- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഒരു റൗണ്ട് നാളികേരം ഉരുട്ടും; ഒരു നാളികേരത്തിന് 25 രൂപ വാങ്ങും; ഒരിക്കല്‍ ഉരുട്ടിയ നാളികേരം തന്നെ വീണ്ടും ഉരുട്ടുന്നതിനാല്‍ ലേലം എടുത്തിരിക്കുന്ന ആള്‍ക്ക് ലാഭം ഇരട്ടി! മഞ്ഞള്‍പൊടിയക്കം വില്‍പ്പന വസ്തുക്കള്‍; ഹൈക്കോടതിയുടെ പുതിയ വിധി വെട്ടിലാക്കുന്നത് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനെ
ശബരിമല: ശബരിമലയില്‍ ദുരാചാരങ്ങളെ പ്രോത്സാഹിപ്പിക്കുന്നതും വേണ്ട പരസ്യം കൊടുക്കുന്നത് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് എന്ന ആക്ഷേപം ശക്തം. ശബരിമലയില്‍ ദുരാചാരങ്ങള്‍ ലേലം ചെയ്തു നല്‍കി ദേവസ്വം ബോര്‍ഡ് കൈക്കല്‍ ആക്കുന്നത് കോടികളാണ്. ഇല്ലാത്ത ആചാരങ്ങള്‍ പറഞ്ഞ് ഭക്തരെ തെറ്റിദ്ധരിപ്പിച്ച് ശബരിമലയില്‍ ദേവസ്വം ബോര്‍ഡ് ആണ് പണം ഉണ്ടാക്കുന്നതെന്നാണ് ആരോപണം. മാളികപ്പുറം ക്ഷേത്രത്തിനു ചുറ്റുമുള്ള നാളികേരം ഉരുട്ടല്‍ ഇവിടത്തെ പ്രധാന ദുരാചാരങ്ങളില്‍ ഒന്നാണ്. കന്നിയയ്യപ്പന്‍മാര്‍, മാളികപ്പുറങ്ങള്‍ എന്നിവര്‍ മാളികപ്പുറം ദേവിക്ഷേത്രനടയില്‍ എത്തിയാല്‍ ഉടന്‍ നാളികേരം ഉരുട്ടണം. ഇതാണ് ചടങ്ങ്.
ശബരിമല മാളികപ്പുറം ക്ഷേത്രത്തിനുചുറ്റും തേങ്ങ ഉരുട്ടുന്നതും മഞ്ഞള്‍പ്പെടി വിതറുന്നതും ആചാരമല്ലെന്നും ഇത് ഒഴിവാക്കണമെന്നും ഹൈക്കോടതി പറയുമ്പോള്‍ വെട്ടിലാകുന്നത് ദേവസ്വം ബോര്‍ഡ്. ആചാരമല്ലെന്ന് തന്ത്രി വ്യക്തമാക്കിയിട്ടുള്ളതാണ്. മാളികപ്പുറത്ത് വസ്ത്രം ഉപേക്ഷിക്കുന്നതും ആചാരമല്ല. ഈ വിവരങ്ങള്‍ ഭക്തരെ അനൗണ്‍സ്മെന്റിലൂടെ അറിയിക്കമെന്നും ജസ്റ്റിസ് അനില്‍ കെ. നരേന്ദ്രനും ജസ്റ്റിസ് എസ്. മുരളികൃഷ്ണയും ഉള്‍പ്പെട്ട ബെഞ്ച് ഉത്തരവിട്ടത് കഴിഞ്ഞ ദിവസമാണ്. ശബരിമലയുമായി ബന്ധപ്പെട്ട് സ്വമേധയാ പരിഗണിക്കുന്ന ഹര്‍ജിയിലാണ് ഉത്തരവ്.
എന്നാല്‍ ഇതെല്ലാം പ്രധാന ആചാരമാണെന്ന് പറഞ്ഞ് ഭക്തരെ ആകര്‍ഷിക്കാന്‍ ദേവസ്വം ബോര്‍ഡ് തന്നെ സംവിധാനങ്ങളൊരുക്കിയിട്ടുണ്ടെന്നതാണ് വസ്തുത. പിന്നെ തേങ്ങ വില്‍പ്പന കൗണ്ടറും ഇവിടെ സജ്ജമാണ്. തീരുന്നില്ല ദുരാചാരം മാളികപ്പുറം ക്ഷേത്രഗോപുരത്തിന് മുകളിലേക്ക് ബ്ലൗസിന്റെ തുണികള്‍ വലിച്ചെറിയണമെന്ന മറ്റൊരു ആചാരവും ദേവസ്വം സ്‌പോണ്‍സര്‍ ചെയ്യുന്നു. ഭക്തര്‍ കൊണ്ട് വന്ന് ഇത്തരത്തില്‍ എറിയുന്ന ബ്ലൗസ് തുണികള്‍ ശേഖരിച്ച് ദേവസ്വം ബോര്‍ഡ് ലേലം ചെയ്ത് പണം ഉണ്ടാക്കുന്നു.
