കൊച്ചി: മാരക ലഹരിമരുന്നായ എം.ഡി.എം.എയുമായി തൊടുപുഴയിൽ പിടിയിലായ കോതമംഗലം സ്വദേശിനി അക്ഷയ ഷാജി(22) ഒപ്പം പിടിയിലായ കാമുകൻ യൂനസ് റസാക്കിനെ(25) പരിചപ്പെട്ടത് മൊബൈൽ ഫോൺ വഴി. കഴിഞ്ഞ ലോക്ക് ഡൗൺ കാലത്താണ് റസാക്കിനെ അക്ഷയ പരിചപ്പെടുന്നത് എന്ന് അക്ഷയയുടെ ബന്ധുക്കൾ മറുനാടനോട് പറഞ്ഞു. അക്ഷയ എങ്ങനെയാണ് യൂനസിന്റെ ഒപ്പം ലഹരി മരുന്ന് വിൽപ്പനയ്ക്ക് എത്തിപ്പെട്ടത് എന്നറിയാനായി മറുനാടൻ നെല്ലിക്കുഴിയിലെ വീട്ടിലെത്തിയപ്പോഴാണ് ഇക്കാര്യം ബന്ധുക്കൾ ഇക്കാര്യം പറഞ്ഞത്.

അക്ഷയയുടെ അമ്മയും അച്ഛമ്മയുമായിരുന്നു അവിടെയുണ്ടായിരുന്നത്. ക്യാമറയുടെ മുന്നിൽ ഒന്നും പറയാൻ കഴിയില്ലെന്ന് അവർ പറഞ്ഞു. അതിനാൽ ക്യാമറയില്ലാതെയാണ് സംസാരിച്ചു തുടങ്ങിയത്. സാധാരണകുടുംബത്തിൽ വളർന്ന അക്ഷയ പ്ലസ്ടുവിന് മികച്ച മാർക്ക് നേടി പാസ്സായി കോതമംഗലം മാർ അത്താനാസിയോസ് കോളേജിലാണ് ഡിഗ്രി പഠനം പൂർത്തിയാക്കിയത്. ആഗ്രഹിച്ച സബ്ജക്ട് കിട്ടാത്തതിനാൽ സോഷ്യോളജിയാണ് എടുത്തത്.

പഠനത്തിൽ മാത്രമല്ല, കലാപരമായ കഴിവുകൾ കൂടിയുണ്ടായിരുന്ന കുട്ടിയായിരുന്നു അക്ഷയ. ചിത്ര രചനയിലും ആലാപനത്തിലും പ്രഗത്ഭയായിരുന്നു. നിരവധി പുരസ്‌ക്കാരങ്ങൾ വാരിക്കൂട്ടിയിട്ടുമുണ്ട്. അതിനാൽ തന്നെ കോളേജിൽ ഏവരുടെയും പ്രിയങ്കരിയായിരുന്നു. 85 ശതമാനം മാർക്ക് വാങ്ങിയായിരുന്നു ബിരുദം പൂർത്തിയാക്കിയത്. പിന്നീട് അക്കൗണ്ടിങ് പഠിക്കാനായി എറണാകുളത്തെ ഒരു സ്ഥാപനത്തിൽ ചേർന്നു. ഇതിനിടയിലാണ് റസാക്കുമായി ബന്ധമുണ്ടാകുന്നത്.

ബന്ധം വീട്ടിലറിഞ്ഞതോടെ വലിയ പ്രശ്നമുണ്ടായി. ഇതര മതസ്ഥനായ ഒരാളുടെ ഒപ്പം ഒരു കാരണവശാലും വിവാഹം കഴിപ്പിച്ചയക്കില്ലെന്ന് പറഞ്ഞു. എന്നാൽ ഒരേ വാശിയിൽ തന്നെ അക്ഷയ നിന്നു. യൂനസ് റസാക്കുമായുള്ള ബന്ധം അറിഞ്ഞ് പിതാവ് അക്ഷയയുടെ മൊബൈൽ ഫോൺ തല്ലിതകർക്കുകയും ചെയ്തു. ഇരുവരും തമ്മിലുള്ള ബന്ധം അവസാനിപ്പിക്കാനായി പൊലീസ് സ്റ്റേഷനിൽ പരാതി നൽകുകയും ചെയ്തു. പൊലീസ് ഇയാളെ വിളിച്ചു വരുത്തി സംസാരിച്ചപ്പോൾ വിവാഹം കഴിക്കാൻ കഴിയില്ലെന്നാണ് പറഞ്ഞത്.

