പത്തനംതിട്ട: കാമറ വിവാദത്തിൽ മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പേര് പരാമർശിച്ച സുരേന്ദ്രകുമാർ തുമ്പമൺ സ്വദേശി. നെല്ലിക്കോമത്ത് സുരേന്ദ്രകുമാർ നിർധന കൂടുംബാംഗമായിരുന്നു. നാൽപ്പതോളം വർഷങ്ങൾക്ക് മുമ്പ് മസ്‌കറ്റിൽ ജോലി തേടിപ്പോയ സുരേന്ദ്രന്റെ വളർച്ച ക്രമാനുഗതമായിരുന്നു. നിലവിൽ മസ്‌കറ്റിലെ അറിയപ്പെടുന്ന കരാറുകാരനാണ് സുരേന്ദ്രകുമാർ. കുടുംബം അടക്കമെല്ലാം മസ്‌കറ്റിൽ സെറ്റിൽഡാണ്.

തുമ്പമൺ വായനാശാല ജങ്ഷന് സമീപമാണ് സുരേന്ദ്രകുമാറിന്റെ കുടുംബമായ നെല്ലിക്കോമത്ത് വീട്. ഇതിനോട് ചേർന്ന് എൻ എസ് കെ എന്ന പേരിൽ ഒരു ഇന്റർ നാഷണൽ സ്‌കൂൾ സുരേന്ദ്രകുമാർ നടത്തുന്നുണ്ട്. നെല്ലിക്കോമത്ത് സുരേന്ദ്രകുമാർ എന്ന പേരിന്റെ ചുരുക്കിയെഴുത്താണ് എൻ എസ് കെ. കിംസ് ഹോസ്പിറ്റലിന് വേണ്ടി എന്ന് പറഞ്ഞാണ് ഇവിടെ 10 വർഷം മുൻപ് സുരേന്ദ്ര കുമാർ ഭൂമി വാങ്ങിക്കൂട്ടിയത്. ആശുപത്രിയിലേക്ക് വിശാലമായ വഴി വേണം. സമീപത്തെ ഭൂമി ഉടമകൾ നൽകാൻ വിസമ്മതിച്ചപ്പോൾ ആശുപത്രിക്ക് വേണ്ടിയല്ലേ സഹകരിക്കണമെന്ന് അഭ്യർത്ഥിച്ച് ഇദ്ദേഹം തന്നെ നേരിട്ടിറങ്ങി. തുടർന്ന് വസ്തു ഉടമകൾ വഴി വിട്ടു കൊടുക്കുകയും ചെയ്തു.

എന്നാൽ, ഇവിടെ ആശുപത്രി വന്നില്ല. പകരം ഇന്റർ നാഷണൽ സ്‌കൂൾ തുടങ്ങി. അതും ഇപ്പോൾ കുഴപ്പത്തിലാണ് എന്നാണ് അറിയുന്നത്. അന്താരാഷ്ട്ര നിലവാരത്തിൽ നിന്ന് ഇന്ത്യൻ നിലവാരത്തിലേക്ക് വരുന്ന അധ്യയന വർഷം മുതൽ മാറുകയാണ്. നേരത്തേ കേംബ്രിഡ്ജ് സിലബസ് ആണ് ഇവിടെ പിന്തുടർന്നിരുന്നത്. ഇക്കൊല്ലം മുതൽ സ്‌കൂൾ സിബിഎസ്ഇ സിലബസിലേക്ക് മാറുകയാണ്. ഇവിടെ കിംസ് ആശുപത്രി വരാത്തതിന് കാരണമായി സുരേന്ദ്രകുമാർ പറഞ്ഞത് ഡോക്ടർമാർക്ക് ഈ കുഗ്രാമത്തിലേക്ക് വരാൻ താൽപര്യമില്ല എന്നുള്ളതായിരുന്നു.

മെട്രോ സിറ്റികളിൽ ജോലി ചെയ്യാൻ താൽപര്യപ്പെടുന്ന ഡോക്ടർമാർക്ക് തുമ്പമൺ പോലെ ഒരു കൊച്ചു ഗ്രാമത്തോടുള്ള താൽപര്യക്കുറവാണ് ആശുപത്രി എന്ന ആശയം ഉപേക്ഷിക്കാൻ കാരമായത് എന്നാണ് സുരേന്ദ്രകുമാർ പിന്നീട് നാട്ടുകാരോട് പറഞ്ഞത്. നാലു വർഷം മുൻപ് മകന്റെ വിവാഹവുമായി ബന്ധപ്പെട്ട് സുരേന്ദ്രകുമാറും കുടുംബവും നാട്ടിൽ വന്നിരുന്നു. മന്ത്രിമാരും വൻ വ്യവസായികളും അടക്കം പങ്കെടുത്ത വിവാഹം നാടിളക്കിയുള്ളതായിരുന്നു.

സുരേന്ദ്രകുമാറിന്റെ ബന്ധുക്കളാണ് ഇപ്പോൾ നാട്ടിലുള്ള സ്‌കൂളും മറ്റും നോക്കി നടത്തുന്നത്. മുട്ടം സബ് പോസ്റ്റ് ഓഫീസിന് നാട്ടുകാരിൽ ഒരാൾ വിട്ടു നൽകിയ സ്ഥലത്ത് കെട്ടിടം നിർമ്മിച്ചു കൊടുത്തത് സുരേന്ദ്രകുമാറാണ്. ഇദ്ദേഹത്തെ കുറിച്ച് കൂടുതൽ വിവരങ്ങൾ നാട്ടുകാർക്ക് അറിയില്ല. വർഷങ്ങളായി നാടു വിട്ടു താമസിക്കുന്ന വ്യക്തി എന്ന നിലയിൽ അടുത്ത ബന്ധുക്കൾക്ക് മാത്രമാണ് ഇദ്ദേഹവുമായി ബന്ധമുള്ളത്. 2017 ലാണ് എൻഎസ്‌കെ ഇന്റർനാഷണൽ സ്‌കൂൾ തുമ്പമണിൽ പ്രവർത്തനം തുടങ്ങിയത്.

എ.ഐ കാമറ അഴിമതിയുമായി ബന്ധപ്പെട്ട് രമേശ് ചെന്നിത്തല ഇന്ന് രാവിലെ നടത്തിയ വാർത്താ സമ്മേളനത്തിലാണ് സുരേന്ദ്രകുമാറിന്റെ പേര് പരാമർശിച്ചത്. സിപിഎമ്മിന്റെ സന്തത സഹചാരിയായ സുരേന്ദ്രകുമാറിന് 99 ശതമാനം ഓഹരിയാണ് പ്രസാരിയോ കമ്പനിയിലുള്ളതെന്ന് ചെന്നിത്തല പറഞ്ഞു. അദ്ദേഹം ഈ കമ്പനിയുടെ രണ്ടാമത്തെ ഡയറക്ടറാണെന്നും ചെന്നിത്തല കൂട്ടിച്ചേർത്തിരുന്നു.