മാളികപ്പുറം ക്ഷേത്രത്തില്‍ ഉരുട്ടുവാനുള്ള തേങ്ങ ലേലം നല്‍കുന്നതിലൂടെ ഓരോ സീസണിലും ദേവസ്വം ബോര്‍ഡിന് കോടികളാണ് വരുമാനം. സന്നിധാനത്തും മാളികപ്പുറത്തും തേങ്ങ ഉടക്കാന്‍ നല്‍കുന്നതിന് കോടികള്‍ക്കാണ് ഇപ്പോള്‍ ലേലം ചെയ്ത് നല്‍കിയിരിക്കുന്നത്. ഒരു പ്രാവശ്യം ഒരു ഭക്തന്‍ ഉരുട്ടുന്ന നാളികേരം തന്നെയാണ് അടുത്ത ഭക്തനും ഉരുട്ടുവാന്‍ കൊടുക്കുന്നത്. ഒരിക്കല്‍ ഉരുട്ടി വരുന്ന നാളികേരം കരാറുകാരന്റെ ജീവനക്കാര്‍ ശേഖരിച്ച് കുട്ടയിലാക്കി വീണ്ടും വില്‍പ്പനക്കായി കൊണ്ടുപോയി വക്കും. അങ്ങനെ ഇതൊരു സൈക്ലിക് പ്രോസസായി നടക്കുന്നു. ഇതിന് പുറമെ ഭക്തരെ നാളികേരം ഉരുട്ടല്‍ നേര്‍ച്ചയ്ക്കായി പ്രേരിപ്പിക്കാന്‍ കരാറുകാരന്റെ ജീവനക്കാരും ദേവസ്വം ജീവനക്കാരും ശ്രമിക്കുന്നുണ്ട്.
ഒരു റൗണ്ട് നാളികേരം ഉരുട്ടുന്നതാണ് ചടങ്ങ.് ഒരു നാളികേരത്തിന് 25 രൂപയാണ് വാങ്ങുന്നത്. ഒരിക്കല്‍ ഉരുട്ടിയ നാളികേരം തന്നെ വീണ്ടുമുരുട്ടുന്നതിനാല്‍ ലേലം എടുത്തിരിക്കുന്ന ആള്‍ക്ക് ലാഭം ഇരട്ടിയാണ് . മഞ്ഞള്‍പൊടി വിതറുന്നതും ബ്ലൗസിന്റെ തുണികള്‍ ക്ഷേത്ര ഗോപുരത്തിനു മുകളില്‍ എറിയുന്നതും ചടങ്ങുകളായി ദേവസ്വം ബോര്‍ഡ് തന്നെ പ്രോത്സാഹിപ്പിക്കുന്നു. ഇത്തരം സാധനങ്ങള്‍ ലേലത്തില്‍ നല്‍കിയും ദേവസ്വം ബോര്‍ഡ് വരുമാനം ഉണ്ടാക്കുന്നു. മണിമണ്ഡപത്തില്‍ വിതറുന്ന ഭസ്മം, മഞ്ഞള്‍പൊടി എന്നിവ ശേഖരിച്ച് അതെല്ലാം പ്രത്യേകം കവറുകളില്‍ ആക്കി വിഭൂതി പ്രസാദം മഞ്ഞള്‍പൊടി പ്രസാദം എന്ന രീതിയില്‍ കൗണ്ടറുകളിലൂടെ വില്‍പ്പന നടത്തുന്നുമുണ്ട്.
കൂടാതെ ഭക്തര്‍ ഇരുമുടിക്കെട്ടില്‍ കൊണ്ടുവരുന്ന കര്‍പ്പൂരം , ചന്ദനത്തിരി ,വെറ്റില അടയ്ക്ക നാരങ്ങ എന്നിവയും ശേഖരിച്ച് കൊണ്ടുപോകുന്നതിനും കരാറുകാര്‍ക്ക് ദേവസ്വം ലേലം നല്‍കിയിട്ടുണ്ട്. ക്ഷേത്ര തന്ത്രി ശബരിമലയിലെ ഇത്തരം ദുരാചാരങ്ങളെ എതിര്‍ക്കുകയും ഇതെല്ലാം ഒഴിവാക്കണമെന്ന് ദേവസ്വം ബോര്‍ഡിനോട് ആവര്‍ത്തിച്ചു ആവശ്യപ്പെടുന്നുണ്ടെങ്കിലും ദേവസ്വം ബോര്‍ഡ് ഇത് ചെവിക്കൊണ്ടിട്ടില്ല. വസ്തുതകള്‍ ഇങ്ങനെയായിരിക്കുകയാണ് വിഷയത്തില്‍ ഇപ്പോള്‍ ഹൈക്കോടതി ഇടപെടല്‍ വന്നിരിക്കുന്നത് .
18 വര്‍ഷം മലയകയറ്റം പൂര്‍ത്തിയാക്കി മലകയറുന്ന അയ്യപ്പഭക്തര്‍ തെങ്ങിന്‍ തൈ കൊണ്ടുവരണമെന്നും അത് ശബരിമലയില്‍ നട്ടുപിടിപ്പിക്കണമെന്നും ഉള്ള മറ്റൊരു ആചാരവും ദേവസ്വം ബോര്‍ഡ് വ്യാപകമായി പ്രചരിപ്പിക്കുന്നുണ്ട് ഇതിനു കാരണം മറ്റൊന്നല്ല അയ്യപ്പഭക്തന്മാര്‍ കൊണ്ടുവരുന്ന തെങ്ങിന്‍ തൈകള്‍ ലേലം നല്‍കി ലക്ഷങ്ങളാണ് ദേവസ്വം ബോര്‍ഡ് കീശയില്‍ ആക്കുന്നത്. ഭസ്മകുളത്തിലോ ഉരള്‍ കുഴിയിലോ ഭക്തര്‍ കുളി കഴിഞ്ഞ് വന്നാല്‍ ആഭക്തന് ചന്ദനം, ഭസ്മം, കുങ്കുമം എന്നിവ തൊടുന്നതിന് സാധനങ്ങളുമായി ആളുകളെ ദേവസ്വം ബോര്‍ഡ് നിയോഗിച്ചിട്ടുണ്ട്. ആതുകൊണ്ട് തന്നെ ഹൈക്കോടതി ഇടപെടല്‍ ദേവസ്വം ബോര്‍ഡിനെ വെട്ടിലാക്കുമെന്ന് ഉറപ്പാണ്.