എന്നാൽ അക്ഷയയോട് വിവാഹം കഴിക്കും എന്നും പറഞ്ഞു. ഇതിനിടയിൽ ഭൂതത്താൻകെട്ട് അണക്കെട്ടിൽ ചാടി അക്ഷയ ആത്മഹത്യക്ക് ശ്രമം നടത്തി. വാരിയെല്ലൊടിഞ്ഞ നിലയിൽ ഓട്ടോറിക്ഷാ ഡ്രൈവറാണ് അന്ന് രക്ഷപെടുത്തിയത്. ഇതോടെ യൂനസ് റസാക്കിന്റെ തൊടുപുഴയിലെ വീട്ടിൽ വിവാഹകാര്യവുമായി മാതാപിതാക്കൾ പോയി. എന്നാൽ അവർ വിവാഹത്തിന് എതിരായിരുന്നു. അഞ്ചു നേരം നിസ്‌ക്കരിക്കുന്ന കുടുംബമാണ് എന്നും അതിനാൽ അന്യമതക്കാരിയായ പെൺകുട്ടിയെ മകനുമായി വിവാഹം കഴിപ്പിക്കാൻ താൽപര്യമില്ലെന്നുമായിരുന്നു മറുപടി. ഇക്കാര്യം അക്ഷയുമായി വീട്ടുകാർ സംസാരിച്ചപ്പോൾ ഇനി ബന്ധത്തിനൊന്നും പോകില്ലെന്നായിരുന്നു മറുപടി. എന്നാൽ വീട്ടുകാരറിയാതെ വീണ്ടും ഇവർ ബന്ധം തുടരുകയായിരുന്നു.

ആറുമാസത്തെ കോഴ്സ് 4 മാസമായപ്പോൾ നിർത്തി. പിന്നീട് തുണിക്കടയിൽ ജോലിക്ക് പോകുകയായിരുന്നു. തൊടുപുഴയിലുള്ള ടെകസ്റ്റയിൽസ് ഷോപ്പിലാണ് ജോലി ചെയ്തിരുന്നത്. ഇവിടെ വച്ചും ഇരുവരും തമ്മിൽ നിത്യവും കാണുന്നത് പതാവായി. വിദേശത്ത് ജോലി ശരിയാക്കാനായി പിതാവ് ഇതിനിടയിൽ ശ്രമം നടത്തി. അതിനായി പണം മുടക്കുകയും ചെയ്തു. അതിനിടയിലാണ് എം.ഡി.എം.എയുമായി അക്ഷയ പിടിയിലാകുന്നത്.

