- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പരമാവധി അന്നദാന എണ്ണം ഉയര്‍ത്തി; ഇതിനൊപ്പം സപ്ലയര്‍ കോസ്റ്റും കൂട്ടി; തിരുവല്ലം ക്ഷേത്രത്തില്‍ ദിവസവും അന്നദാനത്തിന് എത്തുന്നത് നൂറോളം പേരെന്നത് പച്ചപരമാര്‍ത്ഥം; എന്നിട്ടും പരമാവധി എണ്ണം കാട്ടി പണാപഹരണം; ചുമതലക്കാരന് മാറിയപ്പോഴുള്ള കണക്ക് പരിശോധിച്ചാല്‍ അഴിമതി വ്യക്തം; ദേവസ്വം ഓബുഡ്സ്മാന്റെ അന്വേഷണ ആവശ്യം ആസ്ഥാനത്ത് പൂഴ്ത്തി; അച്ചന്‍കോവിലും മലയലാപ്പുഴയും താണ്ടിയവര്‍ ദേവസ്വം ഭരിക്കുമ്പോള്‍ സംഭവിക്കുന്നത്
തിരുവനന്തപുരം: ഒരു മാസം മുമ്പ് ദേവസ്വം ഓബുഡ്സ്മാന്‍ സീല്‍വച്ച കവറില്‍ ഒരു നിര്‍ദ്ദേശം തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിലേക്ക് നല്‍കുന്നു. ഇന്‍സ്പെഷന്‍ വിഭാഗം ഡെപ്യൂട്ടി കമ്മീഷണര്‍ക്കും വിജിലന്‍സ് എസ്പിയുമാണ് ഈ കത്ത് വാങ്ങിയത്. തിരുവല്ലം ക്ഷേത്രത്തിലെ അന്നദാന അഴിമതിയാണ് വിഷയം. അന്വേഷിച്ച് റിപ്പോര്‍ട്ട് ചെയ്യാനായിരുന്നു ആവശ്യം. ഇതിന് പിന്നാലെ ഇന്‍സ്പെഷന്‍ വിഭാഗം ഡെപ്യൂട്ടി കമ്മീഷണര്‍ക്ക് പ്രെമോഷന്‍ കിട്ടുന്നു. ഉടന്‍ ദേവസ്വം സെക്രട്ടറിയുടെ പദവിയിലും എത്തി. ബോര്‍ഡിലെ സീനിയോറിട്ടി അനുസരിച്ച് തിരുവാഭരണം കമ്മീഷണര്‍ റെജിലാലിന് അവകാശപ്പെട്ടതായിരുന്നു ദേവസ്വം സെക്രട്ടറി പദം. എന്നാല്‍ ശബരിമലയിലെ സ്വര്‍ണ്ണ പാളിയില്‍ സംശയ നിഴലിലുള്ള റെജിലാലിന് ആ പദവി നല്‍കിയില്ല. പകരം പ്രമോഷന്‍ കിട്ടിയ ആളിന് നല്‍കി. ഇതിന് കാരണം ഒരു മാസം മുമ്പ് ദേവസ്വം ഓബുഡ്സ്മാന്‍ സീല്‍വച്ച കവറില്‍ നല്‍കിയ അഴിമതി നിര്‍ദ്ദേശം പുറത്തു വരാതിരിക്കുക എന്നതാണ് ലക്ഷ്യം. ദേവസ്വം വിജിലന്‍സ് എസ് പിയും സ്വര്‍ണ്ണ പാളി അന്വേഷണ തിരക്കിലായതു കൊണ്ട് ആ ഫയല്‍ തുറക്കുന്നില്ല. ഓബുഡ്സ്മാന്‍ നല്‍കിയ ആ അന്വേഷണ ആവശ്യം അട്ടിമറിക്കാന്‍ തന്ത്രപരമായ കളികളാണ് നടക്കുന്നത്. ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ ജയകുമാര്‍ ഇതൊന്നും അറിഞ്ഞിട്ടേ ഇല്ലെന്നതാണ് വസ്തുത. പ്രസിഡന്റിനെ നിയന്ത്രിക്കാന്‍ സെക്രട്ടറിയേറ്റ് നിര്‍ദ്ദേശ പ്രകാരമുള്ള ലിസ്റ്റില്‍ പെട്ടവരും ഈ അഴിമതി അന്വേഷണ പരിധിയിലുണ്ട്. അതുകൊണ്ട് തന്നെ ആ ഫയല്‍ ഇനി പുറത്തേക്ക് വരില്ലെന്നാണ് ദേവസ്വത്തിലെ അണിയറ സംസാരം. അച്ചന്‍കോവില്‍ അഴിമതിയും മലയാലപ്പുഴ ദേവസ്വത്തിലെ സസ്പെന്‍ഷന് ശേഷമുള്ള വിശദീകരണത്തില്‍ തെളിഞ്ഞ പീഡനവും പോലെ ഇതും ആവിയാകും.
തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ കീഴിലുള്ള ക്ഷേത്രങ്ങളില്‍ 'അന്നദാനം' വഴിപാടായി നടത്തി വരുന്നുണ്ട്. കാലാകാലങ്ങളില്‍ വഴിപാട് തിരക്കുകള്‍ വര്‍ദ്ധിക്കുന്നതിനനുസരിച്ച് റേറ്റും വര്‍ദ്ധിപ്പിക്കും. സമീപ കാലം വരെ 30 രൂപ ആയിരുന്നു ആളൊന്നിന് അനുവദിച്ചിരുന്നത്. ഇതില്‍ 18 രൂപ സപ്ലൈയര്‍ക്കും 12 രൂപ മുതല്‍ കൂട്ടമാണ്. സപ്ലയര്‍ എന്നാല്‍ ദേവസ്വത്തിന്റെ ചുമതലക്കാരനായ അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍/സബ് ഗ്രൂപ്പ് ഓഫീസറാണ്. മുതല്‍ക്കൂട്ട് തുകയാണ് ദേവസ്വം ഡിപ്പാര്‍ട്ട്മെന്റിന് ലഭിക്കുന്നത്. 15.03.2025 ലെ ആര്‍.ഓ. സി. 905222/എന്‍. എസ്സ് നമ്പര്‍ ഉത്തരവില്‍ പ്രകാരം വഴിപാട് നിരക്കുകള്‍ പരിഷ്‌കരിക്കുമ്പോള്‍ അന്നദാനം വഴിപാടിന്റെ നിരക്ക് ആളിനൊന്ന് 40 രൂപ (നല്പതു രൂപ മാത്രം) ആയി നിശ്ചയിച്ചു. ഇതില്‍ 25 രൂപ സപ്ലൈയര്‍ക്കും 15 രൂപ മുതല്‍ക്കൂട്ടുമാണ്. 17.04.2024 ലെ ആര്‍. ഒ. സി 10416/12/സ്യൂട്ട് / എന്‍. എസ്. നമ്പര്‍ ബോര്‍ഡ് ഉത്തരവിന് അനുസരിച്ച് തിരുവല്ലം ശ്രീപരശു രാമക്ഷേത്രത്തില്‍ സാധാരണ ദിവസങ്ങളില്‍ പരമാവധി 500 പേര്‍ക്ക് വിശേഷ ദിവസങ്ങളില്‍ 750 പേര്‍ക്കും അന്നദാനം കൊടുക്കുന്നതിന് അനുവദിച്ചിട്ടുണ്ട്.
30.07.24 ലെ ആര്‍. ഒ. സി 10416/12/സ്യൂട്ട് / എന്‍. എസ്. നമ്പര്‍ ബോര്‍ഡ് ഉത്തരവനുസരിച്ച് തിരുവല്ലം ക്ഷേത്രത്തിലെ അന്നദാനത്തിന്റെ എണ്ണം സാധാരണ ദിവസങ്ങളില്‍ ആയിരവും വിശേഷദിവസങ്ങളില്‍ ആയിരത്തിഇരുന്നൂറും ആയി ഭേദഗതി വരുത്തിയിട്ടുണ്ട്. അന്നദാനത്തിന്റെ ആളെണ്ണം ക്രമാതീതമായി വര്‍ദ്ധിപ്പിച്ച സമയത്ത് തിരുവല്ലം ക്ഷേത്രത്തിന്റെ അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ ആയിരുന്ന വ്യക്തി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് ആയിരുന്ന പി എസ് പ്രശാന്തിന്റെ അതിവിശ്വസ്തനായിരുന്നു. തിരുവല്ലം ക്ഷേത്രത്തില്‍ ബലികര്‍മ്മങ്ങള്‍ രാവിലെ 10. 30 ന് അവസാനിച്ചു കഴിഞ്ഞാല്‍ പിന്നെ വളരെ കുറച്ചു ഭക്തജനങ്ങള്‍ മാത്രമേ ഉണ്ടാകാറുള്ളൂ. അന്നദാനം 11 മണി കഴിഞ്ഞ് ആരംഭിക്കുമ്പോള്‍ നൂറോളം പേര്‍ മാത്രമേ ഉണ്ടാകാറുള്ളൂ. വിശേഷ ദിവസമാണെങ്കില്‍ 200 പേരോളം കാണും. തിരുവല്ലം ക്ഷേത്രത്തിലെ വിശേഷ ദിവസമെന്നാല്‍ മാസത്തില്‍ രണ്ട് വാവും പരശുരാമ ജയന്തി തുടങ്ങിയവ മാത്രമാണ്. പ്രസിഡന്റിന്റെ അടുപ്പക്കാരന് എന്ന പദവി ഉപയോഗിച്ച് ബന്ധപ്പെട്ട അസി. കമ്മീഷണറേയും ബോര്‍ഡിനേയും ഉദ്യോഗസ്ഥരെയും സ്വാധീനിച്ചാണ് ഇപ്രകാരം ക്രമാതീതമായ വര്‍ദ്ധന വരുത്തിയിട്ടുള്ളതെന്നാണ് പരാതി. വ്യാജ രേഖകള്‍ അടക്കം സൃഷ്ടിച്ചാണ് ഇതു ചെയ്തത്. അതുകൊണ്ട് തന്നെ ഗുരുതര ക്രിമിനല്‍ സ്വഭാവമുള്ള കുറ്റമാണ് ഇത്.
