ വീണ്ടും എത്തിക്കാനാണ് നീക്കം. റാങ്ക് ലിസ്റ്റിലെ ബാക്കിയുള്ളവർ കാത്തു നിൽക്കുമ്പോഴാണിത്. പിരിച്ചുവിട്ട കുടംബശ്രീക്കാരെ പുനരധിവസിപ്പിക്കാൻ, ഇവർക്ക് തന്നെ മുൻഗണനാ അടിസ്ഥാനത്തിൽ നിയമനം നൽകണമെന്നാണ് ഒക്ടോബർ 1ന് എക്സിക്യുട്ടീവ് കമ്മിറ്റി നിർദ്ദേശം നൽകിയത്. 11 അജണ്ടകളിൽ അവസാനത്തേതായി, കുടുംബശ്രീ വിഷയമെന്ന് മാത്രം രേഖപ്പെടുത്തിയ അജണ്ടയാണ് യോഗം ആദ്യം ചർച്ച ചെയ്തതും തീരുമാനമെടുത്തതും. എംഎൽഎ കടകംപള്ളി സുരേന്ദ്രനും ഡി.ആർ.അനിലും ചേർന്നുള്ള നീക്കത്തിൽ യോഗത്തിൽ തന്നെ എതിർപ്പുയർന്നിരുന്നു. ഈ യോഗത്തിൽ പങ്കെടുക്കാൻ പോലും ഡി ആർ അനിലിന് കഴിയില്ലെന്നതാണ് വസ്തുത.
കുടുംബശ്രീക്കുള്ള വേതനം, ഇവരെയേൽപ്പിക്കുന്ന ഡോർമിറ്ററി, കഫറ്റീരിയ അടക്കമുള്ളവയുടെ നടത്തിപ്പ് വരുമാനത്തിൽ നിന്ന് നൽകാനായിരുന്നു നിർദ്ദേശം. സിപിഎമ്മിന്റെ തുടരെയുള്ള സമ്മർദം നിലനിൽക്കുന്നുണ്ടെങ്കിലും, താൽക്കാലികക്കാരെ വീണ്ടും നിയമിക്കാനുള്ള നീക്കത്തിന് ഇതുവരെ അധികൃതർ വഴങ്ങിയിട്ടില്ല. ആശുപത്രി എക്സിക്യുട്ടീവ് സമിതിയംഗമല്ലാത്ത വാർഡ് കൗൺസിലർ ഈ യോഗത്തിൽ പങ്കെടുത്തതും വിവാദമാവുകയാണ്. എന്നാൽ ക്ഷണം കിട്ടിയതുകൊണ്ടാണ് പങ്കെടുത്തതെന്ന് കൗൺസിലർ ഡി.ആർ.അനിൽ വിശദീകരിക്കുന്നു. കാലങ്ങളായി താൽക്കാലികക്കാരായി മികച്ച സേവനം ചെയ്തവർക്ക് വീണ്ടും അവസരം നൽകാൻ നിർദ്ദേശിക്കുക മാത്രമാണ് ചെയ്തതെന്നാണ് ഇക്കാര്യത്തിൽ സിപിഎം വിശദീകരണം.
മറുനാടന് മലയാളി ബ്യൂറോ