എം.ഡി.എം.എയുമായി പിടിയിലാകുന്ന ദിവസം രാവിലെ 8.30 ന് അക്ഷയ മാതാവിനെ ഫോണിൽ വിളിച്ചിരുന്നു. കടുത്ത പനിയും ബ്ലീഡിങ്ങും മൂലം തൊടുപുഴ താലൂക്കാശുപത്രിയിൽ അഡ്‌മിറ്റാണെന്നും ആശുപത്രിയിലേക്ക് വരണമെന്നും പറഞ്ഞിരുന്നു. ആശുപത്രിയിലേക്ക് പോകാനായി മാതാവ് ഒരുങ്ങി ഇറങ്ങുന്നതിന് മുൻപ് ഫോണിൽ ബന്ധപ്പെട്ടപ്പോൾ ഒരു പൊലീസുകാരിയാണ് ഫോൺ എടുത്തത്. അങ്ങനെയാണ് ഉച്ചയ്ക്ക് 1 മണിയോടെ അക്ഷയയെ പൊലീസ് അറസ്റ്റ് ചെയ്തു എന്ന വാർത്ത അറിയുന്നത്. വേഗം തന്നെ അവർ ഇളയ മകളുമായി തൊടുപുഴയിലെത്തി. അവിടെ വച്ച് താൻ തെറ്റൊന്നും ചെയ്തിട്ടില്ല, ചതിക്കുകയായിരുന്നു എന്നാണ് അക്ഷയ പറഞ്ഞത് എന്ന് മാതാവ് പറഞ്ഞു. മകൾ പറഞ്ഞതാവും ശരിയെന്നാണ് അവരും വിശ്വസിക്കുന്നത്. കാരണം ആശുപത്രിയിൽ നിന്നും നിർബന്ധപൂർവ്വം ഡിസ്ചാർജ്ജ് ചെയ്യിപ്പിച്ചാണ് ലോഡ്ജിലേക്ക് കൊണ്ടു പോയത്. പൊലീസ് പിടികൂടുമ്പോൾ മകളെയും പിടികൂടട്ടെ എന്ന് കരുതിയാവണം ഇങ്ങനെ ചെയ്തത് എന്നാണ് മാതാവ് പറയുന്നത്.

എന്നാൽ പൊലീസ് പറയുന്നത് അക്ഷയയ്ക്ക് ലഹരിമരുന്ന് ഉപയോഗവും വിൽപ്പനയും ഉണ്ടായിരുന്നു എന്നാണ്. അക്ഷയെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് യൂനസ് റസാക്കും കുടുങ്ങുന്നത്. ഇനിയും നിരവധി കണ്ണികൾ ഉള്ളതായി സംശയിക്കുന്നു എന്നാണ് തൊടുപുഴ എസ്.എച്ച്.ഒ വി സി വിഷ്ണുകുമാർ പറയുന്നത്. തൊടുപുഴ പ്രൈവറ്റ് ബസ് സ്റ്റാൻഡിനു സമീപം ലോഡ്ജിൽ നടത്തിയ പരിശോധനയിലാണ് ഇരുവരും കുടുങ്ങിയത്. 6.6 ഗ്രാം എംഡിഎംഎ പിടിച്ചെടുത്തു.

ഏതാനും ദിവസത്തിനുള്ളിൽ തൊടുപുഴ കേന്ദ്രീകരിച്ച് നടക്കുന്ന നാലാമത്തെ ലഹരിവേട്ടയാണിത്. ശനിയാഴ്ചയാണ് എംഡിഎംഎയും കഞ്ചാവും സഹിതം ഇടുക്കി എആർ ക്യാംപിലെ സിപിഒ എം.ജെ.ഷാനവാസിനെയും കൂട്ടാളിയെയും എക്സൈസ് സംഘം അറസ്റ്റ് ചെയ്തത്. ഇവർ റിമാൻഡിലാണ്. ഡിവൈഎസ്‌പി മധു ബാബുവിനു ലഭിച്ച രഹസ്യവിവരത്തെത്തുടർന്നാണ് ഇന്നലെ പ്രതികളെ പിടികൂടിയത്.

തൊടുപുഴ എസ്എച്ച്ഒ വി സി.വിഷ്ണു കുമാർ, എസ്ഐമാരായ കൃഷ്ണൻ നായർ, എഎസ്ഐ ടി.എസ് ഷംസുദീൻ, ഉണ്ണിക്കൃഷ്ണൻ, സിപിഒമാരായ മാഹിൻ, സിനാജ്, വിഷ്ണു, സനൂപ്, രാജേഷ്, റസിയ എന്നിവരുടെ നേതൃത്വത്തിലാണു പ്രതികളെ പിടികൂടിയത്. ഇടുക്കി എസ്‌പിയുടെ ഡാൻസാഫ് ടീം, ഡിവൈഎസ്‌പിയുടെ സ്പെഷൽ സ്‌ക്വാഡ് അംഗങ്ങൾ എന്നിവരും പരിശോധനയിൽ പങ്കെടുത്തു.