അന്നദാനത്തിന്റെ എണ്ണം ക്രമീകരിക്കുന്നതിന് രജിസ്റ്റര്‍, കൂപ്പണ്‍, പ്രത്യേക ഫണ്ട് തുടങ്ങി ബോര്‍ഡിന്റെ ഉത്തരവിലെ എല്ലാ നിര്‍ദ്ദേശങ്ങളും കാറ്റില്‍ പറത്തി വന്‍ തുകയാണ് അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ അനര്‍ഹമായി സപ്ലയര്‍ ഇനത്തില്‍ തട്ടിയെടുത്തത്. പരമാവധി നിശ്ചയിച്ചിട്ടുള്ള എണ്ണത്തിന് ദിവസവും സപ്ലയര്‍ ചാര്‍ജ് ചെലവെഴുതി എടുത്തു. ബലികര്‍മ്മങ്ങള്‍ക്ക് മാത്രം പ്രാധാന്യമുള്ള തിരുവല്ലം ക്ഷേത്രത്തിലെ വിശേഷദിവസങ്ങളുടെ പട്ടികയില്‍ യാതൊരു വിശേഷവും ഇല്ലാത്ത ഞായറാഴ്ച പോലുള്ള ദിവസങ്ങളില്‍ കൂടി ഉള്‍പ്പെടുത്തി വ്യാജരേഖ ചമഞ്ഞ് കൂടുതല്‍ എണ്ണത്തിലുള്ള സപ്ലയര്‍ തുക എടുത്തുവെന്നതാണ് പരാതി. ഇയാള്‍ തിരുവല്ലം ക്ഷേത്രത്തിലെ ചുമതല ഒഴിഞ്ഞ ശേഷമുള്ള കണക്കുകള്‍ പരിശോധിച്ചാല്‍ അസ്വാഭാവികത വ്യക്തമാകും. അയാളുടെ കാലത്ത് കൂടുതല്‍ തുക കണക്കെഴുതി എടുത്തിട്ടുണ്ടെന്നും വ്യക്തം. ഈ പരാതിയാണ് ദേവസ്വം ഓബുഡ്സ്മാന് കിട്ടിയത്. പരിശോധിച്ചതില്‍ വസ്തുതയും ബോധ്യപ്പെട്ടു. ഇതോടെയാണ് അന്വേഷണം നടത്താന്‍ ദേവസ്വം ബോര്‍ഡിലെ ബന്ധപ്പെട്ടവരോട് നിര്‍ദ്ദേശിച്ചത്. ഓബുഡ്സ്മാന്റെ മുന്നില്‍ നിരവധി വിഷയങ്ങളെത്തും. പരാതിക്കാരന്‍ ഓര്‍മ്മിപ്പിച്ചില്ലെങ്കില്‍ പിന്നെ ഈ വിഷയം ഓബുഡ്സ്മാന്റെ പരിഗണനയിലേക്ക വരികയുമില്ല. ഇതിന് ദേവസ്വത്തിലെ ഫയല്‍ പൂഴ്ത്തലിലൂടെ കഴിയും.
ഇതിന് വേണ്ടിയാണ് മുന്‍ പ്രസിഡന്റ് പ്രശാന്തിന്റെ അടുപ്പക്കാര്‍ തന്നെ ജയകുമാറിന്റെ പേഴ്‌സണല്‍ സ്റ്റാഫിലും തുടരുന്നത്. സര്‍ക്കാര്‍ സര്‍വ്വീസില്‍ നിന്നും ഡെപ്യൂട്ടേഷനില്‍ ജയകുമാറിന് പേഴ്‌സണല്‍ സ്റ്റാഫ് അനുവദിക്കുമെന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നു. എന്നാല്‍ അതൊന്നും നടന്നില്ല. പഴയ വീഞ്ഞ് പുതിയ കുപ്പിയിലായ പോലെയായി കാര്യങ്ങള്‍. തിരുവിതാംകൂര്‍ ദേവസ്വം വിജിലന്‍സ് റിപ്പോര്‍ട്ടുകള്‍ പ്രസിഡന്റിനായി ഒപ്പിട്ട് വാങ്ങേണ്ടത് പേഴ്‌സണല്‍ സെക്രട്ടറിയാണ്. നിലവിലെ സാഹചര്യത്തില്‍ പല വിജിലന്‍സ് റിപ്പോര്‍ട്ടുകളും ഇനി വെളിച്ചെ കാണില്ല. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിലെ സിപിഎം അനുകൂല സംഘടകനള്‍ എതിര്‍ത്തിട്ടും മന്ത്രി വിഎന്‍ വാസവിന്റെ പിടിവാശിയാണ് വിജയിക്കുന്നത്. ശബരിമലയിലെ സ്വര്‍ണ്ണ കൊള്ള അന്വേഷണം എന്‍ പ്രശാന്തിലേക്ക് എത്തുമെന്ന് സൂചനകളുണ്ട്. ഇത് മനസ്സിലാക്കി കൂടിയാണ് നടപടികള്‍. 2025ലെ ദ്വാരപാലക ശില്‍പ്പ കേസ് അന്വേഷണം അട്ടിമറിക്കാനും ഫയല്‍ നീക്കങ്ങള്‍ അറിയാനും കൂടിയാണ് ജയകുമാറിന്റെ പേഴ്‌സണല്‍ സ്റ്റാഫില്‍ മന്ത്രി ഓഫീസ് ഇടപെടല്‍ നടത്തിയത്. ഏത് പ്രസിഡന്റ് വന്നാലും പേഴ്‌സണല്‍ സ്റ്റാഫ് മാറുന്നത് പതിവാണ.് കെ ജയകുമാറിനെ നിയമിച്ചപ്പോള്‍ അത് അട്ടിമറിക്കപ്പെടുന്നു.
തിരുവല്ലം ക്ഷേത്രത്തിലെ അന്നദാന തട്ടിപ്പ്, അച്ചന്‍ കോവില്‍ അഴിമതി, മലയാലപുഴയിലെ സസ്‌പെന്‍ഷനിടെ ഉയര്‍ന്ന സ്ത്രീ പീഡനം അങ്ങനെ പല വിഷയങ്ങളില്‍ കുടുങ്ങിയവരുണ്ട്. ഈ അന്വേഷണത്തില്‍ പ്രതിയ്ക്ക് ഒന്നും സംഭവിക്കില്ലെന്ന് കൂടി വ്യക്തമാക്കുകയാണ് ഈ നിയമനങ്ങള്‍. ഏറെ പ്രതീക്ഷയാണ് ജയകുമാറിന്റെ നിയമനം വിശ്വാസികള്‍ക്ക് നല്‍കിയത്. ദേവസ്വം സംവിധാനത്തെ അടിമുടി ഉടച്ചു വാര്‍ക്കുമെന്നും വിലയിരുത്തലുകളെത്തി. എന്നാല്‍ ഒന്നും സംഭവിക്കില്ലെന്ന് വ്യക്തമാകുകയാണ് പേഴ്‌സണല്‍ സ്റ്റാഫ് നിയമനം. ദേവസ്വം ബോര്‍ഡില്‍ അവതരിപ്പിക്കുന്ന വിഷയങ്ങളില്‍ ഇനി പ്രസിഡന്റിന്റെ മുന്‍കൂര്‍ അനുമതി വേണം എന്നും തീരുമാനമുണ്ട്. അതായത് എല്ലാ അര്‍ത്ഥത്തിലും അജണ്ട പ്രസിഡന്റ് നിശ്ചയിക്കും. ഫലത്തില്‍ ഇതെല്ലാം പേഴ്‌സണല്‍ സെക്രട്ടറിയുടെ കൈയ്യിലൂടെയാകും കടന്നു പോവുക. അതുകൊണ്ട് തന്നെ ദേവസ്വം ബോര്‍ഡിലെ ഓരോ നീക്കവും സര്‍ക്കാര്‍ സംവിധാനത്തിന് അറിയാനാകും. സിപിഎം അനുകൂല സംഘടനയുടെ എതിര്‍പ്പുള്ളവര്‍ക്ക് മന്ത്രി ഓഫീസില്‍ സ്വാധീനം ഏറെയാണ്. ഇത് തന്നെയാണ് പുതിയ ഉത്തരവിലും നിറയുന്നത്. അതയാത് പ്രതിസ്ഥാനത്തുള്ളവരുടെ കൈയ്യില്‍ ദേവസ്വം ബോര്‍ഡ് ഭരണം തുടരും.




